വെറും ചെരിപ്പും കണ്ണടയുമല്ല...കോടികള്‍ മറിയുന്ന ലേലമാര്‍ക്കറ്റിലെ കഥകള്‍

ലേഡി ഗാഗ /Image: Getty Images
ലേഡി ഗാഗ /Image: Getty Images

സിനിമയിലും ജീവിതത്തിലും പ്രശസ്തര്‍ ഉപയോഗിക്കുന്ന പല വസ്തുക്കളും ആളുകള്‍ കൗതുകത്തോടെയാണ് നോക്കാറുള്ളത്. അത് ലേലത്തില്‍ വെക്കുമ്പോള്‍, ആവേശത്തോടെ അവര്‍ വാങ്ങിക്കൂട്ടുകയും ചെയ്യും. കണ്ണട, ചെരുപ്പ്, വസ്ത്രങ്ങള്‍, പേന...എന്തിനേറെപ്പറയുന്നു മുടി, പല്ല്, അടിവസ്ത്രം, കിഡ്‌നി സ്റ്റോണ്‍ വരെ ലേലത്തില്‍ വാങ്ങാന്‍ ആളുകളുണ്ട്. ആരാധകര്‍ അത് പൊന്നുംവില കൊടുത്താണ് വാങ്ങിക്കൂട്ടുന്നത്. പലപ്പോഴും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായാണ് ലേലം നടത്തുക.     
ഐശ്വര്യ റായും മാധുരി ദീക്ഷിത്തും ഷാരൂഖ് ഖാനും തകര്‍ത്തഭിനയിച്ച പ്രണയചിത്രമാണ് ദേവ്ദാസ്. അതിലെ മാര്‍ ഡാലാ എന്ന പാട്ടുസീനില്‍, ഒരു പച്ച ലെഹംഗയാണ് മാധുരി ദീക്ഷിത് ധരിക്കുന്നത്. ഹെവി എംബ്രോയ്ഡറി ചെയ്ത ലെഹംഗയ്‌ക്കൊപ്പം ദുപ്പട്ടയുമുണ്ട്. അത് വര്‍ഷങ്ങള്‍ക്കുശേഷം ലേലത്തില്‍ വെച്ചപ്പോള്‍ മൂന്നുകോടി രൂപയാണ് കിട്ടിയത്. 

മാധുരി ദീക്ഷിത്

2001-ലെ സൂപ്പര്‍ഹിറ്റ് സിനിമയാണ് ലഗാന്‍. അതില്‍ ക്രിക്കറ്റ് കളിക്കാനായി ആമിര്‍ ഖാന്‍ ഉപയോഗിച്ചൊരു മരത്തിന്റെ ബാറ്റുണ്ട്. പിന്നീട് ലഗാനിലെ മുഴുവന്‍ അഭിനേതാക്കളും ഒപ്പുവെച്ച ആ ബാറ്റ് ഒന്നരലക്ഷത്തിലേറെ രൂപയ്ക്കാണ് ലേലത്തില്‍ പോയത്. മുഛ്‌സേ ശാദി കരോഗി എന്ന സിനിമയിലെ ഒരു പാട്ടുസീനില്‍ സല്‍മാന്‍ ഖാന്‍ ഒരു ടവ്വലും വെച്ചാണ് നൃത്തം ചെയ്യുന്നത്. ആ ടവ്വലിന് ഒന്നേമുക്കാല്‍ ലക്ഷം രൂപയാണ് ലേലത്തില്‍ കിട്ടിയത്. ഇത് നമ്മുടെ നാട്ടിലെ കാര്യം. ലക്ഷങ്ങളും വളരെ അപൂര്‍വമായി മാത്രം കോടികളും മറിയുന്ന ലേലം. എന്നാല്‍, വിദേശത്തെ കാര്യം അങ്ങനെയല്ല. അവിടെ സിനിമയുടെ പോസ്റ്ററുകള്‍ പോലും വമ്പന്‍തുകയ്ക്കാണ് ലേലം വിളിച്ചെടുക്കുന്നത്. 
1927-ലെ മെട്രോപോളിസ് സിനിമയുടെ പോസ്റ്റര്‍ അഞ്ചുകോടിയിലേറെ രൂപയ്ക്കാണ് ലേലത്തില്‍ പോയത്. ഇത്തരത്തില്‍ നാല് പോസ്റ്ററുകള്‍ മാത്രമേ ഇന്ന് ലോകത്തുള്ളൂ എന്നാണ് പറയപ്പെടുന്നത്. സ്റ്റാര്‍ വാര്‍സ് എപ്പിസോഡ് 5-ദ എംപയര്‍ സ്‌ട്രൈക്ക്‌സ് ബാക്ക് എന്ന സിനിമയില്‍ ഡേവിഡ് പ്രോസ് ധരിച്ച ഹെല്‍മെറ്റ് ലേലത്തില്‍ വെക്കുമ്പോള്‍, സംഘാടകര്‍ പ്രതീക്ഷിച്ചത് ഏകദേശം മൂന്നര കോടി രൂപയാണ്. കിട്ടിയത് ആറര കോടിയും. 

