‘നൊയമ്പു നോക്കിയില്ലെങ്കിലും ലേസ് വെള്ളേപ്പവും, ആട് സ്റ്റ്യൂവും ഈസ്റ്ററിന് നിർബ്ബന്ധമാണ്’

കാനഡയിൽ ഈസ്റ്ററുത്സവത്തിന്റെ പ്രതിനിധി മുയലാണ്. അതും കുട്ടികൾക്ക് വേണ്ടി പലവർണ്ണങ്ങളിൽ മുട്ടകളിടുന്ന മുയൽ. പഴയൊരു ജർമ്മൻ ആചാരത്തിന്റെ ഭാഗമായിരുന്നു ഈസ്റ്റർ ബണ്ണി (Oschter Haws-Easter Bunny). ഫലഭൂയിഷ്ഠതയുടെയും വസന്തത്തിന്റെയും പ്രതീകമായിരുന്നു അത്. കാലംപോയതോടെ, മറ്റു രാജ്യങ്ങളും അത് ശീലമാക്കി. ചോക്ലേറ്റ് മുയലുകളും, മുട്ടകളുമില്ലാത്തൊരു ഈസ്റ്റർ സങ്കൽപ്പം തന്നെയില്ല ഉത്തരയമേരിക്കയിൽ. ഈസ്റ്റർ കാലത്ത് കടകളേയും പരസ്യങ്ങളേയും മുയൽക്കുട്ടികളും മുട്ടകളും ഹൈജാക്ക് ചെയ്യും. വസന്തത്തിന്റെ പ്രതീകമായി ലില്ലിപ്പൂക്കളും.
കോഴിമുട്ടകൾക്ക് നിറംകൊടുക്കുന്നതും, അലങ്കരിക്കുന്നതും ചെറിയ ക്ലാസുകളിലെ ഈസ്റ്റർ ആക്ടിവിറ്റിയുടെ ഭാഗമാണ്. കുട്ടികൾ അത് വീട്ടിൽ കൊണ്ടുവരും. നാടോടുമ്പോൾ നടുവേ അല്ലെങ്കിലും പിന്നാലെ ഓടിയെത്താൻ ശ്രമിക്കുന്ന കുടിയേറ്റക്കാരായ ഞങ്ങളും (കലാപ്രകടനത്തിനിടയിലെ അപകട സാധ്യത പേടിച്ചു) പുഴുങ്ങിയ മുട്ട ചായമടിച്ചും, അലങ്കരിച്ചും ആഘോഷമാക്കും.
എന്റെ മക്കൾ പഠിച്ച സ്‌കൂളിൽ അവരുൾപ്പെടെ അഞ്ചുപേരാണ് തവിട്ടുനിറക്കാരായി ഉണ്ടായിരുന്നത്. നിറം മാത്രമല്ല, അവരുടെ ആചാരങ്ങളും അച്ഛനും അമ്മയും, അറിവും കൂടെയുള്ളവരിൽ നിന്ന് വ്യത്യസ്തമാണ്. കുട്ടികൾക്ക് സമപ്രായക്കാരോടൊപ്പം ഇഴുകിച്ചേരാനാണ് ഇഷ്ടം. കൂട്ടുകാരിൽനിന്നു എല്ലാത്തിലും എപ്പോഴും വ്യത്യസ്തമായിരിക്കുന്നത് അവരെ അശാന്തരാക്കാം. രണ്ടു ഭൂഖണ്ഡങ്ങളിൽ കാലൂന്നി നിന്നുള്ള ജീവിതം ശ്രമകരമാണ്. വിദ്യാർത്ഥിയായി വന്നകാലത്തെ നിരന്തരം ചോദ്യം ചെയ്യപ്പെടൽ എന്നെ ശുണ്ഠിപിടിപ്പിക്കാറുണ്ടായിരുന്നു. 'മഞ്ഞിൽ ഒരുവൾ' നോവലിലെ കഥാപാത്രം അത് പറയുന്നുണ്ട്:
'കഥകൾ പറഞ്ഞു പറഞ്ഞു മടുത്തുപോയിരുന്നു. അശ്വിനിയുടെ നാട്ടിലെ മൺസൂൺ, ചൂട്, ആളുകൾ തിങ്ങിക്കയറുന്ന ട്രെയിൻ, ബസ്, കമ്യൂണിസം, നെല്ലു വിളയുന്ന വിധം, മാവുമരം, ചക്കമരം, റോഡിലെ പശുക്കൾ, ദൈവങ്ങൾ...പഠിക്കാൻ കാനഡയിൽ വന്നകാലംതൊട്ടു അവൾ വിശദീകരിച്ചു ക്ഷീണിച്ചതാണ് അതെല്ലാം. പറഞ്ഞു മടുത്ത പഴങ്കഥകൾ, പണ്ടാരക്കഥകൾ!'
