കുറ്റബോധം എന്നെ എത്രയും വേഗം അവരുടെ അടുത്തെത്തിക്കുമെന്ന് മനസ്സ് പറയുന്നു

#ജെയിൻ ജോസഫ്
വര: ഗിരീഷ്കുമാർ ടി.വി.
വര: ഗിരീഷ്കുമാർ ടി.വി.

തീരേ പ്രതീക്ഷിക്കാതിരിക്കുമ്പോള്‍ നമ്മുടെ ജീവിതത്തിലേക്ക് രംഗപ്രവേശം ചെയ്യുന്ന ചില വ്യക്തികളുണ്ട്. അവരുമായുള്ള സമ്പര്‍ക്കം നമ്മെ ഊര്‍ജസ്വലരാക്കും. അവരുടെ ചിന്തകള്‍ നമ്മുടെ യാത്രയ്ക്ക് ദിശാബോധം നല്‍കും. അവരുടെ സാന്നിധ്യം നമ്മുടെ വഴിത്താരകളെ പ്രകാശപൂരിതമാക്കും. ടി.പത്മനാഭന്റെ കഥയിലെ പ്രകാശം പരത്തുന്ന പെണ്‍കുട്ടിയെപ്പോലെ. എന്റെ കുടിയേറ്റ ജീവിതത്തിന് ഐശ്വര്യമായി തുടക്കം കുറിച്ച മദ്രാസ് നഗരത്തില്‍ വെച്ചാണ് മോഹനയേയും അമ്മയേയും ഞാന്‍ പരിചയപ്പെടുന്നത്. വര്‍ഷം 1995. കോതമംഗലം മാര്‍ അത്തനേഷ്യസ് എന്‍ജിനീയറിങ് കോളേജില്‍ നിന്ന് എന്‍ജിനീയറിങ്ങില്‍ ബിരുദമെടുത്ത എന്റെ മുന്‍പില്‍ ഭാവിയുടെ പച്ച, മഞ്ഞ, ചുവപ്പ് ലൈറ്റുകള്‍ മിന്നിമറയുന്ന സമയം. ജോലി എന്ന സ്വപ്‌നം യാഥാര്‍ഥ്യമാവണമെങ്കില്‍ എത്രയുംവേഗം വാളയാര്‍ പാലം കടക്കണം എന്നത് കോളേജ് സീനിയേഴ്സില്‍നിന്ന് മനസ്സിലാക്കിയ കാര്യമായിരുന്നു.


വരുംവര്‍ഷങ്ങളില്‍ ലോകത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുവാന്‍ പോകുന്നത് കംപ്യൂട്ടര്‍ മേഖലയിലാണെന്നും ഏതെങ്കിലും ഒരു സോഫ്റ്റ്വേര്‍ കോഴ്സ് പഠിക്കുന്നതാണ് ജോലി സാധ്യത കൂട്ടുന്നതെന്നുമുള്ള ചേച്ചിയുടെ ഉപദേശം കേരളത്തിന്റെ പുറത്തേക്കുള്ള എന്റെ യാത്രയ്ക്ക് പച്ചക്കൊടിയായി.


അങ്ങനെ ആപ്ടെക് എന്ന സ്ഥാപനം നടത്തുന്ന ആറുമാസത്തെ കംപ്യൂട്ടര്‍ കോഴ്സിനായി ഞാന്‍ മദ്രാസിലെത്തി. 'പാസ്പോര്‍ട്ട് ടു യു.എസ്.എ; വിസ ടു സിലിക്കണ്‍വാലി'എന്നതായിരുന്നു കോഴ്സിന്റെ പരസ്യവാചകം. ആപ്ടെക് നഗരത്തിന്റെ ഹൃദയഭാഗത്ത് കത്തീഡ്രല്‍ റോഡിലാണ്. എന്നാല്‍ അടുത്തൊന്നും ഹോസ്റ്റലുകളില്‍ ഒഴിവില്ല. ഒടുവില്‍ അമിഞ്ചിക്കരൈയില്‍ ഒരു ഹോസ്റ്റലില്‍ പ്രവേശനം കിട്ടി. ഒരു മലയാളി കുടുംബം നടത്തുന്ന ഹോസ്റ്റലാണ്. അത് കേട്ടപ്പോള്‍ വീട്ടുകാര്‍ക്ക് ആശ്വാസമായി. ഒരു വീടിന്റെ മുകളിലേക്ക് പണിതുയര്‍ത്തിയ നാലുനിലക്കെട്ടിടം. വശങ്ങളില്‍ ഒരാള്‍ക്ക് കഷ്ടിച്ച് നടക്കാനുള്ള സ്ഥലം മാത്രം. മതിലിനപ്പുറവുമിപ്പുറവുമൊക്കെ വീടുകളാണ്. താഴത്തെ നിലയില്‍ വാര്‍ഡനും കുടുംബവും താമസിക്കുന്നു. കൂടാതെ കിച്ചണും ഡൈനിങ് ഹാളും ചെറിയ ഒരു സ്വീകരണ മുറിയും.


