'നെപ്പോ ബേബി'യെന്ന് കരൺ ജോഹർ, 'എന്റെ വഴി'യെന്ന് സൊനാക്ഷി സിൻഹ; ടീഷർട്ടുകളിലൂടെ പ്രതികരിക്കുന്ന ബോളിവുഡ് സെലിബ്രിറ്റികൾ

റിയ ചക്രവർത്തി, യുസ്‌വേന്ദ്ര ചാഹൽ, സമയ് റെയ്‌ന / PTI, ANI, Instagram
റിയ ചക്രവർത്തി, യുസ്‌വേന്ദ്ര ചാഹൽ, സമയ് റെയ്‌ന / PTI, ANI, Instagram

ഇക്കഴിഞ്ഞ ദിവസമാണ് ആര്യൻ ഖാൻ ആദ്യമായി സംവിധാനം ചെയ്ത സീരീസ് 'ദ ബാഡ്‌സ് ഓഫ് ബോളിവുഡ്' റിലീസായത്. ഇതിനുമുമ്പ് മുംബൈയിൽ ഒരു പ്രീമിയറും സംഘടിപ്പിച്ചിരുന്നു. ബോളിവുഡിലെ ഒട്ടുമിക്ക താരങ്ങളും അതിൽ പങ്കെടുത്തു. സ്‌ക്രീനിങ്ങിനെത്തിയ സ്റ്റാൻഡപ്പ് കൊമേഡിയനായ സമയ് റെയ്‌ന ധരിച്ച ടീ-ഷർട്ട് അപ്പോൾ തന്നെ ചർച്ചയായിരുന്നു. 'Say no to cruise' എന്നായിരുന്നു അദ്ദേഹം ധരിച്ച കറുത്ത ടീ-ഷർട്ടിൽ പ്രിന്റ് ചെയ്തിരുന്നത്.

ഇത് ആര്യൻ ഖാന്റെ പഴയ കേസിനെ ഓർമപ്പെടുത്തുന്നതാണെന്നായിരുന്നു പലരുടെയും കണ്ടെത്തൽ. 2021 ഒക്ടോബറിലാണ് ഒരു ക്രൂയിസ് കപ്പലിൽനിന്ന് മയക്കുമരുന്ന് കേസിൽ ആര്യൻ ഖാനും സുഹൃത്തും മറ്റു ചിലരും അറസ്റ്റിലാവുന്നത്. കപ്പലിൽ റേവ് പാർട്ടി നടത്തിയെന്നതായിരുന്നു കേസ്. കേസ് വൻശ്രദ്ധനേടി. മൂന്നാഴ്ചയിലധികം ആര്യൻ ജയിലിൽ കഴിയേണ്ടിവന്നു. ഈ കേസിൽ പിന്നീട് ആര്യന് കോടതി ക്ലീൻ ചിറ്റ് നൽകുകയും ചെയ്തു.

ആ ക്രൂയിസ് കപ്പലിനെയും മയക്കുമരുന്നിനെയും ബന്ധപ്പെടുത്തിയാണ് സമയ് റെയ്‌ന 'say no to cruise' ടീ ഷർട്ട് ധരിച്ചതെന്നാണ് ആളുകൾ പറയുന്നത്. സംഭവം വിവാദമായതോടെ ആര്യന്റെ സീരീസിനെക്കുറിച്ച് ഇൻസ്റ്റഗ്രാമിൽ ഒരു കുറിപ്പിട്ട് സമയ് അത് അവസാനിപ്പിക്കുകയായിരുന്നു.

