വേദനകൾ പങ്കുവച്ച ഒരു കടലോര സന്ധ്യയുടെ ഓർമ്മയിൽ

#ശ്രീജ രാധാകൃഷ്ണന്‍
കടല്‍ക്കാഴ്ച
കടല്‍ക്കാഴ്ച

മാർച്ച് എന്നാൽ എല്ലാവർക്കും ഓർമ്മയിൽ വരുന്നത് അന്തർദേശീയ വനിതാ ദിനമായിരിക്കും. എന്നാൽ Developmental Disabilities Awareness Month - DDAM കൂടിയാണത്. 1987-ൽ അമേരിക്കൻ പ്രസിഡന്റ് റൊണാൾഡ് റീഗനാണ് മാർച്ചിനെ ഡെവെലപ്മെന്റൽ ഡിസബിലിറ്റീസ് അവെർനെസ് മാസമായി പ്രഖ്യാപിച്ചത്. മാർച്ച്-21 ഡൗൺ സിൻഡ്രോം ദിനമായും ആചരിക്കപ്പെടുന്നു.
ശാരീരികവും മാനസികവുമായ വെല്ലുവികൾ നേരിടുന്നവരുടെ പ്രശ്നങ്ങളെയും അവരുടെ കാര്യശേഷിയെയും കഴിവുകളെയും കുറിച്ചുള്ള പൊതു അവബോധം സൃഷ്ടിക്കുക എന്നതാണ് ഈ ആചരണത്തിന്റെ പ്രധാന ലക്ഷ്യം.
പ്രത്യേകിച്ചും ഓട്ടിസം, ഡൗൺ സിൻഡ്രോം, ബുദ്ധിപരമായ വൈകല്യങ്ങൾ എന്നിവയാണ് ഡെവലപ്‌മെന്റൽ ഡിസബിലിറ്റീസ് ഉൾപ്പെടുന്നത്. ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് തുല്യ അവകാശങ്ങളും അവസരങ്ങളും നൽകി, അവരോടുള്ള മനോഭാവത്തിൽ മാറ്റം വരുത്താൻ ഈ അവബോധ മാസം സഹായകമാകുന്നു. ഇവിടെ നമ്മുടെ കേരളത്തിലും ഭിന്നശേഷിക്കാർക്കായി ഒരു മെഗാ മേള അരങ്ങേറി. 
2026 ജനുവരി 29 മുതൽ ഫെബ്രുവരി 1 വരെ കോഴിക്കോട് ബീച്ചിൽ കെഡിഎഫ്-കേരള ഡിസെബിലിറ്റി ഫെസ്റ്റിവൽ നടക്കുന്നു എന്നറിഞ്ഞതും മനസ്സിലുറപ്പിച്ചു മേളയിൽ പങ്കെടുക്കണമെന്ന്.
സാമൂഹിക സന്നദ്ധ സംഘടനയായ തണലിന്റെയും സംസ്ഥാനത്തെ മുപ്പതിലധികം ഡിസബിലിറ്റി സംഘടനകളുടെയും നേതൃത്വത്തിൽ കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെയും സാംസ്‌കാരിക പൗരാവലിയുടെയും പിന്തുണയോടെയാണ് മേള നടത്തപ്പെട്ടത്.
പോകണം എന്നുറപ്പിച്ചപ്പോൾ എല്ലാ ഭിന്നശേഷിക്കാരെയുംപോലെ എന്റെയുള്ളിലും ആശങ്കകൾ തലപൊക്കി. ഓരോ യാത്രയിലും ഞങ്ങളെപ്പോലുള്ളവർ നേരിടുന്ന വെല്ലുവിളികൾ ചെറുതല്ലല്ലോ. പ്രായത്തിന്റെ ക്ഷീണത്തെ മാറ്റിവച്ച് ഒപ്പംപോരാൻ എന്റെ അമ്മ ഒരുക്കമായി.
