ഊര്‍മിളയുടെ ചുവപ്പുസാരി വഴിത്തിരിവായി; പാവകളെ സാരിയുടുപ്പിച്ചുനടന്ന കുട്ടി ബോളിവുഡിന്റെ ഡിസൈനറായ കഥ

മനീഷ് മല്‍ഹോത്ര / Photo:PTI
മനീഷ് മല്‍ഹോത്ര / Photo:PTI

മുംബൈയിലെ പഞ്ചാബി കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന കുട്ടി, ഇന്ത്യന്‍ ഫാഷന്റെ അവസാനവാക്കുകളിലൊന്നായി മാറിയ കഥ...സെലിബ്രിറ്റി ഡിസൈനര്‍ മനീഷ് മല്‍ഹോത്രയുടെ ജീവിതം ഒറ്റവാചകത്തില്‍ ഇങ്ങനെ ചുരുക്കാം. മുംബൈയിലെ ഏത് പാര്‍ട്ടികളിലും ഉയര്‍ന്നുകേള്‍ക്കുന്ന പേരാണ് മനീഷ് മല്‍ഹോത്ര ഡിസൈന്‍സ് എന്നത്. ഇപ്പോള്‍ ഈ പേര് വാര്‍ത്തകളില്‍ നിറയുന്നത് മറ്റൊരു കാരണം കൊണ്ടാണ്. 

എയര്‍ ഇന്ത്യ തങ്ങളുടെ സ്റ്റാഫിന്റെ പുതിയ യൂണിഫോമിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു. അതും ഡിസൈന്‍ ചെയ്തിരിക്കുന്നത് മനീഷാണ്. 2015-ലായിരുന്നു അവസാനമായി എയര്‍ ഇന്ത്യ യൂണിഫോമില്‍ മാറ്റംവരുത്തിയത്. കാബിന്‍ ക്രൂവിലുള്ള സ്ത്രീകള്‍ക്ക് ഓംബ്രെ സാരിയും പുരുഷന്‍മാര്‍ക്ക് ബന്ദ്ഗാലയുമാണ്. വയലറ്റിന്റെ ഷെയ്ഡായ ഓബര്‍ഗിനും ബര്‍ഗണ്ടിയും ചേര്‍ന്ന സാരിയും ബ്ലേസറുകളുമാണ് സീനിയര്‍ ക്രൂവിന്റെ യൂണിഫോം. ജൂനിയര്‍ കാബിന്‍ ക്രൂവിന് ചുവപ്പും പര്‍പ്പിളും കലര്‍ന്ന സാരിയും റെഡ് ബ്ലൗസും ബ്ലേസറും. എല്ലാം റെഡി ടു വെയര്‍ സാരികളാണെന്നതാണ് പ്രത്യേകത. പാന്റ് സാരി, സാരി പാന്റ് സ്യൂട്ട്...എന്നിങ്ങനെ. കറുപ്പ് നിറത്തിലുള്ള സ്യൂട്ടാണ് പൈലറ്റുമാരുടെ വേഷം. എല്ലാ വസ്ത്രങ്ങളിലും എയര്‍ ഇന്ത്യയുടെ പുതിയ ലോഗോയും ചേര്‍ത്തിട്ടുണ്ട്. ഒപ്പം ഗോള്‍ഡന്‍ നിറത്തിലുള്ള ബട്ടണുകളും. 

എയര്‍ ഇന്ത്യ കാബിന്‍ ക്രൂവിന്റെ പുതിയ യൂണിഫോം

ഇതാദ്യമായിട്ടല്ല മനീഷ് യൂണിഫോം ഒരുക്കുന്നത്. 2020-ല്‍ മുംബൈയിലെ കുതിരപ്പോലീസിനുവേണ്ടിയും മനീഷ് വസ്ത്രം ഡിസൈന്‍ ചെയ്തിരുന്നു. ബ്ലൂ ഷോര്‍ട്ട് ഷെര്‍വാണിയാണ് അന്നൊരുക്കിയത്. അതില്‍ വെള്ളിനിറത്തിലുള്ള തൊങ്ങലുകളും വെള്ള ബ്രീച്ചുകളും സ്വര്‍ണനിറത്തിലുള്ള സാഷെയും ചുവന്നനിറത്തിലുളള വെയ്‌സ്റ്റ് ബാന്‍ഡും അതിനൊപ്പം തലപ്പാവും...അന്ന് കുതിരപ്പോലീസിന്റെ ചിത്രങ്ങളിറങ്ങിയപ്പോള്‍ മനീഷ് ഒട്ടേറെ ട്രോളുകള്‍ നേരിടേണ്ടിയും വന്നു. ഈ വസ്ത്രവും ധരിച്ച് അവരെങ്ങനെ ജോലി ചെയ്യുമെന്നതായിരുന്നു ട്രോളുണ്ടാവാനുള്ള പ്രധാനകാരണം. ബ്രിട്ടീഷുകാരുടെ കാലത്ത് സജീവമായിരുന്ന കുതിരപ്പോലീസിനെ എണ്‍പത്തിയെട്ട് വര്‍ഷങ്ങള്‍ക്കുശേഷം തിരിച്ചുകൊണ്ടുവന്നപ്പോഴാണ് മനീഷ് വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തത്.