ഹോസ്റ്റലിലെ അന്തേവാസികള്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരായിരുന്നു. വിവാഹിതരും അവിവാഹിതരും വിദ്യാര്‍ഥികളും ജോലിക്കാരുമൊക്കെയുള്‍പ്പെടുന്ന വ്യത്യസ്തമായ ഒരു ലോകം. തമിഴും തെലുങ്കും കന്നഡയും മലയാളവും ഹിന്ദിയും ഇംഗ്ലീഷുമൊക്കെയായി ചിന്നിച്ചിതറുന്ന സംഭാഷണങ്ങള്‍, ഭാഷയില്ലാത്ത പൊട്ടിച്ചിരികള്‍. ഞാന്‍ വളരെ വേഗം അവരിലൊരാളായി. എന്നാല്‍ അടുക്കളവകുപ്പിലെ കാര്യങ്ങള്‍ ഈ സന്തോഷത്തെയൊക്കെ കെടുത്താന്‍ കെല്‍പ്പുള്ളതായിരുന്നു. മലയാളി ഉടമസ്ഥതയാണെങ്കിലും ഭക്ഷണം തമിഴ് സ്‌റ്റൈലാണ്. പച്ചരിച്ചോറും ഒരു രുചിയുമില്ലാത്ത കറികളും; രാത്രിയില്‍ ഉണക്കച്ചപ്പാത്തിയും വെള്ളം പോലൊരു വെജിറ്റബിള്‍ കറിയും. നോണ്‍ വെജാണെങ്കില്‍ അതേ മസാല വെള്ളത്തില്‍ കിടക്കുന്ന ചിക്കന്‍ അല്ലെങ്കില്‍ മീന്‍ കഷണങ്ങള്‍. കൂട്ടത്തില്‍ ഭേദം പ്രഭാത ഭക്ഷണമാണ്. ദോശയോ ഇഡ്ഡലിയോ മാറിമാറി. പക്ഷേ, സാമ്പാറും ചട്നിയുമൊക്കെ എന്തൊക്കെയോ ചേര്‍ക്കാന്‍ വിട്ടുപോയതുപോലെ! ഞാന്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ നിഷ്‌ക്കര്‍ഷയുള്ള ആളല്ല. അല്ലെങ്കില്‍ അങ്ങനെയാണ് അതുവരെ വിചാരിച്ചിരുന്നത്. ഹോസ്റ്റലില്‍ നിന്നിട്ടുമുണ്ട്. ആദ്യത്തെ പ്രവാസ ജീവിതമാണല്ലോ. ഇതിലൊന്നും തളരരുത് എന്ന് ഞാനെന്റെ മനസ്സിനെ ഓര്‍മിപ്പിച്ചു.

