റെഡ് സീ ചലച്ചിത്രോത്സവത്തില്‍ തിളങ്ങി ഐശ്വര്യ റായ്; 'ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ' എന്ന് ആരാധകര്‍

ഈ വര്‍ഷത്തെ റെഡ് സീ ചലച്ചിത്രോത്സവത്തില്‍ താര സുന്ദരി ഐശ്വര്യ റായ്യുടെ പുതിയ ലുക്ക് ചര്‍ച്ചയാവുകയാണ്. പരിപാടിയില്‍, ഐശ്വര്യ ധരിച്ചെത്തിയ, വജ്രങ്ങള്‍ കൊണ്ട് അലങ്കരിച്ച എമറാള്‍ഡ് പെന്‍ഡന്റ് നിമിഷനേരം കൊണ്ട് ഫാഷന്‍ ചര്‍ച്ചകളില്‍ ഇടം പിടിച്ചു. സൗദി അറേബ്യയിലെ ജിദ്ദയില്‍ വര്‍ഷം തോറും നടക്കുന്ന ആഗോള ചലച്ചിത്രോത്സവമാണ് റെഡ് സീ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍. 2021-ലാണ് ഇത് ആരംഭിച്ചത്. പല അന്താരാഷ്ട്ര പ്രതിഭകളും ഈ പരിപാടിയില്‍ അതിഥികളായി എത്താറുണ്ട്. അറബ്, ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളിലെ സിനിമകളെ പ്രദര്‍ശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് സ്ഥാപിച്ചത്.
റെഡ് സീ ചലച്ചിത്രോത്സവത്തിന്റെ പ്രസ്സ് കോണ്‍ഫറന്‍സിനായി ഐശ്വര്യ എത്തിയത് ഡീപ് വി-നെക്കുളള, മനോഹരമായ കറുത്ത ഡോള്‍സ് ആന്‍ഡ് ഗബാന ഗൗണിലാണ്. സെലിബ്രിറ്റി ഫാഷന്‍ സ്‌റ്റൈലിസ്റ്റ് ആസ്താ ശര്‍മ്മയാണ് താരത്തിന്റെ ഈ വേഷം തയ്യാറാക്കിയത്. ഈ വേഷത്തിന് അനുയോജ്യമായി, തിളങ്ങുന്ന എമറാള്‍ഡ് പെന്‍ഡന്റാണ് ഐശ്വര്യ തിരഞ്ഞെടുത്തത്. അരക്കെട്ടിന്റെ ഭാഗത്ത് ഞൊറിവുകളുള്ള സാറ്റിൻ ഗൗണിനൊപ്പം, അഴിച്ചിട്ട മുടിയും, അഡ്രിയാന്‍ ജേക്കബ്‌സ് ഒരുക്കിയ മേക്കപ്പും ഐശ്വര്യയെ കൂടുതല്‍ സുന്ദരിയാക്കി. കോച്ചര്‍ ഗൗണ്‍ ട്രെന്‍ഡുകള്‍ ഫാഷന്‍ ലോകത്ത് വന്നുപോകാറുണ്ട്. ഈ വസ്ത്രത്തിനൊപ്പം മനോഹരമായ രണ്ട് മരതക മോതിരങ്ങളും അവര്‍ ധരിച്ചിരുന്നു. മരതകക്കല്ലുകള്‍ ആഗോള തലത്തിലും റെഡ് കാര്‍പെറ്റുകളിലും ട്രെന്‍ഡിംഗ് ആയിക്കൊണ്ടിരിക്കുന്ന ഈ സമയത്താണ് ഐശ്വര്യയുടെ പുതിയ ഫാഷന്‍ ലുക്ക് ശ്രദ്ധാകേന്ദ്രമാകുന്നത്.
പുതിയ ലുക്കിലെ ചിത്രങ്ങള്‍ വൈറലായതോടെ ആരാധകര്‍ ഒട്ടും സമയം കളഞ്ഞില്ല. 'ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ' എന്ന് പലരും സാമൂഹ്യ മാധ്യമങ്ങളില്‍ കമന്റുകളുമായെത്തി. അടുത്ത കാലത്തായി പൊതുവേദികളിലെ അവരുടെ സാന്നിധ്യം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. റെഡ് സീ ചലച്ചിത്രോത്സവത്തില്‍, മിസ് വേള്‍ഡ് 1994, അഭിനേത്രി, മനുഷ്യസ്നേഹി, എന്നീ നിലകളിലുളള തന്റെ യാത്രയെക്കുറിച്ച് സംസാരിക്കാന്‍ ഐശ്വര്യയെ ക്ഷണിച്ചിരുന്നു.
റെഡ് സീ ചലച്ചിത്രോത്സവത്തിന്റെ 5-ാം പതിപ്പിലെ ഐശ്വര്യയുടെ ആദ്യത്തെ സാന്നിധ്യമാണിത്. അടുത്തതായി അവര്‍ എന്ത് വേഷമായിരിക്കും ധരിക്കുക എന്നതിനെക്കുറിച്ചുള്ള പ്രതീക്ഷകളിലാണ് ആരാധകര്‍.
കഴിഞ്ഞ കുറേക്കാലമായി വളരെ സെലക്ടീവുമായിട്ടുള്ള സിനിമകളാണ് ഐശ്വര്യ ചെയ്യുന്നത്. മണിരത്‌നം സംവിധാനം ചെയ്ത ‘പൊന്നിയിന്‍ സെല്‍വന്‍’ ആയിരുന്നു ഐശ്വര്യയുടേതായി റിലീസ് ചെയ്ത അവസാന ചിത്രം. സിനിമകളില്‍ അത്ര സജീവമല്ലെങ്കിലും ഫാഷന്‍ ഈവന്റുകളിലും ക്ഷണമുള്ള പരിപാടികളിലുമെല്ലാം ഐശ്വര്യ എത്താറുണ്ട്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Aishwarya Rai Bachchan turns heads with a stunning emerald pendant and Dolce & Gabbana gown at the Red Sea International Film Festival. See her latest viral fashion moment.