‘പച്ചപ്പാൽ മുഖത്ത് പുരട്ടും, കുങ്കുമപ്പൂവ് ഇട്ട വെള്ളവും, വിശപ്പ് അറിയുമ്പോൾ മാത്രം ഭക്ഷണം’

സിനിമയിലെന്നപോലെ രാഷ്ട്രീയത്തിലും തിളങ്ങിനിൽക്കുന്ന താരമാണ് ഖുശ്ബു സുന്ദർ. 56-ാം വയസ്സിലും ചർമ്മത്തിലെ യുവത്വവും തിളക്കവും നിലനിർത്താൻ അവർ പിന്തുടരുന്ന വഴികൾ എന്തൊക്കെയെന്ന് അറിയാൻ ഏവർക്കും കൗതുകമുണ്ടാകും. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ തന്റെ സൗന്ദര്യത്തിന്റെയും ഫിറ്റ്നസിന്റെയും ചില ശീലങ്ങൾ ഖുശ്ബു വെളിപ്പെടുത്തുകയുണ്ടായി.
വിലകൂടിയ സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾക്കും സങ്കീർണ്ണമായ ട്രീറ്റ്‌മെന്റുകൾക്കും പിന്നാലെ പോകുന്നതിനേക്കാൾ സ്വാഭാവിക ചേരുവകൾക്കാണ് അവർ പ്രാധാന്യം നൽകുന്നത്. ദിവസവും രാവിലെ 4.30-നും 5-നും ഇടയിൽ ഉണരുന്ന ശീലമാണ് ഖുശ്ബുവിനുള്ളത്. പ്രഭാതത്തിൽ വീട്ടുകാർക്കായി ചായ തയ്യാറാക്കുന്നതിനിടയിൽത്തന്നെയാണ് അവർ ചർമ്മസംരക്ഷണത്തിനും സമയം കണ്ടെത്തുന്നത്. ചായയുണ്ടാക്കാൻ മാറ്റിവെക്കുന്ന തിളപ്പിക്കാത്ത പാൽ കുറച്ചെടുത്ത് മുഖത്ത് പുരട്ടുന്ന പതിവുണ്ടത്രെ. പച്ചപ്പാലിന് പുറമേ കുങ്കുമപ്പൂവ് ഇട്ടുവെച്ച വെള്ളം മുഖത്ത് അപ്ലൈ ചെയ്യാനും അവർ സമയം കണ്ടെത്താറുണ്ട്. ചില ദിവസങ്ങളിൽ തന്റെ മൂഡിനനുസരിച്ച് വെളിച്ചെണ്ണയോ ബദാം എണ്ണയോ ഉപയോഗിച്ച് മുഖം സൗമ്യമായി മസ്സാജ് ചെയ്യുന്നതും ഖുശ്ബുവിന്റെ ശീലമാണ്. ഈ പരിചരണങ്ങൾക്കായി ദിവസവും അരമണിക്കൂറോളം മാറ്റിവെക്കുമെന്നാണ് താരം പറയുന്നത്.
ഖുശ്ബുവിന്റെ ശാരീരിക മാറ്റവും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ 40 കിലോയിലധികം ഭാരമാണ് അവർ കുറച്ചത്. എന്നാൽ കഠിനമായ 'ക്രാഷ് ഡയറ്റുകൾ' വഴിയോ മണിക്കൂറുകളോളം ജിമ്മിൽ വ്യായാമം ചെയ്തോ അല്ല ഖുശ്ബു ഈ നേട്ടം കൈവരിച്ചത്. പകരം ജീവിതശൈലിയിൽ വരുത്തിയ സുസ്ഥിരമായ ചെറിയ മാറ്റങ്ങളാണ് സഹായിച്ചത്. ഭക്ഷണത്തോടുള്ള സമീപനത്തിൽ വരുത്തിയ മാറ്റമാണ് ഖുശ്ബുവിന്റെ വെയ്റ്റ് ലോസിന്റെ കാതൽ. വെറുതെ കയ്യിൽ കിട്ടുന്നതൊക്കെ ഇടയ്ക്കിടെ കഴിക്കുന്ന ശീലം അവർ പൂർണ്ണമായും ഒഴിവാക്കി. മനസ്സിന്റെ സംതൃപ്തിക്കോ രസത്തിനോ വേണ്ടിയല്ല, ശരീരം യഥാർത്ഥത്തിൽ വിശപ്പ് അറിയിക്കുമ്പോൾ മാത്രം ഭക്ഷണം കഴിക്കുക എന്നതാണ് പ്രധാനമെന്ന് അവർ ഓർമ്മിപ്പിക്കുന്നു.
കൂടാതെ, വലിയ പ്ലേറ്റിൽ നിറയെ ഭക്ഷണം വിളമ്പി കഴിക്കുന്നതിന് പകരം ചെറിയ പാത്രങ്ങൾ ഉപയോഗിക്കുന്ന ജാപ്പനീസ് രീതിയും ഖുശ്ബു ജീവിതത്തിൽ പകർത്തി. ജാപ്പനീസ് ആളുകൾ 80-ലും 90-ലും വരെ ആരോഗ്യത്തോടെ ഇരിക്കുന്നതിന് കാരണം ചെറിയ ബൗളുകളിൽ അളന്നു തിട്ടപ്പെടുത്തി ഭക്ഷണം കഴിക്കുന്നതാണെന്ന് ഖുശ്ബു ചൂണ്ടിക്കാണിക്കുന്നു. ശരീരത്തിന് യഥാർത്ഥത്തിൽ അത്രയും ഭക്ഷണം മാത്രമേ ആവശ്യമുള്ളൂ എന്ന് തിരിച്ചറിഞ്ഞ അവർ വീട്ടിലെ വലിയ പ്ലേറ്റുകൾ പൂർണ്ണമായും ഒഴിവാക്കി ചെറിയ പ്ലേറ്റിലേക്ക് മാറുകയായിരുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Khushbu Sundar maintains youthful skin at 56 using natural kitchen ingredients like raw milk and saffron water., She lost over 40kg in 5 years through sustainable lifestyle changes rather than crash diets., She practices mindful eating, consuming food only when genuinely hungry., She adopted the Japanese habit of using smaller plates and bowls to control portion sizes.