താമസിക്കാൻ ഭിന്നശേഷി സൗഹൃദമായ ഹോട്ടൽ കണ്ടെത്തുകയായിരുന്നു ആദ്യപടി. കെ.ഡി.എഫിന്റെ സംഘാടകരുടെയും തണലിലെ സുഹൃത്തുക്കളുടെയും സഹായത്തോടെ ആ കടമ്പ മറികടന്നു.
ചക്രക്കസേരയെ ആശ്രയിച്ചു കഴിയുന്ന എനിക്ക് യാത്ര ചെയ്യാമെന്ന വിശ്വാസം നൽകിയത് സ്വർഗ്ഗ ഫൌണ്ടേഷന്റെ സാരഥി വാനാണ്. വീൽചെയറിൽ വണ്ടിയിലേക്ക് എളുപ്പത്തിൽ കയറ്റാൻ റാമ്പ് സൗകര്യമുണ്ട് ആ വാഹനത്തിന്. സാരഥി വാനിൽ റെയിൽവേ സ്റ്റേഷനിലെത്തി. ട്രെയിനിൽ കയറാൻ റാമ്പിനു വേണ്ടി ചെറിയൊരന്വേഷണം. അതിന്റെ ആവശ്യം വരില്ലെന്നും അതൊക്കെ ഞങ്ങൾ നോക്കിക്കോളാമെന്നും കോച്ചിൽ വീൽചെയർ കയറ്റാനുള്ള സഹായം ചെയ്തു തരാമെന്നും റെയിൽവേ പോലീസ് ഉറപ്പുതന്നു. അവർ ഉറപ്പുപാലിച്ചു.
33 വർഷത്തിനു ശേഷമാണ് ഞാൻ ട്രെയിനിൽ സഞ്ചരിക്കുന്നത്. 1993- ൽ ചെന്നൈ പട്ടണത്തിൽ നിന്ന് സ്വദേശമായ പാലക്കാട്ടേക്ക് നടത്തിയതായിരുന്നു അവസാന യാത്ര. അന്ന് ഞാനൊരു പതിനേഴുകാരി. ലോകം എത്ര മാറിയിരിക്കുന്നു. ഈ മാറ്റത്തിനൊക്കെ കാരണം 2016-ൽ നടപ്പിലായ ഭിന്നശേഷിക്കാർക്കായിട്ടുള്ള അവകാശ നിയമങ്ങളാണ്.
ഭിന്നശേഷിക്കാർക്ക് മാത്രമായിട്ടുള്ള കോച്ചായതിനാൽ അധികം തിരക്കുണ്ടായിരുന്നില്ല. പാലക്കാട് കഴിഞ്ഞതും ഓരോ സ്റ്റേഷനിലും ആളുകൾ കയറാനും ഇറങ്ങാനും തുടങ്ങി. ആ യാത്രയിൽ എന്റെ മനക്കണ്ണിൽ ഒരിക്കലും അകലാനിടയില്ലാത്തൊരു കാഴ്ച പതിഞ്ഞു. അംഗപരിമിതിയുടെ യാതൊരു ലക്ഷണവുമില്ലാത്തൊരു സ്ത്രീ ഒരു സ്റ്റേഷനിൽ നിന്ന് കംപാർട്‌മെന്റിലേക്ക് കയറി. അവർക്ക് കാഴ്ചപരിമിതിയുണ്ടെന്നകാര്യം അവരോട് സംസാരിച്ചപ്പോൾ മാത്രമാണ് മനസ്സിലായത്. അവരൊരു സർക്കാർ സ്‌കൂളിൽ പ്രധാനാധ്യാപികയാണ്.
കോഴിക്കോട് സ്റ്റേഷൻനിൽ ഞങ്ങൾക്കായി കെഡിഎഫ്-ന്റെ അഞ്ചു വൊളന്റിയർമാർ കാത്തുനിൽപ്പുണ്ടായിരുന്നു. അവിടെയും കോച്ചിൽ നിന്ന് വീൽചെയർ ഇറക്കാൻ റാമ്പുണ്ടായിരുന്നില്ല. എല്ലാവരും ചേർന്ന് വീൽചെയറോടുകൂടി എന്നെ ഇറക്കുകയായിരുന്നു. രാജകീയ വരവേൽപ്പാണതെന്ന് തോന്നി.
