ഉമ്മകള്‍

#അഞ്ജന ശശി
വര: ലിജീഷ് കാക്കൂര്‍
വര: ലിജീഷ് കാക്കൂര്‍

കത്തുന്ന വെയില്‍ സാക്ഷിയായി
പത്തു വയസ്സുകാരിയുടെ കവിളില്‍
അനുവാദം ചോദിക്കാതെ തന്ന
ആദ്യ ചുംബനം!
പേടിച്ച് പൊള്ളിപ്പോയി അന്ന്.

കൈകള്‍ കൂട്ടിക്കെട്ടി
കൗമാരത്തിന്റെ മിനുത്ത കവിളില്‍ 
ആഞ്ഞ് തന്നത് 
മറ്റൊരു പകല്‍ചുംബനം!
തകര്‍ന്നുപോയി ആ 
പതിനഞ്ചുകാരി.

ഓളപ്പരപ്പില്‍ വഞ്ചിയില്‍
ചേര്‍ത്തുപിടിച്ച് ചുംബിച്ച്
കായലിന്‍ ചുഴിയിലേക്ക്
തള്ളിയിട്ടപ്പോള്‍ പിടഞ്ഞത് 
പതിനെട്ടുകാരിയുടെ ഹൃദയം!

ഉമ്മകള്‍ പിറക്കുന്ന ചുണ്ടുകളെ
ഭയന്ന് തുടങ്ങിയത്
അങ്ങനെയൊക്കെ ആവണം!

പ്രണയനിര്‍ഭര വേളകളില്‍
ചുംബനക്കാറ്റ് വീശുമ്പോള്‍ 
മുഖം തിരിക്കുന്ന അവളെ നോക്കി
നിരാശ പടര്‍ന്നു നീറുന്ന
അവന്റെ കണ്ണുകള്‍!

രതി നിറഞ്ഞ രാവുകളില്‍
പടര്‍ന്നു കയറി പൂക്കുമ്പോഴും
കഴുകനെപോലെ കൊത്തിവലിച്ച്
ഹൃദയം നീറ്റി, ഓരോ ഉമ്മയും!

അവളുടെ ഉമ്മകള്‍ക്ക്  തേന്‍-
മധുരമെന്നവന്‍ പറയുമ്പൊഴും,
അധരം നുണഞ്ഞെടുത്ത്
തീരാക്കൊതി അടക്കുമ്പോഴും,
ഓര്‍മകള്‍ കാട്ടുതീയായ് പടര്‍ന്ന്
പൊള്ളിക്കുന്നു.

അമ്മയ്ക്കും കാമുകനും 
പാതിക്കും മകനും
ആര്‍ക്കും കെടുത്താനാവാത്ത
കാട്ടുതീ!

Content Highlights: anjana sasi, poem, literature, kisses