എന്‍ജിനീയറിങ് കഴിഞ്ഞ് ഒരു ജോലിയില്‍ കയറേണ്ട സമയത്താണ് വീട്ടുകാരുടെ ചെലവില്‍ വീണ്ടും പഠനം. ആ കുറ്റബോധത്തില്‍ ഭക്ഷണം മോശമാണെന്ന് വീട്ടില്‍ പറഞ്ഞില്ല. ഇടയ്ക്കിടെ അമ്മച്ചിയുടെ ചുവന്ന മീന്‍കറിയും കാച്ചിയ മോരും കാബേജ് തോരനും ബീഫുലര്‍ത്തിയതും ഒക്കെ എന്റെ മനസ്സില്‍ തെളിഞ്ഞ് കണ്ണുകളെ ഈറനണിയിച്ചു. ഞാനും ഒരു പ്രവാസിയായി എന്ന് തിരിച്ചറിഞ്ഞ സമയം. എങ്കിലും ഭക്ഷണത്തിന്റെ പോരായ്മ സുഹൃത്തുക്കളുമായുള്ള സന്തോഷങ്ങളില്‍ ബാലന്‍സ് ചെയ്യാന്‍ ശ്രമിച്ചു.

ഒരു ദിവസം വാര്‍ഡന്‍ എന്നെ മുറിയിലേക്ക് വിളിച്ച് ഒരു ആവശ്യം ഉന്നയിച്ചു. തൊട്ടടുത്ത വീട്ടില്‍ പത്താം ക്ലാസ്സില്‍ പഠിക്കുന്ന ഒരു കുട്ടിയുണ്ട്. നന്നായി പഠിക്കും. പക്ഷേ, കണക്കിന് മാത്രം മാര്‍ക്ക് കുറവാണ്. ട്യൂഷനെടുക്കുവാന്‍ പറ്റുന്ന ആരെങ്കിലും ഉണ്ടോയെന്ന കുട്ടിയുടെ അമ്മയുടെ ചോദ്യത്തിനുത്തരമായി വാര്‍ഡന്റെ മനസ്സില്‍ തെളിഞ്ഞത് യുവ എന്‍ജിനീയറായ എന്റെ മുഖമാണ്. ''ദിവസം ഒരു മണിക്കൂര്‍ ഹോംവര്‍ക്കില്‍ സഹായിച്ചാല്‍ മതി. മോശമല്ലാത്ത ഫീസും അവര്‍ തരും.'' ഇന്റര്‍വ്യൂ കടമ്പകളൊന്നുമില്ലാതെ ആദ്യ ജോലിയാണ് വാര്‍ഡന്‍ കൈയില്‍ വെച്ചുതരുന്നത്. കണക്കാണ് പഠിപ്പിക്കേണ്ടത്. എന്റെ ഇഷ്ട വിഷയം. ഒരു കണക്കധ്യാപകന്റെ മകള്‍ക്ക് സന്തോഷത്തിന് ഇതില്‍പരം എന്തുവേണം. അപ്പച്ചന്റെ അടുത്ത് കണക്ക് പഠിക്കുവാനായി വീട്ടില്‍ വന്നിരുന്ന ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളെ ചെറിയ രീതിയില്‍ സഹായിച്ച് പരിചയവുമുണ്ട്. തയ്യാറെന്ന് പറയാന്‍ ഒട്ടും ചിന്തിക്കേണ്ടി വന്നില്ല.
 


മോഹന; പേര് പോലെത്തന്നെ മനോഹരിയായ പെണ്‍കുട്ടി. രണ്ടായി പിന്നി റിബണ്‍ കെട്ടിയിരിക്കുന്ന നീണ്ട മുടി, ഹൃദയത്തില്‍നിന്ന് വരുന്ന പുഞ്ചിരി നിറഞ്ഞ മുഖം, ശാന്തപ്രകൃതം. ഹോസ്റ്റലിന്റെ ടെറസ്സായിരുന്നു ഞങ്ങളുടെ ക്ലാസ്‌റൂം. മോഹന പഠിച്ചിരുന്നത് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലായിരുന്നു. അതുകൊണ്ട് ഇംഗ്ലീഷും മലയാളവും തമിഴും കൂട്ടിക്കലര്‍ത്തി ഞങ്ങള്‍ വിജയകരമായി ഗണിതശാസ്ത്ര പഠനമാരംഭിച്ചു. കാര്യങ്ങള്‍ വേഗം ഗ്രഹിക്കാന്‍ കഴിവുള്ള ബുദ്ധിമതിയായ പെണ്‍കുട്ടിയായിരുന്നു മോഹന. അതുകൊണ്ട് എന്റെ ജോലി വളരെ എളുപ്പമായിരുന്നു. ട്യൂഷന് വരുമ്പോള്‍ അമ്മ മോഹനയുടെ കൈയില്‍ ഒരു പൊതി കൊടുത്തുവിടും. നാലുമണിപ്പലഹാരങ്ങളായിരിക്കുമത്. ഞങ്ങള്‍ രണ്ടുപേരുംകൂടി പഠനത്തിനിടയില്‍ പൊതി കാലിയാക്കും. അത്താഴത്തിന് ഡൈനിങ് ഹാളില്‍ ചെല്ലുമ്പോഴുള്ള എന്റെ സങ്കടം മെല്ലെ കുറഞ്ഞുതുടങ്ങി.

