അഭിഷേക്-കരിഷ്മ ബന്ധം പിരിയാൻ കാരണമെന്ത്? വർഷങ്ങൾക്കുശേഷം തുറന്നുപറഞ്ഞ് സംവിധായകൻ

കരിഷ്മ കപൂർ, അഭിഷേക് ബച്ചൻ | ANI, PTI
കരിഷ്മ കപൂർ, അഭിഷേക് ബച്ചൻ | ANI, PTI

ഐശ്വര്യ റായ്‌യുമായുള്ള വിവാഹത്തിനുമുന്നേ അഭിഷേക് ബച്ചനും കരിഷ്മ കപൂറും പ്രണയത്തിലായിരുന്നു. ഇരുവരുടെയും കുടുംബാംഗങ്ങൾക്കും ആ ബന്ധത്തോട് താത്പര്യമായിരുന്നു. 2002 ഒക്ടോബറിൽ അമിതാഭ് ബച്ചന്റെ 60-ാം പിറന്നാളിനാണ് ഇരുവരും തമ്മിലുള്ള എൻഗേജ്‌മെന്റിന്റെ കാര്യം പുറംലോകത്തെ അറിയിച്ചതും. എന്നാൽ മാസങ്ങൾക്കപ്പുറം തങ്ങൾ പിരിയുകയാണെന്ന് ഇരുവരും അറിയിച്ചു. ആ കാരണം വ്യക്തമാക്കാൻ കരിഷ്മയും അഭിഷേകും ഒരിക്കലും തയ്യാറായതുമില്ല.

അതിനുശേഷം വ്യവസായിയായ സഞ്ജയ് കപൂറിനെയാണ് കരിഷ്മ വിവാഹം കഴിച്ചത്. 2016-ൽ ഇരുവരും വിവാഹമോചിതരായി. അഭിഷേകാണെങ്കിൽ അധികം വൈകാതെ ഐശ്വര്യയുമായി പ്രണയത്തിലായി. 2007-ൽ ഇരുവരും വിവാഹിതരാവുകയും ചെയ്തു. ഇപ്പോഴിതാ അഭിഷേക്-കരിഷ്മ ബന്ധത്തെക്കുറിച്ച് തുറന്നുപറയുകയാണ് സംവിധായകൻ സുനിൽ ദർശൻ. അഭിഷേക് ബച്ചനുമായുള്ള വിവാഹനിശ്ചയം റദ്ദാക്കപ്പെട്ട സമയത്ത് താൻ കരിഷ്മ കപൂറിന്റെ വീട്ടിലുണ്ടായിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. അവിടെനിന്ന് വ്യവസായി സഞ്ജയ് കപൂറുമായുള്ള വിവാഹത്തിലേക്ക് കാര്യങ്ങൾ എങ്ങനെ ഇത്ര വേഗത്തിൽ നീങ്ങി എന്നത് തനിക്ക് ഒരിക്കലും മനസ്സിലായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

'ജാൻവർ', 'ഹാ മേനേ ഭി പ്യാർ കിയ', 'ഏക് റിഷ്ത: ദ ബോണ്ട് ഓഫ് ലവ്' തുടങ്ങിയ ചിത്രങ്ങളിൽ അഭിഷേകിനും കരിഷ്മയ്ക്കുമൊപ്പം പ്രവർത്തിച്ചിട്ടുള്ളയാളാണ് സുനിൽ ദർശൻ. അഭിഷേകുമായുള്ള കരിഷ്മയുടെ ബന്ധം കാലക്രമേണ വളരുന്നത് താൻ കണ്ടിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

അമിതാഭ് ബച്ചന്റെ മകനും രാജ് കപൂറിന്റെ കൊച്ചുമകളും- അതൊരു ആകർഷകമായ ജോഡിയായിരുന്നു. ആ വിവാഹനിശ്ചയം റദ്ദാക്കിയ സമയത്ത് യാദൃശ്ചികമായി ഞാനും കരിഷ്മയുടെ വീട്ടിലുണ്ടായിരുന്നു. ആ വിവാഹം മുടങ്ങിപ്പോയത് നിർഭാഗ്യകരമാണ്. അതിനുശേഷം ഉണ്ടായ പ്രതികരണങ്ങളെയോ മാനസിക സംഘർഷങ്ങളെയോ ആർക്കും പൂർണ്ണമായി വിശകലനം ചെയ്യാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. പിന്നീട് പുതുവത്സരാഘോഷങ്ങൾക്കായി അവൾ ബാങ്കോക്കിലേക്ക് പോയി; പെട്ടെന്നാണ് അവൾ സഞ്ജയിനെ വിവാഹം കഴിക്കാൻ പോകുന്നുവെന്ന വാർത്ത ഞാൻ കേട്ടത്. ആ തീരുമാനത്തിന്റെ കാരണം എനിക്ക് ഒരിക്കലും മനസ്സിലായില്ല''.

വിവാഹനിശ്ചയം മുടങ്ങിയപ്പോൾ അക്കാലത്ത് പലരും കരിഷ്മയുടെ മാതാവ് ബബിതയെയാണ് കുറ്റംപറഞ്ഞത്. അവർക്ക് കരിഷ്മയും അഭിഷേകും തമ്മിലുള്ള വിവാഹത്തോട് താത്പര്യമില്ലെന്നായിരുന്നു പറഞ്ഞുകേട്ടത്. എന്നാൽ സുനിൽ പറയുന്നതിങ്ങനെ, ''രണ്ടുപേർക്കിടയിൽ എന്താണ് സംഭവിച്ചതെന്ന് പുറത്തുനിന്നുള്ളവർക്ക് ഒരിക്കലും പൂർണ്ണമായി മനസ്സിലാക്കാൻ കഴിയില്ല. ബബിതാ ജി, ജയാ ജി, കരിഷ്മ അല്ലെങ്കിൽ അഭിഷേക് എന്നിവരെ ആളുകൾ കുറ്റപ്പെടുത്താറുണ്ട്. എന്നാൽ ആരെയും കുറ്റപ്പെടുത്തേണ്ടതില്ലെന്നാണ് എനിക്ക് തോന്നുന്നത്. ഇത്തരം കാര്യങ്ങൾ വിധിക്കു വിട്ടുകൊടുക്കുന്നതാണ് നല്ലത്. അവർ തമ്മിലുള്ള ബന്ധം തീവ്രമായ ഒന്നായിരുന്നു. ഓരോ ദമ്പതികളിലും പ്രണയം പ്രകടമാകുന്നത് വ്യത്യസ്ത രീതിയിലായിരിക്കും, അതുപോലെ ഓരോ ബന്ധത്തിനും അതിന്റേതായ സവിശേഷതകളുമുണ്ട്. അവർക്കിടയിൽ പല കാര്യങ്ങളിലും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നു''.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Director Suneel Darshan shares firsthand account of the 2002 engagement cancellation of abhishek bachchan and karisma kapoor. Clarifies that external blame placed on Babita Kapoor was likely unfounded