ആഘോഷവേളകളില്‍ സ്‌റ്റൈലിഷാവാം, പുതുമയും പഴമയും കൈകോര്‍ക്കുന്ന ആഭരണങ്ങളണിഞ്ഞ്

പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം

കമ്മലിലും മാലയിലും വളയിലും പുതിയ പുതിയ ട്രെന്‍ഡുകള്‍ പരീക്ഷിക്കുക ഒരു ഹരമാണ്. ഹെയര്‍ബാന്‍ഡ് തൊട്ട് ചെരുപ്പുവരെയുള്ള ആക്‌സസറികളില്‍ വളരെ വേഗത്തിലാണ് ഫാഷന്‍ മാറിവരുന്നതും. ഈ ആഘോഷങ്ങളുടെ കാലത്ത് പുതുമയാര്‍ന്ന ഒട്ടേറെ ആക്‌സസറികള്‍ വിപണിയില്‍ എത്തിയിട്ടുണ്ട്.

ജയ്പൂര്‍ ടച്ച്

ഉത്തരേന്ത്യന്‍ സ്‌റ്റൈലാണ് ജയ്പൂര്‍ കമ്മലിന്. ഇവ പ്രധാനമായും സില്‍വര്‍ നിറത്തിലാണ്. നിറയെ മുത്തുകള്‍ പതിപ്പിച്ചിരിക്കും. തട്ടുകളായി ജുംക്ക മോഡലിലുള്ള കമ്മലുകള്‍ക്കാണ് പ്രിയമേറെ. സാരിക്കൊപ്പവും ചുരിദാറുകള്‍ക്കൊപ്പവും ഏത് പ്രായക്കാര്‍ക്കും ഉപയോഗിക്കാം. ചെറിയ സ്റ്റഡും വലിയ തൂക്കും ഉള്ളവയാണ്. സ്റ്റഡുള്ള കമ്മലുകളും കൊളുത്തിയിടുന്ന കമ്മലുകളും ജയ്പൂരി സ്‌റ്റൈലില്‍ ഉണ്ട്.  

ബ്ലാക്ക് മെറ്റലില്‍ തീര്‍ത്ത മുത്തുകളുള്ള അഫ്ഗാനി കമ്മലുകളും ട്രെന്‍ഡാണ്. തട്ടുകളായുള്ള കമ്മലുകളില്‍ സ്റ്റോണുകളും അലുക്കുകളും തൂങ്ങിക്കിടക്കും. പച്ച, ചുവപ്പ്, മഞ്ഞ തുടങ്ങിയ നിറങ്ങളാണ് സ്‌റ്റോണുകളില്‍ വരുന്നത്. കാതുകള്‍ക്ക് കൂള്‍ ലുക്ക് കിട്ടാന്‍ ഏറ്റവും ഇണങ്ങിയതാണ് അഫ്ഗാനി ചമ്പാലി കമ്മലുകള്‍. അഫ്ഗാനിന്റെ പരമ്പരാഗത രീതി വിളിച്ചോതുന്നയാണ് ഈ കമ്മലുകള്‍. കളര്‍ ഗ്ലാസുകളാണ് കമ്മല്‍ നിര്‍മ്മിക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്. 

സാരിക്കൊപ്പവും മറ്റ് എത്‌നിക് വെയറിനൊപ്പവും ഉപയോഗിക്കാവുന്നതാണ് ജര്‍മ്മന്‍ സില്‍വര്‍ ജ്വല്ലറികള്‍. ത്രെഡ് വര്‍ക്ക് ജ്വല്ലറിയും ലഭ്യമാണ്. പരമ്പരാഗത ശൈലിയാണ് ഇതിന്. സ്വര്‍ണ്ണ നിറത്തിലുള്ള ചെറിയ സ്റ്റഡിനോടൊപ്പം സില്‍ക്ക് ത്രെഡ് വര്‍ക്കുള്ള ജുംക്കികള്‍ കാഴ്ചയ്ക്ക് സൂപ്പറാണ്!  ഫിനിഷിങ്ങിനായി ചെറിയ  മുത്തുകളും കാണും. സാരിക്കൊപ്പം അണിയുമ്പോള്‍ മാസ് ലുക്കാവും ലഭിക്കുക. 

