യുകെ വിപണിയിലെത്തുന്ന ആദ്യ സൗന്ദര്യവർദ്ധക ഇന്ത്യൻ ബ്രാൻഡ്; കടലു കടന്ന് കത്രീന കൈഫിന്റെ കേ ബ്യൂട്ടി

നടി കത്രീന കൈഫിന്റെ സൗന്ദര്യവര്‍ദ്ധക ബ്രാന്‍ഡായ കേ ബ്യൂട്ടിയെ യുകെയില്‍ അവതരിപ്പിച്ച് സ്‌പേസ് എന്‍കെ. ലോകമെമ്പാടുമുള്ള വൈവിധ്യമാര്‍ന്ന ആഡംബര, നിഷ് മേക്കപ്പ്, ചര്‍മ്മസംരക്ഷണ, വെല്‍നസ് ബ്രാന്‍ഡുകള്‍ തിരഞ്ഞെടുത്ത് വില്‍ക്കുന്ന യുകെ ആസ്ഥാനമായുള്ള ഒരു ഓണ്‍ലൈന്‍, റീട്ടെയില്‍ സ്റ്റോറാണ് സ്‌പേസ് എന്‍കെ. ബ്രാന്‍ഡിനും, ലോഞ്ചിന് ആതിഥേയത്വം വഹിക്കുന്ന സ്‌പേസ് എന്‍കെയ്ക്കും ഒരു നാഴികക്കല്ലാണിത്.
ആദ്യമായാണ് ഈ ബ്രിട്ടീഷ് ലക്ഷ്വറി ബ്യൂട്ടി റീട്ടെയിലര്‍ ഒരു ഇന്ത്യന്‍ സ്ഥാപകന്റെ ബ്രാന്‍ഡ് വിപണിയിലെത്തിക്കുന്നത്. യുകെയിലെ വൈവിധ്യമാര്‍ന്ന സൗന്ദര്യ സമൂഹത്തിന്റെ പ്രാതിനിധ്യത്തിലെ ഒരു മുന്നേറ്റമായാണ് ഈ അരങ്ങേറ്റത്തെ കാണുന്നത്. ലോഞ്ചിന് ശേഷം, കത്രീന ഈ വാര്‍ത്ത പങ്കുവെക്കാന്‍ ഇന്‍സ്റ്റാഗ്രാമിലെത്തി.
'ഒരുപാട് കാലത്തെ പ്രവര്‍ത്തനഫലമാണ്, ഒരുപാട് ആഗ്രഹത്തോടെ ഞങ്ങള്‍ ചെയ്ത ഒന്നാണിത്. വ്യക്തിത്വം, സൗന്ദര്യം, അതിലെ എല്ലാ വൈവിധ്യങ്ങളും ആഘോഷിക്കുന്ന ഒരു സമൂഹം വളര്‍ത്തിയെടുക്കുക എന്ന സ്വപ്നത്തില്‍ നിന്നാണ് കേ ബ്യൂട്ടി ആരംഭിച്ചത്. ഞങ്ങളെ സംബന്ധിച്ചിടത്തോളം, മേക്കപ്പ് എന്നത് പരീക്ഷണം നടത്താനും, സ്വയം പ്രകടിപ്പിക്കാനും, നിറങ്ങള്‍ കൊണ്ട് ആസ്വദിക്കാനുമുള്ള ഒരു മാര്‍ഗമാണ്.
ഇതുവരെയുള്ള യാത്ര അവിശ്വസനീയമായിരുന്നു, നിങ്ങള്‍ കേ ബ്യൂട്ടി പരീക്ഷിക്കുന്നതിനും നിങ്ങളുടെ ദിനചര്യയുടെ ഭാഗമാക്കുന്നതിനും ഞങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു' അവര്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
സ്‌പേസ് എന്‍കെയുടെ യുകെ വെബ്‌സൈറ്റിലൂടെയും രാജ്യത്തുടനീളമുള്ള തിരഞ്ഞെടുത്ത സ്റ്റോറുകളിലൂടെയുമാണ് ഇത് അവതരിപ്പിക്കുന്നത്. സ്‌പേസ് എന്‍കെ കേ ബ്യൂട്ടിക്കായി ഒരു പ്രത്യേക ബ്രാന്‍ഡ് പേജ് സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ, സെപ്റ്റംബര്‍ ആദ്യവാരം മുതല്‍ സ്റ്റോറുകളിലെ ഡിസ്പ്ലേകളും വിതരണവും ആരംഭിച്ചു.
മുഖം, ചുണ്ടുകള്‍, കണ്ണുകള്‍ എന്നിവയ്ക്കായുള്ള ഏകദേശം 197 ഉല്‍പ്പന്നങ്ങളാണ് യുകെക്കായി പ്രത്യേകം തിരഞ്ഞെടുത്തിരിക്കുന്നത്. ഏകദേശം 20 ഷേഡുകളില്‍ ലഭ്യമായ ഹൈഡ്രേറ്റിങ് ഫൗണ്ടേഷന്‍, ഹൈലൂറോണിക് ആസിഡും മൊറോക്കന്‍ ഓയിലും ചേര്‍ന്ന ഹൈഡ്രാ ക്രീം ലിപ്സ്റ്റിക്, ക്രീം-ടു-പൗഡര്‍ ഫിനിഷുള്ള വെല്‍വെറ്റ് ക്രീം ബ്ലഷ്, 24 മണിക്കൂര്‍ നിലനില്‍ക്കുന്ന കാജല്‍ ശ്രേണി എന്നിവ പ്രധാന ഇനങ്ങളില്‍ ഉള്‍പ്പെടുന്നു. ഇന്ത്യയില്‍ ഇതിനകം പ്രചാരത്തിലുള്ള ഐകാന്‍വാസ് പാലറ്റുകളും ലോഞ്ചിന്റെ ഭാഗമാണ്.
സ്‌പേസ് എന്‍കെയുടെ ഷോപ്പുകളില്‍ എത്തുന്ന ആദ്യത്തെ ഇന്ത്യന്‍ സ്ഥാപകന്റെ ബ്രാന്‍ഡാണിത്. യുകെയിലെ എഡിറ്റോറിയല്‍ കവറേജുകള്‍ ഇതിനെ പ്രാതിനിധ്യത്തിലെ ഒരു മുന്നേറ്റമായി ഉയര്‍ത്തിക്കാട്ടുന്നു. സെറാമൈഡുകള്‍, ചമോമൈല്‍ തുടങ്ങിയ സംരക്ഷണ ഘടകങ്ങള്‍ ഉപയോഗിച്ചുള്ള 'മേക്കപ്പ് ദാറ്റ് കെയര്‍സ്' എന്ന തത്വശാസ്ത്രവും ബ്രാന്‍ഡ് മുന്നോട്ട് വെക്കുന്നു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: kay beauty, katrina kaif`s beauty brand, makes its uk debut with Space NK, offering diverse makeup, skincare, and wellness products.