പങ്കാളിയുടെ ബോധക്ഷയം സ്വാഭാവികമല്ലെന്ന തോന്നലില്‍ ഡോക്ടറെകണ്ടു, പടക്കശബ്ദം പേടിപ്പിച്ച വിഷുക്കാലം

പ്രതീകാത്മകചിത്രം | Mbi Library
പ്രതീകാത്മകചിത്രം | Mbi Library

എല്ലാ ആഘോഷങ്ങളും ആദ്യം നമ്മെ വന്നു തൊടുന്നത് ഓര്‍മകള്‍ കൊണ്ടാണ്. ഓര്‍മയില്‍ കമ്പിത്തിരികളുടെ പ്രകാശവും കൊന്നപ്പൂക്കളുടെ ഭംഗിയുമായാണ് ഓരോ വിഷുക്കാലവും വരുന്നത്. പരീക്ഷകളില്ലാത്ത അവധിക്കാലത്തെത്തുന്നതുകൊണ്ടാവാം സ്‌കൂള്‍ കാലം മുതല്‍ വിഷു പ്രിയപ്പെട്ട ആഘോഷമാണ്. കമ്പിത്തിരികളും പൂത്തിരികളും മത്താപ്പുമൊക്കെയായി പല നിറങ്ങളും പ്രകാശവും നിറഞ്ഞ ആഘോഷം.

2019ലെ വിഷു അതുവരെ അനുഭവിച്ച വിഷുക്കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായിരുന്നു. കത്തുന്ന വേനലില്‍ പുതുമഴ പ്രതീക്ഷിച്ച് നിലമൊരുക്കി കാത്തിരിക്കുന്ന കൃഷിക്കാരെ പോലെ ജീവിതത്തിന്റെ പുതിയ പൊടിപ്പുകള്‍ ഇനിയും ഉണ്ടാവുമെന്ന് ഒരു പ്രാര്‍ത്ഥനപോലെ ഉരുവിട്ട നാളുകളായിരുന്നു അത്! പങ്കിടാനാവാത്ത സങ്കടങ്ങളുടെയും സമ്മര്‍ദങ്ങളുടെയും ഒരുപക്ഷെ അതിജീവനത്തിന്റെയും വിഷു! 

ഒരു യാത്രക്കിടയില്‍ പങ്കാളിക്കുണ്ടായ ബോധക്ഷയം അത്ര സ്വാഭാവികമല്ല, എന്തോ പ്രശ്‌നമുണ്ട് എന്ന തോന്നലിലാണ് വിശദ പരിശോധനയ്ക്കായി ഡോക്ടറെ കാണുന്നത്. പിറ്റേ ദിവസം ബ്രെയിന്‍ ട്യൂമറാണെന്ന് തിരിച്ചറിഞ്ഞു. അതുവരെ വളരെ ശാന്തമായി ഒഴുകിക്കൊണ്ടിരുന്ന ജീവിതം അപ്രതീക്ഷിതമായി കാറ്റിലും കോളിലും പെട്ട പോലായി. ജീവിതം എത്ര അമൂല്യമാണ് എന്ന് തിരിച്ചറിഞ്ഞ ദിവസങ്ങള്‍.  

രോഗങ്ങള്‍ തിരിച്ചറിയുമ്പോള്‍, അതിന്റെ സങ്കീര്‍ണമായ ചികിത്സകളിലൂടെ കടന്നുപോകേണ്ടതിനെക്കുറിച്ചോര്‍ക്കുമ്പോഴുണ്ടാകുന്ന ഉള്‍പ്പതര്‍ച്ചകളില്‍ ചിലപ്പോള്‍ എല്ലാ ആത്മവിശ്വാസവും നഷ്ടപ്പെട്ടുപോകും. ജീവിതം ഏറ്റവും ആയാസമുള്ള ഒരു യാത്രയായി മാറും. ഇടയ്ക്ക് ഈ യാത്ര വയ്യ എന്ന് ആലോചിച്ചുപോവും.
 