വിടവുകൾ കഴിയുന്നത്ര അടച്ചു കുട്ടികൾക്കൊരു നോർമലൈസ്ഡ് ജീവിതംകൊടുക്കാൻ എല്ലാ പ്രവാസിയും ശ്രമിച്ചുകൊണ്ടിരിക്കും. അതുകൊണ്ട് ഈസ്റ്ററിന് അലങ്കാരങ്ങളും, ലില്ലിപ്പൂക്കളും, ചോക്ലേറ്റും, ബണ്ണിയും വീട്ടിലുണ്ടാവും.
ഈസ്റ്റർ എനിക്ക് മറ്റൊരു പുനരുത്ഥാനത്തിന്റെ ഓർമ്മയാണ്. 2001-ലെ ഏപ്രിലിലാണ് എൻ.ആർ.എസ്. ബാബു സാറിന്റെ ഒരുവരി ഇ-മെയിൽ കിട്ടുന്നത്- 'കഥ ഈ ലക്കം കലാകൗമുദിയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്'. പതിനെട്ടു വർഷം മുൻപ് മാതൃഭൂമിയുടെ ബാലപംക്തിയിൽവന്ന കഥക്ക് ശേഷം കേരളത്തിലെ ഒരു പ്രസിദ്ധീകരണത്തിൽവന്ന കഥയായിരുന്നു അത്. കാനഡയിലേക്കുള്ള കുടിയേറ്റം, പഠിത്തം, ജോലി, കുട്ടികൾ, വീട്, നിലയില്ലാക്കടങ്ങൾ, നാട്ടിലേക്കുള്ള നിലംപരിശാക്കുന്ന യാത്രകളൊക്കെയായി അടിപണിയിക്കപ്പെട്ട പതിനെട്ടു വർഷങ്ങൾക്കുശേഷം കലാകൗമുദിക്ക് അയച്ച കഥയാണ് കളമശ്ശേരിയിലെ ദുഃഖവെള്ളിയാഴ്ചകൾ.
കാനഡയിൽനിന്നു മടക്കത്തപാലിന് സ്റ്റാമ്പ് അയക്കാൻ നിവർത്തിയില്ല, അതുകൊണ്ട് തീരുമാനം ഇ-മെയിൽ വഴി അറിയിച്ചാൽ ഉപകാരമായിരിക്കും എന്ന് കഥയോടൊപ്പമുള്ള കത്തിൽ എഴുതിയിരുന്നു. അയച്ചത് The Editor- ക്കായിരുന്നു, മറുപടി നേരിട്ട്് എൻ.ആർ.എസ്. ബാബു സാറിൽനിന്നും കിട്ടിയപ്പോൾ മരവിച്ചുപോയെന്നതാണ് സത്യം. 25 വർഷങ്ങൾക്കുശേഷവും അത് ഈസ്റ്റർ ഓർമ്മയായി മുന്നിൽ നിൽക്കുന്നു.
എന്റെ ബാല്യം നൊയമ്പും, ദിവസപ്രാർത്ഥനകളും, കർശനമായ ആചാരങ്ങളും ഇല്ലാത്തതായിരുന്നു. ഈസ്റ്ററിനു അമ്മ അപ്പവും സ്റ്റ്യൂവും ഉണ്ടാക്കും, ഓണസദ്യയോളം തന്നെ പ്രാധാന്യത്തോടെ. കാനഡയിൽ വന്നിട്ടാണ് കേരളത്തിലെ ഈസ്റ്റർ ആചാരങ്ങൾ പലതും കേൾക്കുന്നതും പഠിക്കുന്നതും. ഒരു കുടുംബസുഹൃത്ത് വ്യാഴാഴ്ച വൈകിട്ട് പെസഹ അപ്പം മുറിക്കാൻ ഞങ്ങളെ ക്ഷണിക്കാറുണ്ടായിരുന്നു. ഓശാനക്ക് പള്ളിയിൽനിന്നു കിട്ടുന്ന കുരുത്തോല, കുരിശിന്റെ ആകൃതിയിൽ മടക്കി അപ്പത്തിന് മുകളിൽ വെച്ചുണ്ടാക്കുന്ന വിശുദ്ധ അപ്പം, കുടുംബത്തിലെ കാരണവർ പങ്കിട്ടുകൊടുക്കുന്ന ആചാരത്തിൽ സുഹൃത്തുക്കൾക്കു ക്ഷണം കിട്ടുന്നത് ബഹുമതിയാണ്. അവർ നാടുവിട്ടു പോകുന്നതുവരെ ഞങ്ങളും അവരുടെ കുടുംബത്തിന്റെ ഭാഗമായിരുന്നു.
