ക്ഷണികം...

നിറമുള്ള സ്വപ്നങ്ങളൊക്കെയും അടര്‍ന്നുപോയോരാ
നനവാര്‍ന്ന മിഴികളേറെ ദിനമായി കാണുന്നു ഞാന്‍
ചലനമില്ലാത്ത കൈകളിലൊന്നില്‍ ആരോ കൊടുത്തിട്ട ചില്ലറത്തുട്ടുകള്‍
ഒരിക്കലന്നൊരുവേള തെളിച്ചം മായ്ഞ്ഞതാണെന്ന് തീര്‍ച്ച
മനസ്സിന്നങ്കണത്തിലൊരു നൊമ്പരം
പിറന്നൊടുവില്‍ പാഞ്ഞടുക്കലെത്തി ഞാന്‍
അടരാതെ പടര്‍ന്നോരാ കണ്ണീര്‍കണങ്ങളാല്‍ കേട്ടതൊക്കെയും
ക്ഷണികമായൊരു പിഴവിനാല്‍ അക്ഷരം തെറ്റിയ ജീവിതതാളം
രണ്ടിളം പൈതങ്ങള്‍ തന്‍ താതന്‍ താന്‍
താങ്ങായ് മാറാമെന്നണഞ്ഞുകൊണ്ടെപ്പോഴോ
തിടുക്കമായേറെ അശ്രദ്ധമായാ യന്ത്രം കറക്കീയൊടുവില്‍
ലക്ഷ്യത്തിലെത്താന്‍ തിരയും ചുഴിയും കടന്നവന്‍
തന്‍ സുരക്ഷയോര്‍ക്കാന്‍ മറന്നുപോയവന്‍
ഒടുവില്‍ പിറവിയെടുത്തോരോര്‍മയില്‍ അറിഞ്ഞത്
ഇരുകൈകളും അറ്റുപോയെന്നത്രെ
സ്വപ്നങ്ങളുടലെടുത്തൊടുവില്‍ താങ്ങായ് തണലായ് മാറേണ്ടവന്‍
അശ്രദ്ധമായൊരു നേരത്തില്‍ വീണുടഞ്ഞിവിടെ........
കാലം പിറവിയെടുക്കും
കഥയ്‌ക്കൊരാമുഖമായിനിമേല്‍
ഇക്കഥ പുനര്‍ജനി കൊള്ളാതിരിക്കട്ടെ......
Content Highlights: poetry by prathibha k