വിഷാദംമൂലം ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു; ഒറ്റയ്ക്ക് തുടങ്ങിയ സംരംഭം ഇന്ന് ലോകമറിയുന്ന ബ്രാന്‍ഡ്

സബ്യസാചി മുഖര്‍ജി / Gettyimages
സബ്യസാചി മുഖര്‍ജി / Gettyimages

ഫാഷന്‍ലോകത്ത് ഏറ്റവും വിലപിടിപ്പുള്ള പേരുകളിലൊന്നാണ് സബ്യസാചി മുഖര്‍ജി. ഇക്കഴിഞ്ഞ ദിവസമാണ് സബ്യസാചി, ഫാഷന്‍മേഖലയിലെ 25-ാം വാര്‍ഷികം ആഘോഷിച്ചത്. അതിന്റെ ഭാഗമായി മുംബൈയിലെ ജിയോ കണ്‍വെന്‍ഷന്‍ സെന്ററില്‍ ഒരു ഗ്രാന്‍ഡ് ഫാഷന്‍ ഷോയും നടത്തിയിരുന്നു. ദീപിക പദുകോണ്‍, ആലിയ ഭട്ട്, അനന്യ പാണ്ഡേ, അദിതി റാവു ഹൈദരി മുതലായവര്‍ ആ ഷോയില്‍ അതിഥികളായെത്തിയിരുന്നു. 

ദുഖങ്ങളോടും ദുരിതങ്ങളോടും പടവെട്ടിയാണ് സബ്യസാചി ഇന്നത്തെ നിലയിലെത്തിയത്. കൊല്‍ക്കത്തയിലാണ് ജനനം. ബംഗ്ലാദേശില്‍നിന്നുള്ള അഭയാര്‍ഥിയായിരുന്നു അച്ഛന്‍, അമ്മ അധ്യാപികയും. ചെറുപ്പംമുതലേ വസ്ത്രങ്ങളില്‍ ചെറിയ ഡിസൈനുകളുണ്ടാക്കുകയായിരുന്നു ഏറ്റവും പ്രിയപ്പെട്ട ജോലി. അമ്മയുടെ സാരികളായിരുന്നു അന്നത്തെ കാന്‍വാസ്. എന്നാല്‍, മകന്‍ തയ്ക്കുന്നതും ഡിസൈന്‍ ചെയ്യുന്നതും മാതാപിതാക്കള്‍ക്ക് ഇഷ്ടമല്ലായിരുന്നു. അതവനെ നശിപ്പിക്കുകയേ ഉള്ളൂവെന്ന് അവര്‍ കരുതി. മാതാപിതാക്കള്‍ എതിര്‍ത്തപ്പോള്‍ വീട്ടില്‍നിന്ന് ഒളിച്ചോടി. വീണ്ടും തിരിച്ചുവന്നു.

കൊല്‍ക്കത്തയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയില്‍ പഠിച്ചാല്‍, തന്റെ സ്വപ്‌നമേഖലയിലേക്കെത്തിച്ചേരാന്‍ കഴിയുമെന്ന് ആരോ പറഞ്ഞറിഞ്ഞു. അതിനുവേണ്ടിയുള്ള പരിശ്രമങ്ങളായി. പക്ഷേ അപ്പോഴേയ്ക്കും അച്ഛന്റെ ജോലി പോയിരുന്നു. അവിടെ ചേരാനുള്ള സാമ്പത്തികസ്ഥിതിയില്ലെന്ന് അധികം വൈകാതെ മനസ്സിലായി. അതിനുവേണ്ടിയുള്ള പരിശ്രമങ്ങളായി. പക്ഷേ കുടുംബത്തിലെ സാമ്പത്തികാവസ്ഥ വെച്ചുനോക്കിയാല്‍ അവിടെ ചേരാന്‍ പറ്റില്ലെന്ന് അധികം വൈകാതെ മനസ്സിലായി. പ്രശ്‌നങ്ങളെല്ലാം മനസ്സിലിരുന്ന് വിങ്ങിയപ്പോള്‍ അധികം വൈകാതെ വിഷാദം പിടിമുറുക്കി. പതിനേഴാം വയസ്സില്‍ വിഷാദം താങ്ങാനാവാതെ ആത്മഹത്യ ചെയ്യാനൊരുങ്ങി. ആ ശ്രമം അവിചാരിതമായി അമ്മ കണ്ടു, മുഖത്ത് അടിച്ചാണ് സബ്യസാചിയെ അമ്മ പിന്തിരിപ്പിച്ചത്.

