'ലബൂ ചോരി' 'ലബീന്ദര്‍' 'ലബൂ ജാന്‍' പിന്നെ 'ലബ് അമ്മ'യും ....കാണാം ലബൂബുവിന്റെ ഇന്ത്യന്‍ ഭാവങ്ങള്‍

വിശാലമായ കണ്ണുകളും കൂര്‍ത്ത പല്ലുകളുമുള്ള ഒരു ചെറിയ പാവ ഇന്റര്‍നെറ്റ് സെന്‍സേഷനായി മാറിയിട്ട് അധികകാലമായിട്ടില്ല. ആഗോള കളിപ്പാട്ട വിപണിയിലെ അതികായനായി മാറിയ 'ലബൂബു'വിന്റെ കഥ എല്ലാവരും ജിജ്ഞാസയോടെ കേട്ടിട്ടുണ്ടാകും. പ്രമുഖ താരങ്ങള്‍ തങ്ങളുടെ ഡിസൈനര്‍ ബാഗുകളില്‍ ലബൂബുവിനെ അലങ്കാരമായി തൂക്കി നടക്കുന്ന ചിത്രങ്ങള്‍ ക്യാമറകളില്‍ പതിഞ്ഞതോടെയാണ് ഈ കുഞ്ഞന്‍ പാവയുടെ പ്രശസ്തി കുതിച്ചുയര്‍ന്നത്. ഹോങ്കോങ് കലാകാരനായ ലുങ് കാസിങ് ആണ് ലബൂബുവിന്റെ സ്രഷ്ടാവ്. എന്നാല്‍ ഇപ്പോള്‍ ഈ തരംഗത്തെ ഒരു പുതിയ തലത്തിലേക്ക് ഉയര്‍ത്തിക്കൊണ്ട് ഒറിസ ലീ പട്‌നായിക് എന്ന സംരംഭക ലബൂബുവിന് ഇന്ത്യന്‍ ഭാവങ്ങള്‍ നല്‍കിയിരിക്കുകയാണ്. അവരുടെ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിലാണ് രാജ്യത്തിന്റെ സാംസ്‌കാരിക വൈവിധ്യത്തെ ആഘോഷിക്കുന്ന തരത്തില്‍ രാജസ്ഥാനി ലെഹങ്കകള്‍ മുതല്‍ മനോഹരമായ കേരള കസവു സാരികള്‍ വരെയുള്ള വേഷങ്ങളില്‍ ഒരുക്കിയിരിക്കുന്ന ലബൂബു പാവകളെ കാണാനാവുക.
ആദ്യ പോസ്റ്റില്‍ ഒഡീഷ, പശ്ചിമബംഗാള്‍, രാജസ്ഥാന്‍, കേരള, ജമ്മു കാശ്മീര്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളുടെ തനതായ രീതിയില്‍ ഒരുക്കിയ പാവകളെയാണ് അവര്‍ പങ്കുവെച്ചത്. ആ പോസ്റ്റ് ഉടന്‍ തന്നെ വൈറലാവുകയും നിരവധി ആളുകള്‍ പ്രോത്സാഹനവുമായി കമന്റ് ബോക്‌സില്‍ വന്നു നിറയുകയും ചെയ്തു. രണ്ടാം ഭാഗം വേണമെന്ന ആളുകളുടെ ആവശ്യപ്രകാരം മറ്റ് എട്ട് സംസ്ഥാനങ്ങളെ കൂടെ ഉള്‍പ്പെടുത്തി രണ്ടാമതൊരു പോസ്റ്റ് കൂടി അവര്‍ പങ്കുവെച്ചു. വസ്ത്രങ്ങളില്‍ മാത്രമല്ല ലബീന്ദര്‍, ലബൂ ജാന്‍ തുടങ്ങി ഓരോ പാവയ്ക്കും അതിന്റേതായ മനോഹരമായ പേരുകളും നല്‍കിയിട്ടുണ്ട്.
'ലബ് അമ്മ', കേരളാസാരിയുടുത്ത് മനോഹരിയായി നില്‍ക്കുന്ന ലബുബുവാണിത്. കട്ടിയുള്ള സ്വര്‍ണ്ണക്കരയുള്ള കസവുസാരിയുടുത്ത്, ലബ് അമ്മ കേരളീയ വധുവിന്റെ സൗന്ദര്യം പ്രസരിപ്പിക്കുന്നു. അടുക്കുള്ള സ്വര്‍ണ്ണമാലകളും, തടിച്ച വളകളും, അലങ്കരിച്ച ജിമിക്കികളും മുല്ലപ്പൂ ചൂടിയ അവളുടെ മെടഞ്ഞ മുടിയില്‍ മനോഹരമായി തിളങ്ങുന്നു. സ്വര്‍ണ്ണ മൂക്കുത്തിയും ആ പരമ്പരാഗത രൂപം പൂര്‍ണ്ണമാക്കുന്നു.