അടുത്തത് ദുഃഖവെള്ളിയാഴ്ചയിലെ കഞ്ഞിയാണ്. ഓർത്തഡോക്‌സ് സഭയിൽ വളർന്ന ഭർത്താവിന് ദുഃഖവെള്ളിയാഴ്ചയുടെ പ്രധാന്യം കഞ്ഞിയിലാണ്. അങ്ങനെ, കഞ്ഞിയും, പയറും, മോരുകറിയും, അച്ചാറും, പപ്പടവും എന്ന മെനുവിലേക്ക് തേങ്ങ ചുട്ട് അരച്ചെടുക്കുന്ന ചമ്മന്തി കൂടെ ചേർത്ത് ദുഃഖവെള്ളിയാഴ്ച സദ്യക്ക് സുഹൃത്തുക്കളെ ക്ഷണിക്കാറുണ്ടായിരുന്നു. സാധാരണ കഴിക്കുന്നതിൽ കൂടുതൽ ഭക്ഷണം കഴിച്ചു അതും ആഘോഷമാക്കും. ഈസ്റ്ററിന് നൊയമ്പ്-വീടൽ എന്നൊരു പേരുകൂടിയുണ്ട്. നൊയമ്പു നോക്കിയില്ലെങ്കിലും ലേസ് വെള്ളേപ്പവും, താറാവ് അല്ലെങ്കിൽ, ആട് സ്റ്റ്യൂവും ഈസ്റ്ററിന് നിർബ്ബന്ധമാണ്.
സ്വന്തമായി ഒന്നും സമ്പാദിക്കാതെ, സമൂഹത്തിലെ ഏറ്റവും താഴേക്കിടയിലുള്ളവരുടെ സുഹൃത്തായി, ക്രിസ്ത്യാനി ആകുന്നതിലുപരി ഉപകാരിയായി ജീവിക്കുക, പ്രാർത്ഥനയേക്കാൾ വലുതാണ് പ്രവർത്തി എന്നൊക്കെ പഠിപ്പിക്കാൻ ശ്രമിച്ച ഒരു വിപ്ലവകാരിയുടെ കൊലപാതകം ആഘോഷിക്കാൻ ഇതിലേറെ എന്തുവേണം. മതവും ആരാധനയും ദൈവമെന്ന സങ്കല്പത്തിൽനിന്ന് എത്രയോ അകലെയാണെന്നും, അധികാരികൾ സൃഷ്ടിച്ച ആചാരങ്ങൾ മനുഷ്യനന്മക്കല്ലെന്ന തിരിച്ചറിവും ആരാധാനാലയങ്ങളെ പൂർണമായും ഉപേക്ഷിക്കാനുള്ള പ്രേരകങ്ങളായി.
കാനഡയിൽ പ്രതീക്ഷയുടെ, പ്രത്യാശയുടെ കാലമാണ് ഏപ്രിൽ. നവംബറിൽ തുടങ്ങിയ മഞ്ഞിലും തണുപ്പിലും മരവിച്ചില്ലാതായ ചെടികൾ ഭൂമിയിൽനിന്നു ഉയർത്തെഴുന്നേൽക്കുന്ന സമയം. ഇലയൊന്നുമില്ലാതെ, പച്ചപ്പിന്റെ തരിമ്പില്ലാതെ, ചത്തമട്ടിൽ നിന്ന ചില്ലകളിൽ മുകുളങ്ങളും പൂക്കളും പൊട്ടിത്തരിക്കുന്ന കാലം. മഞ്ഞിന്റെ ശവക്കച്ച മാറ്റി ഭൂമി പച്ചക്കമ്പിളി പുതക്കുന്ന കാലം.
പല സംസ്‌കാരങ്ങൾ തുന്നിച്ചേർത്തൊരു cultural mosaic ആയി കാനഡയെ വിശേഷിപ്പിക്കാറുണ്ട്. പല സംസ്‌കാരങ്ങളും ഒന്നിച്ചു വെന്തുരുകുന്നൊരു കലമായി ടൊറന്റോ നഗരത്തേയും. പരസ്പരം ഉരുകിച്ചേർന്ന് പുതിയൊരു ഉൽപ്പന്നമായി ഭാവിയിൽ ആചാരങ്ങൾ മാറിയേക്കാം. വിവരസാങ്കേതിക വിദ്യയുടെ കുതിപ്പും ദൂരത്തിന്റെയും സമയത്തിന്റെയും സംസ്‌കാരത്തിന്റെയും വിടവുകൾ ചുരുക്കിക്കൊണ്ടിരിക്കുന്നു. പുതു തലമുറയുടെ കാലുകൾക്ക് കെണിയാവാതെ, ചെറുവിരലുകളെ ഞെരിച്ചു വേദനിപ്പിക്കാതെ വിടവുകൾ അടയട്ടെ.
പള്ളിയും ആരാധനയും ഇല്ലെങ്കിലും, ഈ ഈസ്റ്ററിനും വെള്ളിയാഴ്ച കഞ്ഞിയും, ഞായറാഴ്ച്ച അപ്പവുമെന്ന ആചാരാനുഷ്ഠാനത്തിന് കൂടുവിട്ട ഉണ്ണികൾ കൂട്ടിലേക്ക് തിരിച്ചുപറക്കുന്നു. ചോക്ലേറ്റും മുയൽക്കുട്ടിയുമില്ലാത്ത കൂട്ടിലപ്പോൾ വസന്തോത്സവം.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Exploration of how immigrants adapt Easter traditions like the Easter Bunny and egg decorating. Personal reflections on the intersection of faith, cultural identity, and memory. The role of food (Appam, Stew, Kanji) as a bridge between home and host country.