ഐശ്വര്യ റായിയുമായുള്ള വിവാഹമോചന വാര്‍ത്തകളില്‍ പ്രതികരിച്ച് അഭിഷേക് ബച്ചന്‍

അഭിഷേക് ബച്ചൻ, ഐശ്വര്യ റായ്/ Instagram
അഭിഷേക് ബച്ചൻ, ഐശ്വര്യ റായ്/ Instagram

ഐശ്വര്യ റായിയും അഭിഷേക് ബച്ചനും വിവാഹബന്ധം വേര്‍പ്പെടുത്തുന്നു എന്ന തരത്തിലുളള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ വിവാഹമോചന വാര്‍ത്തകള്‍ നുണയാണെന്നും, കെട്ടിച്ചമച്ചതാണെന്നും അഭിഷേക് ബച്ചന്‍ വെളിപ്പെടുത്തി.

“നിങ്ങള്‍ ഒരു സെലിബ്രിറ്റിയാണെങ്കില്‍, ആളുകള്‍ ഇത്തരം വാർത്തകൾ  ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കും. അവര്‍ പറയുന്ന കാര്യങ്ങളെല്ലാം തെറ്റാണ്. വസ്തുതകളില്‍ അധിഷ്ഠിതമല്ല, ദുരുദ്ദേശ്യപരവുമാണ്. ഞങ്ങള്‍ വിവാഹിതരാകുന്നതിനു മുന്‍പും അവര്‍ ഇത് ചെയ്യുന്നുണ്ടായിരുന്നു. ആദ്യം ഞങ്ങള്‍ എപ്പോഴാണ് വിവാഹം കഴിക്കേണ്ടതെന്ന് തീരുമാനിച്ചു... വിവാഹം കഴിഞ്ഞപ്പോള്‍, ഞങ്ങള്‍ എപ്പോഴാണ് വിവാഹമോചനം നേടേണ്ടതെന്ന് തീരുമാനിക്കാന്‍ തുടങ്ങി... ഇതെല്ലാം അസംബന്ധമാണ്. ഐശ്വര്യക്ക് എന്റെ സത്യം അറിയാം. എനിക്ക് അവളുടെയും. സന്തോഷമുളള കുടുംബത്തിലേക്ക് ഞങ്ങള്‍ മടങ്ങുന്നു. അതാണ് പ്രധാനം. ഇതില്‍ എന്തെങ്കിലും സത്യമുണ്ടായിരുന്നെങ്കില്‍, അത് എന്നെ ബാധിക്കുമായിരുന്നു. പക്ഷേ, ഇല്ല. മാധ്യമങ്ങള്‍ പലപ്പോഴും തെറ്റായ കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാറുണ്ട്”. പീപ്പിംഗ് മൂണ്‍ എന്ന പോഡ്കാസ്റ്റില്‍ നടന്‍ പറഞ്ഞു.

“മാധ്യമങ്ങളാണ് രാജ്യത്തിന്റെ മനസ്സാക്ഷി എന്ന് വിശ്വസിച്ചാണ് ഞാന്‍ വളര്‍ന്നത്. നിങ്ങള്‍ സംസാരിക്കുന്നത് മറ്റൊരു മനുഷ്യജീവിയെക്കുറിച്ചാണെന്ന് ആലോചിക്കണം, ഒരാളുടെ കുട്ടി, അച്ഛന്‍, മകന്‍, ഭര്‍ത്താവ്, അല്ലെങ്കില്‍ ഭാര്യ എന്നിവരെക്കുറിച്ചാണ് എന്ന് ചിന്തിക്കേണ്ടതുണ്ട്. കുറച്ച് ഉത്തരവാദിത്തം ഉണ്ടായിരിക്കണം. എന്നെ സംബന്ധിച്ചിടത്തോളം, നിങ്ങള്‍ ഇഷ്ടമുള്ളത് പറഞ്ഞോളൂ. എന്നെയോ എന്റെ കുടുംബത്തെയോ സംബന്ധിച്ച് ഒരു നുണയോ, കെട്ടിച്ചമച്ച കഥയോ ഞാന്‍ സഹിക്കില്ല”.

എന്തിനും വിശദീകരണം നല്‍കുന്ന ആളല്ല താനെന്നും തോന്നുമ്പോള്‍, മാത്രമാണ് ചെയ്യുന്നത് എന്നും താരം പറഞ്ഞു. “ഞാന്‍ ഒരിക്കലും തെറ്റായി ഒന്നും ചെയ്തിട്ടില്ല. അതിനാല്‍, ചുറ്റും നടന്ന് കാര്യങ്ങള്‍ വിശദീകരിക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ല. എന്റെ കുടുംബത്തെക്കുറിച്ച് നിങ്ങള്‍ തെറ്റായി സംസാരിക്കുകയാണെങ്കില്‍, ഞാന്‍ നിങ്ങളെ തിരുത്തും.”

14 വയസ്സുള്ള മകള്‍ ആരാധ്യയെ ഐശ്വര്യ എത്ര നന്നായി വളര്‍ത്തിയെന്നും, ഇത്തരം കിംവദന്തികളെക്കുറിച്ച് അവള്‍ക്ക് അറിയാമായിരിക്കും, പക്ഷേ പുറത്തുനിന്നുള്ളതൊന്നും അവള്‍ വിശ്വസിക്കില്ലെന്നും അഭിഷേക് പറഞ്ഞു.