ലബൂ ബൗ എന്നാണ് ഒഡീഷയുടെ തനതായ വസ്ത്രം ധരിപ്പിച്ച പാവയ്ക്ക് നല്‍കിയ പേര്. ലബൂ ബൗവിന്റെ കറുപ്പും ചുവപ്പും ചേര്‍ന്ന സാംബല്‍പുരി സാരിക്ക് ഒരു പ്രത്യേക മനോഹാരിതയുണ്ട്. വെള്ളി ആഭരണങ്ങളില്‍ വലിയ ജിമിക്കികളും, അടുക്കുള്ള മാലകളും, അടുക്കി വെച്ച വളകളും ഉള്‍പ്പെടുന്നു. മുടിയിലെ ചുവന്ന പൂക്കള്‍ ആകര്‍ഷകമാണ്. വലിയ ചുവന്ന പൊട്ടും മൂക്കുത്തിയും കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പശ്ചിമ ബംഗാളിന്റെ പാവ 'ലബൗഡി' യാണ്. ക്ലാസിക് വെള്ളയും ചുവപ്പും ചേര്‍ന്ന ബംഗാളി സാരിയില്‍ തിളങ്ങുന്ന ലബൗഡി ഒരു ഉത്സവ പ്രതീതി നല്‍കുന്നു. ചുവന്ന ബ്ലൗസും, അടുക്കുള്ള സ്വര്‍ണ്ണമാലകളും, നെറ്റിയുടെ നടുവിലായി ഒരു വലിയ ചുവന്ന പൊട്ടുമാണ് ഇതിലുള്ളത്. തനതായ ശൈലിയിലുള്ള വളകളും ലളിതമായ സ്വര്‍ണ്ണ മൂക്കുത്തിയും ദുര്‍ഗ്ഗാ പൂജയ്ക്ക് തയ്യാറായ രൂപം പൂര്‍ണ്ണമാക്കുന്നു.
ഫുല്‍കാരി എംബ്രോയ്ഡറിയില്‍ നിറഞ്ഞ് പഞ്ചാബി 'ലബീന്ദര്‍' കടും പിങ്ക് നിറത്തിലുള്ള കുര്‍ത്തയും കടും നീല സല്‍വാറും ധരിച്ചിരിക്കുന്നു. പൂക്കളുടെ നൂല്‍ കൊണ്ടുള്ള ഡിസൈന്‍ ഈ രൂപത്തിന്റെ പ്രധാന ആകര്‍ഷണമാണ്. തിളക്കമുള്ള ദുപ്പട്ടയില്‍ കണ്ണാടി പതിച്ച അലങ്കാരങ്ങളും ഉണ്ട്. ജിമിക്കികള്‍, ഒരു സ്റ്റേറ്റ്‌മെന്റ് മാംഗ് ടിക്ക, ചുവന്ന ചൂഡാ വളകള്‍ എന്നിവയെല്ലാം ഈ ലുക്കിനെ പൂര്‍ണ്ണമാക്കുന്നു. സങ്കീര്‍ണ്ണമായ പേസ്ലി ഡിസൈനുകള്‍ നെയ്‌തെടുത്ത മെറൂണ്‍ ഫെറനും അതിന് ചേര്‍ന്ന ശിരോവസ്ത്രവും അണിഞ്ഞ് ജമ്മു കശ്മീരിന്റെ ലബൂ ജാനും അതിശയിപ്പിക്കുന്നു. വെള്ളി ആഭരണങ്ങള്‍ രാജകീയമാണ്. അടുക്കുള്ള മാലകള്‍, ഭാരമുള്ള കമ്മലുകള്‍, ചങ്ങലയോടുകൂടിയ മൂക്കുത്തി. വിശദമായ എംബ്രോയ്ഡറി ഒരു തനത് കശ്മീരി വിവാഹത്തിന്റെ പ്രതീതി നല്‍കുന്നു.
കണ്ണാടി പതിപ്പിച്ച എംബ്രോയ്ഡറിയുള്ള, ചുവപ്പ് നിറത്തിലുള്ള ഘാഗ്ര ചോളിയില്‍, രാജസ്ഥാന്‍ 'ലബൂ ചോരി' മരുഭൂമിയിലെ രാജകുമാരിയുടെ പ്രഭാവം നല്‍കുന്നു. വലിയ ഓക്‌സിഡൈസ്ഡ് ആഭരണങ്ങള്‍ ധരിച്ചിരിക്കുന്നു. സ്വര്‍ണ്ണക്കരകളുള്ള ആഡംബരപൂര്‍ണ്ണമായ പൈത്താനി സാരിയില്‍ ലബുബായ് മഹാരാഷ്ട്രയ്ക്ക് ആദരവ് അര്‍പ്പിക്കുന്നു. മറാഠി മൂക്കുത്തി, ചന്ദ്രക്കല പൊട്ട്, പച്ച ഗ്ലാസ് വളകള്‍, അടുക്കുകളായുള്ള സ്വര്‍ണ്ണ ഹാരം എന്നിവയുമുണ്ട്. തനതായ ഉത്സവ പ്രതീതി നല്‍കാനായി, ഭംഗിയായി കെട്ടിവെച്ച മുടിക്കെട്ട് ഗജ്ര കൊണ്ട് അലങ്കരിച്ചിരിക്കുന്നു. മിറര്‍ വര്‍ക്കും മനോഹരമായ എംബ്രോയിഡറിയും നിറഞ്ഞ വര്‍ണ്ണാഭമായ ചനിയ ചോളിയണിഞ്ഞ് ലബുബെന്‍ നവരാത്രിയുടെ പ്രതീതി ഉണര്‍ത്തുന്നു. അവള്‍ സ്വര്‍ണ്ണാഭരണങ്ങളും ഒരു മാഥാ പട്ടിയും അണിഞ്ഞൊരുങ്ങിയിരിക്കുന്നു. ഗുജറാത്തി ശൈലിയില്‍ ചുറ്റിയ തിളക്കമുള്ള ഒരു ദുപ്പട്ട ഗര്‍ബയ്ക്ക് തയ്യാറായ രൂപത്തിന് പൂര്‍ണ്ണത നല്‍കുന്നു. കസവിന്റെ ചാരുത മുതല്‍ സാംബല്‍പുരിയുടെ ഗാംഭീര്യം വരെ ഈ ലബൂബു സീരീസ് അവതരിപ്പിക്കുന്നു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: artist orissa lee patnaik dresses laboobu dolls in traditional Indian attire, celebrating the country`s diverse cultural heritage.