ഒരു കടയില്‍നിന്ന് മാത്രം ലക്ഷക്കണക്കിന് മാധുരി സ്‌റ്റൈല്‍ കുര്‍ത്തകള്‍ വിറ്റുപോയി

പ്രണയവും സംഗീതവും ഒരുപോലെ ഒത്തുചേര്‍ന്ന 'ദില്‍ തോ പാഗല്‍ ഹേ' 90 കിഡ്‌സിന്റെ ഇഷ്ടസിനിമയായിരുന്നു. ഷാരൂഖ് ഖാനും മാധുരി ദീക്ഷിത്തും കരിഷ്മ കപൂറും അക്ഷയ് കുമാറും അഭിനയിച്ച സിനിമ, നിര്‍മിച്ചതും സംവിധാനം ചെയ്തതും യാഷ് ചോപ്രയാണ്. 90 ദശലക്ഷം ചെലവിട്ട് നിര്‍മിച്ച സിനിമ തിരിച്ചുപിടിച്ചത് 718 ദശലക്ഷം രൂപയാണ്. ആ വര്‍ഷത്തെ ഏറ്റവും ഹിറ്റ് ബോളിവുഡ് സിനിമയുമായി മാറി 'ദില്‍ തോ പാഗല്‍ ഹെ'. സിനിമ റി-റിലീസ് ചെയ്തതോടെ, അത് വീണ്ടും ചര്‍ച്ചയാവുകയാണ്.
ആ വര്‍ഷത്തെ ദേശീയപുരസ്‌കാരത്തിലും സിനിമ നിറഞ്ഞുനിന്നു. മികച്ച ജനപ്രിയ ചിത്രമായി മാറിയിത്. അതിനൊപ്പം മികച്ച സഹനടിക്കുള്ള ദേശീയപുരസ്‌കാരം കരിഷ്മ കപൂറിനെയും തേടിയെത്തി. ലത മങ്കേഷ്‌കര്‍-ഉദിത് നാരായണ്‍ കോമ്പോ പാടിയ, സിനിമയിലെ പാട്ടുകളോരോന്നും സൂപ്പര്‍ഹിറ്റായി. ദില്‍ തോ പാഗല്‍ ഹെ, അരേ രേ അരേ രേ, ഭോലി സി സൂരത്ത്, പ്യാര്‍ കര്‍, കോയ് ലഡ്കി ഹെ...പാട്ടുകളെല്ലാം അന്നത്തെ തലമുറ ഏറ്റുപാടി.
വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തത് മനീഷ് മല്‍ഹോത്രയാണ്. ആദ്യം കരിഷ്മയുടെ വസ്ത്രങ്ങള്‍ മാത്രം ഡിസൈന്‍ ചെയ്യാനാണ് മനീഷിനെ സമീപിച്ചത്. മാധുരിയുടെ കോസ്റ്റിയൂമുകള്‍ തയ്യാറാക്കാനായി വേറെ ഡിസൈനര്‍മാരെയും നിശ്ചയിച്ചു. എന്നാല്‍, അവരുണ്ടാക്കിയ 50-ഓളം ഡിസൈനുകളില്‍ ഒന്നുപോലും യാഷ് ചോപ്രയ്ക്ക് ഇഷ്ടമായില്ല. അങ്ങനെയാണ് മനീഷ് തന്നെ മതിയെന്ന് ഉറപ്പിക്കുന്നത്.
സിനിമയിലെ പല കോസ്റ്റിയൂമുകളും പിന്നീട് ട്രെന്‍ഡിങ്ങായി. ഷിഫോണ്‍ കുര്‍ത്തകളാണ് പ്രധാനമായും മാധുരിക്കുവേണ്ടി നിര്‍മിച്ചത്. എന്നാല്‍, കരിഷ്മയുടെ പല കോസ്റ്റിയൂമുകളും ലണ്ടനിലെ ഒരു സ്‌റ്റോറില്‍നിന്നാണ് മനീഷിന് കിട്ടുന്നത്. വിലയേറിയ ആ വസ്ത്രങ്ങള്‍ വാങ്ങാന്‍ നിര്‍മാതാവ് സമ്മതിച്ചതോടെ, അവ വ്യത്യസ്തമായ രീതിയില്‍ സ്‌റ്റൈല്‍ ചെയ്യുകയായിരുന്നു മനീഷ്. മാധുരി ധരിച്ച വെള്ള ഡീപ്-നെക്ക് സ്ലീവ് ലെസ് ടോപ്പ്-ലെഹങ്ക സെറ്റ്, നീല ഷിഫോണ്‍ ലെഹങ്ക, ഓവര്‍സൈസ്ഡ് ഷര്‍ട്ട് ഡ്രസ്, മഞ്ഞ കോ-ഓര്‍ഡ് സെറ്റ്, ബോഡി ഫിറ്റഡ് ലെതര്‍ സെറ്റ്, ലാവണ്ടര്‍ നിറത്തിലുള്ള ഡ്രസ് തുടങ്ങിയവയാണ് ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. അതേ ഡിസൈനിലുള്ള ലെഹങ്കകള്‍ക്ക് ആവശ്യക്കാരേറിയതോടെ, പല കടകളിലും അതിന്റെ പതിപ്പുകള്‍ ഇറക്കി. സൂറത്തിലെ ഒരു കടയില്‍ മാത്രം ലക്ഷക്കണക്കിന് മാധുരി സ്റ്റൈല്‍ കുര്‍ത്തകളാണ് വിറ്റുപോയത്.
Content Highlights: trending dil to pagal hai outfits