ട്യൂഷന്‍ സമയം കഴിഞ്ഞും ഞങ്ങള്‍  ടെറസ്സിലിരിക്കും. മോഹന മറ്റ് വിഷയങ്ങളിലെ ഹോംവര്‍ക്ക് ചെയ്യുമ്പോള്‍ ഞാന്‍ എന്റെ അസൈന്റ്മെന്റ്സ് തീര്‍ക്കും. അതിനിടയ്ക്ക് ഞങ്ങള്‍ നാട്ടുവിശേഷങ്ങളും വീട്ടുവിശേഷങ്ങളുമൊക്കെ പങ്കുവയ്ക്കും. മോഹന തമിഴ്നാടിന് പുറത്തെവിടെയും പോയിട്ടില്ലായിരുന്നു. അതുകൊണ്ടുതന്നെ കേരളത്തിലെ വിശേഷങ്ങളൊക്കെ ഏറെ താത്പര്യത്തോടെ അവള്‍ കേട്ടിരുന്നു. പിന്നെപ്പിന്നെ സന്തോഷങ്ങള്‍ക്ക് പുറമേ ഞങ്ങള്‍ സങ്കടങ്ങളും പങ്കുവെച്ചുതുടങ്ങി. ഞങ്ങളുടെയിടയില്‍ മനോഹരമായ ഒരു സൗഹൃദം രൂപംകൊണ്ടു. 

ഒരുദിവസം മോഹന എന്നെ വീട്ടിലേക്ക് ഭക്ഷണം കഴിക്കാനായി ക്ഷണിച്ചു. ഞങ്ങളുടെ പഠനം തുടങ്ങിയിട്ട് മൂന്നോ നാലോ ആഴ്ച കഴിഞ്ഞിരുന്നു. നാലഞ്ച് മുറികളും അടുക്കളയും സ്വീകരണമുറിയുമൊക്കെയുള്ള പഴയ ഒറ്റനില വീട്. നീളത്തില്‍ പുറകിലോട്ടാണ് മുറികളൊക്കെ. അടുക്കള ഹോസ്റ്റലിന്റെ വശത്താണ്. ആന്ധ്രാപ്രദേശില്‍നിന്നും തമിഴ്നാട്ടിലേക്ക് കുടിയേറിപ്പാര്‍ത്ത കുടുംബമാണ്. തമിഴും തെലുങ്കും കൂട്ടിക്കലര്‍ത്തിയാണ് സംസാരം. മോഹനയുടെ ചേട്ടനും അച്ഛനുമമ്മയും കൂടാതെ അച്ഛന്റെ അനുജനും ഭാര്യയും ചെറിയ ഒരു കുട്ടിയുമാണ് ആ വീട്ടിലെ താമസക്കാര്‍. അടുക്കളയില്‍ നിലത്തിരുന്നാണ് കഴിച്ചത്. ചോറും പേരറിയാത്ത കുറെ കറികളും. കറികള്‍ക്ക് എരിവ് കൂടുതലായിരുന്നെങ്കിലും നല്ല രുചിയുണ്ടായിരുന്നു. ചിക്കനും മീനും പലതരത്തിലുള്ള അച്ചാറുകളുമൊക്കെയായി വിഭവസമൃദ്ധമായ ഭക്ഷണം. കുറെ നാള്‍ പട്ടിണി കിടന്നിരുന്നതിന്റെ ആക്രാന്തം കഴിപ്പില്‍ കാണിക്കാതിരിക്കാന്‍ ശ്രമിച്ചെങ്കിലും അമ്മയ്ക്ക് കാര്യങ്ങള്‍ മനസ്സിലായി എന്ന് വിളമ്പിത്തരുന്നതിന്റെ ഉത്സാഹത്തില്‍നിന്ന് ഞാന്‍ തിരിച്ചറിഞ്ഞു. അത്താഴം കഴിഞ്ഞപ്പോള്‍ അമ്മ എനിക്ക് ഏതാനും നൂറുരൂപ നോട്ടുകള്‍ അടങ്ങിയ കവര്‍ തന്നു. എന്റെ ആദ്യശമ്പളം. ആ പാദങ്ങളില്‍ തൊട്ട് വന്ദിച്ച് സന്തോഷത്തോടെ ഞാനത് സ്വീകരിച്ചു. അന്ന് വൈകിട്ട് വീട്ടിലേക്ക് ഫോണ്‍ വിളിച്ച് ആ സന്തോഷം അറിയിച്ചപ്പോള്‍ അധ്യാപകരായ എന്റെ മാതാപിതാക്കളുടെ നിറകണ്ണുകള്‍ മദ്രാസിലിരുന്ന് ഞാന്‍ കണ്ടു.


