ന്യൂയോർക്ക് സിറ്റിയുടെ മേയറായി സൊഹ്റാൻ മംദാനി, സത്യപ്രതിജ്ഞ ചടങ്ങിലെ ഇന്ത്യൻ ബന്ധം

സൊഹ്റാൻ മംദാനി
സൊഹ്റാൻ മംദാനി

പുതുവർഷ ദിനത്തിൽ ന്യൂയോർക്ക് നഗരത്തിന്റെ പുതിയ മേയറായി സത്യപ്രതിജ്ഞ ചെയ്തുകൊണ്ട് സൊഹ്റാൻ മംദാനി ചരിത്രം കുറിച്ചു. മാൻഹാട്ടനിലെ സിറ്റി ഹാളിന് സമീപമുള്ള, ഓൾഡ് സിറ്റി ഹാൾ സബ്വേ സ്റ്റേഷനിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകൾ നടന്നത്.

അടുത്ത കുടുംബാംഗങ്ങളും ചുരുക്കം ചില മാധ്യമപ്രവർത്തകരും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. വിശുദ്ധ ഖുർആനിൽ കൈവെച്ചാണ് മംദാനി സത്യപ്രതിജ്ഞ ചെയ്തത്. അമേരിക്കയിലെ ഏറ്റവും വലിയ നഗരത്തിന്റെ മേയറാകുന്ന  ഇന്ത്യൻ വംശജനായ ആദ്യ മുസ്ലിം എന്ന പദവിയും അദ്ദേഹത്തിന് സ്വന്തം.
ചടങ്ങുകൾക്ക് 'സൂട്ട് സപ്ലൈ'യിൽ നിന്നുള്ള കറുത്ത സ്യൂട്ട് ധരിച്ചാണ് അദ്ദേഹം എത്തിയത്. ഇതിനൊപ്പം ധരിച്ച വെള്ള ഷർട്ട് അദ്ദേഹത്തിന് ഒരു ക്ലാസിക് ലുക്ക് നൽകി.

മംദാനിയുടെ വേഷത്തിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് അദ്ദേഹത്തിന്റെ ടൈ ആയിരുന്നു. വടക്കുകിഴക്കൻ ഇന്ത്യയിലെ അസമിൽ നിന്നുള്ള ജാക്കാർഡ് ഡിസൈനുകൾ (jacquard motif) ഉൾപ്പെടുത്തി കൈകൊണ്ട് നെയ്ത ഈ ടൈ രൂപകൽപ്പന ചെയ്തത് ന്യൂഡൽഹി ആസ്ഥാനമായുള്ള 26- കാരനായ ഡിസൈനർ കാർത്തിക് കുമ്രയാണ്. 'കാർത്തിക് റിസർച്ച്' എന്ന ബ്രാൻഡിന് കീഴിലായിരുന്നു ഇതിന്റെ നിർമ്മാണം. സ്വർണ്ണ നൂലുകൾ കൊണ്ട് ചെയ്ത പൂക്കളുടെ എംബ്രോയ്ഡറി ടൈയ്ക്ക് കൂടുതൽ മിഴിവ് നൽകി.

പാരമ്പര്യവും ആധുനികതയും സമന്വയിപ്പിച്ചുകൊണ്ടുള്ള കാർത്തിക് കുമ്രയുടെ ഡിസൈനുകൾ ഇന്ത്യൻ കരകൗശല വിദ്യയുടെ മനോഹാരിത വിളിച്ചോതുന്നതായിരുന്നു. വസ്ത്രധാരണത്തിനൊപ്പം തന്നെ മംദാനിയുടെ ഹെയർസ്‌റ്റൈലും താടിയും കൃത്യമായി ഒരുക്കിയ രീതി അദ്ദേഹത്തിന്റെ ഔദ്യോഗിക പദവിക്ക് അനുയോജ്യമാണ്.

മംദാനിക്കൊപ്പം ഭാര്യയും കലാകാരിയുമായ റാമ ദുവാജിയും ചടങ്ങിൽ സന്നിഹിതയായിരുന്നു. വിന്റേജ് ബാലൻസിയാഗ കോട്ടും ഫ്രാങ്കി ഷോപ്പിൽ നിന്നുള്ള ബ്ലാക്ക് ഷോർട്ട്‌സുമായിരുന്നു റാമയുടെ വേഷം. 'മിസ്റ്റ'യിൽ  നിന്നുള്ള ബൂട്ട്‌സും സ്വർണ്ണാഭരണങ്ങളും അവരെ കൂടുതൽ ആകർഷകയാക്കി.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Sohran Mandani makes history as NYC`s first Muslim mayor, sworn in at an underground subway station. Discover the Indian connection in his attire and the unique ceremony.