''ഞാനെന്നും നിന്നോടുകൂടെയുണ്ട്''; ടാറ്റൂ ട്രെൻഡ് മാത്രമല്ല, വികാരംകൂടിയാണ്

ടോക്യോ ഒളിമ്പിക്‌സില്‍ ബാക്ക് സ്‌ട്രോക്ക് ഇനത്തില്‍ മെഡലുകള്‍ കൊയ്ത ഓസ്‌ട്രേലിയന്‍ സ്വിമ്മര്‍ കെയ്‌ലീ മെക്‌നോണ്‍, മത്സരത്തിനു മുന്‍പും സുവര്‍ണ്ണ നേട്ടത്തിനു ശേഷവും തന്റെ കാലില്‍ അല്പനേരം മിഴി ഉറപ്പിച്ചു നില്‍ക്കുന്നത് കാണാമായിരുന്നു. മെക്‌നോണിന്റെ കാലിലേക്ക് നീണ്ട ക്യാമറക്കണ്ണുകള്‍ ആ വാചകം ഒപ്പിയെടുത്തു. അതിങ്ങനെയായിരുന്നു ' ഐ വില്‍ ബി ഓള്‍വെയ്‌സ് വിത്ത് യൂ' ... രണ്ടു വര്‍ഷം മുന്‍പ് തന്നെ വിട്ടു പോയ പിതാവിന്റെ ഓര്‍മയ്ക്ക് മെക്‌നോണ്‍ ഈ വാചകം കാലില്‍ പച്ച കുത്തിയിരുന്നു. മത്സരത്തില്‍ എന്നല്ല ജീവിതത്തിലുടനീളം തന്റെ പിതാവിന്റെ സാന്നിധ്യത്തിനായി അവര്‍ കാലുകളില്‍ കോറിയിട്ടത് ഹൃദയത്തിന്റെ ഒരു ഭാഗം തന്നെയാണ്.
ഇതുപോലെ എത്രയെത്ര വികാരങ്ങള്‍, സ്വപ്‌നങ്ങള്‍, തിരിച്ചറിവുകള്‍, കാഴ്ചപ്പാടുകള്‍! അതെ... വെറുമൊരു പച്ചകുത്തല്‍ എന്നതില്‍നിന്നും ഒരു വ്യക്തിയുടെ വെളിപാടുകളും നിലപാടുകളും ആയി ടാറ്റൂ മാറുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. പ്രായഭേദമെന്യേ ടാറ്റൂയിങ് പ്രിയങ്കരവും സ്വീകാര്യവുമാകുന്നു. വെറുമൊരു ഫാഷന്‍ എന്നതിലുപരി തങ്ങളെത്തന്നെ വരച്ചു വെക്കാനാണ് ഒരോ ടാറ്റൂവിലൂടെയും ഓരോ വ്യക്തിയും ശ്രമിക്കുന്നത്. 'മൈ ബോഡി ഈസ് മൈ ജേര്‍ണല്‍, ആന്‍ഡ് മൈ ടാറ്റൂസ് ആര്‍ മൈ സ്റ്റോറി' എന്ന് പ്രഖ്യാപിച്ചുകൊണ്ട് ടാറ്റൂ പ്രേമികളെ ഇളക്കിമറിച്ച ജോണി ഡപ്പും, 'നിങ്ങളുടെ ഹൃദയത്തെ ശരീരത്തില്‍ ധരിക്കലാണ് ടാറ്റൂ' എന്ന് പറഞ്ഞ സില്‍വിയ പ്ലാത്തും അക്ഷരാര്‍ഥത്തില്‍ ശരിയെന്ന് തെളിയിക്കുന്ന രീതിയിലാണ് ടാറ്റൂ എന്ന കല ഇപ്പോള്‍ മുന്നോട്ട് പോയികൊണ്ടിരിക്കുന്നത്. പച്ചകുത്തലിന് വിവിധ രാജ്യങ്ങളിലായി സംസ്‌കാരത്തിന്റെയും ആചാരങ്ങളുടെയും ഭാഗമായി നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചരിത്രം തന്നെയുണ്ട്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള മമ്മികളില്‍ പോലും ടാറ്റൂ കണ്ടെത്തിയിട്ടുണ്ട്. യാത്രികരും നാവികരും പച്ചകുത്തല്‍ ലോകമെമ്പാടും പ്രചരിപ്പിച്ചു.
