നാലര ലക്ഷത്തിന്റെ ക്ലച്ച് പേഴ്‌സുമായി ഉർവശി കാനിൽ; അതിനാടകീയമെന്ന് സോഷ്യൽമീഡിയ

ഉർവശി റൗട്ടേല / GettyImages
ഉർവശി റൗട്ടേല / GettyImages

ഇന്നലെയാണ് കാൻ ഫെസ്റ്റിവലിന് തുടക്കം കുറിച്ചത്. ആദ്യദിവസം തന്നെ ഇന്ത്യയിൽനിന്ന് റെഡ് കാർപ്പറ്റിലെത്തിയത് നടി ഉർവശി റൗട്ടേലയാണ്. എന്നാൽ വസ്ത്രത്തിന്റെ പേരിൽ ട്രോളിങ് നേരിട്ടുകൊണ്ടിരിക്കുകയാണ് ഉർവശി. 

ഫിഷ് ടെയ്ൽ സ്റ്റൈലിലുള്ള മൾട്ടികളർ ഗൗൺ ധരിച്ചാണ് ഉർവശി എത്തിയത്. കൈയിലൊരു തത്തയുടെ ആകൃതിയിലുള്ള ക്ലച്ചും. ഹൈ മേക്കപ്പാണ് ഇതിനൊപ്പം അവർ തിരഞ്ഞെടുത്തത്. തലയിൽ ഹെവി ടിയാരയും ഹെവി ഇയർപീസും. ജൂഡിത് ലീബർ ബ്രാൻഡിന്റെ ഈ ക്രിസ്റ്റൽ പാരറ്റിന് നാലര ലക്ഷം രൂപയാണ് വില. 

ഹൈ മേക്കപ്പ് ലുക്കും ക്ലച്ചുമാണ് വിമർശനങ്ങൾക്കിടയാക്കിയത്. അതിനാടകീയതയാണ് ഉർവശിയുടെ ലുക്കിൽ ഉള്ളതെന്ന് നെറ്റിസൺസ് പറയുന്നു. 'കാനിൽ ആദ്യമായി തത്തയുമായി എത്തിയ സ്ത്രീ', 'അമിതമായ അഭിനയം, അമിതമായ മേക്കപ്പ്...ഇവർക്ക് മടുക്കില്ലേ?' കമന്റുകൾ നിറയുകയാണ്. കഴിഞ്ഞവർഷവും ഉർവശി കാനിലെത്തിയിരുന്നു. ന്യൂഡ് ഷെയ്ഡിലുള്ള ഗൗണാണ് അന്ന് ധരിച്ചത്.

മെയ് 24 വരെയാണ് കാൻ നീണ്ടുനിൽക്കുക. ആലിയ ഭട്ട്, ഐശ്വര്യ റായ്, ജാൻവി കപൂർ, ഷർമിള ടാഗോർ, ശാലിനി പസി തുടങ്ങിയവർ ഇന്ത്യയിൽനിന്ന് കാനിലെത്തും. സത്യജിത് റായുടെ 'അരണ്യേർ ദിൻ രാത്രി' (1970) എന്ന സിനിമ കാൻ ക്ലാസിക്‌സ് വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നുണ്ട്. ആ പ്രീമിയറിന്റെ ഭാഗമായിട്ടാണ് ഷർമിള ടാഗോർ വരുന്നത്. 2009-ൽ ജൂറിയംഗവുമായിരുന്നു അവർ. 'ലാപതാ ലേഡീസ്' എന്ന സിനിമയിലെ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച നിതാൻഷി ഗോയലും റെഡ് കാർപ്പറ്റിലെത്തും. അതോടെ റെഡ് കാർപ്പറ്റിൽ വരുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻതാരവുമാവും നിതാൻഷി. കഴിഞ്ഞവർഷം ഗ്രാൻഡ് പ്രീ നേടിയ 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' എന്ന ചിത്രത്തിന്റെ സംവിധായിക പായൽ കപാഡിയ ഇത്തവണ ഇന്ത്യയിൽനിന്നുള്ള ജൂറിയംഗമാണ്. 


 

Content Highlights: urvashi rautela walks cannes red carpet with parrot clutch