ആഴ്ചകള്‍ക്കുള്ളില്‍ ഞാന്‍ മോഹനയുടെ വീട്ടിലെ ഒരംഗത്തെപ്പോലെയായി. തമിഴിലാണ് അമ്മയുടെ സംസാരം. തമിഴും മലയാളവും കൂട്ടിക്കലര്‍ത്തിയാണ് എന്റെ മറുപടി. പരസ്പരം മനസ്സിലാകാതെ വരുമ്പോള്‍ മോഹന ഇടപെടും. എന്നോടുള്ള കരുതലും വാത്സല്യവും മനസ്സിലാക്കാന്‍ ഒരു മൊഴിമാറ്റത്തിന്റേയും ആവശ്യം ഉണ്ടായിരുന്നില്ല. ഞാന്‍ മോഹനയുടെ അടുക്കളയിലിരുന്ന് ഭക്ഷണം കഴിക്കുമ്പോള്‍ കുശുമ്പ് മൂത്ത എന്റെ സുഹൃത്തുക്കള്‍ എന്റെ കഴിപ്പ് തടസ്സപ്പെടുത്താനായി ''ഫോണ്‍ വന്നിരിക്കുന്നു, കാണാനാരോ വന്നിട്ടുണ്ട്'' എന്നൊക്കെ വിളിച്ചുപറയുക പതിവായിരുന്നു. സ്‌കൂള്‍ കാലഘട്ടത്തില്‍ മര്യാദയ്ക്ക് കണക്ക് പഠിക്കാതിരുന്നതില്‍ എന്റെ കൂട്ടുകാരികള്‍ക്ക് കുറ്റബോധം തോന്നിയ സമയമായിരുന്നു അത്. മോഹനയുടെ അമ്മ കണ്ടറിഞ്ഞ് ഞാന്‍ ഹോസ്റ്റലിലേക്ക് മടങ്ങുമ്പോള്‍ ഒരു പൊതി എന്റെ കൂട്ടുകാര്‍ക്കായും തന്നുവിട്ടുതുടങ്ങി. ഇന്നോര്‍ക്കുമ്പോള്‍ ഒരു അക്ഷയപാത്രമായിരുന്നു ആ അമ്മയുടെ അടുക്കള! ഇതിനിടയിലെപ്പോഴോ മോഹന എന്നെ തമിഴക്ഷരങ്ങള്‍ പഠിപ്പിച്ചുതുടങ്ങി. എന്റെ കണക്ക് ക്ലാസിനൊടുവില്‍ മോഹനയുടെ തമിഴ് ക്ലാസും സല്ലാപങ്ങളുമൊക്കെയായി സൂര്യനസ്തമിച്ച് ഇരുള്‍ പരക്കുമ്പോഴാണ് ഞങ്ങളുടെ പഠനം അവസാനിച്ചിരുന്നത്. മോഹനയുടെ ഇംഗ്ലീഷും എന്റെ തമിഴ് വൊക്കാബുലറിയും മെച്ചപ്പെട്ടതിനൊപ്പം ഞങ്ങളുടെ ആത്മവിശ്വാസവും കൂടിവന്നു. അവളുടെ അക്കാ വിളിയില്‍ ഞാനേറെ ആഗ്രഹിച്ചിരുന്ന കൊച്ചനുജത്തിയെ എനിക്ക് ലഭിച്ചു.