കുന്ദന്‍ ജ്വലറി

വിവാഹത്തിന് തിളങ്ങാന്‍ കുന്ദന്‍ വര്‍ക്കുള്ള ജ്വല്ലറി തന്നെയാണ് ഏറ്റവും ഭംഗി. കല്ലുകളും രത്‌നങ്ങളും സ്വര്‍ണ്ണത്തില്‍ പതിപ്പിച്ച് മീനാകരി വര്‍ക്കിലാണ് ഈ ആഭരണം തയ്യാറാക്കുന്നത്. മറ്റു അധികം ആഭരണങ്ങള്‍ ഉപയോഗിക്കാതെതന്നെ ആകര്‍ഷകത്വം നേടാം എന്നതാണ് കുന്ദന്റെ മേന്മ. കുന്ദന്‍ മീന ജ്വല്ലറികളെപ്പോലെ പ്രശസ്തമാണ് കുന്ദന്‍ പോള്‍കി ജ്വല്ലറി. രണ്ടും ഇപ്പോള്‍ ട്രെന്‍ഡിലുണ്ട്.

ബ്ലാക്ക് മെറ്റല്‍ മൂക്കുത്തി

വലിപ്പമുള്ള ബ്ലാക് മെറ്റല്‍ മൂക്കുത്തിയാണ് ഫാഷന്‍. ചാര്‍ളി സിനിമയിലേത് പോലെ. പൂമ്പാറ്റ, പൂവ്, പ്ലെയിന്‍ ബ്ലാക് മെറ്റലില്‍ ചിത്രപ്പണികള്‍ തുടങ്ങി നിരവധി സ്‌റ്റൈലന്‍ മൂക്കുത്തികള്‍ ലഭ്യമാണ്. സില്‍വര്‍, ബ്രാസ്സ്, ബ്ലാക്‌മെറ്റല്‍ ഫിനിഷില്‍ ഇവ ലഭ്യമാണ്. ട്രൈബല്‍ ഡിസൈന്‍, കുന്ദന്‍ വര്‍ക്കുള്ളവ, ഇനാമല്‍- ഗ്ലാസ് വര്‍ക്കുകളുള്ളവ എന്നിങ്ങനെ വ്യത്യസ്തമായ മൂക്കുത്തികള്‍ ട്രെന്‍ഡാണ്. 

ടസ്സര്‍ സ്റ്റൈല്‍

ടസ്സര്‍ ഉപയോഗിച്ചുള്ള കമ്മലുകളും നെക്ലേസുകളും ഭംഗിയേറിയവയാണ്. വസ്ത്രത്തിനിണങ്ങിയ കളറില്‍ മാലയും കമ്മലും തിരഞ്ഞെടുക്കാമെന്നതും ഭാരക്കുറവുമാണ് പലരേയും ടസ്സറിലേക്ക് ആകര്‍ഷിക്കുന്നത്. വ്യത്യസ്തമായ നിറങ്ങളിലും, സൈസിലും, പാറ്റേണിലും, ഡിസൈനിലുമെല്ലാം ഇവ ലഭ്യമാണ്. പ്രകാശം നിറഞ്ഞ നിറങ്ങളും ഫിനിഷിങ്ങിലെ പൂര്‍ണ്ണതയുമാണ് ഈ ആഭരണങ്ങളുടെ സവിശേഷത. 

ടസ്സര്‍ ബാലി സ്‌റ്റൈല്‍ കമ്മലുകള്‍ അല്ലെങ്കില്‍ ജുംക്കകളും ട്രെന്‍ഡാണ്. സ്വര്‍ണ്ണനിറം അടിസ്ഥാനമാക്കി പിങ്ക് അല്ലെങ്കില്‍ റൂബി മുത്തുകള്‍ കോര്‍ത്താണ് ഇവ തയ്യാറാക്കുന്നത്. ഇവ കാഷ്വല്‍ ആയി ഉപയോഗിക്കാം. ഗോള്‍ഡല്‍ ജുംക്കയും കോപ്പര്‍ ബെയ്‌സ് മെറ്റലില്‍ വരുന്ന കമ്മലുകളും വിവാഹത്തിന് വധുവിനണിയാവുന്നതാണ്. ടസ്സറില്‍ അല്‍പ്പം കട്ടിയുള്ള കമ്മലുകളും ലഭ്യമാണ്. ടസ്സറില്‍ തീര്‍ത്ത ബ്രേസ്‌ലെറ്റുകളും വിപണിയില്‍ ഉണ്ട്. വിവിധ നിറങ്ങളില്‍ കോര്‍ത്ത ചെണ്ടുകള്‍. ടെസ്സറിന്റെ തന്നെ നൂലില്‍ തീര്‍ത്തതാണ് ഇവ. 