“ആരാധ്യ ഒരു പക്വതയുള്ള കുട്ടിയാണ്. അവള്‍ക്ക് കാര്യങ്ങള്‍ അറിയാം, പക്ഷേ അവള്‍ക്ക് അതൊരു മുന്‍ഗണനയല്ലെന്ന് ഞാന്‍ കരുതുന്നു. അവള്‍ക്ക് 14 വയസ്സായി. അവള്‍ക്ക് ഫോണില്ല. സുഹൃത്തുക്കള്‍ക്ക് അവളെ ബന്ധപ്പെടണമെങ്കില്‍, അവര്‍ അവളുടെ അമ്മയുടെ ഫോണില്‍ വിളിക്കണം. ഞങ്ങള്‍ വളരെക്കാലം മുമ്പ് തീരുമാനിച്ച കാര്യമാണത്. അവള്‍ സ്‌കൂളിനെ സ്‌നേഹിക്കുന്നു. അവള്‍ വായിക്കുന്നതെല്ലാം വിശ്വസിക്കരുതെന്ന് അവളുടെ അമ്മ അവളെ നന്നായി പഠിപ്പിച്ചിട്ടുണ്ട്. എന്റെ മാതാപിതാക്കളെപ്പോലെ, ഞങ്ങള്‍ കുടുംബത്തില്‍ പരസ്പരം പൂര്‍ണ്ണമായും സത്യസന്ധരാണ്. ആര്‍ക്കും ആരെയും ചോദ്യം ചെയ്യേണ്ട ഒരു സാഹചര്യം ഉണ്ടായിട്ടില്ല.”

സംഭാഷണത്തിനിടെ, 2000-ലെ 'ഢായി അക്ഷര്‍ പ്രേം കേ' എന്ന സിനിമയുടെ സെറ്റില്‍ വെച്ചല്ല ഐശ്വര്യയെ താന്‍ കണ്ടുമുട്ടിയതെന്നും, അത് തെറ്റിദ്ധാരണയാണെന്നും അദ്ദേഹം സൂചിപ്പിച്ചു. സുഹൃത്തായ ബോബി ഡിയോളുമൊത്തുള്ള അത്താഴത്തിനിടെയാണ് ഐശ്വര്യയെ കണ്ടതെന്നും അദ്ദേഹം പറഞ്ഞു.

“എന്റെ ഭാര്യ ഒരു ഉദാഹരണമാണ്. ഞങ്ങള്‍ സന്തോഷത്തോടെ വിവാഹിതരായിരിക്കുന്നു. ഇത് ഞങ്ങളുടെ 18-ാം വര്‍ഷമാണ്, ഞാന്‍ ആ ആരാധകവൃന്ദത്തിന് കുറവ് വന്നതായി കണ്ടിട്ടില്ല” വിവാഹം ആരാധകവൃന്ദത്തെ ബാധിക്കുമെന്ന പോലുള്ള പ്രസ്താവനകളെ തള്ളിക്കളഞ്ഞുകൊണ്ട്, അഭിഷേക് കൂട്ടിച്ചേർത്തു.

 “വിവാഹം നിങ്ങളെ മാറ്റുന്നു. നിങ്ങളുടെ ലക്ഷ്യങ്ങള്‍ മാറുമ്പോള്‍, നിങ്ങളുടെ കഥകള്‍ മാറുമ്പോള്‍, നിങ്ങളുടെ കാരണങ്ങള്‍ മാറുമ്പോള്‍, നിങ്ങളുടെ തിരഞ്ഞെടുപ്പുകളും മാറുന്നു. ഇന്ന് ഞാന്‍ ഒരു അച്ഛനാണ്. എന്റെ കുടുംബത്തോട് എനിക്ക് ഉത്തരവാദിത്തം ഉണ്ട്. അതിനാല്‍ ഞാന്‍ അതിനനുസരിച്ച് തിരഞ്ഞെടുക്കുന്നു. സമയവും, പ്രായവും, സാഹചര്യങ്ങളും, എല്ലാം നിങ്ങളെ മാറ്റുന്നു, അങ്ങനെ സംഭവിക്കേണ്ടതുമാണ്. ഒരു നടന് ഒറ്റയ്ക്കിരിക്കാനും എല്ലാ കാര്യങ്ങളിലും താന്‍ മാത്രമാണ് പ്രധാനമെന്ന് കരുതാനും കഴിയില്ല. നിങ്ങളാണ് ഏറ്റവും മികച്ചതെന്ന് നിങ്ങള്‍ കരുതുന്നുവെങ്കില്‍, നിങ്ങൾ  ഒരിക്കലും മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കില്ല. ജീവിതത്തിലെ സാഹചര്യങ്ങള്‍ മാറും, അതോടൊപ്പം നിങ്ങളുടെ നിര്‍ബന്ധങ്ങളും മാറും”.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Abhishek Bachchan addresses and refutes circulating divorce rumors with Aishwarya Rai, clarifying their marital status and the nature of media speculation.