അറിയാം ബോഡി പിയേഴ്സിങ് ട്രൻ‍‍ഡുകളെക്കുറിച്ച്

#നീതു മോഹന്‍
ചിത്രം: Freepik, Gettyimages
ചിത്രം: Freepik, Gettyimages

പുതിയ കാലത്തിന്റെ ഫാഷൻ സ്റ്റേറ്റ്മെന്റാണ് ബോഡി പിയേഴ്സിങ്. കാതിലും മൂക്കിലും മാത്രമല്ല, ശരീരത്തിന്റെ പലഭാഗങ്ങളിലും പിയേഴ്സ് ചെയ്ത് ആഭരണങ്ങൾ അണിയുന്ന രീതിക്ക് സ്വീകാര്യത ഏറെയാണ്. സ്ത്രീകൾ മാത്രമല്ല, എല്ലാ ജെൻഡറിലുള്ളവരും ബോഡി പിയേഴ്സിങ് ചെയ്ത് ശരീരം ആകർഷകമാക്കാറുണ്ട്. എവിടെ പിയേഴ്‌സ് ചെയ്യണം എന്ന ആശങ്കയുള്ളവർക്ക് ഇതാ ഒരു ബോഡി പിയേഴ്സിങ് ഗൈഡ്.

Twinkle Helix

പിയേഴ്സിങ്ങിൽ ട്രെൻഡിങ്ങാണ് ചെവിയിൽ, കാർട്ടിലേജിന്റെ (തരുണാസ്ഥി) മുകൾഭാഗത്ത് ചെയ്യുന്ന ഹെലിക്സ് പിയേഴ്സിങ്. കട്ടിയുള്ള ഭാഗമായതിനാൽ മുറിവ് ഉണങ്ങാൻ ആറ് മുതൽ ഒമ്പത് മാസം വരെ സമയമെടുത്തേക്കാം. ഫ്ളാറ്റ്-ബാക്ക് ലാബ്രെറ്റുകൾ, സ്റ്റഡുകൾ, ഹൂപ്സ്, ക്ലിക്കർ പോലുള്ള ആഭരണങ്ങൾ ഹെലിക്സ് പിയേഴ്സിങ്ങിൽ ധരിക്കാം. ചെറിയ ഹൂപ്സിൽ തുടങ്ങി വലിയ ഹൂപ്സിൽ എത്തുന്ന ക്യുറേറ്റഡ് പിയേഴ്സിങ്ങും ട്രെൻഡാണ്.

Dazzle Daith

ചെവിയിലെ കാർട്ടിലേജിൽ, കർണ്ണനാളത്തിന് (ear canal) മുകളിലെ മടക്കിലൂടെയാണ് ഡെയ്ത്ത് പിയേഴ്സിങ് ചെയ്യുന്നത്. ഇത് ഉണങ്ങാൻ ആറ് മുതൽ ഒമ്പത് മാസംവരെ സമയമെടുക്കും. ബീഡ് റിങ്ങുകൾ, ഹൂപ്സ് ഹാർട്ട് ഷേയ്പ്പിലുള്ള ക്ലിക്കർ പോലുള്ള ആഭരണങ്ങൾ ധരിച്ച് ഡെയ്ത്ത് പിയേഴ്സിങ് മനോഹരമാക്കാം.

Lunar Conch

ചെവിയിലെ കാർട്ടിലേജിന്റെ നടുഭാഗത്ത് ചെയ്യുന്നതാണ് കോഞ്ച് പിയേഴ്സിങ് (Conch Piercing). ഉണങ്ങാൻ ആറുമാസം മുതൽ ഒരു വർഷം വരെ സമയമെടുത്തേക്കാം. ഇവിടെ ധരിക്കാൻ വലിയ ക്യാപ്റ്റീവ് ബീഡ് റിങ്ങുകളോ ഹൂപ്സ്, സ്റ്റോൺ പിടിപ്പിച്ച ലാബ്രെറ്റ് സ്റ്റഡുകളോ തിരഞ്ഞെടുക്കാം. ഇന്നർ കോഞ്ച് പിയേഴ്സിങ്ങിൽ ചെറിയ സ്റ്റഡുകളും സ്റ്റൈലിഷാണ്.