കുതിരപ്പോലീസിന്റെ യൂണിഫോം

അമ്മയുടെ സാരികളില്‍ തുടങ്ങിയ പരീക്ഷണം
ഇന്ത്യന്‍ ഫാഷന്റെ അവസാനവാക്കുകളിലൊന്നാണ് മനീഷ് മല്‍ഹോത്ര എന്ന പേര്. പഞ്ചാബി കുടുംബത്തില്‍ ജനിച്ച പയ്യന്‍ വളരുന്തോറും ബോളിവുഡ് സിനിമകളിലും അതിലെ നിറങ്ങളിലും നൃത്തങ്ങളിലും പാട്ടുകളിലും വസ്ത്രങ്ങളിലും ആകൃഷ്ടനായി. ആ ഇഷ്ടമാണ് പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ പെയിന്റിങ് ക്ലാസില്‍ ചേരാന്‍ മനീഷിനെ പ്രേരിപ്പിച്ചത്. പഠിച്ചതെല്ലാം അമ്മയുടെ സാരികളില്‍ പരീക്ഷിക്കാനായിരുന്നു ആ പത്താം ക്ലാസുകാരന് താത്പര്യം. അതിനിടയ്ക്കാണ് സഹോദരന്റെ വിവാഹം വരുന്നത്. അതിനായി അമ്മ വാങ്ങിയ ആഭരണങ്ങളിലും വസ്ത്രങ്ങളിലും ആ പതിനഞ്ചുകാരന്റെ കണ്ണുകളുടക്കി. കോളേജിലെത്തിയപ്പോഴും സ്വന്തം ഇഷ്ടത്തെ പിന്തുടരാന്‍ തന്നെ തീരുമാനിച്ചു. പത്തൊമ്പതാമത്തെ വയസ്സില്‍ തന്നെ അക്കാലത്തെ പ്രശസ്തമായ ബ്രാന്‍ഡുകള്‍ക്കുവേണ്ടി ജോലി ചെയ്തുതുടങ്ങി. പരസ്യ കാമ്പയിനുകളായിരുന്നു അതൊക്കെ. അതില്‍നിന്ന് സ്വരുക്കൂട്ടിവെച്ച പണവുമായി ബാങ്കോക്കിലേക്കും സിങ്കപ്പൂരിലേക്കും പറന്നു. അവിടുത്തെ ജീവിതത്തെയും ഫാഷനെയും കുറിച്ച് കൂടുതല്‍ അറിയുകയായിരുന്നു ലക്ഷ്യം. 

തിരിച്ചുവന്നപ്പോള്‍ ബാന്ദ്രയിലെ ഒരു ബൂട്ടിക്കില്‍ ജോലിക്കായി കയറി. അവിടെയുള്ള മാനിക്വീനുകളെ (ഡമ്മി പാവകള്‍) സാരിയുടുപ്പിക്കുന്നതായിരുന്നു പ്രധാനജോലി. അതിനൊപ്പം പുതിയ വസ്ത്രങ്ങള്‍ക്കായി സ്‌കെച്ചുകള്‍ തയ്യാറാക്കുകയും. മാസാവസാനം കിട്ടിക്കൊണ്ടിരുന്നത് 400 രൂപയും. ഒരുവര്‍ഷത്തിനുശേഷം അവിടുന്നിറങ്ങിയ മനീഷ് വീട്ടില്‍നിന്ന് വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തുകൊടുക്കാന്‍ തുടങ്ങി. അതിനായി രണ്ട് തയ്യല്‍ക്കാരേയും വെച്ചു. എന്നിട്ടും കാര്യമായ പുരോഗതിയൊന്നുമുണ്ടായില്ല. 

