''ഒരിക്കലും മിണ്ടിയിട്ടില്ല''; അച്ഛന്റെ അന്ത്യകര്‍മങ്ങള്‍ക്ക് പോലും രേഖ പോയില്ല

രേഖ/ PTI
രേഖ/ PTI

ഒരിക്കലും മങ്ങാത്ത തീക്ഷ്ണസൗന്ദര്യത്തിന്റെ പേരാണ് രേഖ. കഴിഞ്ഞ 55 വര്‍ഷമായി ഇന്ത്യന്‍ ജനതയുടെ മനസ്സില്‍ പതിഞ്ഞുപോയ മുഖമാണ് ഭാനുരേഖ എന്ന രേഖയുടെത്. വെള്ളിത്തിരയെ വെല്ലുന്ന നാടകീയതയുണ്ട് രേഖയുടെ വ്യക്തിജീവിതത്തിന്. രേഖയുടെ പ്രണയവും വിവാഹവും ഒളിമങ്ങാത്ത യുവത്വവും എന്നും ചര്‍ച്ചയാണ്. വേദനിപ്പിക്കുന്ന ഒരുപാട് കഥകള്‍ കൂടിച്ചേരുന്നതാണ് ആ ജീവിതം. അതില്‍ കുട്ടിക്കാലത്തിന്റെ ഏടിന് നോവിന്റെ കനമുണ്ട്.

തമിഴ് സിനിമയുടെ കാതല്‍ മന്നന്‍ എന്ന് വിഖ്യാതനായ ജെമിനി ഗണേശനാണ് രേഖയുടെ അച്ഛന്‍. എം.ജി.ആര്‍ ആക്ഷന്‍ സിനിമകളും ശിവാജി ഗണേശന്‍ ഹൈ വോള്‍ട്ടേജ് ഡ്രമാറ്റിക് സിനിമകളും ചെയ്തപ്പോള്‍ തമിഴ് സിനിമയില്‍ റൊമാന്‍സിന്റെ സിംഹാസനം ജെമിനി ഗണേശന്‍ കീഴടക്കി. 

ജെമിനി ഗണേശന്റെ ജീവിതം സിനിമയേക്കാള്‍ റൊമാന്റിക്കായിരുന്നു. കൂടെ അഭിനയിച്ച മിക്ക നടിമാരുമായി ചേര്‍ത്ത് അദ്ദേഹത്തെപ്പറ്റി  ഗോസിപ്പുകള്‍ വന്നു. അതില്‍ പലതും സത്യവുമായിരുന്നു. ജെമിനി ഗണേശന്‍ ആത്യന്തികമായി ഒരു കാമുകനായിരുന്നു. സൗന്ദര്യാരാധകനായിരുന്നു. പക്ഷേ, ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ അദേഹത്തിന് മടിയായിരുന്നു.

ജെമിനി ഗണേശന്‍/Wikipedia

അലമേലു ആണ് അദ്ദേഹത്തിന്റെ ആദ്യ ഭാര്യ. തെലുഗ് തമിഴ് സിനിമകളില്‍ അഭിനയിച്ചിരുന്ന പുഷ്പവല്ലിയുമായി ഗണേശന്‍ അടുത്തു. പുഷ്പവല്ലി ആദ്യ ഭര്‍ത്താവില്‍ നിന്നും അകന്നുകഴിയുകയായിരുന്നു. ഗണേശനുമായുള്ള ബന്ധത്തില്‍ പുഷ്പവല്ലിക്ക് രണ്ടു മക്കള്‍. രേഖയും രാധയും. ഈ കുട്ടികളുടെ പിതൃത്വം ഏറ്റെടുക്കാന്‍ ഗണേശന്‍ ആദ്യം തയ്യാറായിരുന്നില്ല. പുഷ്പവല്ലിയുമായി അടുപ്പമുള്ളപ്പോള്‍ തന്നെയാണ് ഗണേശന്‍ നടി സാവിത്രിയുമായി അടുക്കുന്നത്. അതോടെ പുഷ്പവല്ലിയെ കാണാന്‍ അദ്ദേഹം വരാതെയായി. രേഖയുടെ കുട്ടിക്കാലം അച്ഛന്റെ തണലില്ലാതെയായി.

സാവിത്രി/Wikipedia

മഹാനടി എന്ന് തെലുങ്കര്‍ ആരാധനയോടെ  വിളിക്കുന്ന സാവിത്രിയുമായുള്ള ഗണേശന്റെ പ്രണയവും വിവാഹവും കലുഷിതമായിരുന്നു. അന്നത്തെ നിയമപ്രകാരം ഹിന്ദു പുരുഷന് ഒന്നിലധികം ഭാര്യമാര്‍ ആകാമായിരുന്നു. തന്റെ കുടുംബത്തിനെതിരെ പോയാണ് സാവിത്രി ഗണേശനെ വിവാഹം ചെയ്തത്. അദ്ദേഹമാകട്ടെ രണ്ട് സ്ത്രീകളുടെ വൈകാരികതയെ ചൂഷണം ചെയ്യുകയായിരുന്നു.  

