സക്ലേഷ്പുരയില്‍, തണുപ്പിന്റെ കൂട്ടില്‍

ഹുബ്ബള്ളിയില്‍നിന്ന് മംഗളൂരുവിലേക്ക് തീവണ്ടികയറിയത് കൊടുംചൂടുള്ള പാതിരാത്രിയും കഴിഞ്ഞുള്ള ഏതോ യാമത്തിലായിരുന്നു. തണുത്തുവിറച്ചാണ് ഉണര്‍ന്നത്. സമയം രാവിലേ ഏഴരയായിരിക്കുന്നു. വണ്ടി എവിടെയോ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. പുറത്തിറങ്ങി നോക്കിയപ്പോള്‍ ഒരു കൊച്ചു സ്റ്റേഷന്‍. സ്വെറ്ററിട്ട ജീവനക്കാരും വളരെക്കുറച്ച് യാത്രക്കാരും ഭക്ഷണ വില്‍പ്പനക്കാരും. മഞ്ഞനിറമുള്ള ബോര്‍ഡില്‍ കറുത്ത അക്ഷരത്തില്‍ എഴുതിയിരിക്കുന്നു: സക്ലേഷ്പുര. അങ്ങനെയൊരു പേരുകേള്‍ക്കുന്നത് ആദ്യമായിട്ടാണെങ്കിലും എവിടെയൊക്കെയോ വായിച്ചതുപോലെ... ശ്രീകൃഷ്ണ ആലനഹള്ളിയുടെയോ യു.ആര്‍. അനന്തമൂര്‍ത്തിയുടെയോ ഗിരീഷ് കര്‍ണാടിന്റെയോ എഴുത്തുകളിലാണോ? ഓര്‍മ്മയില്ല.
തണുത്ത കാറ്റ് കിടുകിടാ വിറപ്പിക്കുന്നു. കാറ്റില്‍ കാടിന്റെ വിദൂര ഗന്ധം.
''എവിടെയെത്തി?'', ബെംഗളൂരുവില്‍ റെയില്‍വേയില്‍ ഉന്നതോദ്യോഗസ്ഥനായ സുഹൃത്ത് രാജശേഖരന്റെ ചോദ്യം, വാട്സാപ്പില്‍.
''സക്ലേഷ്പുര,'' ഞാന്‍ മറുപടികൊടുത്തു.
''സക്ലേഷ്പുരയില്‍നിന്ന് സുബ്രഹ്മണ്യം റോഡ് വരെ ഉറങ്ങരുത്. മറക്കില്ല, കാഴ്ചകള്‍. ശുഭയാത്ര,'' രാജശേഖരന്റെ മറുകുറി.
വെള്ളം നിറച്ച്, എന്‍ജിന്‍ മാറ്റി വണ്ടി പുറപ്പെട്ടു. മുഖം കഴുകി, ഒരു ചൂടുകാപ്പി കുടിച്ച്, ഞാന്‍ കാത്തിരുന്നു- കണ്‍നിറയെ കാണാന്‍.
വണ്ടി നിര്‍ത്താത്ത ഡോണിഗല്‍ എന്ന ചെറുസ്റ്റേഷന്‍ കഴിഞ്ഞപ്പോള്‍മുതല്‍ പശ്ചിമഘട്ടത്തിന്റെ ഘനശ്യാമഹരിതലോകം വന്ന് വിഴുങ്ങി. മണിക്കൂറുകളോളം കാട്, കാട്, കാട്... അറുപതിലധികം ടണലുകള്‍, പഴയകാല മേല്‍പ്പാലങ്ങള്‍, അവയ്ക്കടിയിലൂടെ ഒഴുകിമറയുന്ന കാട്ടുചോലകള്‍, നീലമയില്‍പ്പീലി വിരിച്ചതുപോലെ പുലര്‍വെയില്‍ വീണ് പ്രകാശിക്കുന്ന താഴ്വാരങ്ങള്‍, പച്ചക്കുന്നുകള്‍, പേരറിയാമരങ്ങള്‍, പല പല കാട്ടുഗന്ധങ്ങള്‍, കിളിക്കരച്ചിലുകള്‍... ചിലയിടങ്ങളില്‍ വണ്ടി പിടിച്ചിടുമ്പോള്‍ പുറത്ത് ഭംഗം വരാത്ത വനമൗനം, നനഞ്ഞ കാറ്റും സുഖമുള്ള തണുപ്പും... മനുഷ്യക്കാഴ്ചയില്ലാത്ത ഏകാന്തത...