1990-ലാണ് സിനിമയിലേക്ക് വരുന്നത്. സ്വര്‍ഗ് എന്ന സിനിമയില്‍ വസ്ത്രാലങ്കാരം നടത്തിയിട്ടും മനീഷ് ആഗ്രഹിച്ച പ്രശസ്തിയൊന്നും അയാളെ തേടിയെത്തിയില്ല. തൊട്ടടുത്ത വര്‍ഷം ശ്രീദേവിയുടെ ഫോട്ടോഷൂട്ടിനായി സ്‌റ്റൈലിങ് നടത്തി. അതിഷ്ടപ്പെട്ട ശ്രീദേവിയുടെ താത്പര്യത്താല്‍ ഗുമ്ര എന്ന സിനിമയിലും ശ്രീദേവിക്കായി വസ്ത്രങ്ങളൊരുക്കി. 

രംഗീലയില്‍ ഊര്‍മിള മധോണ്‍കര്‍

രംഗീല മുതല്‍ തുടങ്ങുന്ന കരിയര്‍
മനീഷിന്റെ കരിയറില്‍ വഴിത്തിരിവാകുന്നത് രംഗീല എന്ന സിനിമയാണ്. ശ്രീദേവിയുടെ വസ്ത്രങ്ങള്‍ കണ്ടിട്ടാണ് രാംഗോപാല്‍ വര്‍മ, മനീഷിനെ സമീപിക്കുന്നത്. ടാങ്കറിന്‍ സ്‌കേറ്റര്‍ ഡ്രസ്, മെറൂണ്‍ പ്ലീറ്റഡ് നീ ലെങ്ത്ത് എ-ലൈന്‍ സ്‌കര്‍ട്ട്, ജോര്‍ജെറ്റ് സാരികള്‍, മിറര്‍വര്‍ക്ക്-ബാന്ദനി വര്‍ക്ക് ചെയ്ത ലഹങ്കകള്‍...ഇതൊക്കെയായിരുന്നു രംഗീലയില്‍ ഊര്‍മിള മധോണ്‍കര്‍ ധരിച്ചത്. ആ പാട്ടുകളിലൂടെയും സിനിമയിലെ രംഗങ്ങളിലൂടെയും ഓരോ വസ്ത്രങ്ങളും പ്രേക്ഷകരുടെ മനസ്സില്‍ പതിഞ്ഞു. 'അതിലെ പാട്ടുസീനില്‍ ഊര്‍മിള ധരിച്ച ചുവന്ന ഷിഫോണ്‍ സാരിയെക്കുറിച്ച് ആളുകളിപ്പോഴും എന്നോട് പറയാറുണ്ട്. റൊമാന്റിക് സീനിനുവേണ്ടി തയ്യാറാക്കിയതായിരുന്നു ആ സാരി. അത് കണ്ടുകഴിഞ്ഞപ്പോള്‍ സംവിധായകനും ഇഷ്ടപ്പെട്ടു. അങ്ങനെ ഒരു കറുപ്പ് ഷിഫോണ്‍ സാരിയും കൂടി തയ്യാറാക്കി', മനീഷ് രംഗീലയിലെ വസ്ത്രങ്ങള്‍ക്കുപിന്നിലെ കഥ പറയുന്നു. ഫിലിം ഫെയര്‍ അവാര്‍ഡുകളില്‍, കോസ്റ്റിയൂം ഡിസൈനന്‍ എന്ന പുതിയൊരു വിഭാഗം കൂടി ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതും രംഗീലയിലെ വസ്ത്രങ്ങള്‍ കണ്ടിട്ടാണ്. ആദ്യത്തെ ഫിലിം ഫെയര്‍ പുരസ്‌കാരം മനീഷിനെ തന്നെ തേടിയെത്തുകയും ചെയ്തു. 

