അമ്മ ശീലിപ്പിച്ച ഓണരുചികള്‍ അമ്മയ്ക്ക് മാത്രമേ തരാന്‍ പറ്റൂ

കുട്ടിക്കാലത്തെ ഓണം എത്ര രസമായിരുന്നെന്നോ, അന്നത്തെ ഓണമായിരുന്നു ഓണം. ഓണപ്പരീക്ഷ കഴിഞ്ഞു, സ്‌കൂളടച്ചു. പരിപൂര്‍ണസ്വാതന്ത്ര്യം ആഘോഷിച്ചു പറമ്പിലും മുറ്റത്തുമൊക്കെ ഓടിക്കളിച്ച് വിശക്കുമ്പോഴെല്ലാം ഓടി വന്ന് ഉപ്പേരിപ്പാത്രം തുറന്ന് വറ്റലും, ശര്‍ക്കരവരട്ടിയും വാരിയെടുത്തു പിന്നേം പറമ്പിലേക്കോടും. ഊഞ്ഞാലൊക്കെ ആടിത്തളര്‍ന്ന് ഉച്ചയാവുമ്പോള്‍ സദ്യകഴിച്ചു കിടന്നുറങ്ങില്ല, പിന്നേം പോയി ഊഞ്ഞാലാടും. അതുകഴിഞ്ഞു ഓണക്കളികള്‍ ഉണ്ട്, അതിനു പോകും. ഓണം അങ്ങനെ എട്ടു പത്തു ദിവസം അടിച്ചുപൊളിച്ചു ആഘോഷിക്കും. കാലമിത്ര കഴിഞ്ഞിട്ടും ഓണത്തിന്റെ രുചികള്‍ നാവിന്‍തുമ്പില്‍ നിന്നും മാറിയിട്ടില്ല.
കുട്ടിക്കാലത്തു രണ്ട് ഓണം ഉണ്ടായിരുന്നു. കല്ലടയോണവും, കടമ്പനാട്ടോണവും. പക്ഷെ സ്‌കൂള്‍ അടച്ചാലുടനെ കടമ്പനാട്ട് പോകുന്നതിനാല്‍ പലപ്പോഴും കല്ലട അമ്മച്ചിയുടെ കൂടെ ഞാന്‍ ഓണം കൂടിയിട്ടില്ല, പക്ഷേ അമ്മച്ചി ഉപ്പേരിയും ശര്‍ക്കരവരട്ടിയും ഒക്കെ ഉണ്ടാക്കി നോക്കിയിരിക്കും, കാരണം ഓണം വന്നാല്‍ ഞാന്‍ മാത്രമാണ് നേരത്തെ കേട്ട് കെട്ടുന്നത്, ബാക്കിയെല്ലാരും ഉത്രാടത്തിനും, തിരുവോണത്തിനും മാത്രമാണ് കടമ്പനാട്ടേക്ക് പോകുന്നത്. ആദ്യം ഞാന്‍ കടമ്പനാട്ടെ കാര്യം പറയാം. ഓണത്തിന് ദിവസങ്ങള്‍ മുന്‍പ് തന്നെ അമ്മച്ചി ഉപ്പേരിയുണ്ടാക്കും,
പറമ്പില്‍ തന്നെയുള്ള ചേന, കാച്ചില്‍, ചേമ്പ്, ഏത്തക്ക ഇവയെല്ലാം അരിഞ്ഞു ഓരോരോ സംഘമായി മാറ്റിവെയ്ക്കും, പക്ഷേ അവസാനം അതെല്ലാം ഒരൊറ്റ പാത്രത്തില്‍ (ഒരു വലിയ ടിന്‍) തന്നെ ഇട്ടു വെയ്ക്കും. അത് തുറക്കുമ്പോള്‍ തന്നെ ഒരു പ്രത്യേകതരം വാസനയാണ്. നല്ല കാച്ചിയ വെളിച്ചെണ്ണയില്‍ കിടന്നു പാകപ്പെട്ട ഉപ്പേരിക്കുഞ്ഞുങ്ങള്‍ അങ്ങനെ അസോര്‍ട്ടഡ് ചിപ്‌സ് ആയി വിലസും. കുട്ടിക്കാലത്തെ ഓണം പൂക്കളം, ഊഞ്ഞാല്‍, ഓണക്കോടി, ഓണത്തുമ്പി, ഓണക്കളികള്‍ വയറു നിറയ്ക്കുന്ന സദ്യ ഇങ്ങനെയിങ്ങനെയങ്ങു പോകും, പക്ഷേ അല്‍പ്പം മുതിര്‍ന്നപ്പോള്‍ മാത്രമാണ് ഓണത്തിന്റെ പിന്നിലെ അധ്വാനം മനസ്സിലായത്. അപ്പോഴേക്കും അമ്മച്ചിമാര്‍ മരിച്ചു പോയി, രണ്ടോണം മാറി, ആകെയൊരോണം മാത്രമായി, അതാകട്ടെ വീട്ടില്‍ അമ്മയുണ്ടാക്കുന്ന ഓണമാണ്.