മര്‍ലിന്‍ മണ്‍റോ ഗൗണിട്ട് കിം കര്‍ദഷിയാന്‍

അമേരിക്കന്‍ പ്രസിഡന്റായിരുന്ന ജോണ്‍ എഫ്.കെന്നഡിയുടെ പിറന്നാളിന് മര്‍ലിന്‍ മണ്‍റോ പാടിയ ഹാപ്പി ബര്‍ത്ത്‌ഡേ സോങ് വളരെ പ്രശസ്തമാണ്, ഹാപ്പി ബര്‍ത്ത്‌ഡേ മിസ്റ്റര്‍ പ്രസിഡന്റ്...ക്ഷണിക്കപ്പെട്ട അതിഥികളുടെ മുന്നില്‍, സ്റ്റേജില്‍നിന്ന് ആ പാട്ട് പാടുമ്പോള്‍ ധരിച്ചിരുന്നത് മനോഹരമായ ടൈറ്റ് ഫിറ്റിങ് ഫുള്‍ഗൗണായിരുന്നു. ശരീരത്തിന്റെ നിറത്തിലുള്ള ആ വസ്ത്രത്തില്‍, അപൂര്‍വമായ 2500-ലേറെ വജ്രങ്ങളാണ് പതിപ്പിച്ചിരുന്നത്. 2016-ല്‍ ലോസ് ആഞ്ചല്‍സില്‍ ലേലത്തില്‍ വെച്ചപ്പോള്‍ 380 മില്യണ്‍ രൂപയാണ് അതിനു കിട്ടിയത്. ഇതൊരു ഗിന്നസ് റെക്കോഡ് കൂടിയാണ്. 2022-ല്‍ വീണ്ടും ഈ ഗൗണ്‍ വാര്‍ത്തകളില്‍ നിറഞ്ഞു. അത്തവണത്തെ മെറ്റ് ഗാലയില്‍ കിം കര്‍ദഷിയാന്‍ ഈ ഗൗണ്‍ ധരിച്ചെത്തി. ഈ ടൈറ്റ് ഫിറ്റ് വസ്ത്രം ധരിക്കാനായി മൂന്നാഴ്ച കൊണ്ട് ഏഴുകിലോ ഭാരമാണ് കിം കുറച്ചത്. മെറ്റ് ഗാലയില്‍ ആദ്യത്തെ അഞ്ചുമിനുട്ട് മാത്രമാണ് ഒറിജിനല്‍ ഗൗണ്‍ ധരിച്ചത്. കേടുപാടുകള്‍ സംഭവിക്കാതിരിക്കാനായി പിന്നീടത് മാറ്റി, അതേപോലുള്ള മറ്റൊരു ഗൗണിടുകയും ചെയ്തു. 1954-ലെ മര്‍ലിന്‍ മണ്‍റോയുടെ ചെസ്റ്റ് എക്‌സ്‌റേയും 2010-ല്‍ ലേലത്തിനായി വെച്ചു. മൂന്ന് എക്‌സ്‌റേയ്ക്ക് അന്ന് 37 ലക്ഷമാണ് ഒരാള്‍ ചെലവഴിച്ചത്.