സുബ്രഹ്മണ്യം റോഡിലെത്തിയപ്പോള്‍ മനുഷ്യരെ കണ്ടുതുടങ്ങി: താമസസ്ഥലങ്ങള്‍, ബൈക്കുകള്‍, കാറുകള്‍, മണ്ണുമാന്തികള്‍, പാതിമാന്തിക്കവര്‍ന്ന കുന്നുകള്‍, കൃഷിക്കളങ്ങള്‍... പുതിയൊരു സ്ഥലം കണ്ടെത്തിയ ആഹ്ലാദമായിരുന്നു മനസ്സില്‍.
നാട്ടില്‍ വേനല്‍ മൂര്‍ച്ഛിച്ചപ്പോള്‍ സക്ലേഷ്പുര ദൂരെയിരുന്ന് വിളിച്ചു. മംഗളൂരുവില്‍നിന്ന് പശ്ചിമഘട്ടത്തിന്റെ പച്ച ഇടനാഴിയും കടന്ന് പോവാന്‍ തീരുമാനിച്ചു. ഒപ്പം കുടുംബവും.
മംഗളൂരുവില്‍നിന്ന് സക്ലേഷ്പുരയിലേക്കുള്ള ഗോമടേശ്വര എക്സ്പ്രസിലെ വിസ്റ്റാഡോം കോച്ചുകളില്‍നിന്നുള്ള കാനനക്കാഴ്ച കൂടുതല്‍ ഭംഗിയുള്ളതാണ്. കൂറ്റന്‍ ജനല്‍ച്ചില്ലുകളില്‍ വന്നുരസുന്ന ഇലച്ചാര്‍ത്തുകള്‍. കാടിന്റെ വലിയ ഫ്രെയിം. വല്ലപ്പോഴും കാട് കുടഞ്ഞിടുന്ന മഴത്തുള്ളികള്‍ ചില്ലില്‍ മുത്തുപതിക്കുന്നു. വിശാലമായ കോച്ചില്‍ കറങ്ങുന്ന കസേരകള്‍...
സക്ലേഷ്പുരയുടെ ഉള്ളടരുകളിലേക്ക് റോഡുമാര്‍ഗം പോകുമ്പോള്‍, അതിരുകള്‍ നിറയെ മരച്ചാര്‍ത്തുകളും കാപ്പിത്തോട്ടങ്ങളും. കാപ്പിയിലപ്പച്ചയ്ക്കുമേല്‍ നീലപ്പീലി വിരിച്ച മയിലുകള്‍, പാറക്കൂട്ടങ്ങളെ നനച്ച് കാട്ടില്‍നിന്നൂറിവരുന്ന ചോലകള്‍, അവിടവിടെ തോട്ടം തൊഴിലാളികളുടെ ലയങ്ങള്‍, നീണ്ട നടവഴിയുടെ അറ്റത്ത് പുരാതന എസ്റ്റേറ്റ് ബംഗ്ലാവുകള്‍, വല്ലപ്പോഴും വെളിപ്പെടുന്ന ഗോത്രവര്‍ഗമനുഷ്യര്‍, തീരെച്ചെറിയ അങ്ങാടികള്‍, മങ്ങിയ മധ്യാഹ്നം... സുഖകരമായ തണുപ്പ്, കാറ്റ്...
