ഐൻസും ബ്രാഡ് പിറ്റും വിവാഹിതരാവാത്തതിന് കാരണം? പിറ്റ് മാറിയിട്ടുണ്ടെന്ന് ആരാധകർ

ഹോളിവുഡ് താരം ബ്രാഡ് പിറ്റും കാമുകി ഐൻസ് ഡി റേമനും മൂന്നു വർഷത്തോളമായി പ്രണയത്തിലാണ്. സന്തോഷകരമായ പ്രണയജീവിതം നയിക്കുന്ന ഇരുവരും ഉടനെയൊന്നും വിവാഹം ചെയ്യില്ലെന്നാണ് പുറത്തുവരുന്ന വിവരം. ഒന്നിച്ച് താമസിക്കുകയും, ഒന്നിച്ച് റെഡ് കാർപ്പറ്റിലെത്തുകയും ചെയ്യാറുണ്ട് ഇരുവരും. വിവാഹത്തിൽ നിന്ന് വിട്ടുനിൽക്കാമെന്നും ധൃതി കാണിക്കേണ്ടെന്നും പിറ്റും ഐൻസും ഒന്നിച്ചെടുത്ത തീരുമാനമാണെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിക്കുന്നത്.
യുഎസ് വീക്ക്ലി പറയുന്നതുപ്രകാരം, 61-കാരനായ ബ്രാഡ് പിറ്റും 34-കാരിയായ കാമുകിയും പ്രണയത്തിൽ വളരെ പ്രതിജ്ഞാബദ്ധരാണ്. വിവാഹത്തെക്കുറിച്ചുള്ള സംഭാഷണങ്ങൾ ഒഴിവാക്കുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് അവരുടെ സ്വകാര്യതയോടുള്ള താത്പര്യമാണത്രേ. ഐൻസിന് അധികം ശ്രദ്ധിക്കപ്പെടാൻ താല്പര്യമില്ലെന്നും, അതാണ് അവരെ കണ്ടുമുട്ടിയപ്പോൾ ബ്രാഡ് പിറ്റിന് ഇഷ്ടപ്പെട്ടതെന്നും അടുത്ത വൃത്തങ്ങൾ പറഞ്ഞു. അവർ മനപൂർവ്വം ഒരു താഴ്ന്ന പ്രൊഫൈൽ നിലനിർത്തുന്നുണ്ട്, ജോലിയില്ലാത്ത സമയങ്ങളിൽ സാധാരണക്കാരായിരിക്കാൻ ശ്രമിക്കുകയാണെന്നും പറയപ്പെടുന്നു.
പിറ്റും ഐൻസും നേരത്തേ വിവാഹിതരായവരാണ്. ഇപ്പോഴത്തെ അവരുടെ കാഴ്ചപ്പാടുകളെ മുൻബന്ധങ്ങളും സ്വാധീനിച്ചിരിക്കാമെന്നും ചിലർ വിലയിരുത്തുന്നു. 2000 മുതൽ 2005 വരെ ജെന്നിഫർ ആനിസ്റ്റണായിരുന്നു പിറ്റിന്റെ ഭാര്യ. 2014 മുതൽ 2019 വരെ ആഞ്ചലീന ജോളിയും. ഈ ബന്ധത്തിൽ ദത്തെടുത്ത കുട്ടികളുൾപ്പെടെ ആറു മക്കളുണ്ട്.
ഐൻസ് ആണെങ്കിൽ 'ദി വാമ്പയർ ഡയറീസ്' നടൻ പോൾ വെസ്‌ലിയെ വിവാഹം ചെയ്തിരുന്നു. 2019 മുതൽ 2024 വരെ ബന്ധം നീണ്ടുനിന്നു. അതേസമയം, 2024 ഡിസംബറിൽ ആഞ്ജലീന ജോളിയിൽ നിന്ന് വിവാഹമോചനം നേടിയ ശേഷം പിറ്റിന്റെ വ്യക്തിപരമായ വളർച്ച വലുതാണെന്നും അദ്ദേഹം ധാരാളം ജോലികൾ ചെയ്യുന്നുണ്ടെന്നും അടുപ്പമുള്ളവർ പറയുന്നുണ്ട്. ഇതിലെല്ലാം ഐൻസിന് സ്വാധീനമുണ്ടെന്നും.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Brad Pitt and Ines de Ramon are committed but not rushing to marry. Discover why they`re taking their time and enjoying their private, happy relationship.