മെറ്റ് ഗാലയില്‍ തിളങ്ങി കേരളം; ആലപ്പുഴയുടെ ഖ്യാതി മൂന്നാം തവണയും..

ഫാഷന്റെ അവസാനവാക്ക്, മെറ്റ് ഗാലയെ ഫാഷന്‍ ലോകം വിശേഷിപ്പിക്കുന്നത് അങ്ങനെയാണ്. ലോകത്തിലെ ഏറ്റവും ശ്രദ്ധേയരായ താരങ്ങള്‍ ഏറ്റവും പുതിയ ഫാഷനുമായി തിളങ്ങുന്ന ഈ ന്യൂയോര്‍ക്കിലെ ഈ ലോകവേദിയിലേക്ക് ഓരോ വര്‍ഷം ലോകം കണ്ണിമചിമ്മാതെയാണ് ഉറ്റുനോക്കുന്നത്. മെറ്റ് ഗാലയില്‍ മൂന്ന് വര്‍ഷമായി കേരളവും തിളങ്ങിനില്‍ക്കുന്നുണ്ടെന്ന് പറഞ്ഞാല്‍ ആദ്യം നമ്മളൊന്ന് സംശയിക്കും. എന്നാല്‍ കഴിഞ്ഞ മൂന്ന് മെറ്റ് ഗാല എഡിഷനുകള്‍ക്ക് വേണ്ടി കാര്‍പ്പറ്റ് ഒരുക്കുന്നത് കേരളത്തിലെ ആലപ്പുഴയിലാണ്. ലോകോത്തര താരങ്ങള്‍ നടന്നെത്തുന്ന ആകര്‍ഷണീയമായ ആ പരവതാനിക്ക് പിന്നില്‍ ആലപ്പുഴ ചേര്‍ത്തലയിലെ നെയ്ത്ത് എക്‌സ്ട്രാവീവ് എന്ന ബ്രാന്‍ഡും അവിടത്തെ തൊഴിലാളികളുമാണ്. കഴിഞ്ഞ ദിവസം ന്യൂയോര്‍ക്കിലെ മെട്രോ പൊളിറ്റന്‍ മ്യൂസിയം ഓഫ് ആര്‍ട്‌സിലെ മെറ്റ്ഗാല വേദിയില്‍ റോയല്‍ ബ്ലൂ കളറിലുള്ള കാര്‍പ്പറ്റ് ഏറെ ശ്രദ്ധേയമായിരുന്നു. ഇതിന് പിന്നില്‍ കേരള ബന്ധം കണ്ടെത്തിയ സൂപ്പര്‍താരങ്ങള്‍ അവരുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറികള്‍ വഴിയാണ് ഈ നേട്ടം ലോകത്തെ അറിയിച്ചത്. ആലപ്പുഴ ചേര്‍ത്തലയില്‍ ശിവന്‍ സന്തോഷിന്റെ ഉടമസ്ഥതതയിലുള്ള എക്‌സ്ട്രാവീവ് എന്ന സ്ഥാപനമാണ് മൂന്നാം തവണയും ലോകത്തിന്റെ ഏറ്റവും വലിയ ഫാഷന്‍ വേദിയിലേക്കുള്ള കാര്‍പ്പറ്റ് തയ്യാറാക്കിയത്. ഒരുനൂറ്റാണ്ടിലേറെ നീളുന്ന നെയ്ത്ത് പാരമ്പര്യത്തിന്റെ കഥ ഈ സ്ഥാപനത്തിനുമുണ്ട്.
Content Highlights: neyth kerala handloom behind metgala 2025 fashion show carpet