ഡല്‍ഹി-6 എന്ന സിനിമയിലെ ആ അദിതി റാവു തന്നെയാണോ ഇത്? ആരാധകര്‍ അമ്പരക്കുന്നു

അദിതി റാവു ഹൈദാരി-ട്രാൻസ്ഫോർമേഷന് മുമ്പും ശേഷവും / ഫോട്ടോ: AFP & instagram
അദിതി റാവു ഹൈദാരി-ട്രാൻസ്ഫോർമേഷന് മുമ്പും ശേഷവും / ഫോട്ടോ: AFP & instagram

'ഡല്‍ഹി-6' എന്ന സിനിമയില്‍ അഭിനയിച്ചത് 'ഹീരമാണ്ഡി'യിലെ ഇതേ അദിതിയാണെന്ന് വിശ്വസിക്കാന്‍ പറ്റുന്നില്ല, എന്തൊരു ചെയ്ഞ്ച്...' അദിതി റാവു ഹൈദാരിയുടെ 'ഹീരമാണ്ഡി'യില്‍നിന്നുള്ള ചിത്രങ്ങള്‍ക്ക് താഴെയുള്ള ഒരു കമന്റാണിത്. വര്‍ഷങ്ങളിലൂടെ വന്ന ഞെട്ടിക്കുന്ന മാറ്റം. 

പാന്‍ ഇന്ത്യന്‍ താരം അദിതി റാവു ഹൈദരി അഭിനയിച്ച ഏറ്റവും പുതിയ വെബ് സീരീസാണ് 'ഹീരമാണ്ഡി: ദ ഡയമണ്ട് ബാസാര്‍'. അതിലെ അദിതിയുടെ കഥാപാത്രം വളരെ ശ്രദ്ധനേടിയിരുന്നു. അതിനുശേഷം സാമൂഹ്യമാധ്യമങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാവുന്നത് അവരുടെ ട്രാന്‍സ്‌ഫോര്‍മേഷനാണ്.

ആരാധകര്‍ ഡല്‍ഹി-6ലെയും ഹീരമാണ്ഡിയിലെയും അദിതിയുടെ ലുക്കുകള്‍ സംയോജിപ്പിച്ച് റീലുകളുണ്ടാക്കുന്നു. എങ്ങനെയാണ് അദിതിയുടെ മുഖം ഇത്ര മാറിയത്? എന്താണ് അദിതിയുടെ ഞെട്ടിപ്പിക്കുന്ന ട്രാന്‍സ്‌ഫോര്‍മേഷന് പിന്നില്‍?

2020-ല്‍ കൊറോണക്കാലത്ത് ഒരു നേര്‍ത്ത തൂവല്‍സ്പര്‍ശം പോലെ മലയാളിമനസ്സില്‍ പതിഞ്ഞ ചിത്രമാണ് സൂഫിയും സുജാതയും. അതിലെ സൂഫിയുടെയും സുജാതയുടെയും പ്രണയത്തെയും സുജാതയായി എത്തിയ അദിതിയെയും മലയാളികള്‍ ഏറ്റെടുക്കുകയും ചെയ്തു. അതിനുംമുമ്പ് 2006-ല്‍ മമ്മൂട്ടി ചിത്രം 'പ്രജാപതി'യിലൂടെയായിരുന്നു അദിതിയുടെ സിനിമാ അരങ്ങേറ്റം. ശേഷം ധാരാളം ചിത്രങ്ങളില്‍ അഭിനയിച്ചു. 

ഫോട്ടോ: AFP & instagram

2007-ല്‍ ശൃംഗാരം എന്ന തമിഴ് സിനിമയിലും അദിതിയെത്തി. പിന്നീട് ഹിന്ദിയിലേക്ക്. 2009-ല്‍ അഭിഷേക് ബച്ചന്‍ നായകനായ ഡല്‍ഹി-6 എന്ന സിനിമ മുതല്‍ ഇടവിടാതെ അദിതി സിനിമയില്‍ സജീവമായി. മണിരത്‌നം സിനിമ 'കാട്രു വെളിയിടൈ'ലൂടെ തമിഴില്‍ വീണ്ടുമെത്തി. 'പദ്മാവതി'ലെയും 'ഹേയ് സിനാമിക'യിലേയും കഥാപാത്രങ്ങളിലൂടെ അദിതി ആരാധരുടെ ഹൃദയം കവര്‍ന്നിരുന്നു. 

ഫോട്ടോ: UNI & instagram

കരിയറിലെ വളര്‍ച്ച പോലെയായിരുന്നു അദിതിയുടെ ട്രാന്‍സ്‌ഫോര്‍മേഷനും. പുരികം, ചുണ്ട്, മൂക്ക്, ജോലൈന്‍ എന്നുതുടങ്ങി മുഖാകൃതിയില്‍ തന്നെ വ്യത്യാസം വന്നു. മൂക്കിന്റെ ആകൃതിയില്‍ വ്യത്യാസം വരുത്തുന്ന റൈനോപ്ലാസ്റ്റി, മേല്‍ചുണ്ടില്‍ ഡെര്‍മല്‍ ഫില്ലേഴ്‌സ്, കവിള്‍ത്തടം തടികുറയ്ക്കുന്നതിനായി ബക്കല്‍ഫാറ്റ് റിമൂവല്‍ സര്‍ജറി, മൈക്രോപിഗ്മെന്റേഷന്‍ വഴി പുരികത്തിന്റെ ആകൃതിയിലെ മാറ്റം എന്നിങ്ങനെയുള്ള ഫേഷ്യല്‍ എന്‍ഹാന്‍സ്‌മെന്റ് സര്‍ജറികളായിരിക്കാം അദിതിയുടെ മാറ്റത്തിന് പിന്നിലെന്ന് വാദങ്ങള്‍ ഉയരുന്നുണ്ട്. 



 

Content Highlights: transformation of aditi rao hydari