സിനിമാമേഖലയിൽ ഒരിക്കലും അവസാനിക്കാത്ത ചർച്ചയാണ് നെപ്പോട്ടിസത്തെ സംബന്ധിച്ചുള്ളത്. ഈ വർഷമാദ്യം അത് വീണ്ടും ചർച്ചയാവാൻ കാരണം കരൺ ജോഹറാണ്, അദ്ദേഹം ധരിച്ച 'nepo baby' എന്നെഴുതിയ ടീഷർട്ടാണ്. കരണിന്റെ ഈ ചിത്രങ്ങൾ ആവേശത്തോടെയാണ് ആളുകൾ സ്വീകരിച്ചത്. 'നെപ്പോ ബേബി'യാണെന്ന് ഒടുവിൽ കരൺ സമ്മതിച്ചുവെന്നായിരുന്നു പലരും കമന്റ് ചെയ്തത്. 'നെപ്പോ ബേബി എന്നതിൽ അദ്ദേഹം അഭിമാനിക്കുന്നു', 'ഒടുവിൽ നെപ്പോ ബേബി ടീഷർട്ട് കരൺ അഭിമാനത്തോടെ ധരിച്ചിരിക്കുന്നു' എന്നൊക്കെയായിരുന്നു കമന്റുകൾ. 2023-ലാണ് നെപ്പോ ബേബി ടീഷർട്ടുകൾ ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയത്.

നേരത്തെ ഇന്ത്യൻ ക്രിക്കറ്റ് യുസ്‌വേന്ദ്ര ചാഹലിന്റെ ടീഷർട്ടും ഇതേ തരത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. നർത്തകിയും ഡെന്റിസ്റ്റുമായ ധനശ്രീ വർമയുമായുള്ള വിവാഹമോചനകേസിനായി കോടതിയിലെത്തിയതായിരുന്നു ചാഹൽ. ഒരു കറുത്ത ടീഷർട്ട് തന്നെയാണ് ചാഹലും ധരിച്ചത്. അതിലെ വരികൾ ഇങ്ങനെയായിരുന്നു, 'Be your own sugar daddy'. അതോടെ ധനശ്രീ വർമയ്‌ക്കെതിരെ രൂക്ഷമായ ട്രോളുകളുമുണ്ടായി.

അതിനെക്കുറിച്ച് ഒരു പോഡ്കാസ്റ്റിൽ ചാഹൽ തുറന്നുപറഞ്ഞിരുന്നു. ''വിവാഹമോചനവുമായി ബന്ധപ്പെട്ട ഒരു കാര്യങ്ങളെക്കുറിച്ചും സംസാരിക്കില്ലെന്ന് ഞാൻ തീരുമാനിച്ചിരുന്നു. പക്ഷേ എതിർവശത്തുനിന്നും പലതും സംഭവിച്ചു. അതുകൊണ്ട് ഈ മെസേജ് നൽകണമെന്ന് തോന്നി. ആരെയും കരിവാരിത്തേക്കാനല്ല അങ്ങനെ ചെയ്തത്''.

ജൂഹി ചൗള

2021-ൽ ജൂഹി ചൗള ഇൻസ്റ്റഗ്രാമിലൊരു ഫോട്ടോ പോസ്റ്റ് ചെയ്തു. യോഗ ചെയ്യുന്ന ആ ഫോട്ടോ ആളുകളെ ആകർഷിക്കാൻ കാരണം, അവരുടെ ടീഷർട്ടിലെ വരികളാണ്, 'show me the data' എന്നാണ് ആ ടീഷർട്ടിലെഴുതിയിരുന്നത്. രാജ്യത്ത് 5G വയർലെസ് നെറ്റ് വർക്കുകൾ സ്ഥാപിക്കുന്നതിനെതിരെ ജൂഹി നൽകിയ കേസ് കോടതി തള്ളിയിരുന്നു. അതിനുശേഷം ഒരു വീഡിയോ ജൂഹി പോസ്റ്റ് ചെയ്തു. അതിൽ അവർ പറയുന്നതിങ്ങനെ, ''ഞങ്ങൾ 5G-ക്ക് എതിരല്ല. 5G സുരക്ഷിതമാണെന്ന് അധികാരികൾ സാക്ഷ്യപ്പെടുത്തണമെന്ന് മാത്രമാണ് ആവശ്യപ്പെടുന്നത്''. ആ സന്ദേശമാണ് അവർ തന്റെ ടീഷർട്ടിലൂടെ പറയാൻ ഉദ്ദേശിക്കുന്നതെന്നാണ് ആളുകൾ വാദിച്ചത്.

