മോഡലിങ്ങില്‍ തിളങ്ങിയ ഐശ്വര്യറായ് ; 18ാം വയസില്‍ ദിവസ വരുമാനം 1,500 രൂപ

ഐശ്വര്യറായ് മോഡലായ പഴയ ഒരു മാഗസീൻ കവർ / x.com@Vimalnupadhyaya
ഐശ്വര്യറായ് മോഡലായ പഴയ ഒരു മാഗസീൻ കവർ / x.com@Vimalnupadhyaya

തന്റെ സൗന്ദര്യം കൊണ്ടും അഭിനയമികവു കൊണ്ടും ബോളിവുഡിനെ പിടിച്ചുകുലുക്കിയ നായികയാണ് ഐശ്വര്യറായ് ബച്ചന്‍. 1994 ല്‍ ലോകസുന്ദരിപ്പട്ടം നേടി ഇന്ത്യയുടെ അഭിമാനമായി മാറിയ നടി അതിനുമുന്‍പ് മികച്ച ഒരു മോഡലായിരുന്നു. അന്നത്തെ കാലഘട്ടത്തില്‍ മോഡലിങ്ങില്‍ നിന്ന് മികച്ച വരുമാനവും അവര്‍ കണ്ടെത്തിയിട്ടുണ്ട്.

1992-ല്‍, ഒരു ദിവസത്തെ ജോലിക്ക് ആദ്യ ശമ്പളമായി ഐശ്വര്യയ്ക്ക് ലഭിച്ചത് 1500 രൂപയാണ്. ഐശ്വര്യയുടെ ആദ്യ മോഡലിങ് പരിപാടിയുടെ ഇന്‍വോയ്സ് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടു. 1992 മെയ് 23 ന് ഒരു മാഗസിന്‍ കാറ്റലോഗ് ഷൂട്ടില്‍ നിന്നുള്ള കരാറായിരുന്നു അത്. അന്ന് ഐശ്വര്യയ്ക്ക് 18 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരു ദിവസം ശമ്പളം 1500 രൂപയാണെന്ന് സൂചിപ്പിക്കുന്ന അവര്‍ ഒപ്പിട്ട ഒറ്റ പേജ് കരാറാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്.

കരാറിന്റെ ചിത്രം വൈറലായതോടെ, ഷൂട്ടിന്റെ ഫോട്ടോഗ്രാഫര്‍ വിമല്‍ ഉപാധ്യായ ഒരു വിന്റേജ് ഫോട്ടോഷൂട്ടില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കിട്ടു. ഈ ചിത്രങ്ങളില്‍ ഐശ്വര്യ റായ് ബച്ചന്‍ മാത്രമല്ല, സോണാലി ബെന്ദ്രെ, നിക്കി അനേജ, തേജസ്വിനി കോലാപുരെ എന്നിവരും ഉണ്ടായിരുന്നു. അതും ഇന്റര്‍നെറ്റില്‍ വൈറലായിരുന്നു.

'1992-ല്‍ ഐശ്വര്യ റായിക്ക് ഒരു ദിവസത്തെ ജോലിക്ക് 1,500 രൂപ ശമ്പളം ലഭിച്ചു. അന്ന് ഞാന്‍ ജനിച്ചിട്ടുപോലുമില്ലായിരുന്നു!' ഒരാൾ കുറിച്ചു. '1992 ല്‍ എന്റെ അച്ഛന്റെ വരുമാനം പ്രതിമാസം 8,000 രൂപയായിരുന്നു, അത് അഞ്ച് പേരുള്ള ഞങ്ങളുടെ വീട് നടത്താന്‍ പര്യാപ്തമായിരുന്നു. 18 വയസ്സുള്ള ഒരാള്‍ക്ക് ഒരു ദിവസത്തെ ജോലിക്ക് ഇത് വളരെ വലിയ തുകയാണ്.' മറ്റൊരാളും കുറിച്ചു.

മോഡലായി രണ്ടുവര്‍ഷത്തോളം ജോലി ചെയ്ത ശേഷമാണ് ഐശ്വര്യ റായ് ബച്ചന്‍ സൗന്ദര്യമത്സരത്തില്‍ വിജയിയായത്. ആ വലിയ വിജയത്തിന് ശേഷം, മണിരത്‌നത്തിന്റെ തമിഴ് ചിത്രമായ 'ഇരുവര്‍' എന്ന ചിത്രത്തിലൂടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. തുടര്‍ന്ന് 'ഔര്‍ പ്യാര്‍ ഹോ ഗയ' എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചു.

സല്‍മാന്‍ ഖാനുമൊത്തുള്ള അവരുടെ കെമിസ്ട്രി ഹൃദയങ്ങള്‍ കീഴടക്കി. അവരുടെ ഓഫ്സ്‌ക്രീന്‍ കെമിസ്ട്രിയും പണ്ട് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. പ്രണയബന്ധം വേര്‍പെടുത്തിയതിനുശേഷം ഇരുവരും ഒരിക്കലും ഒരുമിച്ച് പ്രവര്‍ത്തിച്ചില്ല. സഞ്ജയ് ലീല ബന്‍സാലി സല്‍മാന്‍ ഖാനുമൊത്തുള്ള 'ബാജിറാവു മസ്താനി' എന്ന ചിത്രം വാഗ്ദാനം ചെയ്തപ്പോഴും അവര്‍ ആ ഓഫര്‍ നിരസിച്ചു. മണിരത്‌നത്തിന്റെ 'പിഎസ് ടു' എന്ന ചിത്രത്തിലാണ് ഐശ്വര്യ അവസാനമായി അഭിനയിച്ചത്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: aishwarya rai bachchan`s early modeling career revealed! see the viral invoice showing her ₹1500 paycheck for a day`s work in 1992, at age 18.