മലയാളത്തിന്റെ മാധവിക്കുട്ടിയുടെ നഷ്ടപ്പെട്ട നൊബേല്‍

നഷ്ടത്തിന്റെ നോവും നൊമ്പരവും നനവൂറുന്ന മധുരവും മലയാളിയെ പഠിപ്പിച്ചത് മാധവിക്കുട്ടിയാണ്. പുന്നയൂര്‍ക്കുളത്തിന്റെ ഗ്രാമീണ വിശുദ്ധിയും കൊല്‍ക്കത്തയുടെ നഗരത്തിരക്കുകളും ഒരുപോലെ വായനക്കാരന്റെ മനസ്സിലേക്ക് പകര്‍ത്തിവെച്ച മാധവിക്കുട്ടി. നഷ്ടപ്പെട്ട നീലാംബരി പോലെ നേര്‍ത്ത രാഗബിന്ദുവായി മാധവിക്കുട്ടിയുടെ ഓര്‍മ ശേഷിക്കുന്നു. സാഹിത്യലോകത്തെ പരമോന്നത ബഹുമതിയായ നൊബേല്‍ കൈയകലത്തില്‍ വഴുതിപ്പോയ കഥ കൂടി ചേരുന്നതാണ് ആ ജീവിതം.
കമല ദാസ് എന്ന പേരില്‍ നടത്തിയ ഇംഗ്ലീഷ് രചനകള്‍ മാധവിക്കുട്ടിയെ അന്താരാഷ്ട്രതലത്തില്‍ പ്രശസ്തിയാക്കി. ആ പ്രശസ്തി 1984-ലെ നൊബേല്‍സാഹിത്യ പുരസ്‌കാരത്തിന് നോമിനേഷന്‍ നേടുന്നതിന് കാരണമായി. ജോര്‍ജ് ലൂയിസ് ബോഗസ്, ഗുന്തര്‍ ഗ്രാസ്, ഗ്രഹാം ഗ്രീന്‍, ക്‌ളോഡ് സൈമണ്‍ എന്നീ മഹാന്മാര്‍ക്കൊപ്പമാണ് അവര്‍ പരിഗണിക്കപ്പെട്ടത്. ഒടുവില്‍ ചെക്കോസ്ലൊവാക്യന്‍ കവി യാരോസ്ലാവ് സെയ്ഫത് അക്കൊല്ലം നൊബേല്‍ ജേതാവായി. ''പുതുമയും ഇന്ദ്രിയാനുഭൂതികളും നിറഞ്ഞ, സര്‍ഗാത്മകതയാല്‍ സമ്പന്നമായ അദ്ദേഹത്തിന്റെ കവിതകള്‍ മനുഷ്യന്റെ അജയ്യമായ ആത്മചൈതന്യത്തിന്റെയും വൈവിധ്യത്തിന്റെയും സുവ്യക്തചിത്രം നല്‍കുന്നു'' എന്നാണ് നൊബേല്‍ കമ്മറ്റി നിരീക്ഷിച്ചത്.
ഏഷ്യന്‍ പോയട്രി പ്രൈസ് (1998), പെന്‍ ഏഷ്യന്‍ പോയട്രി പ്രൈസ് (1963) എന്നീ അന്താരാഷ്ട്ര ബഹുമതികള്‍ മാധവിക്കുട്ടി നേടിയിട്ടുണ്ട്. 1968-ല്‍ മലയാള സാഹിത്യത്തിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും 1985-ല്‍ ഇംഗ്ലീഷ് സാഹിത്യത്തിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരവും അവര്‍ സ്വന്തമാക്കി. 1988-ല്‍ മികച്ച കഥയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം മാധവിക്കുട്ടിയെ തേടിയെത്തി. 1997-ല്‍ വയലാര്‍ പുരസ്‌കാരവും 2002-ല്‍ എഴുത്തച്ഛന്‍ പുരസ്‌കാരവും നേടിയ മാധവിക്കുട്ടിക്ക് പക്ഷേ, പദ്മ പുരസ്‌കാരങ്ങളൊന്നും ലഭിച്ചിട്ടില്ല.
Content Highlights: kamala das and the nobel that eluded her