ടാറിട്ട റോഡുപോലുമില്ലാത്ത ഉള്‍ഗ്രാമത്തില്‍ ഒരു കന്നഡകുടുംബത്തിനൊപ്പമായിരുന്നു താമസം. ആ ഗ്രാമത്തിനാകെ നാടന്‍ പശുവിന്റെ മണമായിരുന്നു. എവിടെനോക്കിയാലും അകിടുചുരന്ന പശുക്കളെ കാണാം. രാവിലേ വീടിനുമുന്നിലൂടെ നൂറോളം പശുക്കളുടെ സംഘത്തെയും തെളിച്ചുകൊണ്ട് ഒരാള്‍ കുന്നിന്‍മുകളിലേക്ക് കയറിപ്പോകുന്നതുകാണാം. സന്ധ്യമയങ്ങുമ്പോള്‍ അതേപോലെ തിരിച്ചുവരും. പുറത്ത് ഉച്ചഭക്ഷണം നിറച്ച ഒരു ബാക്ക് പാക്കും വലതുകൈയില്‍ ഒരു വടിയും ഇടതുകൈയില്‍ ആധുനിക മൊബൈല്‍ ഫോണുമായാണ് ആധുനികഗോപാലകന്റെ യാത്ര. ആ വീട്ടില്‍ ഗോഗന്ധമുള്ള ഒന്നാന്തരം തൈര് മൂന്നുനേരവും ഭക്ഷണത്തിനൊപ്പം വിളമ്പും.
മേയ്മാസത്തിന്റെ അവസാന ആഴ്ചയായിട്ടും ഉച്ചകഴിയുന്നതോടെ തണുപ്പ് കുന്നിറങ്ങിവരും. വൈകുന്നേരം ആകാശത്ത് മഴമേഘങ്ങള്‍ കുമിയും. രാത്രി മഴപെയ്യും. ഭേദപ്പെട്ട ഒരു ടൗണ്‍ കാണണമെങ്കില്‍ മുപ്പതുകിലോമീറ്ററിലധികം പോകേണ്ട, ഉള്‍പ്രദേശത്തുള്ള ആ ഗ്രാമം, ചെയ്യാനൊന്നുമില്ലാതെ രാത്രി എട്ടുമണിയോടെ ഉറങ്ങാന്‍ കിടക്കും.
വൈകിയുറങ്ങുന്ന നാഗരികന്റെ ഉറക്കംവരാത്ത കണ്ണുകളുമായി ചുറ്റിലുമുള്ള നിറഞ്ഞ നിശ്ശബ്ദതയുടെ സംഗീതമാസ്വദിച്ചിരിക്കുമ്പോള്‍ തൊട്ടടുത്ത തൊഴുത്തില്‍നിന്ന് പശുക്കള്‍ അയവെട്ടുന്ന ശബ്ദം കേള്‍ക്കാം. അവ ശരീരമുരസുമ്പോഴുള്ള ഗന്ധം കാറ്റില്‍ കലരും. ഒരുകാലത്ത് കേരളീയഭവനങ്ങളുടെ മുഖമുദ്രയായിരുന്ന ആ ഗന്ധം ഇന്ന് ഗൃഹാതുരമായ ഒരോര്‍മ്മ മാത്രമാണ്. കാപ്പിത്തോട്ടങ്ങളില്‍നിന്ന് മയിലുകളുടെ കരച്ചിലുകള്‍...
