'ബ്രൂട്ടൽ ബട്ട് കൺഗ്രാജുലേഷൻസ്' എന്നാശംസിച്ച ലാലു അലക്‌സിലെ ഒരസാധാരണ കാമുകൻ

പാഥേയം
പാഥേയം

''നിന്റെ ഹരിയേട്ടന്റെയത്ര ഗ്രേറ്റ്നസ് ഒന്നും എനിക്കില്ല. ഞാൻ ദേവനും ഗന്ധർവനുമല്ല. വെറും മനുഷ്യനാണ്.'' ചന്ദ്രദാസ് അനിതയോട് പറയുന്ന സംഭാഷണമാണിത്. ചിത്രം പാഥേയം. സംവിധാനം ഭരതൻ. ചന്ദ്രദാസായി വേഷമിട്ടത് മമ്മൂട്ടി. സംഭാഷണത്തിൽ പരാമർശിക്കുന്ന ഹരിയായി വേഷമിട്ടത് ലാലു അലക്സ്. 'പാഥേയം' കണ്ടവരാരും ഹരികുമാരമേനോൻ എന്ന ലാലു അലക്സ് കഥാപാത്രത്തെ മറക്കാനിടയില്ല.  

കുട്ടിക്കാലത്തെപ്പോഴോ ആണ് 'പാഥേയം' കണ്ടത്. അതിലെ 'ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട്' എന്ന പാട്ട് കേൾക്കാൻ എനിക്കിഷ്ടമായിരുന്നു. 'അമ്മതൻ നെഞ്ചിൻ നെരിപ്പോടിൽനിന്നും പന്തംകൊളുത്തി പിറന്നവനാണു ഞാൻ' എന്ന് അർഥമറിയാതെ ഞാൻ പാടുമായിരുന്നു. ദുഷ്ടനാണച്ഛൻ പക്ഷേ, പിൻവിളി വിളിക്കില്ല എന്ന കവിത കേൾക്കുമ്പോൾ എന്തിനെന്നറിയാതെ കരച്ചിലുവരുമായിരുന്നു. സിനിമയുടെ കഥ അന്ന് പൂർണ അർഥത്തിൽ മനസ്സിലായില്ലെങ്കിലും ഹരികുമാരമേനോനെ എനിക്കിഷ്ടമായിരുന്നു അന്നും ഇന്നും. ഒരു പക്ഷേ, മമ്മൂട്ടിയുടെ ചന്ദ്രദാസിനേക്കാൾ.

കൊൽക്കത്തയിൽ ഒരു എക്സിബിഷനിൽ വച്ചാണ് അയാൾ ചന്ദ്രദാസിനെ ആദ്യം കാണുന്നത്. ഒപ്പമുണ്ടായിരുന്ന മുറപ്പെണ്ണ് അനിതയെ ഹരി, അയാൾക്ക് പരിചയപ്പെടുത്തുന്നു. ആ മഹാനഗരത്തിൽ അവൾ ഇനി ഒറ്റയ്ക്കല്ലെന്നും എന്താവശ്യത്തിനും ചന്ദ്രദാസിനെ ബുദ്ധിമുട്ടിക്കാമെന്നും പറയുന്ന തുറന്ന ഹൃദയമുള്ള, ചുറുചുറുക്കുള്ള, ചുള്ളനായ, ഡോക്ടറായ ഹരികുമാരമേനോൻ. അനിതയുടെ ഹരിയേട്ടൻ.

എന്നാൽ വിധി കരുതിവച്ചിരുന്നത് മറ്റൊന്നായിരുന്നു. ഒരു പ്രത്യേകസാഹചര്യത്തിൽ ശാരീരികബന്ധത്തിലേർപ്പെട്ട ചന്ദ്രദാസും അനിതയും. അതുൾക്കൊണ്ട്, ചന്ദ്രദാസിനെ വിവാഹം കഴിക്കാനുള്ള അനിതയുടെ തീരുമാനത്തെ പിന്തുണയ്ക്കുന്ന ഹരികുമാരമേനോൻ. അയാൾ കല്യാണദിവസം ചന്ദ്രദാസിനയച്ച ആശംസാവാചകം ഇങ്ങനെയായിരുന്നു: 'ബ്രൂട്ടൽ, ബട്ട് കൺഗ്രാജുലേഷൻസ്'. അതായിരുന്നു ഹരി.