സ്റ്റേഷന്റെ പുറത്ത് കെഡിഎഫ് നടക്കുന്ന സ്ഥലത്ത് എല്ലാ സജ്ജീകരണങ്ങളും തയ്യാറായിരുന്നു. വീൽചെയർ കയറ്റാൻ പാകത്തിനുള്ള ആംബുലൻസിലായിരുന്നു യാത്ര.
കെഡിഎഫ് നടക്കുന്ന സ്ഥലത്ത് ഉത്സവപ്രതീതി. പ്രധാന വേദിയിൽ അക്കാദമിക് സെഷനുകൾ നടക്കുകയായിരുന്നു. നിരവധി ചർച്ചകൾ, സംവാദങ്ങൾ, തിരുത്തലിന് പ്രേരിപ്പിക്കുന്ന കാഴ്ചകൾ. സെഷനുകൾക്കൊടുവിൽ കടലുകാണാനൊരു അവസരവും കിട്ടി. കടൽമണ്ണിൽ താൽകാലികമായി ഉയർത്തിയ റാമ്പിലൂടെ വീൽച്ചെയർ സഞ്ചരിച്ചു. വീശുന്ന കാറ്റും അടങ്ങാത്ത തിരകളും. അത്രയരികെ കടൽ.
ചെന്നൈ മെറീനാ ബീച്ചിൽ ഉണ്ടാക്കിയതുപോലെ ഭിന്നശേഷിക്കാർക്ക് കടലിൽ കാൽ നനയ്ക്കുവാനായി ഇവിടെ സ്ഥിരമായി ഒരു റാമ്പ് വേണമെന്ന് തോന്നി. മനസ്സിൽ കടലോളം ആനന്ദം പരന്നൊഴുകിയ നേരമായിരുന്നു അത്. കുറേ സ്ത്രീകൾ ഞങ്ങൾക്കൊപ്പംകൂടി. ഞങ്ങളൊന്നിച്ച് ഒരു പാട്ടുപാടി. ''കരിമുകിൽ കാട്ടിലെ രജനിതൻ വീട്ടിലെ.... കരയിൽ നീ മാത്രമായി''... കടലലകളിൽ മുങ്ങിയും പൊങ്ങിയും സ്വരങ്ങൾ. സന്ധ്യമയങ്ങി സൂര്യൻ വിട വാങ്ങുകയായിരുന്നു. ആ നേരത്ത് ഞങ്ങളും അവിടുന്ന് നീങ്ങി.
ആ സായാഹ്നത്തിൽ പിന്നെ ഉദ്ഘാടനത്തിന്റെ തിരക്കുകളായിരുന്നു. അസ്തമയ സൂര്യനെ സാക്ഷിയാക്കി കോഴിക്കോട് കടപ്പുറത്ത് 21 തരം ശാരീരിക - മാനസിക വെല്ലുവിളി നേരിടുന്നവർ ബലൂണുകൾ പറത്തിയപ്പോൾ പിറന്നത് പുതിയതൊരു അധ്യായമായിരുന്നു.
പിറ്റേന്നും നിരവധി അക്കാദമിക് സെഷനുകളുടെ ഭാഗമായി. പലതരം മനുഷ്യവേദനകളെ അടുത്തുകാണാൻ കഴിഞ്ഞു. കേൾവി- സംസാരശേഷിയില്ലാത്തവർ ആശയവിനിമയത്തിന് എത്രത്തോളം ആയാസപ്പെടുന്നുണ്ടെന്ന് മനസ്സിലായി. കാഴ്ച്ചപരിമിതിയുള്ളവരുടെ പ്രയാസങ്ങൾ, പൊക്കക്കുറവുള്ളവരുടെ ബുദ്ധിമുട്ടുകൾ... എല്ലാം അറിയുകയായിരുന്നു.