നാഗരികമനസ്സിന് പിടികൊടുക്കാത്ത പ്രഹേളികയാണ് ഇന്നും ഇന്ത്യന്‍ ഗ്രാമങ്ങള്‍. അവിടത്തെ ജീവിതം, പരിമിതമായ ആവശ്യങ്ങള്‍, അവരുടെ ജീവിതതത്ത്വചിന്ത, ഭക്ഷണം, കാഴ്ചപ്പാടുകള്‍, സ്വപ്‌നങ്ങള്‍ എല്ലാമെല്ലാം നഗരത്തില്‍നിന്ന് എത്രയോ ഭിന്നമാണ്. മഹാത്മാഗാന്ധി ഗ്രാമത്തിന്റെ ഈ മാനദണ്ഡത്തിലാണ് ഇന്ത്യയെ നിര്‍വചിച്ചത്. നാഗരികനായ നെഹ്റുവിന് അത് മനസ്സിലാകാത്തതിലും അദ്ഭുതമില്ല. അതില്‍ ഗാന്ധിക്ക് പരാതിയുമില്ലായിരുന്നു.
സക്ലേഷ്പുരയിലെ ഉള്‍ഗ്രാമത്തിലിരിക്കുമ്പോള്‍ ഒറ്റയടിക്ക് ഇന്ത്യന്‍ ഗ്രാമജീവിതത്തിന്റെ ഉള്‍സ്പന്ദനങ്ങള്‍ പിടികിട്ടും. ഗ്രാമം എന്ന സങ്കല്പംതന്നെ അന്യമായ കേരളത്തില്‍ ഈ അനുഭവം ഇനി ലഭിക്കില്ല.
കൃഷിയും തോട്ടംതൊഴിലും കന്നുകാലിവളര്‍ത്തലും പതുക്കെപ്പതുക്കെ വികസിച്ചുവരുന്ന വിനോദസഞ്ചാരവുമാണ് സക്ലേഷ്പുരയിലെ പ്രധാന ജീവനോപാധികള്‍. ഹോം സ്റ്റേ നടത്തുന്ന മഞ്ജുനാഥ് രാവിലേ ട്രാക്ടറില്‍ കുറെ തൊഴിലാളികളുമായി പോകുന്നതുകാണാം. വൈകുന്നേരം അയാള്‍ മണ്ണിന്റെയും വിയര്‍പ്പിന്റെയും മണവുമായി തിരിച്ചുവരും. ''ഒരു ചെറിയ കവുങ്ങിന്‍തോട്ടമുണ്ട് സാര്‍. അടക്കയ്ക്കിപ്പോള്‍ ഭേദപ്പെട്ട വിലയുണ്ട്,'' മഞ്ജുനാഥ് പറഞ്ഞു.
മഞ്ജുവിന്റെ ഇളയമകന്‍ സുദീപ് മംഗലാപുരത്താണ് പഠിക്കുന്നത്. ബി.കോം കഴിഞ്ഞു. അവധിക്കു വന്നതാണവന്‍. നഗരം കണ്ടുവന്ന അവന് ആ കാട്ടുഗ്രാമത്തില്‍ സൗഹൃദങ്ങളൊന്നുമില്ല. കൂടുതല്‍ സമയവും അവന്‍ തനിച്ചിരിക്കുന്നതുകാണാം. വീടിനുപിറകിലെ വെള്ളച്ചാട്ടത്തിലേക്ക് വഴികാട്ടാന്‍ വന്നപ്പോഴും അവന്‍ അധികം സംസാരിച്ചില്ല. കൂടുതലും തന്നോടുതന്നെ സംസാരിക്കുന്നതുപോലെയാണ് തോന്നിയത്. ഇവിടെ എങ്ങനെ സമയം പോകുന്നുവെന്ന ചോദ്യത്തിന് അവന്‍ വിളറിയ ഒരു ചിരി ചിരിച്ചു. ഏകാന്തമായ ഇന്ത്യന്‍ ഗ്രാമങ്ങളിലെ ഒരുപാട് നവയൗവനങ്ങളുടെ മുഖത്ത് ഞാന്‍ ആ ചിരി കണ്ടിട്ടുണ്ട്. ഇതാണോ ഭാവി ഇന്ത്യയുടെ ചിരി?
Content Highlights: sakleshpura travel memories of sreekanth kottakkal