ഞാന്‍ എന്റെ കണ്‍പീലികളും പുരികവും കത്തിച്ചു; ഉര്‍ഫി ജാവേദ്

ഉർഫി ജാവേദ്/ ഇൻസ്റ്റാഗ്രാം (urf7i)
ഉർഫി ജാവേദ്/ ഇൻസ്റ്റാഗ്രാം (urf7i)

ഫാഷനില്‍ എപ്പോഴും വ്യത്യസ്തത കൊണ്ടുവരുന്ന മോഡലാണ് ഉര്‍ഫി ജാവേദ്. പ്ലാസ്റ്റിക്, പുല്ല്, ബാഗുകള്‍, കുപ്പികള്‍ തുടങ്ങി കൈയില്‍ കിട്ടിയതെന്തും ഉര്‍ഫിയ്ക്ക് വസ്ത്രങ്ങളാണ്. ട്രോളുകളിലെ നിറസാന്നിധ്യമാണെങ്കിലും ഉര്‍ഫിയ്ക്ക് ആരാധകര്‍ ഏറെയാണ്. എന്തും വസ്ത്രമാക്കി മാറ്റുന്ന ഉര്‍ഫിയുടെ അതിരുവിട്ട പരീക്ഷണങ്ങള്‍ പലപ്പോഴും വിമര്‍ശനങ്ങള്‍ക്ക് വഴിവെക്കാറുണ്ട്. അടുത്തിടെ  സാങ്കേതികവിദ്യയുടെ സഹായത്തോടെ കറുത്ത ഡ്രസ്സില്‍ പ്രൊജക്ടര്‍ ഘടിപ്പിച്ച് വെടിക്കെട്ടുകളും പൂമ്പാറ്റകളുമായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ ചിത്രം വൈറലായിരുന്നു. ഇപ്പോഴിതാ സ്വന്തം വസ്ത്രം കത്തിച്ചുകൊണ്ട് വീണ്ടും ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് താരം.

തന്റെ വരാനിരിക്കുന്ന ഷോ കാര്‍ ലോ യാറിന്റെ ട്രയല്‍ ലോഞ്ച് ഇവന്റില്‍ ഉര്‍ഫി തന്റെ വസ്ത്രത്തിന് തീ കൊളുത്തി. ഷോയുടെ പേര് വെളിപ്പെടുത്തുന്ന സമയത്ത് സന്തോഷത്തില്‍ ക്ലാപ്പ് ചെയ്യുന്ന അവസരത്തിലാണ് വസ്ത്രത്തില്‍ തീ പടരുന്നത്. ഇതിലൂടെ ഉര്‍ഫിയ്ക്ക് ഇനിയും വ്യത്യസ്ത ഫാഷൻ സങ്കല്പങ്ങളിലൂടെ ആളുകളെ അമ്പരിപ്പിക്കാന്‍ കഴിയുമെന്ന് ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുകയാണ്. വീഡിയോ പങ്കുവെച്ചതിനൊപ്പം ഉര്‍ഫി ഇന്‍സ്റ്റാഗ്രാമില്‍ ഇങ്ങനെ കുറിച്ചു: ''ഞാന്‍ എന്റെ കണ്‍പീലികളും പുരികവും കത്തിച്ചു, അത് എനിക്ക് ഗുണം ചെയ്തു''. പ്രെഫഷണലിസ്റ്റുകളുടെ മേല്‍നോട്ടത്തിലായിരുന്നു ഉര്‍ഫിയുടെ ഈ പരീക്ഷണം. ഇതിനെ ധീരമായ പ്രകടം എന്നാണ് ആരാധകര്‍ വിശേഷിപ്പിച്ചത്,  'മജിഷ്യന്‍ ഉര്‍ഫി', ഖത്രോണ്‍ കെ ഖിലാഡി എന്ന തരത്തില്‍ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ എത്തുന്നത്. 

ഓഗസ്റ്റ് 23-ന്‌ ആമസോണില്‍ പ്രീമിയര്‍ ചെയ്യുന്ന കര്‍ ലോ യാര്‍ ഒന്‍പത് എപ്പിസോഡുകളായാണ് സ്ട്രീം ചെയ്യുന്നത്. ഉര്‍ഫിയുടെ ദൈനംദിന ജീവിതത്തിലേക്കും അവളുടെ ഫാഷന്‍ യാത്രയിലേക്കും പ്രേക്ഷകര്‍ക്കുള്ള ഒരു തുറന്ന വാതിലായിരിക്കും ഈ ഷോ. 

ഇന്‍സ്റ്റഗ്രാം ഫില്‍ട്ടറുകള്‍ക്കും സോഷ്യല്‍മീഡിയ കാഴ്ചകള്‍ക്കുമപ്പുറം ഉര്‍ഫിയുടെ വ്യക്തിപരമായ പോരാട്ടങ്ങളിലേക്കുള്ള ഉള്‍കാഴ്ചയാണ് ഷോ വാഗ്ദാനം ചെയ്യുന്നത്. തന്റെ ഫാഷൻ യാത്രകളെക്കുറിച്ചും ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ നേരിട്ട വെല്ലുവിളികളെക്കുറിച്ചും ഫാഷന്‍ലോകത്ത് തന്റേതായ സ്ഥാനം കണ്ടെത്തിയതെങ്ങനെയെന്നും ഷോയിലൂടെ ഉർഫി തുറന്നുപറയുന്നു. സന്യ മല്‍ഹോത്ര, ഓറി, സന്ദീപ് ഖോസ്ല, മുനാവര്‍ ഫാറൂഖി തുടങ്ങിയ പ്രമുഖ വ്യക്തികളെയും ട്രെയിലറില്‍ അവതരിപ്പിക്കുന്നു.

Content Highlights: uorfi javed sets her outfit on fire