ഓണക്കോടി എടുത്തോ? കച്ചവടം പൊടിപൊടിക്കുന്നത് മൽ കോട്ടൻ സാരിയോ?

മഴയൊഴിഞ്ഞ മാനത്ത് ചിങ്ങവെയിൽ തെളിയുമ്പോൾ നാടും നഗരവും ഒരുപോലെ ആഘോഷ ലഹരിയിലാഴുകയാണ്. പൂക്കളങ്ങളും വിഭവസമൃദ്ധമായ സദ്യയും ഓണക്കോടികളുമൊക്കെയായി വീണ്ടുമൊരു പൊന്നോണക്കാലം. മലയാളിയുടെ വസ്ത്രസങ്കൽപ്പങ്ങൾക്ക് ഓരോ വർഷവും പരിണാമം സംഭവിക്കുന്നുണ്ട്. പൊന്നിൻ കസവുള്ള സെറ്റ് സാരിയിൽ തുടങ്ങി ഓരോ ഓണക്കാലത്തും ട്രെൻഡുകൾ മാറി വരുന്നുണ്ട്. ഫാഷൻ എത്ര തന്നെ മുന്നോട്ട് പോയാലും ഓണം എന്നും തനിമയുടെയും പാരമ്പര്യത്തിന്റെും ആഘോഷമാണ്.
പരമ്പരാഗത ഹാൻഡ്‌ലൂം നെയ്ത്തിന്റെ തനിമ ചോർന്നുപോകാതെ തന്നെ മോഡേൺ കട്ടുകളിലൂടെയും ഫ്യൂഷൻ ശൈലികളിലൂടെയും പുതിയ തലമുറ കസവിനെ ട്രെൻഡിയായി പുനരവതരിപ്പിക്കുന്നുണ്ട്. ഓണക്കോടിയുടെ സങ്കൽപ്പങ്ങൾ മാറിമറിയുമ്പോൾ, മലയാളത്തനിമ കൈവിടാതെ തന്നെ സൗകര്യത്തിനും വേറിട്ട ശൈലികൾക്കും പ്രാധാന്യം നൽകുന്ന വസ്ത്രങ്ങൾ തിരഞ്ഞെടുക്കാനാണ് ആളുകൾ ഇഷ്ടപ്പെടുന്നത്.
മൽ കോട്ടൻ സാരി
ഇത്തവണ ഓണത്തിന് ഏറെ ആവശ്യക്കാരുള്ളത് മൽ കോട്ടൻ സാരികൾക്കാണ്. അണിയാൻ ഏറേ സുഖകരവും സൗകര്യപ്രദവുമായ വസ്ത്രമാണ് Mulmul Cotton സാരികൾ. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള മൽമൽ തുണിത്തരങ്ങളിൽ നിന്ന് നെയ്തെടുക്കുന്ന ഈ സാരികൾ, വളരെ ലെറ്റ് വെയ്റ്റാണ്. അതുകൊണ്ടു തന്നെ ഏത് പ്രായക്കാരും ഒരു പോലെ ഇഷ്ടപ്പെടുന്നു. മൽ കോട്ടൻ സെറ്റ് സാരികൾക്കും, കസവിനു പകരം ഇളം നിറങ്ങളിലുള്ള ബോർഡറുകൾ, പ്രിന്റുകൾ എന്നിവയുള്ള സാരികൾക്കും ഡിമാൻഡ് കൂടുതലാണ്.
ഓർഗൻസ
സെറ്റ് സാരികൾക്കൊപ്പം ഇത്തവണ ലൈറ്റ്‌വെയ്റ്റ് ഓർഗൻസ കസവ് സാരികൾക്കും കോട്ടൺ-സിൽക്ക് ബ്ലെൻഡുകൾക്കും വലിയ പ്രിയമാണ്. പകൽ മുഴുവൻ നീളുന്ന ആഘോഷങ്ങൾക്കും ഫോട്ടോഷൂട്ടുകൾക്കും ഇവ ഏറെ അനുയോജ്യവുമാണ്.
പേസ്റ്റൽ നിറങ്ങൾ
കസവിനൊപ്പം ഇത്തവണ മുന്നിൽ നിൽക്കുന്നത് ലാവെൻഡർ, മിന്റ് ഗ്രീൻ, പീച്ച് തുടങ്ങിയ പേസ്റ്റൽ നിറങ്ങളിലുള്ള ബ്ലൗസുകളാണ്. കസവ് ബോർഡറുകളിൽ കുഞ്ഞു വർണ്ണനൂലുകൾ തുന്നിച്ചേർത്ത സാരികളും ശ്രദ്ധ കവരുന്നുണ്ട്.
പ്രീ-സ്റ്റിച്ചിഡ് സാരികൾ
സാരി ഉടുക്കാൻ ബുദ്ധിമുട്ടുള്ളവർക്കായി വേഗത്തിൽ അണിയാൻ കഴിയുന്ന പ്രീ-സ്റ്റിച്ച്ഡ് കസവ് സാരികളും കാഫ്താനുകളും ഇൻഡോ-വെസ്റ്റേൺ ഡ്രസ്സുകളും മാർക്കറ്റിൽ തരംഗമാണ്. ഓൺലൈൻ ഷോപ്പിങ്ങിലും ഇതിന് ആവശ്യക്കാരേറെയാണ്.