റാണി മുഖര്‍ജി, വിദ്യ ബാലന്‍ എന്നിവര്‍ക്കൊപ്പം സബ്യസാചി മുഖര്‍ജി / PTI

അതിനുശേഷം ഒരുപാട് ജോലികള്‍ ചെയ്തു, പഠിക്കാനുള്ള പണമുണ്ടാക്കി. വളരെ കഷ്ടപ്പെട്ട് തന്നെയാണ് കോഴ്‌സ് പൂര്‍ത്തിയാക്കിയത്. അതിനുശേഷം സഹോദരിയുടെ കൈയില്‍നിന്ന് വാങ്ങിയ കുറച്ച് പണവും കൊണ്ടാണ് സ്വന്തം സാമ്രാജ്യമുണ്ടാക്കാന്‍ ഇറങ്ങിത്തിരിച്ചത്. അങ്ങനെയാണ് 'സബ്യസാചി' എന്ന ബ്രാന്‍ഡിന്റെ തുടക്കം. കുറച്ചുകഴിഞ്ഞപ്പോള്‍ മൂന്ന് ജീവനക്കാരും ഒപ്പം ചേര്‍ന്നു.  

പിന്നീട് സബ്യസാചി ബ്രാന്‍ഡിനെ ലോകം ഇരുകൈയും നീട്ടിസ്വീകരിക്കുന്നതാണ് കണ്ടത്. പലയിടത്തും ഷോറൂമുകള്‍ തുറന്നു. അനുഷ്‌ക ശര്‍മ, ദീപിക പദുകോണ്‍, പ്രിയങ്ക ചോപ്ര തുടങ്ങിയ സെലിബ്രിറ്റികളെല്ലാം തങ്ങളുടെ വിവാഹദിനത്തില്‍ തിരഞ്ഞെടുത്തത് സബ്യസാചിയെയാണ്. ആലിയ ഭട്ട് 2024-ല്‍ മെറ്റ് ഗാല റെഡ് കാര്‍പ്പെറ്റില്‍ ധരിച്ചത് സബ്യസാചി ഡിസൈന്‍ തന്നെ. 

2022-ലെ കണക്കുകള്‍ പ്രകാരം 114 കോടി രൂപയാണ് സബ്യസാചിയുടെ ആസ്തി. റിപ്പോര്‍ട്ടുകള്‍ പ്രകാരം 2025-ല്‍ ബ്രാന്‍ഡ് പ്രതീക്ഷിക്കുന്ന വിറ്റുവരവ് 500 കോടിയാണ്. ചെറുപ്പകാലത്തെ വിഷാദമാണ് ഇന്ന് കാണുന്ന സബ്യസാചി ബ്രാന്‍ഡിലേക്ക് തന്നെ എത്തിച്ചതെന്ന് അദ്ദേഹം പറയും. അന്നത്തെ ആത്മഹത്യാശ്രമത്തിനുശേഷം സ്വപ്‌നം കണ്ടതുമുഴുവന്‍ പാരീസ് പോലുള്ള ഫാഷന്‍നഗരങ്ങളെയാണ്. ആ സ്വപ്‌നത്തിലേക്ക് അദ്ദേഹം എത്തിച്ചേരുകയും ചെയ്തു. 


 


 

Content Highlights: sabyasachi mukherjee battled depression and built an empire