ധർമ്മേന്ദ്ര വിടവാങ്ങിയിട്ട് ഒരു വർഷം, ജീവിതം ശൂന്യമായെന്ന് ഹേമ മാലിനി

ധർമേന്ദ്ര, ഹേമമാലിനി
ധർമേന്ദ്ര, ഹേമമാലിനി

പ്രശസ്ത ബോളിവുഡ് താരം ധർമ്മേന്ദ്ര വിടവാങ്ങിയിട്ട് ഒരു വർഷം തികയുകയാണ്. ആ വേർപാടിന്റെ ദുഃഖത്തിൽ നിന്ന് ഇനിയും പുറത്തുകടന്നിട്ടില്ല ഭാര്യയും നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ഹേമ മാലിനി. പ്രിയനടന്റെ ഒന്നാം ചരമവാർഷികത്തിൽ അദ്ദേഹത്തെ അനുസ്മരിച്ചുകൊണ്ട് ഹേമ തന്റെ ദുഃഖവും സ്നേഹവും ഒരു കുറിപ്പിലൂടെ പങ്കുവെച്ചു.

ഭർത്താവിനൊപ്പമുള്ള ചില ചിത്രങ്ങൾ X-ൽ പങ്കുവെച്ചുകൊണ്ട് ഹേമയെഴുതി. "ഒരു വർഷം അതിവേഗം കടന്നുപോയി, എന്നാൽ എന്റെ ദുഃഖത്തിന്റെ ആഴം കുറഞ്ഞിട്ടില്ല. എന്റെ ഭർത്താവ് മാത്രമല്ല, സർവ്വസ്വവുമായിരുന്നു അദ്ദേഹം. സുഹൃത്ത്, തത്ത്വചിന്തകൻ, വഴികാട്ടി, എന്റെ നട്ടെല്ല്, ചുരുക്കത്തിൽ എന്റെ നിലനിൽപ്പ് തന്നെയായിരുന്ന ആ മനുഷ്യന്റെ നികത്താനാവാത്തതുമായ നഷ്ടത്തിൽ ഞാൻ ദുഃഖിക്കുന്നു."

"അദ്ദേഹമില്ലാതെ ജീവിതം വളരെ ശൂന്യമായി തോന്നുന്നു. അദ്ദേഹത്തിന്റെ ഉയർന്ന വ്യക്തിത്വവും, ഉള്ളിലുള്ള നന്മയും എല്ലാവരിലേക്കും സ്നേഹം പരത്തി. വിജയത്തിന്റെ ഉന്നതിയിലെത്തിയിട്ടും വേരുകളോട് ചേർന്നുനിന്ന അതുല്യനായ ഒരു മനുഷ്യൻ. ആത്മാവ് അമരമാണെന്നും പുനർജന്മമുണ്ടെന്നും ഭഗവദ്ഗീത നമ്മോട് പറയുന്നു. എനിക്കിത് അറിയാമെങ്കിലും, ഞാൻ ഇപ്പോഴും ഈ ജീവിതത്തിലാണല്ലോ, അദ്ദേഹത്തിന്റെ സാന്നിധ്യം ഞാൻ വല്ലാതെ മിസ്സ് ചെയ്യുന്നു."-അവരെഴുതി.

ധർമ്മേന്ദ്രയെ ഓർക്കുകയും സ്നേഹനിർഭരമായ സന്ദേശങ്ങൾ അയക്കുകയും ചെയ്ത ലക്ഷക്കണക്കിന് ആരാധകർക്കും ഹേമ മാലിനി നന്ദി അറിയിച്ചു.

1970-ൽ 'തും ഹസീൻ മേം ജവാൻ' എന്ന ചിത്രത്തിന്റെ സെറ്റിലാണ് ധർമ്മേന്ദ്രയും ഹേമയും ആദ്യമായി കണ്ടുമുട്ടുന്നത്. 'സീത ഔർ ഗീത', 'ഷോലെ', 'ജുഗ്നു', 'ഡ്രീം ഗേൾ' തുടങ്ങിയ നിരവധി സിനിമകളിൽ ഒരുമിച്ച് പ്രവർത്തിച്ച ശേഷം ഇരുവരും പ്രണയത്തിലായി. ഓൺ-സ്ക്രീൻ കെമിസ്ട്രി യഥാർത്ഥ ജീവിതത്തിലെ ബന്ധമായി മാറുകയായിരുന്നു. ധർമ്മേന്ദ്രയ്ക്ക് പ്രകാശ് കൗറുമായുള്ള ആദ്യ വിവാഹത്തിലെ മക്കളാണ് സണ്ണി ഡിയോളും ബോബി ഡിയോളും അജിതയും വിജയതയും. ഈ ബന്ധം നിലനിൽക്കെ തന്നെ അദ്ദേഹം 1980-ൽ ഹേമാമാലിനിയെ വിവാഹം ചെയ്തു. ഹേമയുടെയും ധർമ്മേന്ദ്രയുടെയും മക്കളാണ് ഇഷ ഡിയോളും അഹാന ഡിയോളും.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Hema Malini posted an emotional tribute marking Dharmendra's first death anniversary on November 24, 2026., She expressed that life feels empty without her husband, describing him as her backbone and everything.