ബോഡി ഷെയ്മിങ്ങിനെതിരെയും ട്രോളുകൾക്കെതിരെയും പ്രതികരിക്കാനും സെലിബ്രിറ്റികൾ തങ്ങളുടെ വസ്ത്രമൊരു ആയുധമാക്കാറുണ്ട്. കുറച്ചുമുമ്പ് സൊനാക്ഷി സിൻഹ ധരിച്ച വെള്ള ടീഷർട്ടിൽ ഇങ്ങനെ എഴുതിയിരുന്നു, 'my way'. ശരീരഭാരത്തിന്റെ പേരിലും മറ്റും ഒരുപാട് ട്രോൾ ചെയ്യപ്പെട്ട താരമാണ് സൊനാക്ഷി. വിമർശകർക്കെതിരെയുള്ള മറുപടിയാവാം സൊനാക്ഷി ടീഷർട്ടിലൂടെ നൽകാൻ ശ്രമിച്ചതെന്ന് അന്ന് ആരാധകർ കണ്ടെത്തി.

2020-ലാണ് നടൻ സുഷാന്ത് സിങ് രജ്പുത് ആത്മഹത്യ ചെയ്തത്. അന്ന് കേസുമായി ബന്ധപ്പെട്ടുള്ള ചോദ്യംചെയ്യലിനായി നടി റിയ ചക്രവർത്തി എൻ.സി.ബി ഓഫീസിലെത്തിയപ്പോൾ ക്യാമറക്കണ്ണുകളെല്ലാം അവരെ പൊതിഞ്ഞു. റിയ അന്ന് ധരിച്ചതും ഒരു കറുത്ത ടീഷർട്ടായിരുന്നു. അതിലിങ്ങനെ എഴുതിയിരുന്നു, 'Roses are red, violets are blue, let's smash the patriarchy. me and you'. റിയയുടെ ഈ സന്ദേശം സോഷ്യൽമീഡിയ പലതരത്തിലാണ് ചർച്ച ചെയ്തത്. നേരത്തെ സുഷാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുമെന്ന വാർത്ത പുറത്തുവന്നപ്പോൾ തന്നെ കടുത്ത വിമർശനമാണ് റിയയ്ക്ക് നേരിടേണ്ടിവന്നത്. റിയയുടെ വീടിനുമുമ്പിൽ പ്രതിഷേധക്കാർ തടിച്ചുകൂടി, അവർ കാറിൽനിന്നിറങ്ങുമ്പോഴെല്ലാം ക്യാമറക്കണ്ണുകൾ അവരെ പൊതിഞ്ഞു.

ഇതിനെല്ലാമെതിരെയാണ് ഈ സന്ദേശമുള്ള ടീഷർട്ട് ധരിച്ചതെന്നായിരുന്നു ചിലരുടെ അനുമാനം. എന്നാൽ, ചോദ്യംചെയ്യലും പുരുഷാധിപത്യവും (പാട്രിയാർക്കി)തമ്മിൽ എന്താണ് ബന്ധം എന്ന് മറ്റുചിലർ പറഞ്ഞു. സാനിറ്ററി നാപ്കിനുമായി ബന്ധപ്പെട്ടുള്ള 'റോസസ് ആർ റെഡ്' ക്യാമ്പയിന്റെ ഭാഗമായിട്ടാണ് റിയ ഈ ടീഷർട്ട് ധരിച്ചതെന്നും ആളുകൾ പറഞ്ഞു. എന്താണെന്നത് ഇന്നും വ്യക്തമല്ല. ജാമ്യം കിട്ടിയശേഷം ആദ്യമായി വീട്ടിൽനിന്ന് പുറത്തിറങ്ങുമ്പോൾ റിയ ചക്രവർത്തി ധരിച്ചിരുന്ന ടീഷർട്ടിൽ ഇങ്ങനെ എഴുതിയിരുന്നു, love is power'.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: From Aryan Khan`s case to nepotism debates, Bollywood stars are using t-shirts to express themselves