കൂട്ടുകുടുംബമല്ലെങ്കിലും ചില സമയത്ത് വീട് ഒരു ഗ്രേറ്റ് ഇന്‍ഡ്യന്‍ കിച്ചന്‍ ആണ്. ഉത്രാടത്തിന് രണ്ടു ദിവസം മുന്‍പ് തന്നെ നാരങ്ങാക്കറിയും ഇഞ്ചിക്കറിയും റെഡിയാക്കണമത്രേ, കാരണവന്മാര്‍ അങ്ങനെയാണത്രെ പറഞ്ഞിരിക്കുന്നത്, അതും പ്രകാരം പാവം എന്റെ 'അമ്മ ഉത്രടത്തലേന്നു തന്നെ ഇഞ്ചിയും നാരങ്ങയും റെഡിയാക്കും, ഓണത്തിന് സദ്യ വിപുലം തന്നെയാണ്, തോരന്‍, അവിയല്‍, പച്ചടി, കിച്ചടി, സാമ്പാര്‍, പുളിശ്ശേരി, പരിപ്പ്, പപ്പടം, അടപ്രഥമന്‍, സേമിയ പായസം, പഴം, ഉപ്പേരി, ശര്‍ക്കരപുരട്ടി ഇത്രയുമായാല്‍ തീര്‍ന്നില്ല, മീന്‍കറിയും, ചിക്കന്‍ റോസ്റ്റും കൂടെ ആയാല്‍ സദ്യ പൂര്‍ണ്ണം. കേള്‍ക്കാന്‍ നല്ല സുഖം കഴിക്കാന്‍ നല്ല രസം, പക്ഷേ പാവം
എന്റെ അമ്മ, ശരിക്കും പെട്ടുപോകുന്നത് ഓണത്തിനാണ്. ജോലി ചെയ്ത് ജോലി ചെയ്ത് നടുവ് ഒടിയും. എല്ലാ ദിവസവും ഉച്ചയൂണിന് ചമ്മന്തി വേണമെന്ന് ശഠിക്കുന്ന എന്റെ പ്രിയപിതാവ് ഓണത്തിന് ചമ്മന്തി വേണ്ട എന്ന് വെയ്ക്കും. ഞങ്ങടെ വീട്ടില്‍ അധ്വാനത്തിന്റെ പര്യായമായിരുന്നു ഓണം. രുചിയുടെ സ്രോതസ്സ് വീട്ടില്‍ തന്നെ ഉള്ളതിനാല്‍ 'അമ്മ പകര്‍ന്നു തന്ന ഓണരുചികള്‍ അന്നത്ര കാര്യമാക്കിയില്ല. ഇന്നിപ്പോള്‍ കഥ മാറി കാലം മാറി.
തിരുവനന്തപുരത്തിപ്പോള്‍ ഇന്‍സ്റ്റന്റ് ഓണമാണ്, എല്ലാ ഇടവും, എല്ലാം ഇന്‍സ്റ്റന്റ് ആണ്, ഇപ്പോള്‍ 'അമ്മ വേണമെന്നില്ല ഓണസദ്യ ഉണ്ടാക്കാന്‍. എങ്കിലും എനിക്ക് ഓണം 'അമ്മ വെച്ചു തന്ന പരിപ്പുകറിയും, നാരങ്ങാക്കറിയും, ഇഞ്ചിക്കറിയും അടപ്രഥമനുമാണ്. അതൊന്നും എവിടെ നിന്നും കിട്ടില്ല. ചെറുപയര്‍ വറുത്ത് അലവാക്കി (വറുത്ത ചെറുപയര്‍ അരകല്ലിലോ മിക്‌സിയിലോ ഇട്ട് ചെറുകഷണങ്ങളാക്കി തൊലി കളയുന്ന മനോഹരമായ പ്രക്രിയ) കുതിര്‍ത്തത്തിനു ശേഷം ഒരു പച്ചമുളക് ചതച്ചതും, കൊച്ചുള്ളിയും, ഉപ്പും ചേര്‍ത്ത് വേവിക്കും, നന്നായി വെന്ത പരിപ്പിലേക്കു തേങ്ങയും ചെറിയ ഉള്ളിയും കൊച്ചുള്ളിയും, മഞ്ഞളും ജീരകവും അരച്ചു ചേര്‍ത്ത് തിളപ്പിക്കാതെ ചൂടാക്കിയെടുക്കും, 'അമ്മ തന്നെ വീട്ടിലുണ്ടാക്കുന്ന നെയ്യില്‍ കടുക് പൊട്ടിച്ച് കൊച്ചുള്ളിയും, വറ്റല് മുളകും, കറിവേപ്പിലയും ഇട്ടു താളിച്ചെടുത്ത് പരിപ്പിലേക്കൊഴിക്കും. അതിന്റെ മണമുണ്ടല്ലോ അതാണ് ഓണമണം, അതിന്റെ നിറം പയറു പച്ചയും മഞ്ഞയും സമരസപ്പെട്ട ഒരു നിറമാണ്. നല്ല കുത്തരി ചോറിലേക്ക് ഈ പരിപ്പൊഴിച്ചു ഒരു പപ്പടോം പൊട്ടിച്ചു ഒരു പിടി പിടിക്കണമെന്റെ സാറേ. ഓണമുണ്ടല്ലോ അങ്ങു പൊളിക്കും. നാരങ്ങാക്കറി അതിവിശേഷമാണ് മമ്മിയോട് പല പ്രാവശ്യം അത് ഞാന്‍ ചോദിച്ചു പഠിച്ചിട്ടുണ്ട് പക്ഷെ മമ്മി ഉണ്ടാക്കുന്നതുപോലത്തെ നാരങ്ങാക്കറി ഉണ്ടാക്കാന്‍ എനിക്ക് സാധിച്ചിട്ടില്ല. എനിക്കിപ്പോഴും അറിയില്ല എങ്ങിനെയാണ് അല്‍പ്പം പോലും കയ്പ്പില്ലാതെ കൊച്ചുള്ളിയും കറിനാരങ്ങാക്കഷണങ്ങളും ഇങ്ങനെ രമ്യതയില്‍ കഴിയുന്നതെന്ന്. മനുഷ്യന്മാര് കണ്ടു പഠിക്കണം ആ ഒരുമ. ഇഞ്ചിക്കറി ഈസ് ടൂ കോംപ്ലിക്കേറ്റഡ്, ഇത് രണ്ടും എനിക്ക് പിടിതരാത്ത പ്രഹേളികകളാണ്.
പണ്ടത്തെ ഓണത്തിന് മമ്മി അടപ്രഥമനുള്ള അട വാങ്ങുമായിരുന്നു, അങ്ങനെയിരിക്കെ, ഈ ഉള്ള ജോലിയൊന്നും പോരാ എന്ന് തോന്നുകയും എന്റെ പ്രിയ മാതാവ് പുതിയൊരു കൈത്തൊഴില്‍ കണ്ടെത്തുകയും ചെയ്തു. അതാണ് വീട്ടില്‍ തന്നെയുള്ള അട നിര്‍മ്മാണം. പച്ചരി പൊടിച്ചു കൊഴുക്കട്ടയ്ക്കു കുഴയ്ക്കുന്ന പോലെ കുഴച്ചു വാഴയിലയില്‍ വളരെ നൈസായി പുരട്ടി ആ വാഴയില പൈപ്പ് പോലെ ചുരുട്ടി രണ്ടറ്റവും കെട്ടി തിളച്ച വെള്ളത്തില്‍ ഇടണം, പത്തു മിനിറ്റ് തിളപ്പിക്കുമ്പോഴേ അട പാകപ്പെടും, പിന്നീട് ഇലയില്‍ നിന്നും അട വേര്‍തിരിച്ചു, അതിനെ ചെറിയ കഷണങ്ങളാക്കി ശര്‍ക്കര പാനിയില്‍ ഇട്ട്, പിന്നീടെല്ലാം അടപ്രഥമന്‍ ഉണ്ടാക്കുന്നത് പോലെ തന്നെ. എല്ലാ ഓണത്തിനും ഈ അടപ്രഥമനും പഴവും കൂട്ടിയുള്ള സദ്യ,
ഇടയ്ക്കിടയ്ക്ക് നാരങ്ങാക്കറി ഒന്ന് തൊട്ട് നാവില്‍ വെക്കണം, അപ്പോള്‍ പിന്നെയും പ്രഥമന്‍ കഴിക്കാന്‍ തോന്നും, ഇടയ്‌ക്കൊക്കെ എനിക്ക് സംശയം തോന്നുമായിരുന്നു, പ്രഥമന്റെ കൂടെ നാരങ്ങാക്കറി തൊട്ടു കഴിക്കുന്നത് പ്രഥമന്‍ കഴിക്കുന്ന വേഗം കൂട്ടുമോ അതോ കുറയ്ക്കുമോ എന്ന്.
'അമ്മ ശീലിപ്പിച്ച ഓണരുചികള്‍ അമ്മയ്ക്ക് മാത്രമേ തരാന്‍ പറ്റുള്ളൂ, എനിക്ക് അത് സൃഷ്ടിക്കാന്‍ പറ്റില്ല, എനിക്കിന്നും ഓണം അമ്മേടെ കൂടെയുള്ള ഓണമാണ്, പക്ഷെ ഓട്ടം കൂടുന്നതിനാല്‍ പലപ്പോഴും അമ്മേടെ ഒപ്പമുള്ള ഓണദിനങ്ങളുടെ ദൈര്‍ഘ്യം കുറഞ്ഞു വരുന്നു.
Content Highlights: onam ruchiorma