ഏറെക്കാലമായി എന്നോടൊപ്പമുണ്ട് ബാഗേശ്രീ

ഏറ്റവും പ്രിയപ്പെട്ട രാഗത്തെപ്പറ്റി പറയുക എളുപ്പമല്ല. ഓരോ രാഗവും പ്രിയപ്പെട്ടതാണ്. അവയോരോന്നും പകരുന്ന ഭാവവും വികാരവും വ്യത്യസ്തം. ഓരോന്നിനും വിഭിന്ന സൗന്ദര്യം. നമ്മുടെ മനോനില അനുസരിച്ച് പലപ്പോഴും പല രാഗങ്ങള്‍ നമുക്ക് പ്രിയപ്പെട്ടതാകും. മനസ്സില്‍ നിറയുന്ന വികാരത്തിനോട് ചേരുന്ന രാഗം ഏതോ അതിനോടാകും ആ നിമിഷത്തില്‍ നമുക്ക് ഇഷ്ടക്കൂടുതല്‍ ഉണ്ടാകുക. അപ്പോഴൊക്കെ അറിയാതെ പാടിപ്പോകുന്നത് അതേ രാഗമായിരിക്കും.
എങ്കിലും കുറച്ചു നാളുകളായി എനിക്കൊപ്പമുള്ള രാഗം ഏതെന്ന് ചോദിച്ചാല്‍ അതിനെനിക്ക് ഉത്തരമുണ്ട്. കേട്ടുകൊണ്ടേയിരിക്കാന്‍ പാടിക്കൊണ്ടേയിരിക്കാന്‍ തോന്നിപ്പിക്കുന്ന ഒരു പ്രിയരാഗം. ബാഗേശ്രീ ആണത്. രാജാ കൈയ വച്ചാ എന്ന ചിത്രത്തില്‍ ഇളയ രാജ സര്‍ ബാഗേശ്രീയില്‍ ചിട്ടപ്പെടുത്തി യേശുദാസ് സാറും ചിത്രച്ചേച്ചിയും ചേര്‍ന്നു പാടിയ ഒരു പാട്ടുണ്ട്. മഴൈ വരുത് മഴൈ വരുത്... എന്നു തുടങ്ങുന്നത്.
രാഗത്തോടുള്ള അതേ ഇഷ്ടം എനിക്ക് ആ പാട്ടിനോടുമുണ്ട്. സന്തോഷ രാഗമാണ് ബാഗേശ്രീ. ഒരുപാട് മഴപ്പാട്ടുകള്‍ ഇതില്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്. കേള്‍ക്കുമ്പോള്‍ മഴയെ അറിയാനാകും. തണുപ്പും ശാന്തതയും സമ്മാനിക്കുന്ന മഴ പോലെ ബാഗേശ്രീ. മഴയത്ത് കേള്‍ക്കാന്‍ കഴിയുന്ന, മഴയെ ഓര്‍ക്കുമ്പോള്‍ കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്ന രാഗം. ആ രാഗം പാടിത്തുടങ്ങിയാല്‍ പിന്നെ അതില്‍ നിന്ന് തിരിച്ചിറങ്ങുക എനിക്ക് എളുപ്പമല്ല.
Content Highlights: amritha suresh on favorite raga