പൂക്കളും ഓണസദ്യയുടെ വിഭവങ്ങളും ആനയും നിരന്നുനില്ക്കുന്ന വസ്ത്രങ്ങള്‍

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഓണം വസ്ത്രങ്ങളില്‍ ഒരു മിനിമലിസ്റ്റിക് അപ്രോച്ച് ആണ് പൊതുവെ ട്രെന്‍ഡായതെന്ന് ഫാഷനിസ്റ്റകള്‍ പറയുന്നു.
''കഴിഞ്ഞ വര്‍ഷത്തെ പിന്തുടര്ച്ച പോലെ ഫ്ളോറല്‍-ഡിജിറ്റല്‍ പ്രിന്റുകളാണ് ഇത്തവണ കൂടുതലായി വസ്ത്രങ്ങളിലിടം പിടിച്ചത്. പക്ഷേ, ഞങ്ങളതില്നിന്നും കുറച്ച് വ്യത്യസ്തമായി മള്ട്ടിയൂസബിള് ദാവണി സെറ്റാണ് ചെയ്തത്. കാഞ്ചീ കോട്ടണില്‍ രുദ്രാക്ഷ ബോര്‍ഡര്‍ വരുന്ന ടോപ്പും സ്കര്‍ട്ടുമാണ് ഒരുക്കിയത്. അതിനൊപ്പം മിറര്‍ വര്‍ക്കുള്ള ദുപ്പട്ടയും. ട്രെഡീഷണല്‍ ദാവണിയില്‍ കുറച്ച് മോഡേണ്‍ എലമെന്റുകള്‍ കൂട്ടിച്ചേര്‍ക്കുകയാണ് ചെയ്തത്'', ഡിസൈനറായ ദീപ ദീപു തങ്കന് പറയുന്നു. ''ഏത് കാലാവസ്ഥയിലും ഉപയോഗിക്കാന്‍ പറ്റുന്ന രീതിയിലാണ് ഈ മള്ട്ടിയൂസബിള് ദാവണി തയ്യാറാക്കിയിരിക്കുന്നത്''.
കേരളീയകസവാണ് പൊതുവെ ഓണം വസ്ത്രങ്ങളിലെ ട്രെന്‍ഡ്. അതില്‍ നാടുമായും ഓണവുമായും ബന്ധപ്പെട്ടുള്ള ചെറിയ എലമെന്റുകള്‍ വെച്ചുപിടിപ്പിച്ചിരിക്കുന്നു. ചെറുപഴവും വറുത്തുപ്പേരിയുമൊക്കെ കേരളകസവില് എംബ്രോയ്ഡറി ചെയ്തത് ഒരു പ്രത്യേകഭംഗി നല്കുന്നു.
പഴയകാലത്തേക്ക് കൈപിടിച്ചുനടത്തുന്ന ഓലപ്പന്ത്, ഓലപ്പീപ്പി എന്നിവ തുന്നിപ്പിടിപ്പിച്ച സാരികളും കുര്‍ത്തകളുമാണ് മറ്റൊരു ഓണം ട്രെന്‍ഡ്. അതിനൊപ്പം വാഴകളും തെങ്ങുകളും ഓണസദ്യയുടെ വിഭവങ്ങളുമെല്ലാം വസ്ത്രത്തില്‍ ഇടംപിടിക്കുന്നു.
കുട്ടികള്‍ക്കായുള്ള വസ്ത്രങ്ങളും ഇത്തവണ സിംപിള്‍ തന്നെയാണ്. ബാലരാമപുരം ഹാന്‍ഡ്ലൂമിലാണ് 'സുയി ഹാന്‍ഡ്ലൂം സ്റ്റോര്‍' കുട്ടികളുടെ കളക്ഷന്‍ തയ്യാറാക്കിയിരിക്കുന്നത്. ലൈറ്റ് വെയ്റ്റ്, ധരിക്കാന്‍ സുഖവും...ഇതാണ് ഇവയുടെ പ്രത്യേകത.
സാരി-ബ്ലൗസ്, ഷര്‍ട്ട്-മുണ്ട്, ഫ്രോക്ക് എന്നിവയാണ് കുട്ടികള്‍ക്കായി ഒരുക്കിയിട്ടുള്ളത്. കുട്ടികള്‍ ഓടിക്കളിക്കുന്നതും അതിനൊപ്പം തെങ്ങും വിവിധവര്‍ണങ്ങളിലുള്ള പൂക്കളുമെല്ലാം വസ്ത്രങ്ങളില്‍ ഇടംപിടിച്ചിരിക്കുന്നു. കൂടാതെ പൂക്കുടയുമായി പൂക്കള്‍ പറിക്കാന്‍ പോവുന്ന കുട്ടികളും ആനകളും ഘോഷയാത്രയുമെല്ലാം ഇതില്‍ എംബ്രോയ്ഡറി ചെയ്തിരിക്കുന്നു. ഒരു കുഞ്ഞിന്റെ കണ്ണുകളിലൂടെ നമ്മുടെ നാടിന്റെ സംസ്കാരവും പാരമ്പര്യവും നോക്കിക്കാണുന്ന രീതിയിലാണിത് ചെയ്തിരിക്കുന്നതെന്ന് 'സുയി'യിലെ ഡിസൈനര്‍ കൃഷ്ണ കറപ്പത്ത് പറയുന്നു.
കടപ്പാട്:
- ദീപ ദീപു തങ്കന്, ഡിസൈനര്‍, dipali, ഇടപ്പള്ളി, കൊച്ചി
- suee handloom store, ഫോര്‍ട്ട് കൊച്ചി
Content Highlights: onam trends