ലതാ മങ്കേഷ്‌കർ എപ്പോഴും തിരഞ്ഞെടുത്തത് വെള്ളസാരികൾ; അതിന്റെ കാരണം ഒരിക്കൽ ആശാ ഭോസ്ലെ വെളിപ്പെടുത്തി

ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കർ അധികവും എപ്പോഴും ധരിച്ചിരുന്നത് വെള്ളസാരിയാണ്. വെള്ളസാരിയും ചുവന്നപൊട്ടുമായിരുന്നു അവരുടെ സിഗ്നേച്ചർ സ്റ്റൈൽ. സ്റ്റേജ് പരിപാടികൾക്ക്, കളർഫുൾ ബോർഡറുള്ള വെള്ളസാരിയാണ് അവർ കൂടുതലും തിരഞ്ഞെടുത്തത്. കടുംനിറങ്ങളോട് അവർക്ക് അത്ര താത്പര്യമില്ലായിരുന്നു.
1940-കളിൽ ലത എന്ന ഗായികയുടെ ശബ്ദം പ്രേക്ഷകർക്ക് സുപരിചിതമായി. മനോഹരമായ ശബ്ദത്തിനുടമയെ തിരഞ്ഞ ആരാധകരുടെ മുന്നിലേക്ക് ആ പെൺകുട്ടിയെത്തി. വെള്ളസാരിയുടുത്ത് തോളിലൂടെ അതിന്റെ പല്ലുവും പുതച്ച്, ഒരു സാധാരണ പെൺകുട്ടി. വെള്ളയിൽനിന്ന് പിന്നീടൊരിക്കലും ലത മാറിയിട്ടില്ല.
സിനിമയിലെത്തുന്നതിനുമുമ്പേ തന്നെ വെളുപ്പായിരുന്നു തനിക്കേറെ ഇഷ്ടപ്പെട്ട നിറമെന്ന് പലപ്പോഴും ലത പറഞ്ഞിട്ടുണ്ട്. ''ഒമ്പതുവയസ്സുള്ളപ്പോഴാണ് ആദ്യമായി സ്‌റ്റേജിൽ പാടാൻ അച്ഛൻ അനുവദിക്കുന്നത്. അന്ന് ഒരു വെളുത്ത ഉടുപ്പാണ് ധരിച്ചത്''. അതിനുശേഷവും വെള്ള ബ്ലൗസും സ്‌കർട്ടും ഇരുവശത്തും മെടഞ്ഞിട്ട മുടിയുമായിട്ടാണ് ലത പ്രത്യക്ഷപ്പെട്ടത്. മുതിർന്നപ്പോൾ വെള്ളസാരിയിലേക്ക് മാറി.
ഒരിക്കൽ മാത്രം നല്ല നിറമുള്ള സാരിയുടുത്ത് ലത റെക്കോർഡിങ്ങിനെത്തി. അന്ന് കോറസ് പാടാൻ വന്ന പെൺകുട്ടികൾ ഉൾപ്പെടെ എല്ലാവർക്കും അദ്ഭുതമായി. അവരെല്ലാം ചിരിച്ചു. അതിനുശേഷം ആ ഉദ്യമത്തിന് ലത മുതിർന്നില്ല. നിറങ്ങളോട് പൂർണമായും മുഖംതിരിച്ചു.
വെള്ളയ്‌ക്കൊപ്പം ഡയമണ്ട് ജ്വല്ലറികളോടായിരുന്നു അവർക്ക് പ്രിയം. ‘ദ ടെലഗ്രാഫി’ന് നൽകിയ ഒരഭിമുഖത്തിൽ ലത പറഞ്ഞതിങ്ങനെ, ''ആദ്യത്തെ പ്രതിഫലത്തിൽനിന്ന് അമ്മയ്ക്ക് ആഭരണം വാങ്ങിക്കൊടുത്തു. എനിക്കായി ഡയമണ്ടും റൂബിയും ചേർന്ന ഒരു മോതിരവും, LM എന്ന് കൊത്തിവെച്ച ആ മോതിരം എന്നും എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്''.
ഒരുകാലത്ത് ആശാ ഭോസ്ലെയും വെള്ള തന്നെയായിരുന്നു തിരഞ്ഞെടുത്തത്. പിന്നീട് ആശ അതിൽനിന്ന് മാറുകയായിരുന്നു. ഈയിടെ ഒരു പോഡ്കാസ്റ്റിൽ അതിനെക്കുറിച്ച് സംസാരിച്ചു. ''ലതാ ദീദിയും ഞാനും വെള്ളസാരികളാണ് ആദ്യകാലത്ത് ഉടുത്തത്. അതാണ് ഞങ്ങൾക്കേറെ ഇണങ്ങുക എന്ന ചിന്തയിലാണ് വെള്ള ധരിച്ചത്. മറ്റ് ഏത് നിറമാണെങ്കിലും, ചർമത്തിന്റെ നിറം മങ്ങിയിരിക്കും. പിന്നീട് ഞാൻ നിറങ്ങളിലേക്ക് മാറിയെങ്കിലും, ദീദി വെള്ളയിൽ തന്നെ ഉറച്ചുനിന്നു''.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: why lata mangeshkar famously wore white saris throughout her career