സാരിക്കൊപ്പം ബ്ലേസര്‍ അണിഞ്ഞ് കങ്കണ, സ്വെറ്റ് ഷര്‍ട്ടിട്ട് ഹര്‍ഭജന്‍; പാര്‍ലമെന്റില്‍ ശീതകാലസമ്മേളനം

കങ്കണ റണൗട്ട് / PTI
കങ്കണ റണൗട്ട് / PTI

ഡല്‍ഹി കഠിനമായ ശൈത്യത്തില്‍ അമര്‍ന്നിരിക്കുകയാണിപ്പോള്‍. അതിരാവിലെയുള്ള തണുപ്പിനെ പ്രതിരോധിക്കാനായി സ്വെറ്ററും സ്‌കാര്‍ഫുമണിഞ്ഞാണ് ആളുകളിറങ്ങുന്നത്. ജോലിക്കായും മറ്റും പുറത്തിറങ്ങുന്നവരുടെ വേഷവിധാനത്തില്‍ മാറ്റം കാണാം.  

പാര്‍ലമെന്റില്‍ ആണെങ്കില്‍ ശീതകാലസമ്മേളനം നടക്കുകയാണ്. ഡിസംബര്‍ 20 വരെ ഇത് തുടരും. തണുപ്പിനെ പ്രതിരോധിക്കാനുള്ള തയ്യാറെടുപ്പുകള്‍ അംഗങ്ങളുടെ വസ്ത്രങ്ങളിലും കാണാം. വളരെ വ്യത്യസ്തമായാണ് അംഗങ്ങളെത്തുന്നത്. സ്ത്രീകള്‍ ബ്ലേസറും പഷ്മിന ഷാളും തിരഞ്ഞെടുത്തപ്പോള്‍, പുരുഷന്‍മാര്‍ മഫ്‌ളറും കോട്ടും ജാക്കറ്റും സ്വെറ്റ് ഷര്‍ട്ടുമണിഞ്ഞ് പാര്‍ലമെന്റിലെത്തി. 

ഹര്‍ഭജന്‍ സിങ്, പ്രിയങ്ക ഗാന്ധി / PTI, ANI

ശീതകാലസമ്മേളനത്തില്‍ കൂടുതല്‍ സ്റ്റൈലിഷായത് ബോളിവുഡ് അഭിനേത്രി കൂടിയായ കങ്കണ റണൗട്ട് തന്നെ. മല്‍മല്‍
സാരിക്കൊപ്പം ബ്ലേസര്‍ അണിഞ്ഞാണ് കങ്കണ ഒരുദിവസം എത്തിയത്. കാന്തവര്‍ക്ക് സാരിക്കൊപ്പം ബട്ടണ്‍ ഡൗണ്‍ ഷര്‍ട്ടും അതിനുമുകളില്‍ നിറ്റഡ് വെസ്റ്റ് ഇട്ടതും ഭംഗിയായി. സാരിക്കൊപ്പം ട്രെഞ്ച് കോട്ടും, ബ്ലേസറും പലദിവസങ്ങളിലായി കങ്കണ പരീക്ഷിച്ചു.

നിര്‍മല സീതാരാമന്‍ / ANI

മുന്‍ ഇന്ത്യന്‍ ക്രിക്കറ്ററായ ഹര്‍ഭജന്‍ സിങ് മെറൂണ്‍ സ്വെറ്റ് ഷര്‍ട്ടും മാച്ചിങ് ടര്‍ബനുമാണ് അധികദിവസവും തിരഞ്ഞെടുത്തത്. ചിലദിവസങ്ങളില്‍ ഷര്‍ട്ടിനും ടീഷര്‍ട്ടിനുമൊപ്പം ജാക്കറ്റും. സഭയിലെ തന്റെ ആദ്യദിവസം കേരളാ കസവുസാരി അണിഞ്ഞെത്തിയ പ്രിയങ്ക ഗാന്ധി, പിന്നീടുള്ള ദിവസങ്ങളില്‍ സാരിക്കൊപ്പം ബ്ലേസറും ഓവര്‍കോട്ടുമൊക്കെ ധരിച്ചു.  

ധനമന്ത്രി നിര്‍മല സീതാരാമന്‍ സാരിക്കൊപ്പം കാശ്മീരി പഷ്മിന ഷാളുമാണ് അധികവും ധരിക്കാറുള്ളത്. ഒപ്പം ഫുള്‍സ്ലീവ് ബ്ലൗസും. ഷാളിലെ ഫ്‌ളോറല്‍ മോട്ടിഫുകളാണ് പ്രത്യേകത. 


 

Content Highlights: Indian parliament members winter fashion. Kangana with Blazer