നാള്‍ക്കുനാള്‍ അടിമുടി മാറിക്കൊണ്ടിരിക്കുകയാണ് ടാറ്റൂയിങ് എന്ന കല. ടാറ്റൂ ചെയ്യാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍, മഷികള്‍ എന്നിവയിലെല്ലാം ഏറെ മാറ്റങ്ങള്‍ കടന്നു വന്നു. ടാറ്റൂ ഡിസൈനുകളിലും പുതുമകള്‍ പരീക്ഷിക്കപ്പെടുന്നു. ചിത്രശലഭങ്ങള്‍, പൂവുകള്‍, പക്ഷികള്‍, കോംപസ്, ആങ്കര്‍, ഇന്‍കസ്, യിങ് യാങ് തുടങ്ങീ സ്വാതന്ത്ര്യവും പ്രത്യാശയും യാത്രയുമെല്ലാം സൂചിപ്പിക്കുന്ന ഡിസൈനുകള്‍ ഇന്നും ടാറ്റൂവില്‍ ഔട്ട് ആവാതെ നില്‍ക്കുന്നവയില്‍ ചിലതാണ്.
തന്റെ വീട്ടില്‍ ടാറ്റൂ സ്റ്റുഡിയോ ഒരുക്കി ഈ പ്രൊഫഷന്‍ ആസ്വദിക്കുകയാണ് കോഴിക്കോട്ടുകാരിയായ ആരതി. ആര്‍ട്ട് അധ്യാപികയായ ആരതി ടാറ്റൂയിങിനോടുള്ള ഇഷ്ടം കൊണ്ട് ഈ പ്രൊഫഷനിലേക്ക് കടന്ന ആളാണ്. ഇപ്പോള്‍ ഫുള്‍ടൈം ഫ്രീലാന്‍സ് ടാറ്റൂ ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ തനിക്കുള്ള സന്തോഷം ആരതി മറച്ചുവയ്ക്കുന്നില്ല. മുന്‍കാലങ്ങളെ അപേക്ഷിച്ച് സമൂഹത്തില്‍ ടാറ്റൂയിങ് വളരെ സ്വീകാര്യമായ ഒന്നായി മാറി എന്നാണ് ആരതിയുടെയും പക്ഷം. വനിതാ ടാറ്റൂ ആര്‍ട്ടിസ്റ്റുകള്‍ പൊതുവെ കുറവാണെന്നതിനാല്‍, തന്നെ അന്വേഷിച്ചെത്തുന്നവരുടെ എണ്ണം വളരെ കൂടുതലാണെന്നും ആരതി പറയുന്നു.
ടാറ്റൂ ചെയ്യുന്നത് വെറും ഫാഷന്‍ ഭ്രാന്താണെന്നും ടാറ്റൂയിങ്ങ് പല തരത്തിലുള്ള രോഗങ്ങള്‍ വരുത്തുമെന്നുമൊക്കെയുള്ള വിശ്വാസങ്ങള്‍ മാറി എല്ലാവരും ഏറെക്കുറേ സത്യത്തെ അംഗീകരിച്ച മട്ടാണ്. അതായത് കാര്യമായ രീതിയില്‍ അണു ശുചീകരണം നടത്താത്ത ഉപകരണങ്ങളും വിലകുറഞ്ഞ മഷികളും ആണ് മിക്കപ്പോഴും ടാറ്റൂവില്‍ വില്ലനായി മാറുന്നത്. കൂടാതെ ചര്‍മ സംബന്ധമായ അസുഖങ്ങള്‍, മുറിവുകള്‍ പെട്ടെന്ന് ഉണങ്ങാത്ത തരത്തിലുള്ള പ്രശ്‌നങ്ങളുള്ളവര്‍ എന്നിവരും ടാറ്റൂയിങ്ങ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടതാണ്. ടാറ്റൂ ചെയ്യുന്നതിനുമുന്‍പ് അലര്‍ജി ടെസ്റ്റ് എടുക്കുന്നതാണ് ഉചിതം. തൊലിയുടെ രണ്ടാമത്തെ പാളിയായ ഡര്‍മിസിലാണ് ടാറ്റൂ ചെയ്യുന്നത്.