കഥാഗതിയിൽ തനിച്ചാക്കപ്പെട്ട അനിതയെ വിവാഹം കഴിച്ച്, അനിതയ്ക്ക് ചന്ദ്രദാസിലുണ്ടായ മകളേയും ഒപ്പംകൂട്ടി അയാൾ അമേരിക്കയിലേക്ക് പോകുന്നു. അയാളുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ തന്റെ നെഞ്ചിലെ ചൂടുകൊടുത്താണ് ആ മകളെ വളർത്തിയത്. കടലോളം സ്നേഹവുമായി രക്തബന്ധത്തിലെ അച്ഛൻ ഒപ്പമുള്ളപ്പോഴും കർമംകൊണ്ട് അച്ഛനായ ഹരികുമാരമേനോനായിരുന്നു ആ മകളുടെ ഉള്ളുനിറയെ. അയാളുടെ സ്നേഹത്തെ, വാത്സല്യത്തെ പകരം വയ്ക്കാനാവാതെ ചന്ദ്രദാസിന്റെ സ്നേഹം പിൻവാങ്ങുകയാണ് ചിത്രത്തിൽ.

ഒരുപക്ഷേ, നായികയെ ഉപദ്രവിക്കുന്ന വില്ലനായ ലാലു അലക്സിനേക്കാൾ, വീശിപ്പോയാൽ ഫ്ളാറ്റാവുന്ന 'നിറ'ത്തിലെ ജോബച്ചായനേക്കാൾ എനിക്കിന്നും ഇഷ്ടം 'പാഥേയ'ത്തിലെ ഹരികുമാരമേനോനെയാണ്. ഈ വേഷം ലാലു അലക്സിന്റെ തന്നെ കരിയർ ബെസ്റ്റ് എന്നുപറയാം. കാറിൽ അകന്നുപോകുന്ന സ്വന്തം അച്ഛനും പുറകിൽ വിങ്ങിപ്പൊട്ടിനിൽക്കുന്ന വളർത്തച്ഛനും ഇടയിൽ ഹരിതയെപ്പോലെ ഞാനും അന്ന് കരഞ്ഞുതളർന്നുപോയിരുന്നു. എന്നിരുന്നാലും ഹരികുമാരമേനോൻ, അയാൾ നല്ലൊരു കാമുകനായിരുന്നു, അത്രമേൽ നല്ലൊരു ഭർത്താവായിരുന്നു, അതിനേക്കാൾ ഒരുപാടൊരുപാട് നല്ലൊരു അച്ഛനായിരുന്നു.

എപ്പോഴും മര്യാദയുടെ ഭാഷയിൽ മാത്രം സംസാരിക്കുന്ന, അനിതയെ അത്രയധികം സ്നേഹിക്കുന്ന ഹരികുമാരമേനോൻ അക്ഷരാർത്ഥത്തിൽ ഗ്രേറ്റായിരുന്നു. ത്യാഗം കൊണ്ട് അയാൾ മനുഷ്യനല്ലാതാവുന്നു, പ്രേമം കൊണ്ട് ഗന്ധർവനും അലിവുകൊണ്ട് ദേവനുമാകുന്നു. ഈ ആഴ്ചയിലെ കാമുകൻ, ലാലു അലക്സ് അവതരിപ്പിച്ച ഹരികുമാരമേനോനായി മാറിയതും ആ ഗ്രേറ്റ്നസ് കൊണ്ടാണ്. ബ്രൂട്ടൽ ബട്ട് കൺഗ്രാജുലേഷൻസ് എന്ന് ഉള്ളിലെ വേദനയെ അടക്കിപ്പിടിച്ച് ആശംസിക്കുന്ന അനിതരസാധാരണക്കാരനായ ഒരസാമാന്യ കാമുകൻ. അക്കഥയും കഥാപാത്രങ്ങളും ഇന്നും മനസ്സുനിറയ്ക്കുന്നു. യുഗാന്തരങ്ങളിലൂടെ അയാൾ അവൾക്കൊപ്പം ഒഴുകുകയാണ്, കണ്ടുനിന്ന പ്രേക്ഷകരുടെ മനസ്സിലൂടെയും.


 

Content Highlights: column on evergreen heroes in malayalam cinema