ദേവരാജൻമാസ്റ്റർക്കൊപ്പം ഊണുകഴിച്ച ഓണക്കാലം

എന്റെ ഓണം ഓർമ്മകളുടെ തുമ്പ് ചെന്നെത്തുന്നത് പന്തളത്തെ പൂഴിക്കാട് എന്ന ചെറിയ ഗ്രാമത്തിലാണ്. അമ്മ ഉപ്പേരി വറുക്കുന്നതിന്റെ ഓർമ്മയാണ് അതിലേറ്റവും തെളിച്ചത്തോടെ നിൽക്കുന്നത്. ഓണക്കോടി വാങ്ങാൻ അച്ഛനൊപ്പമുള്ള യാത്രയും മങ്ങാതെ മനസ്സിലുണ്ട്.
ഓണക്കളികൾ ഒരുപാടുണ്ടായിരുന്നു. പുലിയും വേട്ടക്കാരനും കളിയുടെ ഹരം നിറഞ്ഞ ഓണക്കാലം. മേലാസകലം തുമ്പച്ചെടി വച്ചുകെട്ടിയാണ് കളിക്കിറങ്ങുക. നാട്ടിലെ കൂട്ടുകാരെല്ലാവരും കൂട്ടത്തിലുണ്ടാവും. കളി കഴിഞ്ഞാൽ പിന്നെ ഊഴം ഊഞ്ഞാലാട്ടത്തിന്റേതാണ്. വായുവിൽ ചില്ലാട്ടം പറക്കുന്ന കുട്ടിക്കാലം. ഒരൂഞ്ഞാലിൽ ഒരേ സമയം ഒരാൾ ഇരുന്നും മറ്റേയാൾ നിന്നും ആയത്തിൽ പറക്കുന്ന സാഹസികവിനോദം കൂടിയായിരുന്നു അത്. ആയത്തിലെ പറക്കലിൽ താഴെവീണ് കാലൊടിഞ്ഞ കൂട്ടുകാരന്റെ ഓർമ്മയും മനസ്സിലുണ്ട്. ഓണനാളുകളിലെ വൈകുന്നേരങ്ങൾക്കുമുണ്ട് പ്രത്യേക ചന്തം. തിരുവാതിരയും തുമ്പിതുള്ളലും മുടിയാട്ടവും ഒക്കെയായി രസഭരിതമായ ദിനരാത്രങ്ങൾ. തരംഗിണിയുടെ ഓണപ്പാട്ടുകൾക്കായി കാത്തിരുന്ന കാലംകൂടിയായിരുന്നു അത്. അന്നൊക്കെ ഓണമെന്നാൽ പാട്ടുകൾ കൂടിയായിരുന്നു. മാമാങ്കം പലകുറികൊണ്ടാടി എന്ന പാട്ട് ഏത് വേദിയിൽ പാടുമ്പോഴും എന്റെ മനസ്സിൽ ഭംഗിയുള്ള ഓണനിലാവ് തെളിയും.
ശങ്കരധ്യാന പ്രകാരം ജപിച്ചു ഞാൻ
അമ്പലം ചുറ്റുന്ന നേരം
കൈയിൽ പ്രസാദവും കണ്ണിൽ പ്രകാശവുമായ്
സുന്ദരീ നിന്നെ ഞാൻ കണ്ടൂ... എന്ന പാട്ടിലുമുണ്ട് ഏതോ ഒരോണനാളിന്റെ ഇളവെയിൽചന്തം.
പായിപ്പാട്ടാറ്റിൽ വള്ളംകളി
പമ്പാനദി തീരത്ത് ആർപ്പുവിളി
കാരിച്ചാൽ ചുണ്ടനും ആനാരിച്ചുണ്ടനും
കാവാലം ചുണ്ടനും പോർവിളിയിൽ…
ആ പാട്ടിലുമുണ്ട് ഓണത്തിന്റെ താളമേളം.
ഉത്രാടപ്പൂനിലാവേ വാ
മുറ്റത്തെ പൂക്കളത്തിൽ വാടിയ പൂവണിയിൽ
ഇത്തിരിപ്പാൽ ചുരത്താൻ വാ... ഓണത്തിന്റെ ഈണങ്ങളിൽ ഈ ഗാനവുമുണ്ട്.