മേള എന്നാൽ തീർച്ചയായും അലങ്കാരങ്ങളും കാഴ്ച്ച വിസ്മയങ്ങളും ഉണ്ടാകും. ആ മൈതാനത്ത് ബദാം മരത്തിൽ തൂങ്ങിയാടുന്ന കുപ്പികളും സിറിഞ്ചുകളും കണ്ടപ്പോൾ കൗതുകം തോന്നി എന്താണെന്ന് അന്വേഷിച്ചപ്പോൾ മനസ്സ് പതറിപ്പോയി. 19 വർഷം തന്റെ മകൾ അനുഭവിച്ചു തീർത്ത വേദനയുടെ പ്രതീകമാണ് ഫ്രീഡം സ്‌ക്വയറിലെ ആ മരത്തിൽ യുസഫ് ചങ്ങരോത്ത് എന്ന പിതാവ് ഉണ്ടാക്കിയ അലങ്കാര വസ്തു. റൈറ്റ് സിൻഡ്രോം ബാധിച്ച 20-കാരിയായ  മകൾ ഷദ യുസഫ്  അപസ്മാരത്തിനായി 10 വർഷത്തിൽ കുടിച്ചു തീർത്ത മരുന്നുകുപ്പികളാണ് .വേദനയുടെ കഥ പറയാൻ ഒരു അച്ഛൻ തീർത്ത ഔ'ഷദ' മരം.
മനസ്സിൽ വിങ്ങുന്ന വേദനയോടെ ലിസനിങ് സർക്കിൾ കമ്മ്യൂണിറ്റിയിൽ ചെന്നു. ഒട്ടേറെ ആളുകളുടെ വാക്കുകൾക്ക് കാതോർക്കാൻ, അവരുടെ വിഷമങ്ങൾക്ക് ആത്മവിശ്വാസം പകരുവാൻ ഒരുങ്ങിയിരുന്ന യുവ തലമുറയെ വാഴ്ത്താതിരിക്കാൻ വയ്യ.
സെറിബ്രൽ പാൾസി ബാധിച്ച മകനെ ഒരു കല്യാണത്തിന് വീൽചെയറിൽ ഇരുത്തിക്കൊണ്ടുപോകുമ്പോൾ ''വീൽചെയർ കൊണ്ട് വഴിമുടക്കരുത്'' എന്ന് കേൾക്കേണ്ടി വന്നതിനെക്കുറിച്ചുള്ള ഓർമ്മ ഒരമ്മ പങ്കുവച്ചു. വൈകല്യമുള്ള ശരീരങ്ങൾ ആഘോഷങ്ങളിലും പൊതുസ്ഥലങ്ങളിലും നിന്ന് അദൃശ്യമാകണം എന്ന മനോഭാവം ഇന്നോളം നിലനില്കുന്നുണ്ടെന്നതാണ് വാസ്തവം.
ഇതൊക്കെ കേൾക്കുന്നതിനിടെ എൽ.സി കമ്മ്യൂണിറ്റിയുടെ ഒരു മൊഞ്ചത്തി ചില്ലു ജാറുമായി മുന്നിൽ വന്ന് അതിലെ കടലാസ് ചുരുളുകളിൽ ഒന്ന് എടുക്കാൻ പറഞ്ഞു. ആകാശനീലിമയുടെ നിറമുള്ള ഒരു കടലാസ് ചുരുൾ എന്റെ വിരലുകൾ തിരഞ്ഞെടുത്തു. ആകാംക്ഷയോടെ തുറന്നപ്പോൾ റോസാപ്പൂ നിറത്തിൽ എഴുതിയിരുന്ന വാക്കുകൾ ' Your story is important even it is unheard.'
ഈ വാക്കുകൾ എനിക്ക് പ്രചോദനമായി. മടക്കയാത്രയിൽ കടൽത്തീരം നിറമുള്ള ഒരായിരം ഓർമ്മകളുടെ പേടകമായി മനസ്സിൽ നിറഞ്ഞു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Overview of Developmental Disabilities Awareness Month (DDAM) and its goals., Personal experience of navigating accessibility barriers at the Kerala Disability Festival., The impact of the 2016 Rights of Persons with Disabilities Act on travel accessibility., The emotional and social significance of inclusive community spaces for people with disabilities.