എങ്കിലും വെള്ളത്തില്‍ മുങ്ങിപ്പോവുന്ന ഒരാള്‍ ശ്വാസത്തിനായി പിടഞ്ഞ് മുകളിലേക്കുയരും പോലെ ചില അത്ഭുതങ്ങള്‍ സംഭവിക്കും. അങ്ങനെയാണ് മാര്‍ച്ച് 30-ന് എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ സര്‍ജറി കഴിഞ്ഞ് ഞങ്ങള്‍ വിഷുവിനോടാടുത്ത ദിവസങ്ങളില്‍ കണ്ണൂരിലുള്ള വീട്ടിലെത്തുന്നത്. പടക്കം പൊട്ടുന്ന ശബ്ദങ്ങള്‍ പേടിപ്പിച്ച ഒരു വിഷുക്കാലമായിരുന്നു അത്. ബ്രെയിന്‍ സര്‍ജറികഴിഞ്ഞ ഒരാള്‍ക്കുണ്ടാകുന്ന ശാരീരികവും മാനസികവുമായ പല വിഷമങ്ങളിലൂടെ കടന്നുപോയ കാലം! (ഇന്നും ആഘോഷങ്ങള്‍ക്ക് വലിയ ശബ്ദത്തോടെ പടക്കങ്ങള്‍ പൊട്ടുന്നത് കേള്‍ക്കുമ്പോള്‍, അത് വലിയ ബുദ്ധിമുട്ടാവുന്ന മനുഷ്യരെക്കുറിച്ച് വേവലാതിപ്പെടാറുണ്ട്. മറ്റുള്ളവര്‍ക്ക് മനസ്സിലാകാത്ത, ഒരുപക്ഷേ പലരും കളിയാക്കുന്ന അത്തരം പല ആകാംക്ഷകള്‍ കൂടിയാണ് ഞാന്‍.)

ജീവിതത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ക്ക് കുറേക്കൂടി വ്യക്തതയുണ്ടായത് തുടര്‍ന്നിങ്ങോട്ടുള്ള ദിവസങ്ങളിലാണ്! അതുവരെയുണ്ടായിരുന്ന, കാല്പനികതയുടെ സൂക്ഷ്മദര്‍ശിനിയിലൂടെ നോക്കി വലുതായി കണ്ടിരുന്ന പലതും എത്ര നിസ്സാരമായിരുന്നു എന്ന് തിരിച്ചറിഞ്ഞു. വീടെന്നാല്‍ അതിനുള്ളില്‍ പാര്‍ക്കുന്ന മനുഷ്യരുടെ സ്‌നേഹവും ആരോഗ്യവും കൂടിയാണെന്നു മനസ്സിലാക്കിയ കാലം! 

കാലം അങ്ങനെയൊരു ഇന്ദ്രജാലക്കാരനാണ്! അപായ സൂചനകളൊന്നും നല്‍കാതെ യാത്രയുടെ ആനന്ദത്തില്‍ നമ്മള്‍ ഭ്രമിക്കുമ്പോള്‍ അപ്രതീക്ഷിതമായ അപകടങ്ങളില്‍ നിലതെറ്റിക്കും! ജീവിതത്തേക്കുറിച്ചും മരണത്തേക്കുറിച്ചും വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കും! ഒടുവില്‍ ജീവിതത്തിന്റെ പച്ച തൊടാവുന്ന ഒരിടത്തെത്തിക്കും! 