ഓണം എന്നു പറഞ്ഞാൽ പാട്ടുകളുടെ കാത്തിരിപ്പുകാലംകൂടിയായിരുന്നു. 1986-ൽ ആവണിപ്പൂക്കൾ എന്ന കാസറ്റിലെ ഓണപ്പൂവ് എന്ന പാട്ട് ജീവിതത്തിൽ എനിക്കൊരു വഴിത്തിരിവ് സമ്മാനിച്ചു. ഒരുപാട് വേദികളിൽ ഞാനാ പാട്ട് പാടി. അതേ ഗാനം ‘സിത്താര’ എന്ന ട്രൂപ്പിലേക്ക് വഴി തുറന്നു. ഒരുപാട് അവസരങ്ങൾ ആ പാട്ട് നേടിത്തന്നു. തിരുവനന്തപുരത്ത് പഠിക്കുമ്പോഴും ഓണക്കാലത്ത് വീട്ടിലേക്ക് പോകും. പക്ഷേ, പിന്നീട് ആ പതിവ് തുടരാനായില്ല. മിക്കവാറും ദൂരെ എവിടെയെങ്കിലുമായി സംഗീത പരിപാടികളിലായിരിക്കും.
അങ്ങനെ ഒരു തിരുവോണത്തിന് ഞാൻ ദേവരാജൻ മാസ്റ്ററുടെ വീട്ടിലായിരുന്നു. അദ്ദേഹം ഒരു തൂക്കുപാത്രത്തിൽ കരമന ജങ്ഷനിലെ ഒരു ഹോട്ടലിൽ നിന്ന് ഊണ് വരുത്തിച്ചു. അദ്ദേഹത്തിനൊപ്പമിരുന്ന് അന്നുച്ചയ്ക്ക് ഊണുകഴിച്ചു. ഒരിക്കലും മറക്കാനാവാത്ത തിരുവോണ ഓർമ്മയാണത്.
പിന്നെ നീണ്ട വിദേശവാസക്കാലം വന്നു. അക്കാലത്തും മനസ്സിനെ ത്രസിപ്പിച്ച ഓർമ്മകളാണ് ഇതൊക്കെയും. കാലത്തിന്റെ പോക്കിൽ ഒരുപാട് മാറ്റങ്ങൾ വന്നു. ഇപ്പോൾ ഓണപ്പാട്ടുകൾ ഇല്ലല്ലോ. ഇപ്പോഴും ആ പഴയ പാട്ടുകളാണ് എന്റെ ഓണത്തിന് നിറംപകരുന്നത്. കേരളം കേരളം കേളികൊട്ടുണരുന്ന കേരളം എന്ന പാട്ട് വീണ്ടും ഓർത്തുപോകുന്നു. കേരള എന്നുള്ളത് കേരളം എന്ന് പുനർനാമകരണം ചെയ്തല്ലോ ഇപ്പോൾ. അങ്ങനെ ഒരു പ്രത്യേകത കൂടി ഈ ഓണത്തിനുണ്ട്.
മലയാളിയെ സംബന്ധിച്ച് ഒരു വലിയ വികാരമാണ് ഓണം. ലോകമെമ്പാടുമുള്ള മലയാളികൾ ജാതി മത ഭേദമന്യേ ഒരുമിച്ച് ആഘോഷിക്കുന്ന ഉത്സവം. മാവേലി നാട് വാണീടും കാലം മാനുഷരെല്ലാരും ഒന്നുപോലെ എന്നല്ലേ. ആ ഒരുമയെല്ലാം മാഞ്ഞുതുടങ്ങിയ കാലമാണിത്. തുല്യതയുടെ സന്ദേശം മുന്നോട്ടുവെക്കുന്നുണ്ട് ഓരോ ഓണവും.
ദേശത്തിന്റെ അതിരിനുള്ളിൽ ഒതുങ്ങുന്ന ആഘോഷമല്ല ഓണം.
ഇവിടം വിട്ടുപോയിരിക്കുന്ന പ്രവാസികളാണ് ഏറ്റവും കൂടുതൽ ഓണം ആഘോഷിക്കുന്നത്. തിരുവാതിരയും ചെണ്ടമേളവും ഒക്കെയായി ആവേശത്തോടെ തനിമയോടെ അവർ ഓണം ആഘോഷിക്കുന്നു. ഒരു കലാകാരൻ എന്ന നിലയിൽ വളരെ സന്തോഷമാണതൊക്കെയും. ഓണത്തെ അതിന്റെ സന്ദേശം ഉൾക്കൊണ്ട് ആഘോഷിക്കാൻ പുതിയ തലമുറയ്ക്കും സാധിക്കണം എന്നതാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Nostalgic childhood Onam memories of Pandalam Balan, Memorable experience of having Onam lunch with Devarajan Master, The significance of classic Onam songs and 1986's 'Onappoovu', Reflections on traditional Onam celebrations and the spirit of unity