ത്രെഡ് വര്‍ക്കുള്ള ബ്ലാക് മെറ്റല്‍ മാലകളും ഫാഷന്‍പ്രേമികള്‍ക്ക് പ്രിയങ്കരമാണ്. ത്രെഡ് വര്‍ക്കില്‍ വലിയ ലോക്കറ്റുകള്‍ വരുന്ന മാലകള്‍ പ്രത്യേകിച്ചും. പരമ്പരാഗതമായുള്ള, ഒരു മാലയ്ക്ക് ഒരു ലോക്കറ്റ് എന്ന ശൈലി മാറിക്കഴിഞ്ഞു. രണ്ടോ മൂന്നോ ലോക്കറ്റുകളാണ് ഇപ്പോള്‍ സ്‌റ്റൈല്‍! ഇവയില്‍ ബ്ലാക് മെറ്റലില്‍ തീര്‍ത്ത ചിത്രപ്പണികള്‍ ഭംഗികൂട്ടുന്നു. ചോക്കര്‍ നെക്ലേസുകള്‍ക്കും നല്ല ഭംഗിയാണ്. ഇതില്‍ തന്നെ കറുപ്പ് ചോക്കറുകളാണ് താരങ്ങള്‍! പാര്‍ട്ടി വെയറായും, കാഷ്വല്‍ വെയറായും ചോക്കറുകള്‍ ഉപയോഗിക്കാം.

സ്വര്‍ണ്ണം-വെള്ളി നിറങ്ങളില്‍ കല്ലുകള്‍ പതിപ്പിച്ച സിംപിള്‍ മോതിരങ്ങളാണ് ഇന്ന് ട്രെന്‍ഡ്. കട്ടി കുറഞ്ഞ മോതിരത്തിന് മീതെ ചെറിയ ഒന്നോ രണ്ടോ കല്ലുകള്‍ പതിപ്പിക്കുന്നു. ഇവ തീര്‍ത്തും സ്റ്റാന്‍ഡേര്‍ഡ് ലുക്കാണ് നല്‍കുക. ഗോള്‍ഡന്‍ അല്ലെങ്കില്‍ സില്‍വര്‍ നിറത്തില്‍ വലിയ വളകളാണ് ഇപ്പോഴത്തെ ട്രെന്‍ഡ.് ഇവ പല നിറങ്ങളില്‍ ലഭ്യമാണ്. പ്ലെയിന്‍ വളയില്‍ ചെറിയ തൂക്കുകള്‍ ഉള്ളതും ഭംഗിയാണ്. വലിയ ഒറ്റവളയും അതോട് ചേര്‍ന്ന് രണ്ട് ചെറിയ വളകളും പുതുമതന്നെയാണ്. 

പോംപോം കമ്മല്‍

പല നിറത്തിലുള്ള ത്രെഡ്ഡുകള്‍ കൊണ്ടുള്ളവയാണ് പോം പോം കമ്മലുകള്‍. പതുപതുത്ത ഒരു കിളിക്കൂട് ചെവിയില്‍ തൂങ്ങിക്കിടക്കുന്ന ഫീല്‍ ആയിരിക്കും ഇത് അണിഞ്ഞാല്‍ ഉണ്ടാവുക. തീര്‍ത്തും ഭാരം കുറഞ്ഞവയാണ്. ഫിഷ് ഹുക്കില്‍ തൂക്കിയാണ് വരുന്നത്. ധരിക്കാന്‍ എളുപ്പമാണെന്നതാണ് പ്‌ളസ് പോയിന്റ്. പരമ്പരാഗത വസ്ത്രത്തോടൊപ്പവും ജീന്‍സിനൊപ്പവും അണിയാം. ഗോള്‍ഡന്‍ ചെയിനിന്റെ അറ്റത്ത് തൂങ്ങിയാടി നില്‍ക്കുന്ന പോം പോമിനാണ് ആവശ്യക്കാര്‍ കൂടുതല്‍. മള്‍ട്ടികളര്‍ ഡ്രോപ് ചെയിന്‍, സിംഗിള്‍ കളര്‍ ഫ്‌ളോറല്‍ പാറ്റേണ്‍, ലോങ് ഹാന്‍ഡിങ്, ഹൂപ്പ് പോം പോം, മിറര്‍ ആന്‍ഡ് പോം പോം ഡ്രോപ് ഇയറിങ്, ലോങ് പോം പോം പാര്‍ട്ടി ഇയറിങ്...എത്രയെത്ര സ്റ്റൈലുകള്‍...കമ്മലുകള്‍ കൂടാതെ പോം പോം ചെരിപ്പുകളും തരംഗമാണ്.

Content Highlights: jewellery and accessories trends