ഉർഫി ജാവേദിന്റെ മുഖം ഭേദപ്പെടുന്നു, പൊതുവേദിയിലെത്തി താരം

ബിഗ്ബോസ്, സോഷ്യൽമീഡിയാ താരം ഉർഫി ജാവേദിന്റെ ചുണ്ടുകളും കവിളും വീർത്തുപോയത് വലിയ വാർത്തയായിരുന്നു. ലിപ് ഫില്ലർ നീക്കം ചെയ്തതിനു പിന്നാലെയാണ് താരത്തിന് കഠിനമായ ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ടിവന്നത്. ലിപ് ഫില്ലറുകൾ ശരിയായ സ്ഥാനത്ത് അല്ലാത്തതിനാലാണ് അവ നീക്കം ചെയ്യാൻ ഉർഫി തീരുമാനിച്ചത്. പക്ഷേ, അത് അലിയിച്ചുകളയുന്ന ചികിത്സയെടുത്തതോടെ മുഖം വലിയരീതിയിൽ വീങ്ങുകയായിരുന്നു. ഇത് ആരാധകർക്കിടയിൽ ആശങ്കയുണ്ടാക്കുകയും ചെയ്തു. ഇപ്പോഴിതാ താരം ഭേദപ്പെട്ടുവരികയാണ്.
ഡൽഹിയിൽ നടന്ന ഒരു ഫാഷൻ പരിപാടിയിൽ അവർ പങ്കെടുക്കുകയും ചെയ്തു. മുഖം ഏറെക്കുറെ സാധാരണ നിലയിലായിരുന്നു. 27-കാരിയായ ഉർഫി മറ്റുള്ളവരുമായി ഇടപഴകുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. തൻ്റെ രോഗമുക്തിയെക്കുറിച്ച് അവർ ആളുകളോട് സംസാരിക്കുകയും ചെയ്തു. മുഖം ഭേദമായതുകൊണ്ടാണ് താൻ ഇവിടെ വന്നതെന്ന് ആളുകളുടെ ചോദ്യത്തിന് അവർ മറുപടി പറയുന്നുണ്ട്.
ലിപ് ഫില്ലറുകൾ അലിയിച്ചതിൻ്റെ പാർശ്വഫലങ്ങൾ കാണിക്കാൻ വേണ്ടി താരം നേരത്തെ ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കിട്ടിരുന്നു. 24 മണിക്കൂറിനുള്ളിൽ തന്നെ സുഖപ്പെട്ട് പൊതുവേദിയിലെത്തുകയും ചെയ്തു.
ഫില്ലറുകൾ അലിയിച്ചു കളഞ്ഞെങ്കിലും വീണ്ടും അത് ചെയ്യുമെന്നും ഉർഫി വ്യക്തമാക്കി. ''ഞാൻ വീണ്ടും ഫില്ലറുകൾ ചെയ്യും, പക്ഷേ സ്വാഭാവികമായ രീതിയിലായിരിക്കും."
ഇത്തരം ചികിത്സകൾക്ക് കഴിവുള്ള ഒരു ഡോക്ടറെ തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണെന്നു പറഞ്ഞ ഉർഫി ചില വലിയ ക്ലിനിക്കുകളോടുള്ള അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.
ഫാഷനിൽ പുതിയ പരീക്ഷണങ്ങൾ നടത്തിയാണ് ഉർഫി ശ്രദ്ധിക്കപ്പെടുന്നത്. പേരെടുന്ന ഫാഷൻ ഇൻഫ്ലുവൻസറായി പിന്നീട് വളർന്നു. 'ദ ട്രെയ്റ്റേഴ്‌സ്' എന്ന റിയാലിറ്റി ഷോയിലാണ് അവരെ അവസാനമായി കണ്ടത്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi