ബച്ചനെ കടക്കെണിയിലാക്കിയ മിസ് വേള്‍ഡ്, ഇന്ത്യയിലേക്ക് വീണ്ടുമെത്തുമ്പോള്‍

2024-ല്‍ മുംബൈയില്‍ നടന്ന മിസ്സ് വേള്‍ഡ് മത്സരത്തില്‍ നിന്ന്
2024-ല്‍ മുംബൈയില്‍ നടന്ന മിസ്സ് വേള്‍ഡ് മത്സരത്തില്‍ നിന്ന്

നീണ്ടകാലം കാത്തിരിക്കേണ്ടി വന്നു ഇന്ത്യയ്ക്ക് ആദ്യമായി ലോകസുന്ദരി മത്സരത്തിന് വേദിയാവാന്‍. 1996-ല്‍ മിസ് വേള്‍ഡിന്റെ 46-ാം എഡിഷന് ഇന്ത്യ ആതിഥേയത്വം വഹിച്ചു. പക്ഷെ വിചാരിച്ച പോലെയായിരുന്നില്ല കാര്യങ്ങള്‍. ഇന്ത്യ ആദ്യമായി വേദിയായ മിസ് വേള്‍ഡ് സംഘാടകര്‍ക്ക് കനത്ത ആഘാതമുണ്ടാക്കി. സംഘാടകര്‍ കടക്കെണിയിലായി. ഇതോടെ ലോകസുന്ദരി മത്സരത്തിന് ആതിഥേയരാവാന്‍ ഇന്ത്യയില്‍ നിന്ന് ആരും മുന്നോട്ട് വന്നില്ല.

എന്നാല്‍, കഴിഞ്ഞ വര്‍ഷം  ഇന്ത്യ വീണ്ടും ആതിഥേയരായി.  ജിയോ വേള്‍ഡ് ഇന്റര്‍നാഷണലില്‍ നടന്ന ചടങ്ങ് ഗംഭീരമായി സമാപിച്ചു. അതിന്റെ അലയൊലികള്‍ തീരുന്നതിന് മുമ്പ് മൂന്നാമതൊരു തവണ കൂടി രാജ്യം ലോകസുന്ദരി മത്സരത്തിന് വേദിയാവുകയാണ്. ഇത്തവണ ആതിഥേയത്വം വഹിക്കുന്നത് സ്വകാര്യ സംഘടനകളോ കേന്ദ്രസര്‍ക്കാറോ അല്ല. മറിച്ച് ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സംസ്ഥാനമായ തെലങ്കാന. മേയ് ഏഴുമുതല്‍ 31 വരെ തെലങ്കാനയുടെ തലസ്ഥാനമായ ഹൈദരാബാദിലാണ് മിസ്സ് വേള്‍ഡിന്റെ 72-ാം എഡിഷന്‍ അരങ്ങേറുക. മിസ്സ് വേള്‍ഡിന്റെ വിശേഷങ്ങളിലൂടെ.

ബച്ചനെ കടത്തിലാക്കിയ മിസ് വേള്‍ഡ്
ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന്റെ നേതൃത്വത്തിലുള്ള അമിതാഭ് ബച്ചന്‍ കോര്‍പ്പറേഷന്‍ ലിമിഡറ്റായിരുന്നു 1996-ലെ മിസ് വേള്‍ഡിന്റെ സംഘാടകര്‍. വേദിയായി തിരഞ്ഞെടുത്തത് ബെംഗളൂരു നഗരത്തെയും. ചിന്നസ്വാമി സ്റ്റേഡിയമായിരുന്നു ഫൈനലിന് വേദി. എന്നാല്‍, അമിതാഭും സംഘവും വിചാരിച്ച പോലെയായിരുന്നില്ല കാര്യങ്ങളുടെ പോക്ക്. രാജ്യം ആദ്യമായി ആതിഥേയത്വം വഹിച്ച ഇവന്റിന് പലകോണുകളില്‍നിന്ന് പ്രതിഷേധമുയര്‍ന്നു. സൗന്ദര്യ മത്സരം എന്നത് ഇന്ത്യന്‍ സംസ്‌കാരത്തിന് യോജിച്ചതല്ലെന്നായിരുന്നു പ്രതിഷേധക്കാരുടെ പ്രധാനവിമര്‍ശനം. കര്‍ണാടകയില്‍ മൊത്തത്തില്‍ പ്രതിഷേധ പരിപാടികള്‍ നടന്നു. അതോടെ മത്സരത്തിലെ ഒരു റൗണ്ടായ സ്വിം സ്യൂട്ട് മത്സരം രാജ്യത്തിന് പുറത്ത് നടത്തേണ്ടി വന്നു. സീഷെല്‍സ് ദ്വീപായിരുന്നു പകരം വേദി. ഇതെല്ലാം കൂടി അന്നത്തെ സംഘാടകരായ എബിസിഎല്‍ ഗ്രൂപ്പിനെ വന്‍നഷ്ടത്തിലേക്കെത്തിച്ചു. പരിപാടി കഴിഞ്ഞപ്പോഴെക്കും ഏകദേശം 90 കോടി രൂപയുടെ കടക്കെണിയിലായി അഭിതാഭ്. ഗ്രീസില്‍ നിന്നുള്ള ഐറീൻ സ്‌കില്‍വയായിരുന്നു ആ വര്‍ഷത്തെ മിസ് വേള്‍ഡ്.