രണ്ടു കുട്ടികളെയും വളര്‍ത്താന്‍ പുഷ്പവല്ലി ഏറെ പ്രയാസപ്പെട്ടു. സെറ്റുകൾതോറും അലഞ്ഞു. ചെറിയ റോളുകള്‍ പോലും മടിയില്ലാതെ ചെയ്തു. എങ്ങനെയെങ്കിലും മൂന്ന് വയറു നിറയ്ക്കാന്‍ അവര്‍ പ്രയാസപ്പെട്ടു. അപ്പോഴെല്ലാം ജെമിനി ഗണേശന്‍ എന്ന അച്ഛന്‍ ഈ മക്കളെ കാണാന്‍ പോലും കൂട്ടാക്കിയിരുന്നില്ല. തനിക്ക് ഇങ്ങനെയൊരു ബന്ധമുണ്ടെന്നും അതില്‍ മക്കളുണ്ടെന്നും അംഗീകരിക്കാന്‍  ഗണേശന്‍ തയ്യാറായില്ല.

പുഷ്പവല്ലി/Wikipedia

വീട്ടിലെ സാമ്പത്തികപ്രയാസം കാരണം അമ്മ പുഷ്പവല്ലി രേഖയെ നിർബന്ധിച്ച്‌
സിനിമയില്‍ അഭിനയിപ്പിക്കുകയായിരുന്നു. കൗമാരത്തിന്റെ കൗതുകകാലം ഇഷ്ടമല്ലാത്ത സിനിമാജീവിതം ജീവിക്കുകയായിരുന്നു രേഖ. പിന്നീടാണവര്‍ ഇന്ന് കാണുന്ന മെഗാ സ്റ്റാര്‍ ആയി മാറുന്നത്. അപ്പോഴും അച്ഛന്റെ സാന്നിധ്യം ആ ജീവിതത്തിലുണ്ടായില്ല 

PTI

സിമി ഗരേവാളുമായുള്ള അഭിമുഖത്തില്‍ രേഖ അച്ഛനില്ലാത്ത കുട്ടിക്കാലം ഓര്‍ത്തെടുക്കുന്നുണ്ട്. ''ഞാനിത് വരെ അദ്ദേഹവുമായി സംസാരിച്ചിട്ടില്ല. ഞാന്‍ കുഞ്ഞായിരിക്കുമ്പോള്‍ അദ്ദേഹം അമ്മയെ വിട്ടുപോയി. ഞാന്‍ ഓര്‍ക്കുന്നത് പോലുമില്ല. അദ്ദേഹം വീട്ടില്‍ ഉണ്ടായിരുന്ന നാളുകള്‍ പോലും ഓര്‍ക്കുന്നില്ല. അദ്ദേഹത്തിന്റെ മക്കളെല്ലാം ഒരേ സ്‌കൂളിലാണ് പഠിച്ചിരുന്നത്.'' അദ്ദേഹം സ്‌കൂളില്‍ വരുമ്പോള്‍ കാണാന്‍ പോകുമോ എന്ന ചോദ്യത്തിനും ഇല്ലായെന്ന് മറുപടി. ''അദ്ദേഹം കുട്ടികളെ സ്‌കൂളിലാക്കി അപ്പോള്‍ തന്നെ പോകും. എനിക്ക് അവസരം കിട്ടിയില്ല. ഒരിക്കലും രുചിച്ചിട്ടില്ലാത്ത ഒന്ന് എന്താണെന്ന് നമുക്ക് അറിയാന്‍ പറ്റില്ല. അച്ഛന്‍ എന്ന വാക്കിന്റെ അര്‍ഥം പോലും എനിക്ക് അറിയില്ലായിരുന്നു.''

2005-ലായിരുന്നു ജെമിനി ഗണേശന്റെ മരണം. അന്ത്യസംസ്‌കാരത്തില്‍ പങ്കെടുക്കാന്‍ രേഖ പോയില്ല. മരണത്തില്‍ ദുഖമുണ്ടോ എന്ന ചോദ്യത്തിനോട് രേഖ പ്രതികരിച്ചതിങ്ങനെ; ''എന്റെ സങ്കല്പത്തിലാണ് അദ്ദേഹം എനിക്കൊപ്പം ഉണ്ടായിരുന്നിട്ടുള്ളത്. സങ്കല്‍പം യാഥാര്‍ഥ്യത്തെക്കാള്‍ സുന്ദരമായിരുന്നു.'' 
 

Content Highlights: actress rekha and her troubled relationship with father gemini ganesan