ടാറ്റൂ പല രീതിയില്‍ ഉണ്ട്. അപകടങ്ങള്‍ സംഭവിച്ചുണ്ടാവുന്ന മായാത്ത പാടുകളെ ക്രോമാറ്റിക് ടാറ്റൂ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നു. പ്രൊഫഷണലായ ഒരു ടാറ്റൂ ആര്‍ട്ടിസ്റ്റിന്റെ അടുത്തുപോയി ചെയ്യുന്ന ഡെക്കറേറ്റീവ് ടാറ്റൂവും, കണ്‍ പുരികങ്ങള്‍ക്ക് കട്ടി കൂട്ടുക, ബ്യൂട്ടി സ്‌പോട്ടുകള്‍ ഇടുക തുടങ്ങിയവ ഉള്‍പ്പെടുന്ന കോസ്‌മെറ്റിക് ടാറ്റൂവും മറ്റു വിഭാഗങ്ങളാണ്. പൊള്ളലോ മറ്റ് മുറിവുകളോ കൊണ്ട് മായാത്ത പാടുകള്‍, ചര്‍മത്തിലുണ്ടാകുന്ന നിറംമാറ്റങ്ങള്‍ എന്നിവ അതേ തരത്തിലെ നിറമുള്ള പിഗ്മമെന്റുകള്‍ ഉപയോഗിച്ച് മറയ്ക്കുന്ന മെഡിക്കേറ്റഡ് ടാറ്റൂ ഇന്ന് ഒട്ടനവധി ആളുകള്‍ ചെയ്യുന്നുണ്ട്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ശക്തമാകുന്ന ഈ കാലത്ത് സ്മാര്‍ട്ട് ടാറ്റൂ എന്നൊരു വിഭാഗം പരീക്ഷണാടിസ്ഥാനത്തില്‍ ഒരുങ്ങി കൊണ്ടിരിക്കുന്നുണ്ട്. ഈ ടാറ്റൂകള്‍, ശരീരത്തിലെ താപനിലയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍, കടന്നു കയറുന്ന വൈറസുകള്‍, ബാക്ടീരിയകള്‍ എന്നിവയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് നിറങ്ങളില്‍ മാറ്റം വരുത്തുകയോ, ടാറ്റൂവുമായി ബന്ധമുള്ള ഒരു എക്‌സ്റ്റേര്‍ണല്‍ സ്മാര്‍ട്ട് ഡിവൈസിലേക്ക് നിര്‍ദേശങ്ങള്‍ നല്‍കുകയോ ചെയ്യും. 'ചുമ്മാ ഒരു രസത്തില്‍' നിന്നും ടാറ്റൂയിങ് ഏറെ മാറി കഴിഞ്ഞിരിക്കുന്നു. വ്യക്തമായ കാരണങ്ങളോടെ, കാഴ്ചപ്പാടുകളോടെ ശരീരത്തില്‍ പച്ച കുത്തുന്നവരാണ് ഇന്ന് ഏറെയും. എന്നും കൊണ്ടുനടക്കേണ്ട ഓര്‍മകള്‍, വൈകാരിക മുഹൂര്‍ത്തങ്ങള്‍, പിന്നിട്ട നാളുകള്‍ എന്നിവയുടെ മനോഹരമായ വരച്ചു വെക്കലുകള്‍ ആകുന്നു ഓരോ ടാറ്റൂവും.
- ശരീരത്തിന് ഏതെങ്കിലും വിധത്തിലുള്ള അലര്‍ജി ഉണ്ടോ എന്നുള്ളത് തിരിച്ചറിഞ്ഞ് ടാറ്റൂ ആര്‍ട്ടിസ്റ്റിനോട് നേരത്തെ പറയേണ്ടതുണ്ട്.
- മുറിവുകള്‍ ഉണങ്ങാന്‍ കാലതാമസം, പ്രമേഹം, മറ്റ് ചര്‍മരോഗങ്ങള്‍ എന്നിവയുള്ളവര്‍ ഒരു വിദഗ്ധ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമേ ടാറ്റൂയിങ് തിരഞ്ഞെടുക്കാന്‍ പാടുള്ളൂ.
- പെര്‍മനെന്റ് ടാറ്റൂ ചെയ്യുന്നവര്‍ വ്യക്തമായ ധാരണ യോടു കൂടി ചെയ്യുന്നതാണ് ഏറ്റവും നല്ലത്.
- ടാറ്റൂ ചെയ്യുന്നതിനായി അംഗീകൃത സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് കഴിഞ്ഞ ടാറ്റൂ ആര്‍ട്ടിസ്റ്റുകള്‍, ലൈസന്‍സ് നേടിയ ടാറ്റൂ സ്റ്റുഡിയോകള്‍ എന്നിവ തിരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
- ചെയ്യാനുദ്ദേശിക്കുന്ന ടാറ്റൂ, വാക്കുകളോ വാചകങ്ങളോ ആണെങ്കില്‍ അക്ഷരങ്ങള്‍ തെറ്റു കൂടാതെ എഴുതി നല്‍കാന്‍ ശ്രദ്ധിക്കണം.