നാട്ടിലേക്ക് പോയ ട്രെയിന്‍ യാത്രകളില്‍ രാത്രിയില്‍ കഴിക്കുവാനുള്ള ഭക്ഷണം മോഹനയുടെ അമ്മയുടെ അവകാശമായി. ഇലയില്‍ പൊതിഞ്ഞ പൂരിയും തക്കാളി ചട്നിയും ദോശയും കട്ടത്തേങ്ങാച്ചമ്മന്തിയുമൊക്കെ ഇന്നും നാവില്‍ തങ്ങിനില്‍ക്കുന്നു.
മദ്രാസിലെ കോഴ്സ് കഴിഞ്ഞയുടനെ ജോലികിട്ടി ഞാന്‍ ബോംബെ നഗരത്തിലേക്ക് യാത്രയായി. മോഹന പത്താംക്ലാസില്‍ സ്‌കൂളില്‍ ഒന്നാമതായി പാസ്സായി. കണക്കിന് നൂറുമാര്‍ക്കുണ്ടെന്ന് പറഞ്ഞ് എനിക്കെഴുതിയ കത്ത് ഞാനോര്‍ക്കുന്നു. പിന്നെ കുറേനാള്‍ കത്തുകളിലൂടെ സൗഹൃദം തുടര്‍ന്നു. ജോലിയുടെ ഭാഗമായി കുറച്ചുനാള്‍ ഞാന്‍ ഹൈദരാബാദിലായിരുന്നു. അവിടെനിന്ന് ഒരിക്കല്‍ നാട്ടിലേക്കുള്ള യാത്ര മദ്രാസ് വഴിയായിരുന്നു. മോഹനയെ അറിയിക്കാതെ ഞാനൊരു ദിവസം അവരുടെ വീടിന് മുന്‍പില്‍ ഓട്ടോറിക്ഷയില്‍ ചെന്നിറങ്ങി. എല്ലാം പഴയപടിതന്നെ. അമ്മ പിറകുവശത്ത് തുണിയലക്കുന്നത് എനിക്ക് കാണാം. എന്നെക്കണ്ടതും 'കണ്ണാ' എന്ന് വിളിച്ച് ഓടിവന്ന് നനഞ്ഞ കൈകള്‍കൊണ്ടെന്നെ കെട്ടിപ്പിടിച്ച് നെഞ്ചോട് ചേര്‍ത്തു. പിന്നെ നെറ്റിയിലും കവിളിലും കൈകളിലുമൊക്കെയായി ചുംബനാഭിഷേകമായിരുന്നു. അങ്ങനെയൊരു വരവേല്‍പ്പ് പിന്നീടൊരിക്കലും എവിടെനിന്നും എനിക്ക് ലഭിച്ചിട്ടില്ല. അപ്പോഴേക്കും മോഹനയും എത്തി. അക്കാ എന്ന് വിളിച്ച് കരച്ചിലും ചിരിയുമൊക്കെയായി പിന്നെയും സ്‌നേഹപ്രകടനങ്ങള്‍.

ജോലി കിട്ടിയതിനുശേഷമുള്ള ആദ്യ സന്ദര്‍ശനമല്ലേ. ഞാന്‍ മോഹനയെക്കൂട്ടി ടി നഗറില്‍ ഷോപ്പിങ്ങിന് പോയി. ഫാഷനബിള്‍ ആയിട്ടുള്ള ഉടുപ്പുകളും അമ്മയ്‌ക്കൊരു സാരിയുമൊക്കെ വാങ്ങി. തിരിച്ചെത്തിയപ്പോഴേക്കും വിഭവസമൃദ്ധമായ ഭക്ഷണവും എനിക്ക് ട്രെയിനിലേക്കുള്ള ഭക്ഷണപ്പൊതിയുമൊക്കെ തയ്യാറായിരുന്നു.


