രണ്ടാമത്തെ ഹോണടിക്കുമ്പോള്‍ വരണമെന്ന് പറഞ്ഞിട്ട്;നിറമുന്തിരിയുടെ സൗരഭം പകരുന്ന മോഹന്‍ലാല്‍ കഥാപാത്രം

മോഹന്‍ലാലിനെയും ആനയെയും എത്ര കണ്ടാലും മതിയാവില്ല എന്ന് പറഞ്ഞുകേള്‍ക്കാറുണ്ട്. ആലോചിച്ചപ്പോള്‍ തോന്നി അത് ശരിയാണെന്ന്. മോഹന്‍ലാലിന്റെ കുസൃതിയും കള്ളച്ചിരിയും പ്രണയവും മീശപിരിക്കലും മുണ്ടു മടക്കിക്കുത്തലും അടിയും ഇടിയും അഭിനയത്തിലെ അനായാസതയും സ്വാഭാവികതയുമൊന്നും അത്ര എളുപ്പം തള്ളിക്കളയാനാവില്ല. സ്വല്പം ചെരിഞ്ഞ്, കുസൃതിച്ചിരി ചിരിക്കുന്ന, കണ്ണില്‍ പ്രണയം പൂക്കുന്ന മോഹന്‍ലാലിനെ മലയാളികള്‍ മരിക്കുവോളം മറക്കുകയുമില്ല. അതുകൊണ്ടുതന്നെ മോഹന്‍ലാലിന്റെ കാമുകനെക്കുറിച്ചെഴുതുമ്പോള്‍ ആരെ തിരഞ്ഞെടുക്കും എന്നത് വലിയ കണ്‍ഫ്യൂഷനായിരുന്നു. പിന്നെയാവാം എന്ന് പലപ്രാവശ്യം അതുകൊണ്ട് അത് നീട്ടിവയ്ക്കുകയും ചെയ്തു. ഒടുവില്‍ എനിക്കതിനുത്തരം കിട്ടി. ഞാനപ്പോള്‍ പച്ചനിറത്തിലുള്ള മുന്തിരികള്‍ പൂത്തുനില്‍ക്കുന്ന ഒരു മുന്തിരിത്തോട്ടത്തിലായിരുന്നു. അവിടെ സോളമനും പൂച്ചക്കണ്ണുള്ള സോഫിയയും അവരുടെ ടാങ്കര്‍ ലോറിയും ഉണ്ടായിരുന്നു. അതെ, അത് നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ എന്ന ചിത്രത്തിലെ മോഹന്‍ലാലായിരുന്നു.
എത്ര മനോഹരമായാണ് അയാള്‍ തന്റെ പ്രേമം സോഫിയയോട് പറയുന്നത്. നമുക്ക് ഗ്രാമങ്ങളില്‍ച്ചെന്ന് രാപ്പാര്‍ക്കാം. അതികാലത്തെഴുന്നേറ്റ് മുന്തിരിത്തോട്ടത്തില്‍പ്പോയി മുന്തിരിവള്ളികള്‍ തളിര്‍ത്തോ എന്നും മാതളനാരകങ്ങള്‍ പൂവിട്ടോ എന്നും നോക്കാം എന്നാണ് അയാള്‍ അവളോട് പറയുന്നത്. അതിന്റെ ബാക്കി അറിയാന്‍ ബൈബിളെടുത്തുവച്ച് നോക്കാന്‍ പറയുന്നു. അവിടെ വച്ച് ഞാന്‍ നിനക്കെന്റെ പ്രേമം തരും എന്നായിരുന്നു അതിനടുത്ത വരി. അതുവായിച്ചോ എന്ന് അവളോട് ചോദിക്കുമ്പോള്‍ മോഹന്‍ലാലിന്റെ മുഖത്ത് ഒരായിരം പ്രണയമിന്നാമിന്നികള്‍ മിന്നുന്നപോലെ തോന്നും. വായിച്ചു എന്ന് സോഫിയ(ശാരി) പറയുമ്പോള്‍ എന്നിട്ടോ എന്ന് ചോദിക്കുന്നു. എന്നിട്ടൊന്നുമില്ലെന്ന് മറുപടി. ശേഷം അരമണിക്കൂര്‍ കൊണ്ട് മൈസൂര്‍ ചുറ്റി വരാം എന്ന് പറഞ്ഞ് അയാള്‍ അവളെ ടാങ്കര്‍ലോറിയിലേക്ക് കയറ്റുന്നു. ആകാശമാകെ കണിമലര്‍ കതിരുമായ്....ആ പാട്ട് തുടങ്ങുമ്പോള്‍ സോളമനും സോഫിയയും തമ്മിലുള്ള അനുരാഗത്തിനും തുടക്കമാവുന്നു.
Content Highlights: column on evergreen heroes in malayalam cinema-9