90 ചെണ്ടുമല്ലികള്‍, ആയിരത്തോളം മുല്ലമൊട്ടുകള്‍; മനോഹരമായ ഈ ദുപ്പട്ട തയ്യാറാക്കിയതിങ്ങനെ

രാധിക മെര്‍ച്ചെന്റ് / ഫോട്ടോ: Instagram/rhea kapoor
രാധിക മെര്‍ച്ചെന്റ് / ഫോട്ടോ: Instagram/rhea kapoor

അനന്ത് അംബാനി-രാധിക മെര്‍ച്ചെന്റ് വിവാഹത്തിന്റെ ഒരുക്കങ്ങളിലാണ് അംബാനി കുടുംബം. എന്‍ഗേജ്‌മെന്റ്, പ്രീ വെഡിങ്, മെഹന്ദി, ഹല്‍ദി...ഇനി വിവാഹത്തിനായുള്ള കാത്തിരിപ്പാണ്. ജൂലായ് 12-ന് മുംബൈയിലെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍വെച്ചാണ് വിവാഹം. അതിനിടയില്‍ ഹല്‍ദിക്ക് രാധിക അണിഞ്ഞ ലെഹംഗ-ചോളി ഫാഷനിസ്റ്റകളുടെ മനംകവരുകയാണ്.

നിറയെ വര്‍ക്കുകളുള്ള മഞ്ഞ ലെഹംഗ. ഒപ്പം സ്ലീവ്‌ലെസ് ബ്ലൗസും. അതിന്റെ കൂടെ ധരിച്ച ദുപ്പട്ടയാണ് പ്രത്യേകത. മുല്ലമൊട്ടുകളും ചെണ്ടുമല്ലിയും മനോഹരമായി കോര്‍ത്തതാണ് ദുപ്പട്ട. മുല്ലമൊട്ടുകള്‍ മാത്രമുള്ള ദുപ്പട്ടയുടെ ബോര്‍ഡറിലാണ് മഞ്ഞചെണ്ടുമല്ലി കോര്‍ത്തിരിക്കുന്നത്. അതിനൊപ്പം മുല്ലമൊട്ടുകള്‍ കൊണ്ടുള്ള ഡബിള്‍ നെക്ലേസും കമ്മലും കലീറയും കൂടിയായപ്പോള്‍ ഭംഗി കൂടി. 

ആയിരക്കണക്കിന് മുല്ലമൊട്ടുകളാണ് ഈ ദുപ്പട്ടയില്‍ ഉപയോഗിച്ചിരിക്കുന്നത്. ഒപ്പം 90 ചെണ്ടുമല്ലിപ്പൂക്കളും. ഫ്‌ളോറല്‍ ആര്‍ട്ട് ഡിസൈന്‍ സ്റ്റുഡിയോ ആണ് ഈ ദുപ്പട്ടയ്ക്ക് പിന്നില്‍. 24 മണിക്കൂര്‍ കൊണ്ടാണ് ഈ ദുപ്പട്ട തയ്യാറാക്കിയതെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. ഓരോ പൂക്കളും ഭംഗിയായി അടുക്കുകയായിരുന്നു.   

ഡിസൈനര്‍ അനാമിക ഖന്നയാണ് ഈ ഡ്രസ്സ് തയ്യാറാക്കിയിരിക്കുന്നത്. സ്റ്റൈലിങ് ചെയ്തിരിക്കുന്നത് സിനിമാനിര്‍മാതാവും സെലിബ്രിറ്റി സ്റ്റൈലിസ്റ്റും കൂടിയായ റിയ കപൂര്‍. ഹല്‍ദിക്ക് ഒരു റെഡ് ലെഹംഗയും രാധിക ധരിച്ചിരുന്നുവെങ്കിലും, ആളുകളുടെ ശ്രദ്ധയാകര്‍ഷിച്ചത് മഞ്ഞ ലെഹംഗ തന്നെയാണ്. സല്‍മാന്‍ ഖാന്‍, സാറ അലിഖാന്‍, രണ്‍വീര്‍ സിങ്, അനന്യ പാണ്ഡെ, ഖുഷി കപൂര്‍, ജാന്‍വി കപൂര്‍ തുടങ്ങിയവരും ഹല്‍ദിയില്‍ പങ്കെടുത്തു.
 

Content Highlights: haldi look of radhika merchant