Shimmery Tragus

കർണനാളത്തിന് മുന്നിൽ, ഉയർന്നുനിൽക്കുന്ന ചെറിയ ഭാഗത്ത് ചെയ്യുന്ന ട്രാഗസ് പിയേഴ്സിങ് സിംപിളും ട്രെൻഡിയുമാണ്. മൂന്ന് മുതൽ ആറ് മാസമാണ് മുറിവ് ഉണങ്ങാനുള്ള സമയം. ഫ്ളാറ്റ്-ബാക്ക് സ്റ്റഡുകളും മൈക്രോ ബാർബെല്ലുകളും ധരിച്ചാൽ ഭംഗിയായിരിക്കും.

Charming Spetum

മൂക്കിനിടയിലൂടെ ചെയ്യുന്ന സെപ്റ്റം പിയേഴ്സിങ് ട്രെൻഡിങ് ആണ്. ഏകദേശം രണ്ടോ മൂന്നോ മാസങ്ങൾകൊണ്ട് ഈ മുറിവ് ഉണങ്ങും. വൃത്താകൃതിയിലുള്ള ബാർബെല്ലുകൾ, ചെറിയ മോട്ടീഫ്സുള്ള ക്ലിക്കറുകൾ, ഹിഞ്ച്ഡ് ഹൂപ്സ് എന്നിവയാണ് ഇതിലെ ട്രെൻഡുകൾ.

Sparkline Bridges

രണ്ട് കണ്ണുകൾക്കും ഇടയിൽ മൂക്കിന്റെ പാലത്തിലുള്ള ബ്രിഡ്ജ് പിയേഴ്സിങ്ങിന് സ്ട്രെയിറ്റ് ബാർബെല്ലുകൾ ധരിക്കുന്ന രീതിയുമുണ്ട്.

Crystal Eyebrows

പുരികത്തിന് കുറുകെയും നെടുകെയും പിയേഴ്സ് ചെയ്യുന്ന രീതിയുണ്ട്. ഐബ്രോ പിയേഴ്സിങ്ങിൽ സ്റ്റഡുകൾ, ഹൂപ്പുകൾ, ബാർബെല്ലുകൾ, ഫ്ളോട്ടിങ് ജെംസ്റ്റോൺസ് പോലുള്ള ആഭരണങ്ങൾ ധരിക്കാം.

Shimmer Kiss

മേൽച്ചുണ്ടിലും കീഴ്ച്ചുണ്ടിലും പിയേഴ്സ് ചെയ്യുന്നതും ഫാഷനാണ്. മർലിൻ മൺറോയുടെ ഫാഷൻ രീതികളെ പിന്തുടർന്നുകൊണ്ട് മേൽചുണ്ടിന്റെ ഏതെങ്കിലും ഒരു വശത്ത് പിയേഴ്സ് ചെയ്ത് ലാബ്രെറ്റ് സ്റ്റഡ് അണിയുന്ന രീതിയാണ് മൺറോ പിയേഴ്സിങ്.

കവിളിലും നുണക്കുഴിയിലും പിയേഴ്സ് ചെയ്ത് ലാബ്രെറ്റ് സ്റ്റഡുകൾ ധരിക്കുന്ന ചീക്ക് പിയേഴ്സിങ്ങിനും ആരാധകരുണ്ട്.

Glitter Navel

ക്രോപ്പ് ടോപ്പ്, മിഡ്റിഫ് ടോപ്പ് പോലുള്ള വസ്ത്രങ്ങൾക്ക് ബെല്ലിബട്ടൺ പിയേഴ്സിങ് കൂടുതൽ അഴകേകും. ഇവ ഉണങ്ങാൻ 6 മുതൽ 9 മാസംവരെ എടുക്കും. എന്നാൽ ഇളകാൻ സാധ്യതയുള്ളതിനാൽ പരിചരണം അത്യാവശ്യമാണ്. ഹാങ്ങിങ് ബെല്ലി റിങ്ങുകൾ, കർവ്ഡ് ബാർബെല്ലുകൾ, ഡാങ്കിൾ ബെല്ലി റിങ്, ഫ്ളാറ്റ്-ടോപ്പ് സ്‌റ്റൈൽ എന്നിവയാണ് ട്രെൻഡിങ് ആയ ആഭരണങ്ങൾ.

