‘ഐശ്വര്യ റായുടേയും സൽമാൻ ഖാന്റെയും ബന്ധം ഒരു വയലന്റ് പ്രണയകഥയായിരുന്നു’

ഹം ദിൽ ദേ ചുകേ സനം സിനിമയിൽ ഐശ്വര്യയും സൽമാനും
ഹം ദിൽ ദേ ചുകേ സനം സിനിമയിൽ ഐശ്വര്യയും സൽമാനും

'ഫിരാഖ്', 'ഫിർ മിലേംഗെ', 'പേജ് 3' തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങളുടെ നിർമ്മാതാവാണ് ശൈലേന്ദ്ര സിങ്. ഐശ്വര്യ റായിയെ ആദ്യമായി കണ്ടതിനെക്കുറിച്ചും സൽമാൻ ഖാനുമായുള്ള അവരുടെ പഴയ പ്രണയത്തെക്കുറിച്ചും സംസാരിക്കുകയാണ് അദ്ദേഹമിപ്പോൾ.

സൽമാൻ ഖാൻ ഐശ്വര്യയുടെ വീട്ടിലെത്തി ബഹളമുണ്ടാക്കിയെന്ന് പറയപ്പെടുന്ന സംഭവത്തെക്കുറിച്ച് ശൈലേന്ദ്ര പറഞ്ഞത് ഇങ്ങനെ: "എനിക്ക് ചില കാര്യങ്ങൾ അറിയാം. ഒരിക്കൽ ഐശ്വര്യ താമസിച്ചിരുന്നത് സച്ചിൻ ടെണ്ടുൽക്കർ താമസിച്ചിരുന്ന അതേ കെട്ടിടത്തിലായിരുന്നു. സൽമാൻ അവിടെ പോയതും മറ്റും വാർത്തകളിൽ വന്നത് ഓർമ്മയില്ലേ?"

"അന്ന് ഐശ്വര്യ ഒരു അവാർഡ് ഷോയ്ക്ക് കറുത്ത കണ്ണട ധരിച്ചാണ് എത്തിയത്. റോമിയോ ആൻഡ് ജൂലിയറ്റിൽ പറയുന്നത് പോലെ അവരുടേത് ഒരു 'വയലന്റ്' പ്രണയകഥയായിരുന്നു. സൽമാൻ വികാരാധീനനായ വ്യക്തിയാണ്, ഐശ്വര്യയാകട്ടെ വളരെ മാന്യതയുള്ള മികച്ച വ്യക്തിത്വമാണ്." സിദ്ധാർത്ഥ് കണ്ണനുമായുള്ള അഭിമുഖത്തിൽ ശൈലേന്ദ്ര പറഞ്ഞു.

എന്തുകൊണ്ടാണ് അന്ന് കണ്ണട ധരിച്ചതെന്നതിനെക്കുറിച്ച് ഐശ്വര്യ സംസാരിച്ചിരുന്നോ എന്ന ചോദ്യത്തിന്, "ഇല്ല, ഞങ്ങൾ അത്ര അടുപ്പത്തിലായിരുന്നില്ല," എന്ന് അദ്ദേഹം മറുപടി നൽകി. സൂപ്പർ മോഡലായ രാജീവ് മുൽചന്ദാനിയുമായുള്ള ഐശ്വര്യയുടെ ആദ്യ പ്രണയകാലം മുതൽ തനിക്ക് അവരെ അറിയാമെന്നും ഐശ്വര്യ തന്റെ സ്വകാര്യതയെ വളരെയധികം ബഹുമാനിക്കുന്ന വ്യക്തിയാണെന്നും അദ്ദേഹം കൂട്ടിചേർത്തു.

'ക്യാപ്റ്റൻ' എന്ന സിനിമയ്ക്കായി സൽമാനെ കണ്ടപ്പോൾ മറ്റ് പലരെയും അദ്ദേഹം മീറ്റിങ്ങിലേക്ക് വിളിച്ചുവരുത്തിയത് തന്നെ അപമാനിക്കുന്നതിന് തുല്യമായിരുന്നുവെന്നും അത് തങ്ങൾ തമ്മിലുള്ള അവസാന കൂടിക്കാഴ്ചയായിരുന്നുവെന്നും ശൈലേന്ദ്ര പറഞ്ഞു.

"ഐശ്വര്യയ്ക്ക് 18-19 വയസ്സുള്ളപ്പോഴാണ് മുബൈ മറൈൻ ഡ്രൈവിൽ വെച്ച് ഞാൻ അവരെ ആദ്യമായി ശ്രദ്ധിക്കുന്നത്. ഒരു രാത്രി എട്ടരയ്ക്ക് മാതാപിതാക്കൾക്കൊപ്പമാണ് അവൾ എന്നെയും കുനാൽ കപുറിനെയും കാണാൻ വന്നത്. വെറും 5,000 രൂപയ്ക്കാണ് അവൾ ഞങ്ങളുടെ ആദ്യ മൂന്ന് പരസ്യങ്ങൾ ചെയ്തത്."

"മുകേഷ് മിൽസിൽ വെച്ച് നടന്ന ഒരു പരസ്യത്തിലെ വേഷമായിരുന്നു അവളുടേത് എന്നാണ് എന്റെ ഓർമ്മ. പിന്നീട് മാളവിക തിവാരിക്കൊപ്പം ഒരു ഹെയർ ഓയിൽ പരസ്യത്തിലും, അതിനുശേഷം അർജുൻ രാംപാലിനൊപ്പമുള്ള പരസ്യത്തിലും അഭിനയിച്ചു. ഇങ്ങനെയായിരുന്നു ഐശ്വര്യയുടെ തുടക്കം."

ഐശ്വര്യയുടെ അന്തസ്സും എളിമയും നിറഞ്ഞ പെരുമാറ്റത്തെ അദ്ദേഹം പുകഴ്ത്തി. "ഇൻഡസ്ട്രിയുടെ ശബ്ദമാകേണ്ടത് അവരെപ്പോലുള്ളവരാണ്" ശൈലേന്ദ്ര സിങ് പറഞ്ഞു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Filmmaker Shailendra Singh shares intimate details about Aishwarya Rai and Salman Khan`s intense past romance and Aishwarya`s early modeling days.