ശല്യക്കാരി | ഇ. സന്ധ്യയുടെ കവിത

ഉച്ചയൂണ് കഴിഞ്ഞ്
അലസമിരിക്കുമ്പോഴാവും
അവള്‍ ജനലിലൂടെ എത്തിനോക്കുക
പതുക്കെ തോണ്ടി വിളിക്കുക
'പോകാം' എന്നു പറയുക.
പെട്ടെന്നവളെ മനസ്സിലാവില്ല
പലപ്പോഴും കണ്ടിട്ടില്ലേയെന്നും
മുറ്റത്ത് ഓടിക്കളിച്ചിട്ടില്ലേയെന്നും
പൂവിന്റെ, പൂമ്പാറ്റയുടെ പാട്ടുകള്‍ പാടിത്തന്നിട്ടില്ലേയെന്നും
അടുത്ത വീട്ടിലെയല്ലേ
എന്നുമോര്‍ക്കുമ്പോഴേക്ക് പിടിച്ചു വലിക്കും.
'പിന്നീടാവട്ടെ ' എന്നു പറഞ്ഞാല്‍ പിണങ്ങി മാറും.
'വെയിലല്ലേ, ചൂടല്ലേ'
എന്നു സംശയിക്കുമ്പോഴേക്ക് കരച്ചിലാവും.
പോകാതെ വയ്യെന്നാവും.
പരിചയമുള്ള വഴികളിലൂടെ അവള്‍ക്കൊപ്പം നടക്കുമ്പോഴാണ്
അതുവരെ കാണാത്ത ചിലത് കാണുക,
കേള്‍ക്കുക
ഗന്ധങ്ങള്‍, സ്പര്‍ശങ്ങള്‍, സ്വാദുകളറിയുക
അത്ഭുതത്തോടെ
ഒരു കൊച്ചു മിടുക്കിയെന്ന്
തോളില്‍ തട്ടുമ്പോളവള്‍
കിലുകിലെ ചിരിക്കും.
ഉത്സാഹക്കാരിക്കൊപ്പം
പിന്നെയും യാത്ര തന്നെ.
ഇപ്പോള്‍ നീങ്ങുന്നത്
അപരിചിതമായിടങ്ങളിലൂടെയാണ്
അവള്‍ക്കെങ്ങനെ ഇവിടമൊക്കെ...
ആലോചിക്കാനിട കിട്ടില്ല
വന്ന പാതകളോര്‍ക്കാനാവാതെ
ചിലത് അടയുന്നതും
ചിലതില്‍ തീയും ചിലതില്‍ വെള്ളവും ഇടിയും മിന്നലും
കൊടുങ്കാറ്റുമാക്രമിക്കുന്നതില്‍ ഭയന്നും
ഏതോ കാലങ്ങളിലെ ഏതോ മനുഷ്യരെ, മൃഗങ്ങളെ
പക്ഷികളെ, മരങ്ങളെ, ചരാചരങ്ങളെ കണ്ടമ്പരന്നും
ദുരന്തങ്ങളില്‍ നിരാശപ്പെട്ടും
ഇടയ്ക്കു തെളിയുന്ന മിന്നാമിന്നി പ്രതീക്ഷയില്‍ വിശ്വസിച്ചും...
അവളെവിടെ?
പേരറിയാത്തതിനാല്‍ എങ്ങനെ വിളിക്കാനാണ്?
എവിടന്നോ പാദസരകിലുക്കം മാത്രം
കൈവിട്ടിട്ടില്ല എന്നാകാം.
എത്രനേരം കഴിഞ്ഞിരിക്കും?
എത്ര ദൂരെയായിരിക്കും?
എന്തൊക്കെ നഷ്ടപ്പെട്ടിരിക്കും....
മുന്നോട്ട് നടക്കാനവള്‍ പറയുന്നുണ്ടോ?
തിരിഞ്ഞു നോക്കരുതെന്നു മൊഴിയുന്നുണ്ടോ?
വാഗ്ദാനം ലംഘിച്ചാല്‍ എന്നെന്നേക്കുമായി
ഉപേക്ഷിക്കുമെന്നു അശിരീരിയുണ്ടോ?
വിജനമായിടത്താണ്.
അനന്തത
അപാരത
ആകാശവും ഞാനും മാത്രം.
അവള്‍, എന്നെ കൊണ്ടുവന്നവള്‍
പൊയ്‌പ്പോയിരിക്കുന്നു.
ദൂരെയുണ്ട് കടല്‍
വാക്കുകള്‍ കൊണ്ട് മാത്രം തുഴയേണ്ട വഞ്ചിയും.
Content Highlights: A poem by E. Sandhya