ആഭരണങ്ങൾ
ഭാരമേറിയ സ്വർണ്ണാഭരണങ്ങൾക്ക് പകരം ലളിതമായ ടെമ്പിൾ ജ്വല്ലറിയോ, കാശുമാലയോ ജിമിക്കിയോ മാത്രം അണിയുന്നതാണ് ‘എയ്സ്തെറ്റിക്ക്’. രണ്ട് നെക്ക്ലേസുകൾ പെയർ ചെയ്ത് അണിയുന്ന രീതിയും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങാണ്. ഒപ്പം, ആഘോഷത്തിനുശേഷവും വീണ്ടും ഉപയോഗിക്കാൻ (Re-style) കഴിയുന്ന ആഭരണങ്ങളും വസ്ത്രങ്ങളുമാണ് വലിയ വിഭാഗം ആളുകളും തിരയുന്നത്.
ജെൻസി ഫാഷൻ
ഓണത്തിന് സാരി തന്നെ വേണമെന്ന് നിർബന്ധമില്ലാത്ത ജെൻസികൾ, ഓണം ഫാഷൻ കുറച്ചുകൂടി കളറാക്കുന്നുണ്ട്. പട്ടുപാവാടയും ബ്ലൗസും മാത്രമല്ല ഇത്തവണ. ലൈറ്റ്‌വെയ്റ്റ് ഓർഗൻസ അല്ലെങ്കിൽ കോട്ടൺ-സിൽക്ക് ബ്ലെൻഡുകളിലുള്ള ഫ്ലോയി ഡ്രസ്സുകളോ, റസ്റ്റ്-ഗോൾഡ് ടിഷ്യൂ സിൽക്കിലുള്ള ഓഫ്-ഷോൾഡർ ടോപ്പും പ്ലീറ്റഡ് ട്രൗസറുകളോ തിരഞ്ഞെടുക്കാം. ലളിതമായ വുഡൻ ആഭരണങ്ങൾ ഇതിനൊപ്പം ചേരുമ്പോൾ ലുക്ക് പൂർണ്ണമാകുന്നു.
ഇറുകിയ വസ്ത്രങ്ങൾക്ക് പകരം, സൗകര്യപ്രദമായ ലൂസ്-ഫിറ്റ് 'കാഫ്താനുകൾ' (Kaftan) പരീക്ഷിക്കാം. കസവ് ബോർഡറുകളുള്ള കോട്ടൺ അല്ലെങ്കിൽ സിൽക്ക് കാഫ്താനുകൾ ഓണക്കാലത്ത് അനുയോജ്യമാണ്.
ഓണാഘോഷത്തിൽ മുഴുകുമ്പോൾ വസ്ത്രം ഭാരമില്ലാത്തതും കാലാവസ്ഥയ്ക്ക് അനുയോജ്യവുമാകണം. സസ്റ്റെയിനബിൾ ഹാൻഡ്‌ലൂമിൽ തുന്നിയ കസവ് ബോർഡറുള്ള ഈസി കോ-ഓർഡ് സെറ്റുകളോ (Co-ord sets), പ്രിന്റഡ് കോട്ടൺ ഡ്രസ്സുകളോ ധരിക്കാം. മിനിമൽ ആഭരണങ്ങളും ഫ്ലാറ്റ് ചെരിപ്പുകളും ക്രോസ്ബോഡി ബാഗും ഇതിനൊപ്പം ഇണങ്ങും.
വേഗത്തിൽ അണിയാൻ കഴിയുന്ന പ്രീ-സ്റ്റിച്ചിഡ് ഗോൾഡ് ടിഷ്യൂ സാരിയും മെറ്റാലിക് സ്റ്റേറ്റ്‌മെന്റ് ബ്ലൗസുകളും, അല്ലെങ്കിൽ ഐവറി-ഗോൾഡ് ഇൻഡോ-വെസ്റ്റേൺ ഡ്രസ്സുകളും മറ്റൊരു ചോയ്സാണ്. ആന്റിക് ബ്രാസ് ജുവലറിയും ഹീലുകളും ഇതിനൊപ്പം ചേരും.
ഫാഷൻ എത്ര തന്നെ മുന്നോട്ടു പോയാലും, ഓണത്തിന്റെ മാസ്മരികത എന്നും തനിമയോടെ നിലനിൽക്കും. പാരമ്പര്യത്തിന്റെ വേരുകൾ കൈവിടാതെ തന്നെ സ്വന്തം വ്യക്തിത്വത്തിനും സൗകര്യത്തിനും അനുയോജ്യമായ ട്രെൻഡുകൾ തിരഞ്ഞെടുത്ത് ഇത്തവണത്തെ തിരുവോണം നമുക്ക് ആഘോഷിക്കാം.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Mulmul cotton sarees are trending for Onam due to their lightweight and comfort., Pastel shades and vintage colors are replacing traditional heavy borders., Pre-stitched sarees and Indo-Western fusion wear are gaining popularity among youth., Minimalist jewelry and restylable outfits are the preferred choices for celebrations.