Pierced Glow

കവിളിൽ, നുണക്കുഴിയിൽ, കണ്ണിന് താഴെ, കണ്ണിനും ചെവിക്കും ഇടയിലുള്ള ഭാഗത്ത്, കഴുത്തിൽ, നെഞ്ചിൽ, കോളർബോണിൽ, അരക്കെട്ടിൽ, പുറത്ത് നട്ടെല്ലിന് മുകളിൽ... തുടങ്ങി ശരീരത്തിലെ പലഭാഗങ്ങളിലും ഡെർമൽ പിയേഴ്സിങ് ചെയ്യുന്നവരുണ്ട്. തൊലിയിലാണ് ഇത് ചെയ്യുക.

Adorn Nails

കാതിലും മൂക്കിലും മാത്രമല്ല, നഖവും പിയേഴ്സിങ് ചെയ്ത് ആഭരണം ധരിക്കുന്നതിനും സ്വീകാര്യത ഏറെയാണ്. നെയിൽ ആർട്ട് ട്രെൻഡുകളിലെ പുത്തൻ രീതിയാണ് ഇവ. കൃത്രിമ നഖത്തിലൂടെയോ വളർന്ന സ്വാഭാവിക നഖത്തിലൂടെയോ പിയേഴ്സ് ചെയ്യാം. ശേഷം രത്നക്കല്ലുകൾ, മുത്തുകൾ എന്നിവ ധരിക്കാം. എംബഡഡ് നെയിൽ ചാംസ്, പിയേഴ്സ്ഡ് നെയിൽ ചെയ്ൻസ് പോലെ ഹാങ്ങിങ് ആഭരണങ്ങൾ ധരിക്കുന്നതും മറ്റൊരു ട്രെൻഡാണ്.

വിരലുകളിലൂടെ ചെയ്യുന്ന ഫിങ്കർ പിയേഴ്സിങ്ങുകളിൽ ധാരാളം പുതുമകളുണ്ട്. തൊലിയിലൂടെയുള്ള ഡെർമൽ ഫിങ്കർ പിയേഴ്സിങ്, രണ്ട് വിരലുകൾക്കിടയിലൂടെയുള്ള ഹാൻഡ് വെബ് പിയേഴ്സിങ്,

മോതിരവും വിരലുംതമ്മിൽ ബന്ധിപ്പിക്കുന്ന റിങ്ഡ് ഫിംഗർ പിയേഴ്സിങ് എന്നിങ്ങനെ വിരലുകൾ ആകർഷകമാക്കാൻ വഴികളേറെയുണ്ട്. ഇവ ഫാഷൻ ലോകത്തെ ബോൾഡ് സ്റ്റേറ്റ്മെന്റ് ആണെങ്കിലും വിരലുകൾ എപ്പോഴും ചലിക്കുന്നതിനാൽ സങ്കീർണതകൾ ഏറെയാണ്. ശ്രദ്ധാപൂർവമുള്ള പരിചരണം ആവശ്യമാണ്. എല്ലാവർക്കും അനുയോജ്യമാകണമെന്നുമില്ല.

Hidden Gem

സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ നിപ്പിൾ പോലുള്ള സ്വകാര്യഭാഗങ്ങളിൽ പിയേഴ്സ് ചെയ്ത് ആഭരണങ്ങൾ അണിയാൻ ഇഷ്ടപ്പെടുന്നവർ ഏറെയാണ്. ഹൂപ്സ്, സ്റ്റഡുകൾ, റിങ്ങുകൾ എന്നിവ നിപ്പിൾ പിയേഴ്സിങ്ങിന് ഭംഗികൂട്ടുന്ന ആഭരണങ്ങളാണ്.

കൂടാതെ ഇന്റിമേറ്റ് ബോഡി പിയേഴ്സിങ് രീതികൾക്കും സ്വീകാര്യതയുണ്ട്. ക്യാപ്റ്റീവ് ബീഡ് റിങ്ങുകൾ, കർവ്ഡ് ബാർബെൽസ്, സർക്കുലാർ ബാർബെൽസ് തുടങ്ങിയവയാണ് പ്രചാരത്തിലുള്ള ആഭരണങ്ങൾ.

