ഫ്രാൻസിസ് മാർപാപ്പയ്ക്കും പോപ്പ് ബെനഡിക്ട് പതിനാറാമനും വസ്ത്രമൊരുക്കിയ ഡിസൈനർ

ഇറ്റാലിയൻ ഡിസൈനററും ഫാഷൻ കമ്പനിയായ അറ്റ്‌ലിയർ ലാവ്‌സിന്റെ ഉടമയുമാണ് ഫിലിപ്പോ സോച്ചിനെല്ലി. അതിനൊപ്പം ഫെർഫ്യൂമറും ആർട്ടിസ്റ്റും കൂടിയാണ് അദ്ദേഹം. എന്നാൽ, ഫിലിപ്പോ ലോകപ്രശസ്തനായത് മറ്റൊരു കാരണം കൊണ്ടാണ്. പോപ് ബെനഡിക്ട് പതിനാറാമനും പോപ് ഫ്രാൻസിസിനും വസ്ത്രങ്ങൾ ഡിസൈൻ ചെയ്ത്, തുന്നിക്കൊടുത്തതിന്റെ പേരിലാണത്.
ഇറ്റലിയിലെ മൊണ്ടോൾഫോയിലാണ് അദ്ദേഹം ജനിച്ചത്. പാരമ്പര്യമായി നെയ്ത്തും തയ്യലുമായിരുന്നു കുടുംബാംഗങ്ങളുടെ തൊഴിൽ. കാലക്രമേണ അതിലേക്ക് ഫിലിപ്പോയും കടന്നുവരികയായിരുന്നു. അതിനുശേഷം പല മേഖലകളിൽ കൈവെച്ചു. ഫോട്ടോഗ്രാഫി, പെയിന്റിങ്, പെർഫ്യൂമർ, ഫാഷൻ ഡിസൈനിങ്...അദ്ദേഹം എത്തിച്ചേരാത്ത മേഖലകൾ ചുരുക്കമാണ്. അതിനിടയിലാണ് അറ്റ്‌ലിയർ ലാവ്‌സിന് തുടക്കമിടുന്നതും.
2007-ലാണ് പോപ് ബെനഡിക്ട് പതിനാറാമനുവേണ്ടി വസ്ത്രം ഡിസൈൻ ചെയ്യുന്നത്. 50-ലേറെ വസ്ത്രങ്ങളാണ് അദ്ദേഹത്തിനായി തയ്യാറാക്കിയത്. ബെനഡിക്ട് പതിനാറാമൻ കാലംചെയ്തപ്പോൾ, അദ്ദേഹത്തെ ധരിപ്പിച്ച പോപ് ഹാറ്റ് ഡിസൈൻ ചെയ്യാനുള്ള ഭാഗ്യവും ഈ ഇറ്റാലിയൻ ഡിസൈനറിനു കിട്ടി. 2013-ലാണ് ഫ്രാൻസിസ് മാർപാപ്പയ്ക്കായി വസ്ത്രം തയ്യാറാക്കുന്നത്. ക്രീം, വെള്ള, സ്വർണനിറങ്ങളിലുള്ള ലളിതമായ ഡിസൈനായിരുന്നുവത്. ചില ഡിസൈനുകൾ പൂർത്തിയാക്കാൻ 1000 മണിക്കൂർ വരെ എടുക്കുമെന്നാണ് ഫിലിപ്പോ പറയുന്നത്.
20 വർഷമായി ഇറ്റലിയിൽ ഏറ്റവും കൂടുതൽ ഡിമാന്റുള്ള ഡിസൈനറാണ് അദ്ദേഹം. കർദിനാൾ, ബിഷപ്പ് തുടങ്ങിയവർക്കും അദ്ദേഹം വസ്ത്രം ഡിസൈൻ ചെയ്യുന്നുണ്ട്. തന്റെ ഉള്ളിലുള്ള മതപരമായ വിശ്വാസമാണ് വൈദികർക്കായി വസ്ത്രങ്ങൾ ഡിസൈൻ ചെയ്യുന്നതിലേക്ക് എത്തിച്ചതെന്ന് അദ്ദേഹം പറയുന്നു. ''ചെറുപ്പം മുതലേ മതവിശ്വാസം ഉള്ളിൽ കൊണ്ടുനടക്കുന്നയാളാണ് ഞാൻ. ഞങ്ങളുടെ വീടിനടുത്തുള്ള പള്ളി വൃത്തിയാക്കാനും മറ്റും കുട്ടിക്കാലം മുതൽ അമ്മയ്‌ക്കൊപ്പം പോകുമായിരുന്നു. ഇതൊക്കെ പിന്നെ എന്റെ ജീവിതത്തിന്റെ ഭാഗമായി മാറി''. അദ്ദേഹം പറഞ്ഞു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Italian designer Filippo Sorcinelli crafts vestments for Pope Benedict XVI and Pope Francis. Learn about his journey from family weaving tradition to high-end liturgical design