ലാക്‌മെ ഫാഷന്‍ വീക്കില്‍ മനീഷ് മല്‍ഹോത്രയ്ക്കുവേണ്ടി ആശ ഭോസ്ലെ / Photo: PTI

അടുത്തത് ദില്‍ തോ പാഗല്‍ ഹെ തരംഗമായിരുന്നു. അതില്‍ കരിഷ്മ കപൂറിനായി തയ്യാറാക്കിയ ബൈസിക്കിള്‍ ഷോര്‍ട്ട്‌സ്, സ്ലിപ് ഡ്രസ്സസ്, റിസ്റ്റ് ബാന്‍ഡ് എന്നിവയും മാധുരി ദീക്ഷിതിനായൊരുക്കിയ സല്‍വാര്‍ സ്യൂട്ടുകളും എല്ലാവരുടെയും മനംകീഴടക്കി. പിന്നീടിറങ്ങിയ കുഛ് കുഛ് ഹോത്താ ഹെ എന്ന സിനിമയില്‍ കജോളിനുവേണ്ടി തയ്യാറാക്കിയ ഷിഫോണ്‍ സാരിയും സിനിമാപ്രേമികളുടെ മനംകവര്‍ന്നു. എങ്കിലും കഭി ഖുശി കഭി ഗം എന്ന സിനിമയിലെ കരീന കപൂറിന്റെ വസ്ത്രങ്ങളോടെയാണ് മനീഷിനും താരപദവി ലഭിക്കുന്നത്. പ്രേക്ഷകമനസ്സിലിടം നേടിയ ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ, ജബ് വി മെറ്റ്, ഓം ശാന്തി ഓം...തുടങ്ങി ആയിരത്തിലേറെ സിനിമകള്‍.  
 

കത്രീന കൈഫ് / Photo: AFP

'ഞാന്‍ ഇന്‍ഡസ്ട്രിയിലേക്ക് വരുന്ന സമയത്ത് മോഡേണ്‍ വസ്ത്രങ്ങള്‍ തയ്‌ച്ചെടുക്കുന്നതായിരുന്നു പതിവ്. പക്ഷേ, അവ എത്ര ഭംഗിയായി സ്റ്റിച്ച് ചെയ്താലും ഒരു ഫിനിഷിങ് ഉണ്ടാവില്ല. ജുദായ് എന്ന സിനിമയ്ക്കുവേണ്ടി ഞാന്‍ ലോസ് ആഞ്ചല്‍സില്‍ പോയാണ് വസ്ത്രങ്ങള്‍ വാങ്ങിയത്. അതോടെ എല്ലാ ഡിസൈനര്‍മാരും സ്റ്റിച്ച് ചെയ്യുന്നതിനുപകരം വാങ്ങാന്‍തുടങ്ങി', വസ്ത്രങ്ങളിലൂടെ ബോളിവുഡിന് ഒരു പുതിയ ലുക്ക് തന്നെ നല്‍കി മനീഷ്.  

രവീണ ടണ്ടണ്‍, സുഷ്മിത സെന്‍, ഐശ്വര്യ റായ്, രേഖ, ദീപിക പദുകോണ്‍, കത്രീന കൈഫ്, അനുഷ്‌ക ശര്‍മ, ആലിയ ഭട്ട്...താരങ്ങള്‍ മനീഷ് മല്‍ഹോത്ര ഡിസൈനുകള്‍ക്കായി കാത്തുനിന്നു. പുരസ്‌കാരദാന വേദികളിലും വിവാഹച്ചടങ്ങളുകളിലുമെല്ലാം മനീഷിന്റെ ഡിസൈനുകള്‍ നിറഞ്ഞു. ഇന്ത്യയില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നില്ല മനീഷ് മല്‍ഹോത്ര ഡിസൈനുകള്‍. റിയാദ് രാജകുമാരന്റെ വിവാഹത്തിന് മനീഷാണ് വസ്ത്രങ്ങള്‍ ഒരുക്കിയത്. കൂടാതെ ഹിലരി ക്ലിന്റണ്‍, മൈക്കല്‍ ജാക്‌സണ്‍, സൂപ്പര്‍മോഡലുകളായ കെയ്റ്റ് മോസ്, നവോമി കാംപെല്‍ എന്നിവരും മനീഷിന്റെ ഡിസൈനുകളില്‍ തിളങ്ങി. 

രണ്‍വീര്‍ സിങ്ങും ദീപിക പദുകോണും / Photo: AFP

വസ്ത്രാലങ്കാരത്തില്‍നിന്ന് തുടങ്ങിയ മനീഷ് മല്‍ഹോത്ര, ഇന്ന് സിനിമാനിര്‍മാണം, ഹോം ഡെകോര്‍ ഷോപ്പ്, ജ്വല്ലറി മേക്കിങ് എന്നിവയും കഴിഞ്ഞ് സിനിമാസംവിധാനത്തിലേക്ക് കടക്കാനൊരുങ്ങുകയാണ്.  


 

Content Highlights: story of bollywood fashion designer, manish malhotra