റീത്താ ഫാരിയ, പ്രിയങ്ക ചോപ്ര, ഐശ്വര്യ റായ്...ഈ നിരയിലേക്ക് വരുമോ ആ കര്‍ണാടകസ്വദേശിനി?

ഇന്ത്യ വീണ്ടുമൊരു ലോകസുന്ദരി മത്സരത്തിന് ആതിഥ്യമരുളുകയാണ്. ഇന്നാണ് മുംബൈയില്‍ ഫിനാലെ. 113 രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ഥികളാണെത്തുന്നത്. ഇന്ത്യയെ പ്രതിനിധീകരിച്ചെത്തുന്നത് കര്‍ണാടകയില്‍നിന്നുള്ള സിനി ഷെട്ടിയാണ്.
38 വര്‍ഷങ്ങള്‍ക്കുശേഷം മിസ് വേള്‍ഡ് മത്സരം ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്നുവെന്ന പ്രത്യേകതയുമുണ്ട് ഇത്തവണ. 1996-ല്‍ നടന്ന ആ മത്സരത്തില്‍, ബംഗളൂരുവാണ് വേദിയായത്. മിസ് വേള്‍ഡ് മത്സരത്തിന്റെ ഫിനാലെയിലേക്ക് മണിക്കൂറുകള്‍ മാത്രമുള്ളപ്പോള്‍ മുമ്പ് ഇന്ത്യയ്ക്കായി ഈ ടൈറ്റിലുകള്‍ സ്വന്തമാക്കിയതാരൊക്കെയെന്ന് നോക്കാം.
1966-ലാണ് ആദ്യമായി മിസ് വേള്‍ഡ് ടൈറ്റില്‍ ഇന്ത്യയിലെത്തുന്നത്. റീത്താ ഫാരിയയാണ് അന്ന് വിജയിയായത്. ഡോക്ടര്‍ കൂടിയായ ആദ്യത്തെ മിസ് വേള്‍ഡും റീത്ത തന്നെ. മുംബൈയില്‍ ജനിച്ചുവളര്‍ന്ന റീത്തയുടെ പ്രത്യേകത നീളമുള്ള കാലുകളായിരുന്നു. കൂടെ പഠിച്ചവരെല്ലാം കളിയാക്കിയപ്പോഴും, അതിനെ പോസിറ്റീവായി മാറ്റാനാണ് റീത്ത ശ്രമിച്ചത്. അതില്‍ അവര്‍ വിജയിക്കുകയും ചെയ്തു. ത്രോ ബോളിലും നെറ്റ് ബോളിലും ബാഡ്മിന്റണിലും ഹോക്കിയിലും കഴിവ് തെളിയിച്ചു റീത്ത. ഹോക്കിയില്‍ ഹാട്രിക് നേടിയതിനാണ് റീത്തയുടെ പേര് ആദ്യമായി പത്രത്തില്‍ വരുന്നത്.
അതിനുശേഷമാണ് മോഡലിങ്ങിലേക്ക് തിരിയുന്നത്. അതിനൊപ്പം മെഡിസിന്‍ പഠനവും കൊണ്ടുപോയി. 51 മത്സരാര്‍ഥികളെ പിന്തള്ളിയാണ് റീത്ത ലോകസുന്ദരിപ്പട്ടം നേടിയത്. അന്നത് വലിയ വാര്‍ത്തയായിരുന്നു. അതിനുശേഷം സിനിമയിലേക്കും മോഡലിങ്ങിലേക്കും അവസരങ്ങള്‍ വന്നുവെങ്കിലും, തന്റെ ഏറെ പ്രിയപ്പെട്ട മെഡിക്കല്‍ മേഖലയില്‍ തന്നെ തുടരാന്‍ അവര്‍ തീരുമാനിക്കുകയായിരുന്നു. ഇപ്പോള്‍ കുടുംബത്തോടൊപ്പം അയര്‍ലന്‍ഡിലാണ് റീത്ത ഫാരിയ താമസിക്കുന്നത്.
പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം 1994-ലാണ് ഐശ്വര്യ റായ്, ലോകസുന്ദരിയാവുന്നത്. വിജയിയായതോടെ ഐശ്വര്യയെ തേടി ഒട്ടേറെ സിനിമകളെത്തി. ഇരുവരിലൂടെയാണ് സിനിമയില്‍ തുടക്കം കുറിച്ചത്. ബോളിവുഡിലെ സ്വപ്‌നസുന്ദരിക്ക് ആദ്യഹിറ്റ് ലഭിച്ചത്, കോളിവുഡില്‍നിന്നാണ്. ജീന്‍സ് എന്ന സിനിമയിലൂടെ. അവിടുന്ന് തെലുഗു, ഹിന്ദി, ബംഗാളി, ഇംഗ്ലീഷ് സിനിമകളിലൂടെ ഇന്ത്യ മുഴുവന്‍ കീഴടക്കിയ ആഷിന്റെ ജൈത്രയാത്രയും നമ്മള്‍ കണ്ടു. 2012-ല്‍ രാജ്യം ഐശ്വര്യയെ പത്മശ്രീ നല്‍കി ആദരിക്കുകയും ചെയ്തു.
മൂന്ന് വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും ലോകസുന്ദരിപ്പട്ടം രാജ്യത്തെത്തി. ഡയാന ഹെയ്ഡനിലൂടെയായിരുന്നുവത്. ഹൈദരാബാദ് സ്വദേശിയായ ഡയാന, കഠിനപ്രയത്‌നത്തിലൂടെയാണ് തന്റെ സ്വപ്‌നത്തിലേക്ക് നടന്നുകയറിയത്. മാതാപിതാക്കള്‍ ഡയാനയുടെ ചെറുപ്രായത്തില്‍ തന്നെ വേര്‍പിരിഞ്ഞു. നിറത്തിന്റെ പേരിലും ചെറുപ്പം മുതലേ പലയിടത്തുനിന്നും പരിഹാസം നേരിട്ടിരുന്നു ഡയാന. അതൊന്നും മനസ്സിനെ തളര്‍ത്താതെ, അവള്‍ പതിമൂന്ന് വയസ്സുമുതല്‍ പഠനത്തോടൊപ്പം ജോലിയും ചെയ്യാന്‍ തുടങ്ങി. കുറച്ചുകൂടി കഴിഞ്ഞപ്പോള്‍ ഒരു ഇവന്റ് മാനേജ്‌മെന്റ് കമ്പനിയില്‍ ജോലികിട്ടി. അവിടുന്നാണ് മോഡലിങ്ങിലേക്ക് കടക്കുന്നതും.
ടൈറ്റില്‍ വിജയിയായശേഷം കുറേ വമ്പന്‍ ബ്രാന്‍ഡുകളുടെ മോഡലായി ഡയാന. ചില സിനിമകളില്‍ പ്രത്യക്ഷപ്പെട്ടെങ്കിലും, അവിസ്മരണീയമായ റോളുകളായിരുന്നില്ല അതൊന്നും.