Fake Piercing

പിയേഴ്സിങ്ങിന്റെ വേദനയെക്കുറിച്ചും ശേഷമുള്ള പരിചരണത്തെക്കുറിച്ചും ആശങ്കപ്പെടുന്നവർക്ക് സ്വീകരിക്കാവുന്ന രീതിയാണ് ഫേക്ക് പിയേഴ്സിങ്. ശരീരം നോവിക്കാതെ തന്നെ ട്രെൻഡി ലുക്ക് കിട്ടും. പരിചരണവും ഉണങ്ങാനുള്ള സമയവും വേണ്ട. കൂടാതെ ഇഷ്ടാനുസൃതം ധരിക്കാനും എളുപ്പത്തിൽ നീക്കം ചെയ്യാനും സാധിക്കും. യഥാർഥ പിയേഴ്സിങ് ചെയ്യുന്നതിനുമുമ്പ്, അവ എങ്ങനെയുണ്ടെന്ന് പരീക്ഷിക്കാനും ഫേക്ക് പിയേഴ്സിങ് ധരിച്ചുനോക്കാം. ചെവി, മൂക്ക്, ചുണ്ട്, പുരികം എന്നിവിടങ്ങളിലേക്കെല്ലാം ഫേക്ക് പിയേഴ്സിങ് ആഭരണങ്ങളുണ്ട്.

ഇയർ ലോബിൽ ധരിക്കുന്ന ക്ലിപ്പ് ഓൺ, കാർട്ടിലേജിലും ഹെലിക്സിലും ധരിക്കുന്ന ഇയർ കഫുകൾ, മാഗ്‌നറ്റിക് സ്റ്റഡുകൾ, ഒട്ടിക്കുന്ന സ്റ്റോണുകൾ എന്നിവകൊണ്ട് ചെവി മനോഹരമാക്കാം.

സെപ്റ്റം പിയേഴ്സിങ്ങിന് പകരം ഫേക്ക് നോസ് റിങ്ങുകൾ, സ്റ്റഡുകൾ, മാഗ്നറ്റിക്, ക്ലിപ്പ്-ഓൺ നോസ് റിങ്ങുകൾ, ബ്രിഡ്ജ് റിങ്ങുകൾ എന്നിവ ഉപയോഗിക്കാം.

ചുണ്ടുകൾ ആകർഷകമാക്കാൻ മാഗ്നറ്റിക് ലാബ്രെറ്റുകളും ലിപ് റിങ്ങുകളുമുണ്ട്. മുഖത്തും മറ്റ് ശരീരഭാഗങ്ങളിലും ഒട്ടിച്ചുവെക്കാവുന്ന ഫേക്ക് ഡെർമൽ രത്നക്കല്ലുകളുണ്ട്.

സ്റ്റെയിൻലെസ് സ്റ്റീൽ, ടൈറ്റാനിയം പോലെ ഗുണമേന്മയുള്ള, അലർജിയുണ്ടാക്കാത്ത ആഭരണങ്ങൾ ധരിക്കാൻ ശ്രദ്ധിക്കാം.

ബുഗാഡി

സാമൂഹ്യമാധ്യമങ്ങളിൽ വളരെയധികം ട്രെൻഡിങ് ആയിക്കൊണ്ടിരിക്കുകയാണ് ബുഗഡി കമ്മൽ. ഹെലിക്സ് ഇയറിങ്ങാണ് ബുഗഡി. പണ്ടുകാലം മുതൽക്കേ, ഇന്ത്യയിലെ പല സമുദായങ്ങളിൽപെട്ട സ്ത്രീകളും ബുഗഡി ആഭരണങ്ങൾ ധരിച്ചിരുന്നു. കർണാടക, മഹാരാഷ്ട്ര, തമിഴ്നാട് എന്നിവി ടങ്ങളാണ് ഈ ബുഗഡി ആഭരണങ്ങളുടെ തുടക്കസ്ഥാനമായി കരുതപ്പെടുന്നത്. തെലങ്കാന, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ചില പ്രദേശങ്ങളിലെ സ്ത്രീകളും ഈ ആഭരണങ്ങൾ ഉപയോഗിച്ചതായി പറയപ്പെടുന്നു. രവിവർമ്മ ചിത്രങ്ങളിലെ സ്ത്രീകൾ ഈ ബുഗാഡി ആഭരണങ്ങൾ ധരിച്ചതായി കാണാം. ആകൃതി, രൂപം, ഡിസൈൻ എന്നിവയ്ക്ക് അനുസരിച്ച് ബുഗാഡികൾ പലവിധമുണ്ട്. സ്വർണം, വെള്ളി, പേൾ, റൂബി, എമറാൾഡ് തുടങ്ങിയവയിലുള്ള ബുഗാഡികളുണ്ട്.

