ഗൃഹലക്ഷ്മി കഥാപുരസ്‌കാരം ആർദ്ര കെ.എസ്സിന്; നൂറയും ഐശ്വര്യ ജലജ പ്രദീപും രണ്ടും മൂന്നും സ്ഥാനങ്ങളിൽ

മലയാളത്തിലെ പെണ്ണെഴുത്തിന്റെ പുതുമാനങ്ങൾ തേടി ഗൃഹലക്ഷ്മി നടത്തിയ കഥാമത്സരത്തിൽ ആർദ്ര കെ.എസ്സിന് പുരസ്‌കാരം. 'ജലജയും വേണുനാഗവള്ളിയും' എന്ന കഥയാണ് 50000രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരത്തിന് അർഹമായത്. 'മയ്യത്ത് കുളിപ്പിക്കുന്ന വിധം' എന്ന കഥയിലൂടെ നൂറയും 'ഇന്ദിരയും മേഴ്‌സിഡസും' എന്ന കഥയിലൂടെ ഐശ്വര്യ ജലജ പ്രദീപും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. യഥാക്രമം 25000, 10000 രൂപ വീതമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തിയ കഥകൾക്കുള്ള പുരസ്‌കാരത്തുക.
എം.ടി. വാസുദേവൻ നായർ പത്രാധിപരായിരുന്ന കാലത്താണ് ഗൃഹലക്ഷ്മി സ്ത്രീകൾക്കായി കഥാമത്സരത്തിന് തുടക്കമിട്ടത്. നീണ്ടകാലത്തെ ഇടവേളയ്ക്ക് ശേഷം ഗൃഹലക്ഷ്മി കഥാപുരസ്‌കാരത്തിന്റെ മടങ്ങിവരവാണിത്. മുഖ്യധാരാ എഴുത്തുകാരുൾപ്പെടെ നിരവധിപ്പേർ മത്സരത്തിൽ പങ്കെടുത്തു. എഴുത്തുകാരികളായ ആർ.രാജശ്രീ, എസ്.സിതാര, സാഹിത്യ നിരൂപകൻ ഇ.പി.രാജഗോപാലൻ എന്നിവരടങ്ങിയ ജൂറിയാണ് വിജയികളെ തിരഞ്ഞെടുത്തത്.
മലയാളത്തിന്റെ പ്രൗഢമായ കഥാ പാരമ്പര്യത്തിന്റെ തനിമയും ഭാവുകത്വ പരിണാമത്തിന്റെ അടയാളങ്ങളും പേറുന്നവയാണ് പുരസ്‌കാരങ്ങൾക്ക് അർഹമായ രചനകളെന്നും പ്രമേയത്തിലും ആഖ്യാനത്തിലും പെണ്ണെഴുത്തിന്റെ പുതുമാനങ്ങൾ അവയിൽ കണ്ടെത്താമെന്നും ജൂറി അഭിപ്രായപ്പെട്ടു.
പാലക്കാട്, കീഴൂർ സ്വദേശിയായ ആർദ്ര കെ.എസ് പാലക്കാട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ സോഷ്യൽ അന്ത്രപ്പോളജിയിൽ ഗവേഷകയാണ്. 'കമലാ കൾട്ട്' എന്ന കഥാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലപ്പുറം ഇരിങ്ങല്ലൂർ സ്വദേശിയായ നൂറ, കോഴിക്കോട് ഫാറൂഖ് കോളേജിൽ മലയാളവിഭാഗം അധ്യാപികയാണ്. 'പെൺതെരുവ്' എന്ന കവിതാ സമാഹാരവും ബാലസാഹിത്യ കൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോഴിക്കോട്, കല്ലായി സ്വദേശിനിയായ ഐശ്വര്യ ജലജ പ്രദീപ് തിരുപ്പതി ഐഐടിയിൽ മാനവികവിഭാഗം ഗവേഷകയാണ്. വിവിധ ആനുകാലികങ്ങളിൽ കഥകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സർഗാത്മകതയുടെ പുതിയ മേച്ചിൽപ്പുറങ്ങളിലേക്ക് തുറക്കുന്ന വാതിലായി മാറിയ കഥാമത്സരത്തിൽ മുഖ്യധാരാ എഴുത്തുകാരുൾപ്പെടെ നിരവധിപ്പേർ മാറ്റുരച്ചു. വിഭിന്നമായ ആശയ-ഭാവുകത്വ തലങ്ങളിലുള്ള നിരവധി രചനകളാണ് ഗൃഹലക്ഷ്മിയെ തേടിയെത്തിയത്. എണ്ണൂറിലേറെ കഥകളിൽ നിന്നാണ് ജൂറി സമ്മാനാർഹമായ കഥകൾ തിരഞ്ഞെടുത്തത്.
ആദ്യ ഇരുപത് സ്ഥാനങ്ങളിലെത്തിയ കഥകൾ മാതൃഭൂമി ബുക്‌സ് പുസ്തകരൂപത്തിൽ പുറത്തിറക്കും. ആ കഥകൾ ഇവയാണ്. ജലജയും വേണു നാഗവള്ളിയും- ആർദ്ര കെ.എസ്., മയ്യത്ത് കുളിപ്പിക്കുന്നവിധം- നൂറ, ഇന്ദിരയും മേഴ്‌സിഡസും- ഐശ്വര്യ ജലജ പ്രദീപ്, കുളി- ശഹന എ., വാളയാറിലെ മൂന്ന് പെണ്ണുങ്ങൾ- നിഷ ആന്റണി, നിത്യമേഘം- ഷാഹിന ഇ.കെ., കുഞ്ഞനംപാറ- ഇ.സന്ധ്യ, ചെകുത്താന്റെ നിഘണ്ടു- ആഷ് അഷിത, ഷൈല കോട്ടേജ്- സ്മിത ഗിരീഷ്, സെലീനയുടെ ആയിരം കുമ്പസാരങ്ങൾ- തെരേസ ജോസഫ്, കാകോലി- സ്മിതാ മീനാക്ഷി, വെടിപ്പ്- ഫസീല മെഹർ, കുറുന്താളിക്കുന്നിലെ വിചിത്ര ജന്മങ്ങൾ- ഡോ. ആർദ്രാ രാജഗോപാൽ, മെഹക്- രശ്മി കിട്ടപ്പ, ഫൈനൽ റൗണ്ട്- സുധാ തെക്കേമഠം, പൂ വിരിയുന്നതെങ്ങനെ- പുണ്യ സി.ആർ., വൈ ക്രോമസോം- സൗമ്യാ മേരി, ചെമ്പകപ്പൂമണം മായുന്നില്ല- സി.പി.ശുഭ, കുന്നുകൾക്ക് നടുവിൽ ഒരു വീട്- ദീപാ റാണി, കയ്യുമ്മാന്റെ കോള്- ഫാത്തി സലീം.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Ardra K.S. secures first prize in grihalakshmi katha puraskaram. Nurah and Aiswarya Jalaja Pradeep secure second and third