നന്നേ പ്രയാസപ്പെട്ട കാലത്ത് സ്‌നേഹം കൊണ്ട് വിസ്മയിപ്പിച്ച മനുഷ്യരുണ്ട്. അവരുടെ സ്‌നേഹവും ശ്രദ്ധയും കൂടി നല്‍കിയതാണ് ശേഷിക്കുന്ന ജീവിതം! ഒരു തീര്‍ത്ഥടനത്തിനെന്നപോലെയാണ് ഇപ്പോഴും മൂന്നും ആറും മാസം കഴിയുമ്പോഴുള്ള തുടര്‍ പരിശോധനകള്‍ക്കായുള്ള യാത്രകള്‍. അവിടെ ഡോ. ദിലീപ്‌  സാറിന്റെ മുറിയില്‍ കത്തിരിക്കുമ്പോള്‍ ആ ചുമരില്‍ ഡോക്ടറോടുള്ള സ്‌നേഹവും നന്ദിയും രേഖപ്പെടുത്തിയ അക്ഷരങ്ങളും ചിത്രങ്ങളും കാണാം. തീരെ ചെറിയ കുഞ്ഞുങ്ങള്‍ വരച്ച, നിറം കൊടുത്ത ചിത്രങ്ങള്‍ മുതല്‍ ജീവിതം തിരികെ കിട്ടിയവരുടെ ഡോക്ടറോടുള്ള സ്‌നേഹത്തിന്റെ പല പല ആവിഷ്‌കാരങ്ങള്‍!

ആ കാഴ്ചയില്‍ ഉള്ളില്‍ കണ്ണീരിന്റെ ഒരുറവ കിനിയാന്‍ തുടങ്ങും. അനേകം മനുഷ്യരുടെ ജീവിതത്തിലെ സന്തോഷങ്ങള്‍ക്ക് കാരണമാവുന്ന, ഡോക്ടറെ കണ്ട് മടങ്ങും. ഈ വിഷുക്കാലത്തും അത്തരമൊരു യാത്രയുണ്ടായി. അപ്പോഴൊക്കെ ഇതുപോലെ അനേകം മനുഷ്യരുടെ കൈകളില്‍ മാറി മാറിപ്പിടിച്ചുകൊണ്ടുള്ള ഒരു ദീര്‍ഘ യാത്രയാണ് ജീവിതമെന്നു തിരിച്ചറിയുന്നു. അങ്ങനെയാവുമ്പോള്‍ സാധ്യമല്ലെന്നു കരുതിയ പലതും ഒട്ടും ആയാസപ്പെടാതെ ചെയ്യാന്‍ നാം പരിശീലിക്കും. ജീവിതത്തോടുള്ള ചുറ്റിലുമുള്ള മനുഷ്യരോടുള്ള അപാരമായ സ്‌നേഹം ഏത് നിശ്ശബ്ദതയിലും ഒരു മിടിപ്പുപോലെ നമ്മള്‍ അറിയും! 

വലിയ സങ്കടങ്ങളാണ് ചുറ്റുമുള്ള, അതുവരെ കാണാതെപോയ സന്തോഷങ്ങളെ കൂടി കാണാനുള്ള കണ്ണുകള്‍ നമുക്ക് നല്‍കുന്നതെന്നു തോന്നാറുണ്ട്. ജീവിതത്തില്‍ ഒരവസ്ഥയും സ്ഥിരമല്ല എന്ന് തിരിച്ചറിയുമ്പോള്‍ മനസ്സ് പ്രതീക്ഷയോടെ, കൂടുതല്‍ ക്ഷമയോടെ കാത്തിരിക്കാന്‍ സന്നദ്ധമാവും. അല്ലെങ്കിലും അനേകം പരിക്കുകള്‍ക്ക് ശേഷവും എഴുന്നേറ്റോടാന്‍ കഴിയുന്ന അത്ഭുതത്തെയാണല്ലോ നമ്മള്‍ ജീവിതം എന്ന് വിളിക്കുന്നത്! അത് സങ്കടങ്ങള്‍ മാത്രമല്ല, ആകസ്മികമായ സന്തോഷങ്ങളും നമുക്കായി കരുതിവെച്ചിട്ടുണ്ടാവും!

Content Highlights: vishuorma vishu in the time of disease