- ടാറ്റൂ ചെയ്തു കഴിഞ്ഞതിനു ശേഷമുള്ള 14 മുതല്‍ 16 ദിവസങ്ങള്‍, ടാറ്റൂ ചെയ്ത ഭാഗം വൃത്തിയായും ശ്രദ്ധയോടെയും പരിചരിക്കേണ്ടതുണ്ട്.
- അമിതമായി വെള്ളം തട്ടാതെയും, സോപ്പ്, സാനിറ്റൈസര്‍, എണ്ണ മുതലായവ പൂര്‍ണമായും ഒഴിവാക്കിയും ഈ ഭാഗം ശ്രദ്ധിക്കേണ്ടതുണ്ട്. ടാറ്റൂ ആര്‍ട്ടിസ്റ്റുകള്‍ നല്‍കുന്ന ഓയിന്‍മെന്റ് മുടങ്ങാതെ തേക്കാന്‍ മറക്കരുത്.
ടാറ്റൂ ചെയ്തു കഴിഞ്ഞാല്‍ ആജീവനാന്തം രക്തം നല്‍കാന്‍ സാധിക്കില്ല എന്നത് തെറ്റായ ധാരണയാണ്. 612 മാസം വരെയാണ് മിക്ക രാജ്യങ്ങളിലും ടാറ്റൂ ചെയ്തു കഴിഞ്ഞ് രക്തം നല്‍കാന്‍ കഴിയുന്ന സുരക്ഷിതമായ ഇടവേള.
ടാറ്റൂ മായ്ക്കണോ
സാന്ദര്‍ഭികമായി ചെയ്തുകഴിഞ്ഞ ടാറ്റൂ വേണ്ട എന്ന തോന്നലിന്റെ പുറത്തോ ചില പ്രത്യേക ജോലികളുടെ ആവശ്യത്തിനുവേണ്ടിയോ ചെയ്തുകഴിഞ്ഞ ടാറ്റൂ മായ്‌ക്കേണ്ടി വരുന്ന സന്ദര്‍ഭങ്ങളുണ്ട്. ലേസര്‍ ട്രീറ്റ്‌മെന്റ്, പ്ലാസ്റ്റിക് സര്‍ജറി, ഡെര്‍മാബറേഷന്‍, സ്‌കിന്‍ ഗ്രാഫ്റ്റിംഗ് എന്നീ രീതികളാണ് പൊതുവെ ഇതിന് ഉപയോഗിക്കുന്നത്. ടാറ്റൂവിന്റെ വലിപ്പം, ഉപയോഗിച്ചിരിക്കുന്ന നിറങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കി അത് മായ്ക്കുന്നതിനും വ്യത്യസ്ത രീതികള്‍ ആണ് ഉപയോഗിക്കുന്നത്.
കറുപ്പ് അല്ലെങ്കില്‍ നീല പോലെയുള്ള കടുത്ത നിറങ്ങള്‍ റൂബി ലേസര്‍ കൊണ്ട് മായ്ക്കുമ്പോള്‍ ചുവപ്പ് അല്ലെങ്കില്‍ ഓറഞ്ച് നിറങ്ങള്‍ എന്‍ഡിയാഗ് എന്ന മറ്റൊരു ലേസര്‍ ഉപയോഗിച്ചാണ് മായ്ക്കുന്നത്. തൊലിയുടെ പുറമേയുള്ള പാളി ചെറിയ രീതിയിലുള്ള അനസ്‌തേഷ്യ നല്‍കി ഉരച്ചു കളയുന്ന ഡെര്‍മാബറേ ഷന്‍ എന്ന രീതിയും നിലവിലുണ്ട്.
ലേസര്‍ ചെയ്ത് ടാറ്റൂ മയക്കാന്‍ ഏതാണ്ട് നാല് അഞ്ച് സിറ്റിങ്ങുകള്‍ വരെ ആവശ്യമായിവരും. ചെറിയ ടാറ്റൂ ആണെങ്കില്‍, ടാറ്റൂ ചെയ്ത ഭാഗത്തെ തൊലി മുറിച്ചു മാറ്റി വേറെ തൊലി വെച്ചുപിടിപ്പിക്കുന്ന പ്ലാസ്റ്റിക് സര്‍ജറി രീതി ഉപയോഗിക്കാവുന്നതാണ്. വലിയ ടാറ്റൂകള്‍ മായ്ക്കാന്‍ സ്‌കിന്‍ ഗ്രാഫ്റ്റിംഗ് രീതി ഉപയോഗിച്ച് വരുന്നു.
Content Highlights: tattoo art, fashion, trend