'വർഷങ്ങളോളം നീണ്ട പീഡനം; ഒടുവിൽ വിവാഹവാർഷിക സമ്മാനമായി വിവാഹമോചന നോട്ടീസ് നൽകി'

മുൻ ബോളിവുഡ് താരവും മിസ് ഇന്ത്യയുമായ സെലീന ജെറ്റ്ലി തന്റെ ഭർത്താവ് പീറ്റർ ഹാഗിനെതിരെ നൽകിയ ഗാർഹിക പീഡന പരാതിയും തുടർന്നുണ്ടായ വൈകാരിക വെളിപ്പെടുത്തലുകൾ വലിയ ചർച്ചയാകുകയാണ്. 2025 നവംബറിൽ മുംബൈയിലെ അന്ധേരി കോടതിയിലാണ് സെലീന തന്റെ ഭർത്താവിനെതിരെ പരാതി നൽകിയത്.
വർഷങ്ങളോളം നീണ്ട ശാരീരികവും മാനസികവും സാമ്പത്തികവുമായ പീഡനം, ക്രൂരത, വഞ്ചന എന്നിവയാണ് സെലീന, പീറ്റർ ഹാഗിനെതിരെ ഉന്നയിച്ചിരിക്കുന്നത്. തന്റെ കരിയറിൽ ഉണ്ടായ നഷ്ടങ്ങൾക്കും അനുഭവിച്ച ദുരിതങ്ങൾക്കും പകരമായി 50 കോടി രൂപയാണ് താരം നഷ്ടപരിഹാരമായും പ്രതിമാസം 10 ലക്ഷം രൂപ വീതം ചെലവിനും നൽകണമെന്ന് സെലീന ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
2004-ൽ താൻ സമ്പാദിച്ച മുംബൈയിലെ ഫ്‌ളാറ്റ് ഭർത്താവ് തട്ടിയെടുക്കാൻ ശ്രമിക്കുകയാണെന്നും അതിൽ പ്രവേശിക്കാൻ പോലും കോടതിയെ സമീപിക്കേണ്ടി വന്നെന്നും താരം വെളിപ്പെടുത്തി. അടുത്തിടെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് തന്റെ മക്കളെ കാണാൻ ഭർത്താവ് അനുവദിക്കുന്നില്ല എന്ന വേദന താരം പങ്കുവെച്ചത്.
2025 ഒക്ടോബർ 11-ന് അയൽക്കാരുടെ സഹായത്തോടെയാണ് താൻ ഓസ്ട്രിയയിലെ വീട്ടിൽ നിന്നും രക്ഷപ്പെട്ടതെന്ന് സെലീന പറയുന്നു. വളരെ കുറഞ്ഞ തുക മാത്രമായിരുന്നു അന്ന് ബാങ്ക് അക്കൗണ്ടിൽ ഉണ്ടായിരുന്നത്. ഓസ്ട്രിയൻ കോടതി മക്കളുടെ ഗാർഡിയൻഷിപ്പിൽ സംയുക്ത അവകാശം നൽകിയിട്ടുണ്ടെങ്കിലും, മക്കളുമായി സംസാരിക്കാൻ പോലും തന്നെ അനുവദിക്കുന്നില്ലെന്ന് സെലീന ആരോപിക്കുന്നു.
മക്കൾക്ക് തന്നെക്കുറിച്ച് തെറ്റായ കാര്യങ്ങൾ പറഞ്ഞു നൽകി അവരെ ബ്രെയിൻ വാഷ് ചെയ്യുകയാണെന്നും താരം പറയുന്നു. 'വളർത്തിയ അമ്മയ്ക്കെതിരെ സംസാരിക്കാൻ അവരെ നിർബന്ധിക്കുകയാണ്.' ജോയിന്റ് കസ്റ്റഡി നിലനിർത്തണമെങ്കിൽ ഓസ്ട്രിയയിലെ ചെറിയ ഗ്രാമത്തിൽ ക്ലീനറായോ സൂപ്പർമാർക്കറ്റിലോ ജോലി ചെയ്യണമെന്ന് തന്നെ പരിഹസിച്ചതായും സെലീന വെളിപ്പെടുത്തി.
ഓസ്ട്രിയൻ വ്യവസായിയും ഹോട്ടൽ രംഗത്തെ പ്രമുഖനുമാണ് പീറ്റർ ഹാഗ്. 2010-ലായിരുന്നു ഇവരുടെ വിവാഹം. ഇവർക്ക് വിൻസ്റ്റൺ, വിരാജ്, ആർതർ എന്നിങ്ങനെ മൂന്ന് ആൺമക്കളുണ്ട്. മറ്റൊരാൺകുട്ടി ശംഷേർ ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് ജനിച്ച ഉടനെ മരിച്ചിരുന്നു. നിലവിൽ കോടതി പീറ്റർ ഹാഗിന് നോട്ടീസ് അയച്ചിട്ടുണ്ട്. ജനുവരി 27-ന് കേസ് വീണ്ടും കോടതി പരിഗണിക്കും.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Former Bollywood actress Celina Jaitly reveals emotional details of domestic abuse, financial exploitation, and custody battle with husband Peter Haag.