സാരി കൊടുത്തപ്പോള്‍ ആ കണ്ണുകള്‍ നിറഞ്ഞു. രണ്ട് കൈകളും നെറുകയില്‍ വെച്ചെന്നെ അനുഗ്രഹിച്ചു. എന്റെ ശിഷ്ടജീവിതത്തിന് വേണ്ട എല്ലാ ആശംസകളും അതിലടങ്ങിയിരുന്നു. എന്റെ വിവാഹത്തിന് അമ്മയേയും കൂട്ടി കേരളത്തില്‍ വരണമെന്ന് മോഹന ആഗ്രഹിച്ചിരുന്നെങ്കിലും അത് നടന്നില്ല. വിവാഹാനന്തരം ജീവിതം എന്നെ ഗള്‍ഫിലും കാനഡയിലും അമേരിക്കയിലുമൊക്കെ എത്തിച്ചു. ഇതിനിടയിലെപ്പോഴോ ഞങ്ങളുടെ കത്തിടപാടുകള്‍ നിന്നു. മോഹനയുടെ അഡ്രസ് എന്റെ കൈയില്‍നിന്ന് നഷ്ടമായി. സോഷ്യല്‍ മീഡിയയുടെ കാലത്ത് ഞാന്‍ പലപ്പോഴും മോഹനയെ തിരഞ്ഞെങ്കിലും കണ്ടുപിടിക്കാനായില്ല. പലപ്പോഴും സംഭവിക്കാറുള്ളതുപോലെ എന്റെ ജീവിതത്തിലെ തികച്ചും യാന്ത്രികമായതും അര്‍ഥശൂന്യമായതുമായ തിരക്കുകള്‍ എന്റെ ദിനങ്ങളെ വിഴുങ്ങിക്കൊണ്ടിരുന്നു.


ജീവിതം പരുവപ്പെട്ടുവരുന്ന യൗവനത്തിലാണ് മോഹനയും അമ്മയും എന്റെ ജീവിതത്തിലേക്ക് വന്നത്. എന്റെ പ്രവാസത്തിന്റെ ആദ്യ ഭൂമികയില്‍ എന്റെ ദിനങ്ങളെ അവര്‍ പ്രകാശത്താല്‍ നിറച്ചു. കരുതലോടെ ചേര്‍ത്തുപിടിച്ചു. ഭൂഖണ്ഡങ്ങള്‍ താണ്ടിയുള്ള ഇനിയും തുടരുന്ന എന്റെ പ്രവാസത്തില്‍ ഒരുതിരി വെളിച്ചം മറ്റുള്ളവരിലേക്ക് പകരാന്‍ എനിക്ക് പ്രചോദനമാവുന്നത് ഭാഷയുടെ അതിര്‍ത്തികള്‍ ഭേദിച്ച് എന്നിലേക്ക് ആ അമ്മയും മകളും ഒഴുക്കിയ സ്‌നേഹമാണ്.

ഈ കുറിപ്പെഴുതുമ്പോള്‍ മോഹനയെ കണ്ടെത്തണമെന്ന അതിഭയങ്കരമായ ആഗ്രഹം എന്നില്‍ നിറയുന്നു. അമ്മച്ചിയെ എനിക്ക് നഷ്ടപ്പെട്ടിട്ട് മാസങ്ങള്‍ കഴിയുന്നു. അമ്മച്ചിയെപ്പോലെത്തന്നെ എന്നെ സ്‌നേഹിച്ച എന്റെ തമിഴമ്മ ചെന്നൈ നഗരത്തില്‍ത്തന്നെയുണ്ടാവും. എന്റെ കുറ്റബോധം എത്രയും വേഗം എന്നെ മോഹനയുടേയും അമ്മയുടേയും അടുത്തെത്തിക്കുമെന്ന് മനസ്സ് പറയുന്നു. ഈ കുറിപ്പിന്റെ രണ്ടാംഭാഗവുമായി ഞാന്‍ വരും. അപ്പറം പാര്‍ക്കലാം.
 

Content Highlights: jain joseph writes an intense life experience