ശ്രദ്ധവേണം

എല്ലാ പിയേഴ്സിങ്ങുകളും എല്ലാവർക്കും അനുയോജ്യമാകണമെന്നില്ല.

ചർമത്തിന്റെ തരം, സെൻസിറ്റിവിറ്റി, മുഖത്തിന്റെ ഷേയ്പ്പ്, ചെവിയുടെ ഘടന എന്നിവയെല്ലാം തിരിച്ചറിഞ്ഞ് പിയേഴ്സ് ചെയ്യാൻ പ്രൊഫഷണൽ പിയേഴ്സറെ സമീപിക്കാം.

ജീവിതശൈലിയും ജോലിയുടെ രീതിയും പരിഗണിക്കണം. ചില ജോലിസ്ഥലങ്ങളിൽ ഡ്രസ് കോഡുകളുണ്ട്. അത്തരക്കാർക്ക് ശ്രദ്ധയിൽപ്പെടാത്ത പിയേഴ്സിങ്ങുകളോ എളുപ്പത്തിൽ മറയ്ക്കാൻ കഴിയുന്നവയോ ആകും നല്ലത്.

പിയേഴ്സ് ചെയ്യുന്ന ശരീരഭാഗത്തിനനുസരിച്ച് അതിന്റെ വേദനയും വ്യത്യാസപ്പെടുന്നു. കാർട്ടിലേജ് പിയേഴ്സിങ്ങും പല ബോഡി പിയേഴ്സിങ്ങുകളും ഉണങ്ങാൻ കൂടുതൽ സമയം ആവശ്യമായതിനാൽ ശ്രദ്ധയും പരിചരണവും ആവശ്യമാണ്.

അണുബാധയ്ക്കുള്ള സാധ്യത കൂടുതലായതിനാൽ കൃത്യമായ പരിചരണം വേണം.

പിയേഴ്സ് ചെയ്ത ഭാഗം ഇടയ്ക്കിടയ്ക്ക് തൊടുന്നത് ഒഴിവാക്കുക. കൈകൾ നന്നായി വൃത്തിയാക്കിയ ശേഷം തൊടുക, ആഭരണം അനാവശ്യമായി തിരിക്കുകയോ കറക്കുകയോ ചെയ്യരുത്.

മൈൽഡ് ആയ സോപ്പ് ഉപയോഗിച്ച് പിയേഴ്സ് ചെയ്ത ഭാഗം വൃത്തിയാക്കാം. ശേഷം കോട്ടൺ തുണി ഉപയോഗിച്ച് വെള്ളം ഒപ്പിയെടുക്കാം.

ഉറങ്ങുമ്പോൾ ട്രാവൽ പില്ലോ ഉപയോഗിക്കുന്നത് ചെവിയിലെ പിയേഴ്സിങ് എവിടെയെങ്കിലും തട്ടി മുറിവുണ്ടാകുന്നതിൽനിന്നും സംരക്ഷിക്കും.

അണുബാധയുടെ ലക്ഷണങ്ങളെ അവഗണിക്കരുത്. പിയേഴ്സ് ചെയ്ത ഭാഗത്ത് ചുവപ്പ്, ചൂട്, വീക്കം, പഴുപ്പ് എന്നിവ ഉണ്ടാവുകയാണെങ്കിൽ ആരോഗ്യ വിദഗ്ധനെ സമീപിക്കാം.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Explore the latest body piercing trends like helix, daith, conch, septum, and more. Find jewelry options and essential aftercare advice for a stylish look.