രണ്ടുവര്‍ഷത്തിനുശേഷം 1999-ല്‍ ഇന്ത്യയിലേക്ക് ലോകസുന്ദരിപട്ടമെത്തിയത്, യുക്ത മുഖി എന്ന ബംഗളൂരു സ്വദേശിയിലൂടെയാണ്. മോഡലിങ്ങിലൂടെയാണ് യുക്തയും മിസ് വേള്‍ഡിലേക്കെത്തുന്നത്. അതിനൊപ്പം, ചിലപ്പോള്‍ അതിനേക്കാള്‍ പ്രാധാന്യത്തോടെ യുക്ത നെഞ്ചോട് ചേര്‍ത്ത വേറെ കുറേ പ്രവര്‍ത്തനങ്ങളുമുണ്ട്. എയിഡ്‌സ്, ബ്രെസ്റ്റ് കാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ ബാധിച്ചവരുടെ പുനരധിവാസത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. വനനശീകരണം, പ്ലാസ്റ്റിക് റീസൈക്ലിങ് എന്നിവയെക്കുറിച്ച് ആളുകളെ ബോധവത്കരിക്കുന്നതിനും മുന്നിട്ടിറങ്ങിയിട്ടുണ്ട്. പൂവെല്ലാം ഉന്‍ വാസം എന്ന തമിഴ് സിനിമയിലൂടെയാണ് അവര്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. എങ്കിലും സിനിമാ കരിയര്‍ പ്രതീക്ഷിച്ചത്ര ക്ലിക്കായില്ല.
2000-ലാണ് പ്രിയങ്ക ചോപ്ര ടൈറ്റില്‍ വിന്നറാവുന്നത്. പതുക്കെയായിരുന്നു പ്രിയങ്കയുടെ വളര്‍ച്ച. തമിഴിലൂടെ തന്നെയായിരുന്നു സിനിമാപ്രവേശം. പുറകെ ബോളിവുഡിലേക്ക്. വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ നല്ല കുറേ ബിഗ് ബജറ്റ് സിനിമകളുടെ ഭാഗമായി. 2015-ല്‍ ക്വാന്റികോ എന്ന അമേരിക്കന്‍ ത്രില്ലര്‍ സീരീസിലൂടെ ഗ്ലോബല്‍ സ്റ്റാറായി മാറി പ്രിയങ്ക.
മറ്റൊരു ആക്ഷന്‍ ത്രില്ലര്‍ സീരീസായ സിറ്റഡല്‍, ലവ് എഗെയ്ന്‍ തുടങ്ങിയവയിലൂടെ പ്രിയങ്ക അവിടുത്തെ തന്റെ സ്ഥാനമുറപ്പിക്കുകയും ചെയ്തു. ബോളിവുഡിലെ ദുരനുഭവങ്ങളാണ് വിദേശത്തേക്ക് ചുവടുമാറ്റാന്‍ തീരുമാനിച്ചതിന് പിന്നിലെന്ന് പ്രിയങ്ക പലപ്പോഴും പറഞ്ഞിട്ടുണ്ട്. നെപ്പോട്ടിസത്തിനെതിരെയും പ്രിയങ്ക പലപ്പോഴും ശബ്ദമുയര്‍ത്തി. പ്രശസ്ത അമേരിക്കന്‍ മ്യൂസിക് ബാന്‍ഡായ ജൊനാസ് ബ്രദേഴ്‌സിലെ നിക് ജൊനാസ് ആണ് പ്രിയങ്കയുടെ പങ്കാളി.
നീണ്ട പതിനേഴ് വര്‍ഷങ്ങള്‍ക്കുശേഷമാണ് ലോകസുന്ദരിപ്പട്ടം പിന്നെ ഇന്ത്യയിലേക്ക് വന്നത്. കുച്ചിപ്പുഡി നര്‍ത്തകി കൂടിയായ മാനുഷി ഛില്ലറാണ് അത്തവണ വിജയിച്ചത്. റീത്ത ഫാരിയയെ പോലെ തന്നെ ഡോക്ടര്‍ കൂടിയാണവര്‍. സാമ്രാട്ട് പൃഥ്വിരാജ്, ദ ഗ്രേറ്റ് ഇന്ത്യന്‍ ഫാമിലി തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചുകഴിഞ്ഞു മാനുഷി. മെഡിക്കല്‍ കരിയറിനൊപ്പം തന്നെ അഭിനയവും കൊണ്ടുപോകാനാണ് മാനുഷിക്ക് താത്പര്യം.
Content Highlights: list of former miss world winners from india