അമിതാഭ് ബച്ചനും ഐശ്വര്യ റായിയും / ഫോട്ടോ: പിടിഐ

വീണ്ടും ഇന്ത്യ വേദി
1996-ലെ പരാജയം എല്ലാവരെയും ഞെട്ടിച്ചു. പിന്നീട് വേദിക്കായി ഇന്ത്യയില്‍ നിന്ന് ആരും ശ്രമം നടത്തിയില്ല. 28 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം കഴിഞ്ഞവര്‍ഷം വീണ്ടും ഇന്ത്യ വേദിയായി. 71-ാം എഡിഷനായിരുന്നു അത്. മുംബൈയിലെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററായിരുന്നു പ്രധാനവേദി. പ്രാഥമിക റൗണ്ടുകള്‍ക്ക് ഡല്‍ഹിയും വേദിയായി. 'ലോകമാമാങ്കത്തെ ഇന്ത്യ വരവേല്‍ക്കുന്നു' എന്ന് ബ്രാന്‍ഡ് ചെയ്തായിരുന്നു മത്സരം. ഇന്ത്യന്‍ ടൂറിസം ഡെവലപ്‌മെന്റ്‌ കൗണ്‍സിലും പങ്കാളിയായി. എന്‍ഡമോള്‍ ഷൈന്‍ ഇന്ത്യയായിരുന്നു നിര്‍മാതാക്കള്‍. ചെക്ക് റിപബ്ലിക്കിന്റെ ക്രിസ്റ്റിന പിസ്‌കോവ ടൈറ്റില്‍ സ്വന്തമാക്കി.

വരുന്നു 72-ാം എഡിഷന്‍
തുടര്‍ച്ചയായി രണ്ടുവട്ടം മിസ് വേള്‍ഡിന് ആതിഥേയത്വം വഹിക്കുന്ന രണ്ടാമത്തെ രാജ്യം മാത്രമാണ് ഇന്ത്യ. ഏറ്റവും കൂടുതല്‍ തവണ ആതിഥേയരായ ബ്രിട്ടനാണ് മുമ്പ് (1999, 2000) തുടര്‍ച്ചയായി ആതിഥേയരായത്‌. നൂറിന് മുകളില്‍ രാജ്യങ്ങളില്‍നിന്ന് മത്സരാര്‍ഥികള്‍ 72-ാം എഡിഷനില്‍ പങ്കെടുക്കും. 

ഒരുങ്ങി തെലങ്കാന
ടൂറിസം രംഗത്തും വ്യവസായ മേഖലയിലും കുതിപ്പ് പ്രതീക്ഷിച്ചാണ് തെലങ്കാന ഈ മെഗാ ഇവന്റിന് ആതിഥേയത്വം വഹിക്കുന്നത്. മത്സരാര്‍ഥികള്‍ക്ക് പുറമെ വിവിധ രാജ്യങ്ങളില്‍ നിന്നായി 3000-ലധികം പ്രതിനിധികള്‍ ഇവന്റിന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രധാന ഇവന്റിന് മുമ്പായി നടക്കുന്ന പ്രീ ഇവന്റുകള്‍ക്കും ലോകരാജ്യങ്ങളില്‍ നിന്ന് ആളുകളെത്തും. മാധ്യമപ്രവര്‍ത്തകരുടെ സംഘവും ഹൈദരാബാദിലെത്തും. ഇതുവഴി വാര്‍ത്തകളിലും തെലങ്കാന സജീവമാകും. ഇതൊക്കെ സംസ്ഥാനത്തെ ടൂറിസം മേഖലയില്‍ വന്‍കുതിപ്പുണ്ടാക്കുമെന്ന് സംഘാടകര്‍ പ്രതീക്ഷിക്കുന്നു. 

ഇന്ത്യയ്ക്കായി നന്ദിനി ഗുപ്ത
രാജസ്ഥാന്‍കാരിയായ നന്ദിനി ഗുപ്തയാണ് ആതിഥേയ രാജ്യത്തില്‍ മത്സരിക്കുക. 21-കാരിയായ നന്ദിനി 2023-ലെ ഫെമിന മിസ് ഇന്ത്യയാണ്. ഹൈദരാബാദിലെ റാമ്പില്‍ കിരീടം ചൂടാനായാല്‍ ഈ നേട്ടം കൈവരിക്കുന്ന ഏഴാമത്തെ ഇന്ത്യക്കാരിയാവും നന്ദിനി. റീത്ത ഫരിയ (1966), ഐശ്വര്യ റായ് (1994), ഡയാന ഹെയ്ഡന്‍ (1997), യുക്താ മുഖി (1999), പ്രിയങ്ക ചോപ്ര (2000), മാനുഷി ചില്ലാര്‍ (2017) എന്നിവരാണ് മിസ് വേള്‍ഡ് പട്ടം ചൂടിയ ഇന്ത്യന്‍ സുന്ദരിമാര്‍. 


 

Content Highlights: Telangana to host Miss World