മൈക്കിള്‍ ജാക്‌സന്റെ ജാക്കറ്റ്/Image: Reuters

ലേലമാര്‍ക്കറ്റിലെ മറ്റൊരു വമ്പന്‍താരമാണ് മൈക്കിള്‍ ജാക്‌സണ്‍. 1983-ല്‍ ഒരു വേദിയിലാണ് ജാക്‌സണ്‍ ആദ്യമായി മൂണ്‍വാക്ക് സ്റ്റെപ്പ് പരീക്ഷിക്കുന്നത്. അന്ന് ഒറ്റക്കയ്യില്‍ മനോഹരമായൊരു ഗ്ലൗവ്‌സും ധരിച്ചിരുന്നു. നിറയെ ക്രിസ്റ്റലുകളുള്ള വെള്ള ഗ്ലൗവ്‌സ്. 2009-ല്‍ രണ്ടുകോടിയിലേറെ രൂപയാണ് ലേലത്തുകയായി ഇതിനു കിട്ടിയത്. 1989-ല്‍ ബാഡ് വേള്‍ഡ് ടൂര്‍ നടത്തുമ്പോള്‍ ധരിച്ചിരുന്നൊരു ജാക്കറ്റുണ്ട്. കറുപ്പ് ലെതറിലുള്ള സ്റ്റൈലിഷ് ജാക്കറ്റ്. 2018-ലെ ലേലത്തില്‍ രണ്ടര കോടി രൂപയാണ് കിട്ടിയത്. അദ്ദേഹത്തിന്റെ തന്നെ ത്രില്ലര്‍ ജാക്കറ്റ് ലേലത്തില്‍ വെച്ചപ്പോള്‍ ലഭിച്ചത് 13 കോടി രൂപയും. കറുപ്പും ചുവപ്പും നിറങ്ങളിലുള്ള ജാക്കറ്റാണിത്. 2009-ല്‍ അദ്ദേഹത്തിന്റെ മരണശേഷം ഒരുപാട് സ്വകാര്യവസ്തുക്കള്‍ ലേലത്തില്‍ വെച്ചിരുന്നുവെങ്കിലും, ഏറ്റവും കൂടുതല്‍ തുക കിട്ടിയത് ഈ ജാക്കറ്റിനുതന്നെ.  
ടൈറ്റാനിക്കില്‍ റോസ് (കെയ്റ്റ് വിന്‍സ്ലെറ്റ്) ജാക്കിനെ (ലിയോണാര്‍ഡോ ഡി കാപ്രിയോ) ആദ്യമായി കാണുമ്പോള്‍ ധരിച്ചൊരു ഡ്രസ്സുണ്ട്. കറുപ്പും മെറൂണും നിറത്തിലുള്ള ഒരു ഫുള്‍ ഡ്രസ്സ്. ഷൂട്ടിങ്ങിനിടയില്‍ വെള്ളം വീണ് ആ ഗൗണിന് ചെറിയ കേടുപാടുകള്‍ പറ്റിയിരുന്നു. എന്നിട്ടും 2012-ല്‍ ലേലത്തില്‍ വെച്ചപ്പോള്‍ രണ്ടേമുക്കാല്‍ കോടി രൂപയാണതിന് കിട്ടിയത്. എലിസബത്ത് ടെയ്‌ലറുടെ ഒരു മാല വിറ്റത് ഞെട്ടിപ്പിക്കുന്ന തുകയ്ക്കാണ്, 96 കോടി രൂപ. പേളും ഡയമണ്ടും റൂബിയുമെല്ലാമടങ്ങിയ മാലയായിരുന്നുവത്. 
ലേഡി ഗാഗയുടെ ടൂര്‍ പരിപാടിക്കിടയില്‍ ഒരു അക്രിലിക് നെയില്‍, എവിടെയോ വീണുപോയി. അതുപിന്നീട് ബാക്ക് സ്റ്റേജില്‍നിന്നാണ് കിട്ടുന്നത്. അത് ലേലത്തിനുവെച്ചപ്പോള്‍ കിട്ടിയത് ഒമ്പതേമുക്കാല്‍ ലക്ഷം രൂപ. ഹാരി പോട്ടര്‍ സീരീസിലെ ആദ്യത്തെ രണ്ട് പുസ്തകങ്ങളെഴുതുമ്പോള്‍ ജെ.കെ റോളിങ് ഇരുന്ന കസേര, 2016-ല്‍ വിറ്റുപോയി. മൂന്നുകോടിയിലേറെ രൂപയാണ് ആ രണ്ടുകസേരകള്‍ക്കുമായി കിട്ടിയത്. 

ഡയാന രാജകുമാരി

ഇപ്പോള്‍ വീണ്ടുമൊരു ലേലം ചര്‍ച്ചയാവുകയാണ്. ഡയാന രാജകുമാരി ഉപയോഗിച്ചിരുന്ന സ്വെറ്ററാണ് ലേലത്തിലൂടെ വില്‍ക്കാനൊരുങ്ങുന്നത്. ഒരു പോളോ മത്സരത്തിനുവരുമ്പോള്‍ ഡയാന ധരിച്ചിരുന്ന ഈ സ്വെറ്റര്‍ അറിയപ്പെടുന്നത്, ബ്ലാക് ഷീപ്പ് സ്വെറ്ററെന്നാണ്. പേരിങ്ങനെയാണെങ്കിലും ചുവപ്പുനിറമാണിതിന്. അതില്‍നിറയെ വെള്ളനിറത്തിലുള്ള ആടുകളാണ്. ഒന്നുമാത്രം കറുപ്പുനിറത്തിലുള്ളതും. കൂട്ടംതെറ്റിയ ഈ ആടിന്റെ പേരാണ് സ്വെറ്ററിന് കിട്ടിയതും. കുറച്ചുകാലം കഴിഞ്ഞ് സ്വെറ്ററിന് ചെറിയ കേടുപാടുകള്‍ സംഭവിച്ചപ്പോള്‍ ഡയാന ഡിസൈനര്‍മാര്‍ക്ക് തന്നെ അയച്ചുകൊടുത്തു, അത് ശരിയാക്കിത്തരണമെന്ന ആവശ്യവുമായി. അതിനുപകരം പുതിയൊരു സ്വെറ്റര്‍ തുന്നിക്കൊടുക്കുകയാണ് ഡിസൈനര്‍മാര്‍ ചെയ്തത്. ആദ്യത്തെ സ്വെറ്ററാണിപ്പോള്‍ ലേലത്തിന് വെച്ചിരിക്കുന്നത്.

Content Highlights: celebrity auction