അഭിഷേക്-കരിഷ്മ വിവാഹപ്രഖ്യാപനം നടന്നത് ബിഗ് ബിയുടെ അറുപതാം പിറന്നാള്‍ വിരുന്നിനിടെ

ബോളിവുഡിന്റെ അമരത്ത് കപൂര്‍ കുടുംബം എന്നുമുണ്ടായിരുന്നു. പ്രിത്വിരാജ് കപൂര്‍ മുതല്‍ തുടങ്ങുന്ന ആ പാരമ്പര്യത്തില്‍ നിന്നാണ് കരിഷ്മ സിനിമയിലെത്തുന്നത്. അതും പതിനേഴാം വയസില്‍ നായികയായി. പിന്നീടങ്ങോട്ട് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. ലോലോ എന്ന ഓമനപ്പേരുകാരി ബോളിവുഡിന്റെ നമ്പര്‍ വണ്ണായി മാറി. 2003-ല്‍ സഞ്ജയ് കപൂറുമായുള്ള വിവാഹം കഴിഞ്ഞ് ബ്രെക്കെടുക്കുന്നത് വരെ കരിഷ്മ മുഖ്യധാരയിലുണ്ടായിരുന്നു. എന്നാല്‍ അതിനുംമുന്‍പ് അവരുടെ വിവാഹം നിശ്ചയിച്ചിരുന്നത് അഭിഷേക് ബച്ചനുമായിട്ടായിരുന്നു.
2002-ലായിരുന്നു അമിതാഭ് ബച്ചന്റെ അറുപതാം പിറന്നാളാഘോഷം. അന്ന് വിരുന്നെത്തിയ അതിഥികള്‍ക്ക് മുന്നില്‍ വെച്ച് ബച്ചന്‍ ഒരു പ്രഖ്യാപനം നടത്തി. അഭിഷേകും കരിഷ്മയും വിവാഹിതരാകുന്നു. രാജ്കപൂറിന്റെ പേരക്കുട്ടിയായ നിഖില്‍ നന്ദയെയാണ് അമിതാഭിന്റെ മകള്‍ ശ്വേത വിവാഹം കഴിച്ചത്. വീണ്ടും കപൂര്‍ കുടുംബവും ബച്ചന്‍ കുടുംബവും ബന്ധുക്കളാകുന്നു എന്ന വാര്‍ത്ത സിനിമാലോകം ആഹ്ലാദത്തോടെ വരവേറ്റു. ശ്വേത-നിഖില്‍ വിവാഹച്ചടങ്ങുകള്‍ക്കിടെയാണ് അഭിഷേകും കരിഷ്മയും അടുക്കുന്നത്. ഒരു സിനിമയില്‍ ഇരുവരും ഒന്നിച്ച് അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.
എന്നാല്‍ മാസങ്ങള്‍ക്കുള്ളില്‍ ഈ ബന്ധം അവസാനിച്ചു. കാരണം വ്യക്തമാക്കാന്‍ ഇരു കുടംബങ്ങളും തയ്യാറായില്ല. എങ്കിലും സാമ്പത്തികമാണ് മുഖ്യ വിഷയം എന്നാണ് അനുമാനിക്കപ്പെടുന്നത്. വലിയ കടബാധ്യതയിലായിരുന്നു ബച്ചന്‍ കുടുംബം. ഡ്രൈവര്‍ക്ക് പോലും ശമ്പളം കൊടുക്കാനില്ലാത്ത ഗതികേട്. ബിസിനസുകളെല്ലാം തകരുകയും ചെയ്തിരുന്നു.
അഭിഷേക് സിനിമയിലെത്തുന്നത് 2000-ലാണ്. മികച്ച പുതുമുഖ നടനുള്ള ഫിലിംഫെയര്‍ അവാര്‍ഡും അഭിഷേക് നേടി. സിനിമ ശരാശരി വിജയം നേടി. പിന്നീടിറങ്ങിയ പത്തിലധികം സിനിമകള്‍ ബോക്‌സ്ഓഫീസില്‍ പരാജയങ്ങളായിരുന്നു. അമിതാഭിന്റെ മകന്‍ തോല്‍വിയാണെന്ന് വിധിയെഴുതാന്‍ പ്രേക്ഷകര്‍ക്ക് അത് ധാരാളമായിരുന്നു. മികച്ച സഹനടനുള്ള ഏതാനും അവാര്‍ഡുകള്‍ നേടിയതെന്നതൊഴിച്ചാല്‍ സിനിമയില്‍ അഭിഷേകിന് നേട്ടങ്ങളൊന്നും ഉണ്ടാക്കാനായില്ല.
സിനിമയില്‍ കാലുറപ്പിക്കാനാകാത്ത അഭിഷേക് മകളെ വിവാഹം ചെയ്യുന്നതില്‍ കരിഷ്മയുടെ അമ്മയ്ക്ക് താത്പര്യമില്ലായിരുന്നു. മകളുടെ സാമ്പത്തികസുരക്ഷയില്‍ അവര്‍ ആശങ്കപ്പെട്ടു. കരിഷ്മയുടെ അമ്മ ബബിത നടിയായിരുന്നു. രണ്‍ധീര്‍ കപൂറുമായുള്ള വിവാഹശേഷം അവര്‍ സിനിമ വിടുകയായിരുന്നു. വിവാഹമോചനത്തിന് ശേഷം തന്റെ രണ്ടു മക്കളെയും വളര്‍ത്തിയത് അവര്‍ ഒറ്റയ്ക്കാണ്. അങ്ങേയറ്റം പ്രായോഗികമായി ജീവിതത്തെ കണ്ട ബബിത ഈ ബന്ധം മുന്നോട്ട് കൊണ്ടുപോകാന്‍ കൂട്ടാക്കിയില്ല. കരിഷ്മ സിനിമയില്‍ തുടരേണ്ടെന്ന് ജയാ ബച്ചന്‍ പറഞ്ഞതുകൊണ്ടാണ് ബന്ധം അവസാനിച്ചതെന്നും ശ്രുതിയുണ്ട്.
അധികം വൈകാതെ തന്നെ കരിഷ്മ വിവാഹിതയായി. മുംബൈയിലെ ബിസിനസുകാരന്‍ സഞ്ജയ് കപൂറായിരുന്നു വരന്‍. 2013-ല്‍ ഇരുവരും വേര്‍പിരിയുകയും ചെയ്തു. 2007-ലായിരുന്നു അഭിഷേക്-ഐശ്വര്യ വിവാഹം.
Content Highlights: abhishek bachan and karishma kapoor engagement was called off